Thursday, April 16, 2009

എന്റെ പാട്ടുകേട്ടു തുള്ളിയാടി വാ വാ…!

ഒരു കാസറ്റിൽ പാട്ടെഴുതണം എന്ന അത്യാഗ്രഹവുമായി നടന്ന എനിക്ക് ഒത്തിരി അവസരങ്ങൾ തന്ന ആ ഈശ്വരാനുഗ്രഹത്തിനുള്ള നന്ദിയായി അർപ്പിച്ചതായിരുന്നു ഈ ഗാനം.ആലപ്പഴ ജില്ലയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് ചെറിയനാട്. ഇൻഡ്യയിലെ ആദ്യത്തെ വ്യവഹാര രഹിത – സമ്പൂർണ്ണ നിയമസാക്ഷര- പഞ്ചായത്തും (കേസില്ലാ പഞ്ചായത്ത്) കഴിഞ്ഞ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തും ഇതായിരുന്നു. അവിടുത്തെ പ്രധാനമായ ആരാധനാലയങ്ങളിൽ ഒന്നാണ്; ഇന്ന്, 80-90 കോൽ ഉയരത്തിലുള്ള പതിന്നാലോളം പള്ളിവിളക്കുകളാൽ പ്രസിദ്ധമായ, അതിപുരാതനമായ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഒപ്പം 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ തൈപ്പൂയത്തിലെ കാവടിയാട്ടവും പ്രസിദ്ധമാണ്. ആ പ്രശാന്തസുന്ദരമായ അങ്കണവും അവിടുത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷവുമൊക്കെ ഇന്നും ഓരോ വരിയുമെഴുതാൻ മനസ്സിൽ പ്രചോദനമായി നിൽക്കുന്നു. ശ്രീ ബിജുനാരായണൻ ആദ്യമായി പാടിയ എന്റെ ഗാനമെന്ന മമതയും എനിക്കിതിനോടുണ്ട്. ഒരു ഗാനം എത്രയും നന്നാക്കാമോ അത്രയും അദ്ധ്വാനിക്കുന്ന പ്രതിഭാധനനായ ആ ഗായകനൊപ്പം പിന്നീട് പലവട്ടം പ്രവർത്തിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങളിലും അദ്ദേഹം സഹകരിക്കുന്നുണ്ട്.വസന്ത രാഗത്തിലാണ് സന്തോഷ് ഇത് ചിട്ടപ്പെടുത്തിയത്. അതിനൊത്ത് അധികം വിയർപ്പൊഴുക്കാതെ എനിക്ക് വരികളെഴുതാൻ കഴിഞ്ഞതും വളരെ സന്തോഷകരമായിരുന്നു. “പരമ പുരുഷ ജഗദീശ്വര ജയ ജയ” എന്ന പ്രശസ്തമായ സ്വാതിതിരുനാൾ കൃതി ഇതിലാണ്. ബസന്ത് എന്നാണെന്നു തോന്നുന്നു ഇതിന്റെ ഹിന്ദുസ്ഥാനി നാമം. ധാരാളം മലയാളം ഗാനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷകരമായ ഒരു അനുഭവം ആണ് ഈ രാഗം കേൾക്കുമ്പോൾ തോന്നുക. വളരെ ചടുലമായ, ഉത്തേജകമായ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ഈ രാഗം നന്നായിരിക്കും.

സംഗീതം : സന്തോഷ്
ആലാപനം : ബിജുനാരായണൻ

വേൽമുരുകാ ശ്രീമുരുകാ
നീലമയിലേറുമയ്യാ
നീയരികിൽ എന്നരികിൽ ഓടിവാ, എന്റെ
പാട്ടുകേട്ടു തുള്ളിയാടി വാ വാ
വരുമോ നീ തിരുനടയിൽ ചൊരിയൂ നിൻ വരമിവനിൽ
തിരുമാറിൽ മലരിതളായ് പുണരും പൊൻ പുലരൊളിയിൽ
പ്രണവാമൃതമുതിരും വേളയായ്

കാലമെത്രയായി നിന്റെ മുന്നിൽ വന്നു വീണുചൊന്ന
മോഹമൊന്നു സത്യമായിടാനായ്
നീയറിഞ്ഞുതന്നസ്വർണ്ണശീലുകൾ കൊരുത്തുവർണ്ണ
മാലചാർത്തി മുക്തി നേടുവാനായ്
നന്ദിചൊല്ലിടുവാനില്ലയെൻ നാവിലക്ഷരങ്ങൾ
ശരവണനേ ശരണം ശിവമകനേ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]

ദേവനായകാ വിഭോ കനിഞ്ഞു താതനന്നുരച്ച
വേദമന്ത്രസാരമിറ്റു നീ താ
ദീനനാമിവൻ ദിനം ദിനം കൊതിച്ചു വന്നുമുന്നിൽ
ഏകനായ് മടങ്ങിടുന്നു വേലാ
നാദരൂപനല്ലേ നീചെറുനാടിനുണ്ണിയല്ലേ
അഴലൊഴിയാനഭയം ഇവനരുളൂ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]ഇവിടെ നിന്നും വലിക്കാം

Wednesday, April 1, 2009

പ്രതീക്ഷകളോടെ വീണ്ടും!!!

ജീവിതത്തിലേക്ക് വീണ്ടും ഒരു വർഷം കൂടി!!! ഒരോ ജന്മദിനങ്ങളും പ്രതീക്ഷകളുണർത്തി കടന്നുപോകുമ്പോഴും പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടം സമ്മാനിക്കുന്നത് ഒത്തിരി സന്തോഷങ്ങളും ഇത്തിരി നൊമ്പരങ്ങളുമൊക്കെയായി ജീവിത യാഥാർത്ഥ്യങ്ങളുടെ നേർ ചിത്രങ്ങളാണ്. നിങ്ങൾ എന്നെ നിങ്ങളിലൊരാളേപ്പോലെ കരുതുന്നതറിയുമ്പോൾ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല…… കവിതകളിലൂടെയും പാട്ടുകളിലൂടെയുമുള്ള സൌഹൃദങ്ങൾ…, അതിലേറെ നൊമ്പരപ്പെടുത്തുന്ന, പലരുടേയും ജീവിത ദുഃഖങ്ങളുടെ നേർചിത്രങ്ങൾ…, ബ്ലോഗിലൂടെ ഞാനറിയാൻ തുടങ്ങിയ കാലം എങ്ങനെ മറക്കാൻ…. സ്നേഹിച്ചവർക്കെല്ലാം ഒരുപാടു നന്ദി, കൂടെ, വെറുത്തവർക്കും!

എന്റെ ബാല്യസ്മരണകളിലൂടെ….

മുറ്റത്തെച്ചെറുകാവിൽ വാടിയടരുന്നോരായിലഞ്ഞീമലർ
ഗന്ധം പൊങ്ങിടുമിന്ദ്രനീലരജനീയാമത്തിലേകാകിയാം
ഗന്ധർവ്വൻ വരവായിരിക്കുമവിടെക്കാണുന്ന കൽപ്പാളിയിൽ
കാണാമിപ്പൊഴുമന്റെ ബാല്യകലതൻ ശേഷിപ്പുപോൽ രേഖകൾ

അമ്മയുടെ സ്നേഹവാത്സല്യത്തിലൂടെ,

കണ്ണീരുപ്പുകലർന്നകഞ്ഞിയുമുടൻ ചാലിച്ചചമ്മന്തിയും
കൂട്ടിപ്ലാവിലയാലെ വാരിയൊരുവായൂതീട്ടുമാമൂട്ടുമെൻ
അമ്മയ്ക്കുമ്മപകർന്നുപണ്ടുമധുരപ്പാലൂർന്നൊരമ്മാറിലേ-
ക്കൊട്ടിച്ചേർന്നുകിടന്നു കേട്ടൊരഴലിൻ താരാട്ടുപാട്ടോർപ്പുഞാൻ

നിത്യപ്രണയസ്മരണകളിലൂടെ,

മൗനം പൂത്തുനിറഞ്ഞൊരീയിടവഴിക്കങ്ങേപ്പുറത്താരെയോ-
യെന്നുംകാത്തുവിടർന്നുവാടിയടിയുന്നോരാമലർക്കണ്ണുകൾ
തൂകും നിസ്തുലതപ്തബാഷ്പകണികയ്ക്കാകട്ടെയെൻപേനകൾ
പ്രായശ്ചിത്തമിരപ്പതാദ്യ,മതുമൽ പ്രേമത്തിനാദ്യാക്ഷരം!

ചെറിയൊരു നാടിന്റെ ഭംഗിയും…,

പാടപ്പാട്ടിഴചേർന്നുകേളിയുണരുംഗ്രാമങ്ങൾകാട്ടാറു,മേ-
കാന്തം വശ്യതപൂവിടുന്ന മുരുകത്തേവന്റെ ശ്രീകോവിലും
രാഗോന്മാദവിഭാതവേള,പുളകംകൊള്ളുന്നകാട്ടാറുതൻ
ചാലേപൂത്തുതളിർത്തുമോഹനലതാകുഞ്ജങ്ങൾ മുക്കുറ്റികൾ!

എല്ലാം, എല്ലാം സമ്മാനിച്ച സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും നിമിഷങ്ങൾ ഇനി മടങ്ങി വരാത്തതു പോലെ കടന്നു പോകുന്നു….. ഒരിക്കലും മടങ്ങിവരാത്തതു പോലെ….!!!