Wednesday, September 23, 2009

തൃപ്പുലിയൂർ തിരുനടയിൽ കാവടിതൻ മേളം….

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന “തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം”. അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതീഹ്യം. അതിൽ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻ തൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ‌വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഇതിൽ തൃപ്പുലിയൂരിലെ പ്രസ്തുത ക്ഷേത്രം സപ്തർഷികളാണ് പ്രതിഷ്ഠനടത്തിയതെന്നും വ്യാഘ്രൻ എന്ന മുനി പിന്നീട് ഇവിടെ വസിച്ച് പൂജകൾ നടത്തിയിരുന്നെന്നും അങ്ങനെയാണ് സ്ഥലനാമം പുലിയൂർ എന്ന് വന്നതെന്നും മറ്റും ഐതീഹ്യങ്ങളിൽ കാണുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഏക ഗണപതിക്ഷേത്രവും ഇവിടെയാണ്. ലോകപ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനും പഞ്ചാംഗ കർത്താവുമായിരുന്ന ശ്രീ പുലിയൂർ പുരുഷോത്തമൻപോറ്റിയുടെ ഭവനം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ്. ‘തോംസൺ’ എന്ന ഓഡിയോ വീഡിയോ കമ്പനി ഉടമയായ ശ്രീ തോമസ്, ഇൻഡ്യൻ വോളീബാൾ ടീം ക്യാപ്റ്റനായിരുന്ന ഏഷ്യാഡ് ജോൺസൺ എന്നിവരും പുലിയൂർ സ്വദേശികളാണ്. ചെറിയനാട് എന്ന എന്റെ ഗ്രാമം അതിനു സുമാർ മൂന്നു കി.മി. തെക്കും.

മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. ഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽ‌പ്പരം കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. ഈ ക്ഷേത്രത്തെക്കുറിച്ച് ആശ്ചര്യജനകമായ ധാരാളം കേട്ടുകേൾവികളും കഥകളും ഉണ്ട്.

വളരെ നാളായി ഇവിടുത്തെ ഒരു ഭക്തിഗാന ആൽബം പുറത്തിറക്കണമെന്നത് പലരുടേയും ഒരു ആഗ്രഹമായിരുന്നു. നാലു വർഷമായി ഇതിന്റെ ചർച്ചകൾ നടന്നുവെങ്കിലും എന്തുകൊണ്ടോ നടന്നില്ല. ശേഷം, ദുബായിൽ ജോലിനോക്കുന്ന ചില സുഹൃത്തുക്കൾ മുൻ‌കൈ എടുക്കുകയും ജൂൺ മാസത്തിൽ “ഈണ”ത്തിന്റെ ആൽബം റെക്കോഡിങ്ങിനായി നാട്ടിൽ പോയ അവസരത്തിൽ ഇതിന്റെ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ആകെയുള്ള പത്തുഗാനങ്ങളിൽ എട്ടു ഗാനങ്ങുടെ രചനയും അതിന്റെ സംഗീത സംവിധാനവും ഞാൻ ചെയ്തിരിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച ഈ പ്രോജെക്ടിൽ എന്നിൽ വിശ്വാസമർപ്പിച്ച ഇതിന്റെ നിർമ്മാതാക്കളോടുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണ്.

എന്റെ എട്ടു ഗാനങ്ങളിൽ മധു ബാലകൃഷ്ണൻ അഞ്ചും ഗണേശ് സുന്ദരം ഒന്നും ശങ്കരൻ നമ്പൂതിരി, പത്തിയൂർ ശങ്കരൻ കുട്ടി എന്നിവർ ഒരോ ഗാനങ്ങളും ആലപിച്ചിരിക്കുന്നു. പ്രമുഖ ബ്ലോഗ് ഗായികയായ ദിവ്യാ പങ്കജ്, ഗണേശിനൊപ്പം തിരുവുത്സവനാളിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നു. പനിനീർകാവടി എന്ന ഗാനത്തിലെ “തൃപ്പുലിയൂർ തിരുനടയിൽ കാവടി തൻ മേളം….” എന്ന കോറസ് പാടുന്നത് ബ്ലോഗിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത കിരൺസാണ്. മറ്റു രണ്ടു ഗാനങ്ങളിൽ ‘ശ്രീപദ്മരാഗ തിരുനടതുറന്നു’ എന്ന ഗാനം യശഃശരീരനായ ശ്രീ പുലിയൂർ കൃഷ്ണൻ‌കുട്ടി എന്ന പ്രസിദ്ധ കവിയുടേതാണ്. മുഖ്യധാരാ ഗായകർക്കൊപ്പമോ അതിലുപരിയോ പ്രതിഭാധനനായ രാജേഷ് രാമൻ അതിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഗണേശ് സുന്ദരം ആണ് ഇത് ആലപിച്ചിരിക്കുന്നത്. ‘കളിപ്പിൽ വാഴും’ എന്ന ഗാനം പുലിയൂർ ജി. മനു എഴുതി മാലതി സംഗീതം നൽകിയത് ആലപിച്ചിരിക്കുന്നത് ദിവ്യാ മേനോനാണ്. കൈരളിയിലെ ‘ഗാനമേള’ എന്ന പ്രോഗ്രാമിലൂടെയും സ്വന്തം ബ്ലോഗ് പോഡ്കാസ്റ്റിലൂടെയും ‘ഈണ’ത്തിലെ ഗാനങ്ങളിലൂടെയും ദിവ്യയെ ഏവർക്കും പരിചയമുള്ളതാണ്. കഴിവതും ബ്ലോഗിലെ ലഭ്യരായ ഗായകരെ ഇതിലുൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

ഗാനങ്ങൾ എഴുതുമ്പോൾ തന്നെ മനസ്സിൽ കടന്നു വരുന്ന ഈണമാണ് ഞാൻ ഉപയോഗിക്കുക. എനിക്ക് 101 ശതമാനം ഇഷ്ടപ്പെടുന്ന, വെറുതേ എഴുതിവച്ച് ആഴ്ചകൾക്കു ശേഷം നോക്കിയാലും ഓർത്തിരിക്കാൻ കഴിയുന്ന ഈണങ്ങളേ ഗാനങ്ങളിൽ നിലനിർത്താറുള്ളൂ. ഇതിലെ ഈണങ്ങൾ എല്ലാം തന്നെ അങ്ങനെ രൂപപ്പെട്ടവയാണ്. അത് അതേപടി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഗീതപരമായോ സാഹിത്യപരമായോ പറയത്തക്ക അറിവില്ലാത്ത എന്റെ കഴിവുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, മറിച്ച്, വേണ്ടത് വേണ്ടപ്പോൾ മനസ്സിൽ തോന്നിപ്പിക്കുന്ന ഏതോ പ്രപഞ്ചശക്തിയുടെ പ്രേരണയാണെന്ന യാഥാർത്ഥ്യമാണ് മനസ്സിൽ.

ചലച്ചിത്രഗാന സംഗീതസംവിധാന രംഗത്ത് പുത്തൻ പ്രതീക്ഷയായി വളർന്നു വരുന്ന സൂര്യനാരായണൻ ആണ് ഇതിന്റെ ഓർക്ക്സ്ട്രേഷൻ. എന്റെ മനസ്സിലുള്ളത് അതേ പടി മനോഹരമായി പകർത്തിയെടുക്കാൻ ആ യുവ പ്രതിഭയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജനുവരിയിൽ പുറത്തിറങ്ങുന്ന ‘ഈണ’ത്തിന്റെ കൊമേഷ്യൽ ആൽബത്തിനും സൂര്യൻ തന്നെയാണ് ഓർക്ക്സ്ട്രേഷൻ. അദ്ദേഹത്തിന്റെ 3 തമിഴ് ചിത്രങ്ങൾ അടുത്തു തന്നെ റിലീസ് ആകാൻ തയ്യാറെടുക്കുന്നു. ‘പെരുമാൾ’ എന്ന മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളും ഇദ്ദേഹത്തിന്റേതായിരുന്നു.

മലയാള സിനിമാഗാനരംഗത്ത് പ്രവർത്തിക്കുന്ന ഉപകരണ സംഗീതജ്ഞരാണ് ഇതിന്റെ പിന്നണിയിൽ. ‘കന്മദ’ത്തിനു മുൻപേതൊട്ടേ രവീന്ദ്രന്മാഷിനൊപ്പം പ്രവർത്തിക്കുന്ന ബാലകൃഷ്ണൻ കമ്മത്താണ് ഇതിൽ മൃദംഗം. ബി.ശശികുമാറിന്റെ ശിഷ്യനും പ്രസിദ്ധ വയലിനിസ്റ്റുമായ ബാലു എന്ന ആറ്റുകാൽ ബാലസുബ്രഹ്മണ്യമാണ് വയലിൻ. സൌന്ദർരാജിന്റെ വീണയും തങ്കരാജിന്റെ തബലയും സിനിമാഗാനങ്ങളിലെന്നപോലെ ഭക്തിഗാനങ്ങളിലും മികച്ചു നിൽക്കുന്നു. “കോലക്കുഴൽ‌വിളി” കേൾപ്പിച്ച ജോസ്സിയുടേ ഫ്ലൂട്ട്, പാപനാശം മുരുകന്റെ ഇടയ്ക്ക, കലാദേവിയെന്ന യുവ കലാകാരിയുടെ നാഗസ്വരം, മാവേലിക്കര രാജുവിന്റെ ഘടം, രാജേഷിന്റെ മുഖർശംഖ്, കണ്ണന്റെ സിത്താർ, ഹരീന്ദ്രനാഥിന്റെ തവിൽ എന്നിവയും മനോഹരമായി സൂര്യന്റെ ഓർക്ക്സ്ട്രേഷനിൽ ഇഴുകിച്ചേരുന്നുണ്ട്. സൂര്യന് എല്ലാ പിന്തുണയും സഹായവുമായി അഞ്ചൽ ബിജു എന്ന കീബോർഡ് വിദഗ്ധനും തന്റേതായ സംഭാവനകൾ ഇതിനായി നൽകിയിരിക്കുന്നു. കൂടാതെ മംഗളമായി എഴുതിയ കഥകളിപ്പദത്തിന് ശങ്കരൻ കുട്ടിച്ചേട്ടനൊപ്പം പാടിയിരിക്കുന്നത് കലാനിലയം രാജീവാണ്. മാവേലിക്കര വർമ്മാജിയുടെ ചെണ്ടയും കലാ. ശ്രീകുമാറിന്റെ മദ്ദളവും ആ ഗാനത്തിനു മിഴിവേകുന്നു. മിക്കവാറും എല്ലാ ഉപകരണങ്ങളും സാമ്പ്ലർ ഒഴിവാക്കി ലൈവായി വായിച്ചിരിക്കുന്നു.

സാധാരണ നിലയിൽ ഗായകരേയും എഴുത്തുകാരെയും സംഗീതസംവിധാകരേയും മാത്രമേ എല്ലാവരും ഓർക്കുകയുള്ളൂ. എന്നാൽ ഒരു ഗാനം അതിന്റെ പൂർണ്ണതയിലെത്തിക്കാൻ പരിശ്രമിക്കുന്ന പിന്നണി കലാകാരന്മാരെ ആരും ശ്രദ്ധിക്കാറില്ല. സ്റ്റുഡിയോയിൽ നിന്നും സ്റ്റുഡിയോയിലേക്കുള്ള ഓട്ടത്തിൽ തങ്ങൾ ജീവൻ നൽകിയ ഗാനങ്ങൾ ഒന്നുപോലും പൂർണ്ണമായി കേൾക്കാൻ അവർക്കു സാധിക്കാറുമില്ല. എങ്കിലും പലർക്കും പേരറിയാത്ത ആ കലാകാരന്മാർ നൽകിയ ഈണങ്ങളുടെ നവ്യാനുഭൂതി പലപല ഗാനങ്ങളിലൂടെ പരിചിതമാകുന്നു. ഒരോ ഗാനം തുടങ്ങുമ്പോഴും അത് ഏതുഗാനമാണെന്ന് കേൾക്കുന്നവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന വീണയുടേയോ വയലിന്റേയോ ഫ്ലൂട്ടിന്റേയോ നാദലയം ആ ഗാനത്തിന്റെ കയ്യൊപ്പാക്കുന്ന മാന്ത്രികന്മാരായ ഈ പ്രതിഭകൾ പിന്നണിയിൽ തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്നു. അവരെ ഈ നിമിഷം ആദരവോടെയും ആരാധനയോടെയും സ്മരിക്കുന്നു.

സംഗീതം പഠിക്കണമെന്ന എന്റെ മോഹം എന്തുകൊണ്ടോ സഫലമായില്ല. പിന്നെ പ്രസിദ്ധരായ ഗായകരുടെ റെക്കോഡിങ്ങ് കേട്ടു പഠിക്കുകയേ മാർഗ്ഗമുണ്ടായുള്ളൂ. ഇപ്പൊഴും സ്വരസ്ഥാനങ്ങളോ ശ്രുതിയോ കാലങ്ങളോ ഒന്നും നിശ്ചയമില്ല. രാഗങ്ങൾ ചിലത് കേട്ടാൽ മനസ്സിലാകുമെന്ന സാമാന്യ ജ്ഞാനം മാത്രമാണ് ആകെയുള്ള കൈമുതൽ. എങ്കിലും, അത് മറ്റുള്ളവർ ശ്രദ്ധിക്കുന്നതുകാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്. പിന്നെ, പ്രസിദ്ധരായ ഗായകർ അത് ആലപിക്കുമ്പോൾ തോന്നുന്ന വികാരം അതിലുപരിയും. അങ്ങനെ, പറഞ്ഞുകൊടുത്തതിനനുസരിച്ച് യാതൊരു മുഷിവും കൂടാതെ മനോഹരമായി ഏറ്റുപാടിയ മധു ബാലകൃഷ്ണനും കണക്കിന്റെ കൃത്യനിഷ്ഠയിൽ റിയാലിറ്റിഷോകളിലെ ഗായകരെ വിറപ്പിക്കുന്ന വിനയാന്വിതനായ ശങ്കരൻ നമ്പൂതിരിച്ചേട്ടനും കഥകളി കണ്ടുമാത്രം പരിചയമുള്ള എന്റെ കണക്കിനൊത്ത് പാടി സഹകരിച്ച ശങ്കരൻ കുട്ടിച്ചേട്ടനും രാത്രി 1 മണിവരെ നിന്നു പാടാൻ മനസ്സുകാണിച്ച ഭക്തിഗാനരംഗത്തെ ഉസ്താദായ ഗണേശ് മാഷും കുഞ്ഞനിയത്തി ദിവ്യാമേനോനും ‘തന്റേടി’യായ ദിവ്യാപങ്കജുമടക്കം എല്ലാവരുടേയും സഹകരണവും പിന്തുണയും കൊണ്ട് പത്തുഗാനങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു. കൊച്ചിൻ മാർട്ടിൻസ് സ്റ്റുഡിയോ, കായംകുളം രവീസ് ഡിജിറ്റൽ, തിരുവനന്തപുരം ആരഭി എന്നിവിടങ്ങളിൽ ഓർക്കസ്ട്രേഷൻ - റെക്കോഡിങ്ങ് ജോലികളും തൃശൂർ ചേതനയിൽ മിക്സിങ്ങും നടത്തിയിരിക്കുന്നു. അൽ‌പ്പം കൂടി മെച്ചമാക്കാമായിരുന്നു എന്നു ഇപ്പോൾ കേൾക്കുമ്പോൾ തോന്നുന്നെങ്കിലും വെറും 15 ദിവസത്തെ അവധിക്കു നാട്ടിൽ ചെല്ലുന്ന ഞാൻ 16 ദിവസവും റിക്കോഡിങ്ങ് എന്നു പറഞ്ഞു വീട്ടിൽ കയറാതെ നടക്കുന്നതിൽ ക്ഷമകെട്ട ‘സഹധർമ്മിണി’, ഇനി ആൽബമെന്നും പറഞ്ഞു വന്നാൽ തൂങ്ങിച്ചാകുമെന്നു ഭീഷണിമുഴക്കിയതിനാലും അങ്ങനെ സംഭവിച്ചാൽ എന്റെ 2 പൊടിപ്പെൺ‌കുഞ്ഞുങ്ങൾ അനാഥരാകുമല്ലോ എന്നോർത്തും കൂടുതൽ സാഹസത്തിനു ഞാൻ മുതിർന്നില്ല ;) (എന്റെ വലിയ ഒരാസ്വാദകയാണവൾ. രാത്രി രണ്ടിനും മൂന്നിനുമൊക്കെ വിളിച്ചുണർത്തി പാട്ടുപാടിക്കേൾപ്പിക്കുന്ന എന്റെ തികഞ്ഞ വട്ടിന് ഒരു മുഷിവും കൂടാതെയിരുന്നുതന്ന് കേട്ട് അഭിപ്രായം പറയുന്ന അവളുടെ അസാമാന്യമായ ‘ക്ഷമാ’ശീലത്തിനും പ്രചോദനത്തിനും ഹൃദയം നിറഞ്ഞ നന്ദി.)

വൃശ്ചികം ഒന്നിനു വിപുലമായ പരിപാടികളോടെ “തൃപ്പുലിയൂരപ്പൻ” എന്ന ഈ ആൽബത്തിന്റെ പ്രകാശന കർമ്മത്തിനായുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ഓഡിയോ സീഡിയ്ക്കൊപ്പം ഇതിന്റെ ദൃശ്യാവിഷ്കാരത്തിന്റേയും ജോലികൾ പുരോഗമിക്കുന്നു.

കോപ്പീറൈറ്റ് പ്രശ്നങ്ങൾ കാരണം ഗാനങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്താൻ കഴിയില്ല. എങ്കിലും അതിനേക്കുറിച്ചുള്ള ഒരു ധാരണ കിട്ടുവാനുതകുന്ന ‘ഗാനപരിചയം’ എം.പീ.ത്രീയായി ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. മിക്സിങ്ങ് പൂർത്തിയാകാത്തതിനാൽ ഞാൻ തന്നെ മാസ്റ്റർ ചെയ്ത വേർഷനാണ്. കേൾക്കുക, വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി അനുഗ്രഹിക്കുക….

സസ്നേഹം
നിശി…

“ഗാനപരിചയം” കേൾക്കാൻ
Download MP3

Thursday, April 16, 2009

എന്റെ പാട്ടുകേട്ടു തുള്ളിയാടി വാ വാ…!

ഒരു കാസറ്റിൽ പാട്ടെഴുതണം എന്ന അത്യാഗ്രഹവുമായി നടന്ന എനിക്ക് ഒത്തിരി അവസരങ്ങൾ തന്ന ആ ഈശ്വരാനുഗ്രഹത്തിനുള്ള നന്ദിയായി അർപ്പിച്ചതായിരുന്നു ഈ ഗാനം.ആലപ്പഴ ജില്ലയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് ചെറിയനാട്. ഇൻഡ്യയിലെ ആദ്യത്തെ വ്യവഹാര രഹിത – സമ്പൂർണ്ണ നിയമസാക്ഷര- പഞ്ചായത്തും (കേസില്ലാ പഞ്ചായത്ത്) കഴിഞ്ഞ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തും ഇതായിരുന്നു. അവിടുത്തെ പ്രധാനമായ ആരാധനാലയങ്ങളിൽ ഒന്നാണ്; ഇന്ന്, 80-90 കോൽ ഉയരത്തിലുള്ള പതിന്നാലോളം പള്ളിവിളക്കുകളാൽ പ്രസിദ്ധമായ, അതിപുരാതനമായ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഒപ്പം 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ തൈപ്പൂയത്തിലെ കാവടിയാട്ടവും പ്രസിദ്ധമാണ്. ആ പ്രശാന്തസുന്ദരമായ അങ്കണവും അവിടുത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷവുമൊക്കെ ഇന്നും ഓരോ വരിയുമെഴുതാൻ മനസ്സിൽ പ്രചോദനമായി നിൽക്കുന്നു. ശ്രീ ബിജുനാരായണൻ ആദ്യമായി പാടിയ എന്റെ ഗാനമെന്ന മമതയും എനിക്കിതിനോടുണ്ട്. ഒരു ഗാനം എത്രയും നന്നാക്കാമോ അത്രയും അദ്ധ്വാനിക്കുന്ന പ്രതിഭാധനനായ ആ ഗായകനൊപ്പം പിന്നീട് പലവട്ടം പ്രവർത്തിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങളിലും അദ്ദേഹം സഹകരിക്കുന്നുണ്ട്.വസന്ത രാഗത്തിലാണ് സന്തോഷ് ഇത് ചിട്ടപ്പെടുത്തിയത്. അതിനൊത്ത് അധികം വിയർപ്പൊഴുക്കാതെ എനിക്ക് വരികളെഴുതാൻ കഴിഞ്ഞതും വളരെ സന്തോഷകരമായിരുന്നു. “പരമ പുരുഷ ജഗദീശ്വര ജയ ജയ” എന്ന പ്രശസ്തമായ സ്വാതിതിരുനാൾ കൃതി ഇതിലാണ്. ബസന്ത് എന്നാണെന്നു തോന്നുന്നു ഇതിന്റെ ഹിന്ദുസ്ഥാനി നാമം. ധാരാളം മലയാളം ഗാനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷകരമായ ഒരു അനുഭവം ആണ് ഈ രാഗം കേൾക്കുമ്പോൾ തോന്നുക. വളരെ ചടുലമായ, ഉത്തേജകമായ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ഈ രാഗം നന്നായിരിക്കും.

സംഗീതം : സന്തോഷ്
ആലാപനം : ബിജുനാരായണൻ

വേൽമുരുകാ ശ്രീമുരുകാ
നീലമയിലേറുമയ്യാ
നീയരികിൽ എന്നരികിൽ ഓടിവാ, എന്റെ
പാട്ടുകേട്ടു തുള്ളിയാടി വാ വാ
വരുമോ നീ തിരുനടയിൽ ചൊരിയൂ നിൻ വരമിവനിൽ
തിരുമാറിൽ മലരിതളായ് പുണരും പൊൻ പുലരൊളിയിൽ
പ്രണവാമൃതമുതിരും വേളയായ്

കാലമെത്രയായി നിന്റെ മുന്നിൽ വന്നു വീണുചൊന്ന
മോഹമൊന്നു സത്യമായിടാനായ്
നീയറിഞ്ഞുതന്നസ്വർണ്ണശീലുകൾ കൊരുത്തുവർണ്ണ
മാലചാർത്തി മുക്തി നേടുവാനായ്
നന്ദിചൊല്ലിടുവാനില്ലയെൻ നാവിലക്ഷരങ്ങൾ
ശരവണനേ ശരണം ശിവമകനേ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]

ദേവനായകാ വിഭോ കനിഞ്ഞു താതനന്നുരച്ച
വേദമന്ത്രസാരമിറ്റു നീ താ
ദീനനാമിവൻ ദിനം ദിനം കൊതിച്ചു വന്നുമുന്നിൽ
ഏകനായ് മടങ്ങിടുന്നു വേലാ
നാദരൂപനല്ലേ നീചെറുനാടിനുണ്ണിയല്ലേ
അഴലൊഴിയാനഭയം ഇവനരുളൂ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]ഇവിടെ നിന്നും വലിക്കാം

Wednesday, April 1, 2009

പ്രതീക്ഷകളോടെ വീണ്ടും!!!

ജീവിതത്തിലേക്ക് വീണ്ടും ഒരു വർഷം കൂടി!!! ഒരോ ജന്മദിനങ്ങളും പ്രതീക്ഷകളുണർത്തി കടന്നുപോകുമ്പോഴും പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടം സമ്മാനിക്കുന്നത് ഒത്തിരി സന്തോഷങ്ങളും ഇത്തിരി നൊമ്പരങ്ങളുമൊക്കെയായി ജീവിത യാഥാർത്ഥ്യങ്ങളുടെ നേർ ചിത്രങ്ങളാണ്. നിങ്ങൾ എന്നെ നിങ്ങളിലൊരാളേപ്പോലെ കരുതുന്നതറിയുമ്പോൾ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല…… കവിതകളിലൂടെയും പാട്ടുകളിലൂടെയുമുള്ള സൌഹൃദങ്ങൾ…, അതിലേറെ നൊമ്പരപ്പെടുത്തുന്ന, പലരുടേയും ജീവിത ദുഃഖങ്ങളുടെ നേർചിത്രങ്ങൾ…, ബ്ലോഗിലൂടെ ഞാനറിയാൻ തുടങ്ങിയ കാലം എങ്ങനെ മറക്കാൻ…. സ്നേഹിച്ചവർക്കെല്ലാം ഒരുപാടു നന്ദി, കൂടെ, വെറുത്തവർക്കും!

എന്റെ ബാല്യസ്മരണകളിലൂടെ….

മുറ്റത്തെച്ചെറുകാവിൽ വാടിയടരുന്നോരായിലഞ്ഞീമലർ
ഗന്ധം പൊങ്ങിടുമിന്ദ്രനീലരജനീയാമത്തിലേകാകിയാം
ഗന്ധർവ്വൻ വരവായിരിക്കുമവിടെക്കാണുന്ന കൽപ്പാളിയിൽ
കാണാമിപ്പൊഴുമന്റെ ബാല്യകലതൻ ശേഷിപ്പുപോൽ രേഖകൾ

അമ്മയുടെ സ്നേഹവാത്സല്യത്തിലൂടെ,

കണ്ണീരുപ്പുകലർന്നകഞ്ഞിയുമുടൻ ചാലിച്ചചമ്മന്തിയും
കൂട്ടിപ്ലാവിലയാലെ വാരിയൊരുവായൂതീട്ടുമാമൂട്ടുമെൻ
അമ്മയ്ക്കുമ്മപകർന്നുപണ്ടുമധുരപ്പാലൂർന്നൊരമ്മാറിലേ-
ക്കൊട്ടിച്ചേർന്നുകിടന്നു കേട്ടൊരഴലിൻ താരാട്ടുപാട്ടോർപ്പുഞാൻ

നിത്യപ്രണയസ്മരണകളിലൂടെ,

മൗനം പൂത്തുനിറഞ്ഞൊരീയിടവഴിക്കങ്ങേപ്പുറത്താരെയോ-
യെന്നുംകാത്തുവിടർന്നുവാടിയടിയുന്നോരാമലർക്കണ്ണുകൾ
തൂകും നിസ്തുലതപ്തബാഷ്പകണികയ്ക്കാകട്ടെയെൻപേനകൾ
പ്രായശ്ചിത്തമിരപ്പതാദ്യ,മതുമൽ പ്രേമത്തിനാദ്യാക്ഷരം!

ചെറിയൊരു നാടിന്റെ ഭംഗിയും…,

പാടപ്പാട്ടിഴചേർന്നുകേളിയുണരുംഗ്രാമങ്ങൾകാട്ടാറു,മേ-
കാന്തം വശ്യതപൂവിടുന്ന മുരുകത്തേവന്റെ ശ്രീകോവിലും
രാഗോന്മാദവിഭാതവേള,പുളകംകൊള്ളുന്നകാട്ടാറുതൻ
ചാലേപൂത്തുതളിർത്തുമോഹനലതാകുഞ്ജങ്ങൾ മുക്കുറ്റികൾ!

എല്ലാം, എല്ലാം സമ്മാനിച്ച സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും നിമിഷങ്ങൾ ഇനി മടങ്ങി വരാത്തതു പോലെ കടന്നു പോകുന്നു….. ഒരിക്കലും മടങ്ങിവരാത്തതു പോലെ….!!!

Monday, March 9, 2009

സന്താനഭാഗ്യമേകാൻ...

വളരെ ധൃതിവച്ചെഴുതി എറണാകുളം ഓംകാറിൽ വച്ചുറെക്കോഡ് ചെയ്യപ്പെട്ട പാട്ടായിരുന്നു ഇത്. കടവൂർ സന്തോഷിന്റെ സംഗീതത്തിനനുസരിച്ച് വരികൾ എഴിതിയത്. ദലീമ പാടിയിരിക്കുന്നു. ദേവപാദം എന്ന ആൽബത്തിൽ നിന്ന്…

ഗാനരചന : ചെറിയനാടൻ
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : ദലീമ

സന്താനഭാഗ്യമേകാൻ പൂജചെയ്യുന്നൂ
നാഗരാജാവേ...
ശ്രീശൈലവാസനീശൻ ശ്രീകണ്ഠപുത്രനയ്യൻ
അമരുമിച്ചെറുനാട്ടിലായ് വാണരുളും നാഗദൈവങ്ങളേ...

പാടുന്നെൻ പാഴ്മനം, ഒരു
പുള്ളോർക്കുടം പോലെയിന്നും
നീറീടും നെഞ്ചിലെ ഉലയിൽ വിനാശ-
ത്തീപടർന്നൂ
നിത്യം നിന്നെ നമിച്ചീടാം നൂറും പാലും നേദിച്ചീടാം
വരമരുളൂ നാഗയക്ഷിയമ്മേ...

എണ്ണുന്നേൻ നാൾദിനം തൃ-
ക്കണ്ണാലുഴിഞ്ഞീടുകില്ലേ...
ആയുഃരാരോഗ്യസൗഖ്യം തന്നനുഗ്ര-
ഹിക്കുകില്ലേ
കാലൻ തീണ്ടിക്കാലംപൂകും കർമ്മം ചെയ്യാനില്ലിങ്ങാരും
തുണയരുളൂ നാഗത്താന്മാരേ...


Sunday, February 15, 2009

ചന്ദ്രക്കലാധരനേ…

ഭക്തിഗാനങ്ങൾ ഭക്തിസാന്ദ്രവും ഭാവാർദ്രവുമായിരിക്കണമെന്നാണെന്റെ അഭിപ്രായം; വിശിഷ്യാ ശൈവഭക്തി ഗാനങ്ങൾ. മെലഡിയാണ് അതിനേറ്റവും ഇണങ്ങുക. എങ്കിലും കാവടി, പേട്ടതുള്ളൽ തുടങ്ങിയവയെ ആസ്പദമാക്കി എഴുതുമ്പോൾ ചടുലമായ സംഗീതവും വരികളും ഇല്ലെങ്കിൽ അത് ആസ്വാദ്യമായിരിക്കുകയുമില്ല.

2007 ൽ പുറത്തിറങ്ങിയ “ത്രിശൂലനാഥൻ” എന്ന ആൽബത്തിലെ വിധു പാടിയ ഈ ഗാനം പുതിയ ട്രെൻഡനുസരിച്ചാണ് ചെയ്തിട്ടുള്ളത്. എങ്കിലും വരികൾ വളരെ ശ്രദ്ധിച്ചാണ് ഞാൻ എഴുതിയത്. ട്യൂൺ അനുസരിച്ച് എഴുതുമ്പോൾ (പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ) ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെയാണ്. പല കാര്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വേണ്ട പദം ഒരുപക്ഷേ ഉൾപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല മീറ്ററിൽ നിന്നു കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ലതാനും. വരികൾക്കു മറ്റു ഗാനങ്ങളുമായി സാമ്യം പാടില്ല, പുതുമയുണ്ടാകണം, തുടക്കം വ്യത്യസ്തമാകണം, ഏതു ദേവനെ / ദേവിയെക്കുറിച്ചാണോ എഴുതുന്നത് അവരുടെ സ്വഭാവം, സാധാരണ പിന്തുടരുന്ന രചനാശൈലി, ആചാരനുഷ്ഠാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അറിവും ഉണ്ടാകണം, പ്രാദേശികമായ വ്യത്യസ്തതകൾ ശ്രദ്ധിക്കണം, നൽകപ്പെട്ട ഈണത്തിനും അതിന്റെ രാഗത്തിനും അനുസൃതമായി വരികൾ ചിട്ടപ്പെടുത്തുകയും രസപ്രധാനമായ അർത്ഥം ഉൾക്കൊള്ളുകയും വേണം (ഉദാ. ദുഃഖം, കരുണ, അഭ്യർത്ഥന, സന്തോഷം തുടങ്ങിയ ഭാവങ്ങൾ രാഗരീതിയനുസരിച്ച് വിശകലനം ചെയ്തുവേണം തീം തയ്യാറാക്കാൻ), പാട്ടുകാരുടെ റേഞ്ചനുസരിച്ച് വരികൾ രൂപപ്പെടുത്തണം തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ പഠിച്ചുകൊണ്ടേ ഈണത്തിന്റെ പിന്നാലെ പോകാൻ കഴിയൂ. അങ്ങനെ പല ട്യൂണുകളും എന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നിതാ, “ചന്ദ്രക്കലാധരനേ…”, വിധു നന്നായി പാടിയിരിക്കുന്നു, കേൾക്കുക ആസ്വദിക്കുക…

ഗാനരചന : ചെറിയനാടൻ
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : വിധുപ്രതാപ്

ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ
ഇന്ദ്രനീലകണ്ഠനാം പ്രപഞ്ചനാഥനേ
ഈറനോടെ മുന്നിൽ വന്നു ഞാൻ, ദേവ ദേവ
നിൻ കടാക്ഷതീർത്ഥമെന്നിൽ തൂകി വാ…
വിശ്വമായതൻ വിലാസ നൃത്തമാടുമന്റെ ജന്മ
ദുഃഖരാശിനീങ്ങുവാൻ വിഭോ കനിഞ്ഞു വാ...

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

നിൻ കൃപാശുതൂകി ജന്മമുക്തിനൽകിയാത്മതാപ-
മാറ്റിടാൻ വരങ്ങളേകി നീ വാ…
ദേവകോടികൾക്കു നീ പകർന്ന സാന്ത്വനങ്ങളെന്നു-
മെന്നിലേകിടാനുണർന്നു വാ…
ശിവപാദം പ്രണമിക്കും അടിയന്റെ ഭവദുഃഖം
ഈശ്വരാ തീർത്തൊടുക്കിയാടിവാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

വിശ്വരക്ഷകാ പ്രഭോ ഭവത്തിലാളുമീമനുഷ്യ
സൃഷ്ടിതൻ മദം കെടുത്തിടാൻ വാ…
നിന്റെ കാൽക്കൽ വീഴുമിഷ്ടകൂവത്തിലയ്ക്കു ചിത്ത
ശാന്തിയേകിടാൻ മഹേശാ വാ…
അറിവില്ലാപ്പൈതങ്ങൾ അഴലേറും ജന്മങ്ങൾ
ശങ്കരാ ഉള്ളിൽ നീ വിളങ്ങി വാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]


Monday, February 9, 2009

തമ്പുരാനേ പരനേ…..

2005 ഇൽ ഇറങ്ങിയ “എല്ലാം സ്വാമിക്കും” 2006 ഇൽ ഇറങ്ങിയ “എന്റെ സ്വാമിക്കും” ശേഷം ഞാൻ ചെയ്ത വർക്കായിരുന്നു 2007 ജനുവരിയിൽ റിലീസ് ചെയ്ത “ദേവപാദം” എന്ന മുരുക ഭക്തിഗാന ആൽബം. ചെലവു വളരെ കുറച്ചുകൊണ്ട് വെറും 2 ആഴ്ചയ്ക്കുള്ളിൽ അതിന്റെ ജോലികൾ തീർത്തു റിലീസ് ചെയ്യാൻ കഴിഞ്ഞു. ഇതിലെ പത്തു ഗാനങ്ങളിൽ മൂന്നു ഗാനങ്ങൾക്കു സംഗീതവും ഞാൻ തന്നെ നൽകി. ആദ്യമായാണ് എഴുത്തുകൂടാതെ സംഗീതവും നൽകുന്നത്. ഈ മൂന്നു ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് എസ്. നവീൻ എന്ന യുവ പ്രതിഭയാണ്. അദ്ദേഹം ഏ.ഐ.ആർലെ ഏ ഗ്രേഡ് ആർട്ടിസ്റ്റു കൂടിയാണ്. കൂടാതെ സ്വന്തമായി റിക്കാർഡിങ്ങ് സ്റ്റുഡിയോ നടത്തുന്നു. ബാക്കി ഗാനങ്ങൾക്ക് കടവൂർ സന്തോഷ്‌ചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. മറ്റുഗാനങ്ങൾ ബിജുനാരായണൻ, വിധുപ്രതാപ്, രാധികാതിലക്, ദലീമ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു. അതിലെ “തമ്പുരനേ പരനേ….” എന്ന ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള ആദ്യ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു…. താഴെക്കൊടുത്തിട്ടുള്ള പ്ലേയറിൽ കൂടിയോ ഡൌൺ‌ലോഡു ചെയ്തോ കേട്ട് അഭിപ്രായം അറിയിക്കുമല്ലോ….

നിറഞ്ഞസ്നേഹമോടെ…
ഗാനരചന, സംഗീതം : ചെറിയനാടൻ
ആലാപനം, ഓർക്കസ്ട്രേഷൻ : എസ്. നവീൻ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നു കൊണ്ടായാലും
തുമ്പങ്ങളൻപോടൊടൊടുക്കും അമ്പോറ്റിയെന്റെ
സങ്കടം തീർക്കുകില്ലേ…, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….

ഉണ്ണിക്കുടവയറിൽ ഉണ്ടല്ലോ മൂലോകങ്ങൾ!
ഊരുമൂവുരുചുറ്റീടാൻ മൂന്നു നിമിഷങ്ങൾ! (2)
തൃപ്പടിക്കല്ലിൽ നിറതേങ്ങയുടച്ചും, പൂജയേതും കഴിച്ചും,
ഫലമൂലം നേദിച്ചും, ഞങ്ങൾ
നിന്നെനിനച്ചാനന്ദത്തിരുമണ ഗാഥകൾപാടിവരുന്നവിരാമം
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന-
ശങ്കകൾ നീക്കുകില്ലേ...

പമ്പകടക്കും തുമ്പിക്കൈവീശിയാൽ ദുരകൾ!
കൊമ്പിടഞ്ഞാലോ കാൽക്കൽ വീഴും അമ്പോ വിനകൾ! (2)
യാത്രമുടക്കും കലിദോഷമകറ്റി, വഴിനേരേയുണർത്തി,
വരഭാഗ്യമരുളി, മുൻപിൽ
മോദകമാമോദത്തൊടുവച്ചിവരേത്തവുമിട്ടടിവീണു നമിപ്പൂ
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന
ശങ്കകൾ നീക്കുകില്ലേ...
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും
തുമ്പങ്ങളമ്പോടൊടുക്കും അമ്പോറ്റി എന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ.....

(ഗണപതിയെ എന്റെ ഉറ്റസുഹൃത്ത് ഗോപൻ വരച്ചത്….)
ഇവിടെ നിന്നും വലിക്കാം

Sunday, January 25, 2009

സന്ധ്യ

മറയാൻ തുടങ്ങുന്ന സന്ധ്യേ
പറയാതെ പോകുന്ന സന്ധ്യേ
നിറമിഴിച്ചോപ്പിന്റെയർത്ഥം
അറിയുന്നു ഞാൻ സഖീ പണ്ടേ

വർണ്ണങ്ങളായിരം ചാർത്തി
വിൺതാളിൽ നിന്നേപ്പകർത്തി
കണ്ണീരണിഞ്ഞു നീ നിൽക്കേ
എണ്ണിയാൽ തീരാത്ത പോലേ

ഞാൻ കുറിച്ചെത്രകാവ്യങ്ങൾ
നിൻ കുളിർസ്പർശത്തുടിപ്പിൽ
ഞാൻ കണ്ടു സ്വപ്നങ്ങളെന്നും
പകലുറക്കത്തിൻ സുഖത്തിൽ

പ്രേമാർദ്ദ്രമായെന്നുമെന്നും
ആ മുഗ്ദ്ധ ശാലീനഭാവം
നിൻ മന്ദഹാസത്തിനൊപ്പം
എൻ മനോപൂജയ്ക്കു പാത്രം

നീ പണ്ടുകണ്ട സ്വപ്നങ്ങൾ
നീ പിന്നറിഞ്ഞ ദുഃഖങ്ങൾ
നിൽപ്പൂ നിണം വാർന്നപോലേ
നിൻ പ്രേമനഷ്ടമോഹങ്ങൾ!

ആരെ നീ തേടിയെത്തുന്നു
ആരൊരാൾ കാത്തു നിൽക്കുന്നു
ആ രാഗമിന്നാർക്കു സ്വന്തം
അറിയാൻ കൊതിച്ചു പോകുന്നു

കരയാൻ തുടങ്ങുന്ന സന്ധ്യേ
പിരിയാനൊരുങ്ങുന്ന നിന്റെ
കരളിലെ നൊമ്പരത്താരോ
താരങ്ങളായ്ത്തീർന്നു മേലേ?

വിടപറഞ്ഞകലുന്ന നേരം
പിടയുമെന്നുള്ളമാശിച്ചു
വിടരുന്നൊരീ സ്നേഹബന്ധം
വാടാതിരുന്നെങ്കിലെന്നും.ഇതിനൊപ്പം ഒരു സാഹസം കൂടികാണിച്ചു. എന്റെ കർണ്ണകഠോരമായ ശബ്ദത്തിൽ ഒന്നു പാടിനോക്കുകയും ചെയ്തു.
മാപ്പ്........ഇവിടെനിന്നും വലിക്കാം

.

Tuesday, January 6, 2009

“എല്ലാം സ്വാമി”യും “പത്മതീർത്ഥ”വും ഹമ്മാ ഡോട് കോമിൽ
പ്രിയപ്പെട്ടവരേ,

എന്റെ ഒരു സ്വപ്നമായിരുന്നു ഞാൻ ആരാധിക്കുന്ന അർജ്ജുനൻ മാസ്റ്ററിനും ജയേട്ടനുമൊപ്പം ഒരു ഗാനം ചെയ്യുകയെന്നത്. എന്റെ സ്നേഹസമ്പന്നരായ സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായത്തോടെ 2005“എല്ലാം സ്വാമി”യെന്ന ശബരിമല അയ്യപ്പ ഭക്തിഗാനത്തോടെ എന്റെ ആഗ്രഹം സഫലമായി. ഇന്നുവരെ 7 ആൽബങ്ങളിലയി 43 ഗാനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞു, എല്ലാം ഭക്തിഗാനങ്ങൾ തന്നെ. കൂടാതെ പുതിയ മൂന്നെണ്ണത്തിന്റെ ജോലികൾ തീരാറാകുന്നു. അതിൽ രണ്ടാൽബങ്ങളുടെ സംഗീതവും ഞാൻ തന്നെ ചെയ്തു. സംഗീതം പഠിക്കാത്ത എനിക്കതിനെങ്ങനെ കഴിഞ്ഞെന്ന് പലപ്പോഴും അൽഭുതപ്പെടാറുണ്ട്. വേണ്ടതെല്ലാം മനസ്സിൽ തോന്നിപ്പിക്കുന്ന ഈശ്വരന്റെ അനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ. അതിലെ മുപ്പതു ഗാനങ്ങൾ പി. ജയച്ചന്ദ്രൻ, വാണീജയറാം, സുജാത, മധുബാലകൃഷ്ണൻ, ബിജുനാരായണൻ, വിജയ് യേശുദാസ്, വിധുപ്രതാപ്, ജ്യോത്സ്ന, ഗായത്രി, സുദീപ് കുമാർ, ഗണേശ് സുന്ദരം തുടങ്ങിയവർ ആലപിക്കുന്നു. എന്റെ ജീവിതാഭിലാഷമായ ‘ദാസേട്ടനെക്കൊണ്ടൊരു പാട്ടിന്’ അദ്ദേഹത്തിന്റെ അനുമതിയും കാത്തിരിക്കുന്നു...

നിങ്ങൾക്കേവർക്കും കേൾക്കാനായി ഞാൻ "എല്ലാം സ്വാമി"യെന്ന എന്റെ ആദ്യ ആൽബം, ഒരുപക്ഷേ നിങ്ങൾക്കെല്ലാം സുപരിചിതമായ ഹമ്മാ ഡോട് കോമിൽ (http://www.hummaa.com/music/justarrived/Malayalam/Devotional) പ്രസിദ്ധപ്പെടുത്തുകയാണ്. അതിലെ പത്തുഗാനങ്ങളും ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിൽ ഭാവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ആലപിച്ചിരിക്കുന്നു. കൂടാതെ ഹമ്മയിൽ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന "പത്മതീർത്ഥം" വോ.1 ലും 2 ലുമായി എന്റെ 6 ഗാനങ്ങൾ കൂടിയുണ്ട്. എം.ജി.ശ്രീകുമാർ, ബിജുനാരായണൻ, ജ്യോത്സ്ന, ഗണേശ് സുന്ദരം, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായത്രി എന്നിവരാണ് ഈ ആറുഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. “എല്ലാം സ്വാമി“യെന്ന ആൽബമൊഴിച്ചുള്ളതെല്ലാം മറ്റുവ്യക്തികളും കമ്മറ്റികളുമാണ് നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ വരും കാലം അവരുടെ അനുമതിയോടെ അതും പ്രസിദ്ധീകരിക്കാൻ കഴിയുമെന്നു കരുതുന്നു.
ഭക്തിഗാനങ്ങൾ ഒരു പക്ഷേ ഏവർക്കും ഇഷ്ടമായി എന്നു വരില്ല. എങ്കിലും, സമയം പോലെ നിങ്ങളേവരും പാട്ടുകൾ കേട്ട് ആ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. 'പത്മതീർഥ'മെന്ന ആൽബത്തിൽ എന്റേതല്ലാത്ത പല തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. മിക്കതും ട്യൂൺ തന്ന് എഴുതിയതായിരുന്നെങ്കിൽ പോലും എന്റെ അസാന്നിദ്ധ്യം മൂലം വാക്കുകൾ പിരിക്കുന്നതിലും ശരിയായ പദം പാടുന്നതിലും പാകപ്പിഴകൾ ഉണ്ടായിട്ടുണ്ട്, ക്ഷമിക്കുക. എങ്കിലും ഇവരുടെയൊക്കെക്കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിനുപരി എന്തു ഭാഗ്യമാണു വേണ്ടത്.

ബ്ലോഗ് സുഹൃത്തുക്കളായ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിസ്സീമമായ പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്നഭ്യർത്ഥിച്ചുകൊണ്ട്…

വിനയത്തോടെ, സ്നേഹപൂർവ്വം,

ചെറിയനാടൻ