Saturday, November 22, 2008

പറയാതെ വയ്യാ... !!!

കൊള്ളരുതായ്മകൾ കണ്ടും കേട്ടും സഹികെട്ടു. ഉള്ളിൽ കിടന്നു തികട്ടി വരുന്നത് എത്രകാലമെന്നുവച്ചാണു തിരിച്ചിറക്കുന്നത്. ഇനിപ്പറഞ്ഞിട്ടുതന്നെ കാര്യം....


പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...
പലതും സഹിച്ചുഞാൻ വിങ്ങിനിൽക്കേ, ഒട്ടു-
കരയാതെ വയ്യാ...
നാടേ... സമീപനാശത്തിന്റെ വക്കിൽ നീ
ചൂടേറ്റുവാടി നിൽക്കുമ്പോൾ
നിന്നെയോർത്താലെൻ അശാന്തമാം നെഞ്ചകം
എരിയുന്നു, വയ്യാ....!
ഇന്നുരുകുന്നു; വയ്യാ....!

പുകയും കനൽക്കാടുപോലെയീ മാനവ
പ്പെരുമയ്ക്കുപേർകേട്ടഭൂമി!
പലരും പതിച്ചെടുക്കുന്നു, വിൽക്കുന്നതി-
ന്നഴകാർന്ന മേനി, കീറി-
മുറിയുന്നു ദേഹി!
കള്ളങ്ങൾ, കൊള്ളികൾ, പകൽക്കൊള്ളകൾ, തമ്മിൽ
കണ്ടാൽ ചിരിക്കാത്തപൊയ്മുഖങ്ങൾ
ഒരുതുണ്ടു കയർതൂങ്ങുമാഗ്രഹങ്ങൾ...
പട്ടിണിക്കളപൂത്ത വയലേലകൾ, സ്വപ്ന
വിളമുടിഞ്ഞടിയുന്ന ജീവിതങ്ങൾ, എങ്ങും
കാമപ്പിശാചിന്റെ വാണിഭങ്ങൾ, നോറ്റു
പത്തുപെറ്റലയുന്ന ശരണാർത്ഥികൾ, ഉത്ത-
രായനം തിരയുന്ന ശരശയ്യകൾ, പിന്നെ
ഉദ്യോഗവർഗ്ഗാഗ്നിപവ്വതങ്ങൾ!! തന്റെ
കൊടിയുടെ നിറത്തിലെ തത്വശാസ്ത്രങ്ങൾതൻ
ദാഹം കെടുത്തുന്ന വടിവാളുകൾ!
വിഷപ്പൂവുകൾ, അധികാരസിംഹാസനത്തിലെ
ഒഴിയാത്തബാധകൾ.....!
അലറിത്തിമർക്കുന്ന പേമാരികൾ, ഉരുൾ
പൊട്ടലിൽ ഞെട്ടുന്ന മലയിടങ്ങൾ
കാളകൂടങ്ങൾ, കോളകൾ, ഉറവയൂറ്റീടുമാ-
ഗോളശാപങ്ങൾ...!
ആസന്ന നാശങ്ങൾ...!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...!!

കല്ലടുപ്പെരിയാത്ത മൺകൂരകൾ, കൊടും
കാടുനാടാക്കും പരിഷ്ക്കാരികൾ, കുറേ
തോക്കുകൾ, ലാത്തികൾ, ടിയർഗ്യാസുഷെല്ലുകൾ
സംഹാരതാണ്ടവമാടുന്ന കാക്കികൾ
ഉടുമുണ്ടുരിഞ്ഞിടും മോഹികൾ, വാമൂടി
യമരുന്ന ഭരണപ്രതിച്ഛായകൾ, കൂർത്ത
കല്ലെറിഞ്ഞും തീകൊടുത്തും പഠിക്കും ക-
ലാലയക്കൂത്തുകൾ...!
അത്രമേലാശിച്ച, വിദ്യനിഷേധിച്ച
വിധിയോടിടഞ്ഞു പടിയേറുന്ന മക്കൾ...;
ചാടുന്ന പെണ്മക്കൾ...!!!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...

(കൊടുതായവേനലെൻ തൊലികറുപ്പിക്കുന്നൊ-
രീമണൽക്കാട്ടിൽ
ഒരുനൂറുസ്വപ്നങ്ങളുംകൊണ്ടു ഞാൻപറ-
ന്നെത്തുമിക്കൂട്ടിൽ
നാളെ, മടങ്ങേണമെന്നോർത്തു ഭീതിയാൽ
വിറയുന്നു ദേഹം, ഇനി-
യൊന്നുമേകാണുവാൻ ശേഷിയില്ലാതുയിർ
തേങ്ങുന്നു മൂകം,
ഉള്ളുപിടയുന്നു ദീനം!

നാടേ..., എനിക്കുകാണാനാശയെങ്കിലും
കാണുവാൻ വയ്യാ....!
നീയാർത്തലച്ചിടും കാഴ്ചകൾകണ്ടു മിഴി-
പൂട്ടുവാൻ വയ്യാ...!
ജീവിതപ്രാരബ്ധനീർപ്പോളയായ്‌ പൊങ്ങി-
ഞാൻ വെറുതേ കിടക്കുമ്പോൾ
രാവേറെയായിനിയോരോന്നുമോർത്തൊന്നു-
റങ്ങുവാൻ വയ്യാ....!
ഒട്ടുറങ്ങാതെ വയ്യാ....!)