Tuesday, December 13, 2011

ഒരു യാത്ര.....:)

ഇത്തവണ സകുടുംബം നടത്തിയ ഒരു യാത്ര, മൈസൂർ ബാംഗ്ലൂർ..... ഒപ്പം ഡാനിയും ഫിറുവും....

നെറ്റിൽ മാത്രം പരിചയമുള്ള പല സുഹൃത്തുക്കളേയും കാണാൻ കഴിഞ്ഞു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.... എന്നാൽ കാണണമെന്ന് കരുതിയ പലരേയും കാണാൻ കഴിഞ്ഞില്ല എന്നതും വിഷമമായി...!

യാത്രയിലെ ചില നിമിഷങ്ങൾ....


Wednesday, October 19, 2011

പമ്പയൊഴുകുന്നു... പാലാഴിയൊഴുകുന്നു...

എന്റെ സ്വാമി എന്ന ഭക്തിഗാന ആൽബത്തിലെ ഞാൻ എഴുതിയ ഒരു ഗാനം.ആലാപനം : വിൽസ്വരാജ്
സംഗീത സംവിധാനം : ബിനു ഷിദ്ദിക്

പമ്പയൊഴുകുന്നൂ.. പാലാഴിയൊഴുകുന്നൂ...
സ്വാമി നാമം പാടി ദക്ഷിണ ഗംഗയൊഴുകുന്നൂ
ഹരിഹരാത്മജനയ്യനയ്യൻ വാണിടും മലതേടിയെത്തും
പതിതരെ വരവേറ്റു സ്വാഗത ഗീതി പാടുന്നു

തരളമാനസരായ് കരിന്തുകിൽ
ചാർത്തിയും വ്രതശുദ്ധിയോടിരു
മുടിയുമേന്തി, കരികൾ മേവിടു-
മടവി താണ്ടുമ്പോൾ....
രാമചന്ദ്ര പദാരവിന്ദം
പൂത്തൊരാ പുളിനം നമിച്ചിഹ-
ശാന്തിയേകും ജലധിയിൽ നീ-
രാടി നിൽക്കുന്നു, പുണ്യം
പൂവിടും പടിയേറുവാൻ കുളിർ
മാലചാർത്തുന്നു...

കളകളാരവ ശരണമാധുരി
തൂകിയും ചരിതങ്ങൾ വാഴ്ത്തിയു-
മമൃതമായൊഴുകുന്നൊരാവഴി
തൊഴുതു നീങ്ങുമ്പോൾ
ഉണരുമേതുമനസ്സിലും ശബ-
രീശകീർത്തന സാധകം, അതു
കേട്ടു കാനന ഭൂമിയും പുള-
കാർദ്രയാകുന്നു, ഞാനും
ആ സ്വരത്തിലലിഞ്ഞു താനേ
നീലിയേറുന്നു

Tuesday, October 11, 2011

ആദ്യ ആൽബത്തിന്റെ 5 ആം പിറന്നാൾ...

ഒരുപാടുന്നാളത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ശേഷം ആദ്യമായി ഒരു പ്രൊഫഷണൽ ആൽബം ഇറങ്ങിയിട്ട് ഇന്നേക്ക് 5 വർഷം ആകുന്നു. ഉറ്റ സുഹൃത്തുക്കളുടെ സഹായത്താൽ ആദ്യമായി പ്രൊഫണൽ ഗാനരംഗത്തേക്ക് കടന്നുവന്നപ്പോൾ എനിക്ക് സംഗീതമൊരുക്കാൻ വന്നത് മലയാളത്തിന്റെ സ്വന്തം ശ്രീ അർജുനൻ മാസ്റ്ററും ഗാനങ്ങൾ ആലപിച്ചത് ഭാവഗായകൻ ശ്രീ പി. ജയച്ചന്ദ്രനുമായിരുന്​നു എന്നത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു.

അഞ്ചു വർഷങ്ങൾ പത്തോളം ആൽബങ്ങൾ, ഈണം പോലെയുള്ള നാലോളം ഓൺലൈൻ ആൽബങ്ങൾ, നാദം പോലെയുള്ള സ്വതന്ത്ര സംഗീത സംരംഭങ്ങളിലെ ഗാനങ്ങൾ എന്നിവ ആസ്വാദക സമക്ഷം എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. അതിന് കാരണമായ ഏവരേയും മനസാ സ്മരിക്കുന്നു, നമസ്കരിക്കുന്നു.

ആദ്യ ആൽബത്തിലെ ഒരു ഗാനം ഇവിടെ സമർപ്പിക്കട്ടേ...

സ്നേ​ഹത്തോടെ
നിശി
ഇവിടെ നിന്നും വലിക്കാം

Monday, September 12, 2011

പാട്ടുകേറ്റുന്ന നാട്ടിൽ കൂട്ടുകാരൊത്ത് ഓണാഘോഷം...:)


ആരു നീ രാക്ഷസീ? ഘോരനിശാചരീ? മാറെടീ മുന്നിൽ നിന്നിക്ഷണം..... ;))


അരടേം വെടിയേക്കാതെ കാത്തോണേ....:)


മലൈച്ചാമി...!!! ദ സ്റ്റാർ ഓഫ് ദ ബാർ...;)


ദാസനും വിജയനും..:)


സൺഡേ വിൽഫ്രഡ്..:)


ഒഴിച്ചു കൊടുപ്പുകാർ...;)))


എന്ത്രടേ.. ചിരിയെടേ...:)


വെയറീസ് ദ ബോൾ?


മിസ്റ്റർ പെരേരാ... നിങ്ങടെ മൊതലക്കുഞ്ഞുങ്ങളെവിടെ...?


ശരിക്കെറിഞ്ഞ് പിടിപ്പീര് നെവിനേ...:)


ഇങ്ങോട്ട് മാറി നിക്കെടാ...


കുത്തിവിടോ....:)


അഡ്മിൻ മാനേയർക്ക് ഒരു സ്പ്രിരിച്വൽ കിസ്സ്...!


റെഡ് ബാൾ...


ഹോ ഹൊഹോ....:)


ക്യൂട്ട് നൈജീരിയൻ...:)


പൂവേ പൊലിപാടിവന്നു പൂവാലൻ പൂത്തുമ്പീ...:)

Tuesday, September 6, 2011

ഈണത്തിന്റെ ഓണപ്പാട്ടുകൾ ഇതാ....പതിവുപോലെ ഈണം പാട്ടുമായെത്തി.

ഓൺലൈൻ ഗാനാസ്വാദകർക്കായി കഴിഞ്ഞ മൂന്നുവർഷമായി മുടക്കാതെ പ്രസിദ്ധീകരിക്കുന്ന ഓണപ്പാട്ടുകളുമായി ഈണം.കോം എത്തി. ഈ സെപ്റ്റംബർ 2 ആം തീയതി www.onam.eenam.com എന്ന വെബ്സൈറ്റിൽ പബ്ലീഷ് ചെയ്ത ഗാനങ്ങൾ ഇതിനകം തന്നെ നെറ്റിൽ നല്ല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രശസ്ത പിന്നണിഗായികയായ ഗായത്രി അതിഥി ഗായികയായെത്തുന്ന ഈ ആൽബത്തിൽ പിന്നണിഗായകർ കൂടിയായ വിജേഷ് ഗോപാൽ, രതീഷ് കുമാർ, ദിവ്യ മേനോൻ തുടങ്ങിയവരെ കൂടാതെ രാജേഷ് രാമൻ, ഉണ്ണികൃഷ്ണൻ, മുരളി രാമനാഥൻ, ഹരിദാസ്, സണ്ണി ജോർജ്, നവീൻ, അഭിരാമി തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. തരംഗിണിയുടെ പഴയ ആൽബങ്ങളെ അനുസ്മരിപ്പിക്കുന്ന ഗൃഹാതുരമായ ഗാനങ്ങളുടെ ശൈലി അവലംബിച്ചുകൊണ്ടാണ് ഈണം ഇത്തവണയും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

എന്റെ ഒപ്പം ഗണേശ് ഓലിക്കര, ഗീതാ കൃഷ്ണൻ, രാഹുൽ സോമൻ, ഡാനിൽ എന്നിവരും ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. അതേപോലെ ബഹുവ്രീഹി, രാജേഷ് രാമൻ, പോളി വർഗ്ഗീസ്, ഉണ്ണികൃഷ്ണൻ, മുരളി രാമനാഥൻ എന്നിവർക്കൊപ്പം ഞാൻ മൂന്നു ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും ചെയ്തു. ജയ്സൺ, സിബു സുകുമാരൻ, പ്രകാശ് മാത്യു എന്നിവർക്കൊപ്പം പശ്ചാത്തല സംഗീതത്തിലും ഞാൻ അരക്കൈ നോക്കിയിട്ടൂണ്ട്. ഇടി ഏതുവഴിക്കൂടെ തന്നാലും പറഞ്ഞിട്ടു തരണം ട്ടോ..:)))

ഗാനങ്ങൾ കുഞ്ഞൻ റേഡിയോവഴി 64 ബിറ്റിലും കേൾക്കാം, ഓരോ ഗാനത്തിന്റേയും പേജിൽ നിന്ന് 128 ബിറ്റ് ക്ലാരിറ്റിയിലും കേൾക്കാം. നിങ്ങൾക്കിഷ്ടപ്പെടുന്ന ഗാനത്തിന്റെ പേജിൽ കമന്റ് ഇട്ടാൽ ഈ ഗാനം സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ദൃശ്യമാകും. അതുവഴി നിങ്ങൾക്ക് ഗാനം യാതൊരു പൈറസിയുടേയും പ്രശ്നങ്ങളില്ലാതെ ഡൗൺലോഡ് ചെയ്ത് ആസ്വദിക്കാനുമാകും.

എല്ലാരും കേൾക്കുക, ഈ നിസ്വാർത്ഥമായ സേവനത്തിന്റെ പാതയിലൂടെ ചരിക്കുന്ന ഒരു കൂട്ടം പ്രവാസികൾക്ക് നിങ്ങളുടെ പ്രോൽസാഹനങ്ങളാണ് എന്നും പ്രചോദനം. എല്ലാ ഗാനങ്ങളും കേൾക്കുക, നിങ്ങളുടെ വിലയേറിയ അഭിപ്രായമറിയിക്കുക.

ഗാനങ്ങൾ കേൾക്കാൻ

http://www.onam.eenam.com/

നിറഞ്ഞ സ്നേഹമോടെ,

നിശി


Sunday, August 28, 2011

ഈണത്തിന്റെ ഈ വർഷത്തെ ഓണസമ്മാനം

ഓണം വിത്ത് ഈണം 2011

9 ഗാനങ്ങൾ, നിങ്ങളുടെ പ്രിയ ഗായകർ, നിങ്ങൾ ഇഷ്ടപ്പെടുന്ന പഴമയും പുതുമയും ചേർത്തിണക്കിയ സംഗീതം, ഹൈഡെഫനിഷൻ റെക്കോഡിങ്ങ്, ഉയർന്ന ക്വാളിറ്റിയുള്ള മിക്സിങ്ങ്, പ്രൊഫഷണൽ ഓർക്കസ്ട്രേഷൻ

സ്വതന്ത്ര സംഗീത ധാരയുടെ അലയൊലികൾ നെറ്റിൽ സജീവമാകുന്ന 2009. അന്ന് 4 സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈണം എന്ന നോൺ പ്രോഫിറ്റബിൾ മ്യൂസിക്കൽ എഫർട്ട് ഇന്ന് ഓണം വിത് ഈണം 2011 എന്ന 4 ആം ഓൺലൈൻ ആൽബം പ്രസിദ്ധീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്ന് സന്തോഷപൂർവ്വം അറിയിക്കട്ടേ. ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധിയുപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള കലാകാരന്മാരെ അണിനിരത്തി ഗാനങ്ങൾ നിർമ്മിച്ച് ഏവർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്ത് സ്വന്തന്ത്രമായി ഉപയോഗിക്കാനാകുന്ന രീതിയിലേക്ക് എത്തിക്കുന്ന അത്യദ്ധ്വാനം നിറഞ്ഞ യത്നം ഏറ്റെടുക്കുമ്പോൾ അത് ഒന്നോ രണ്ടോ ഗാനശേഖരങ്ങൾക്കപ്പുറേത്ത് നീളുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന സംഗീതജ്ഞരേയും തന്റെ ബ്ലോഗിൽ സമയം കിട്ടുമ്പോൾ വല്ലതും കവിതയായി കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ ഉദ്യമം കഴിഞ്ഞ വർഷത്തെ ഓണം വിത്ത് ഈണം 2010 എന്ന ആൽബത്തിന്റെ വൻവിജയത്തിനു ശേഷം കൂടുതൽ ഉത്തരവാദിത്തബോധത്തോടെയുള്ള സൃഷ്ടികൾ നടത്തണമെന്ന നിലയിലേക്ക് ഇതിന്റെ അണിയപ്രവർത്തകരെ കൊണ്ടെത്തിച്ചു എന്ന് സമ്മതിക്കാതിരിക്കാൻ വയ്യാ. ആ ലക്ഷ്യം ഈ വർഷവും നിറവേറ്റാനായി എന്ന് ഞങ്ങൾ അകമഴിഞ്ഞു വിശ്വസിക്കുന്നു. ജോലിത്തിരക്കിനിടയിൽ ലഭിക്കുന്ന മിനിറ്റുകൾ കൂട്ടിവച്ച് പാട്ടും എഴുത്തും സംഗീതവുമൊക്കെ സമൻവയിപ്പിച്ച് ഒരു ഗാനത്തിന്റെ ചട്ടക്കൂടുതീർത്ത് അതിനെ അണിയിച്ചൊരുക്കി നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നതിലെ നിർവൃതി ഈ അവസരത്തിൽ മറച്ചു വയ്ക്കുന്നില്ല.

എങ്കിലും വേണ്ടവിധത്തിലുള്ള ഒരു പിന്തുണയോ പ്രോൽസാഹനമോ ചുരുക്കം ചിലയിടങ്ങളിൽ നിന്നല്ലാതെ ഈ സംരംഭങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന സംശയവും ബാക്കി നിൽക്കുന്നു. അനേകായിരങ്ങൾ പാട്ടുകൾ ഡൗൺലോഡ് ചെയ്തുപോകുമ്പോഴും ഹിറ്റുകൾ ലക്ഷങ്ങൾ കടക്കുമ്പോഴും ശ്രോതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വളരെ കുറവാണെന്നതു തന്നെ അതിനു കാരണം. നെറ്റിൽ സജീവമായ ആളുകൾ പോലും ഈ സംരംഭത്തെക്കുറിച്ച് ഇന്നും അജ്ഞരാണെന്നത് മറ്റൊരു യാഥാർത്ഥ്യം. ഓരോ വ്യക്തിയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും സൗകര്യത്തേയും മാനിക്കുന്നു; എങ്കിലും, നിങ്ങൾ അറിയുന്ന നിങ്ങളെ അറിയുന്ന കുറേ സംഗീത സ്നേഹികളുടെ കൂട്ടായ്മയിൽ കാഴ്ചവയ്ക്കുന്ന ഈ സംരംഭങ്ങളെ നിങ്ങൾ കാണാതെയും അറിയാതെയും പോകരുത്. ഇതിലൂടെ തങ്ങളുടെ കഴിവുകൾ ഉള്ളിലൊതുക്കിയിരിക്കുന്ന പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരം നൽകാനുമുള്ള ഒരു വേദിയായിക്കൂടി കരുതി കഴിയുന്ന സുഹൃദ് വലയത്തിലേക്ക് ഈ സന്ദേശമെത്തിക്കാൻ സാധിക്കുമെങ്കിൽ ഏവരും ശ്രമിക്കുക. ഇതെല്ലാം ബ്ലോഗ് ഉപയോഗിക്കുന്ന ഓരോ മലയാളിക്കും അവകാശപ്പെട്ടതുതന്നെയാണ്. ആ ബോധത്തിൽ മുൻ ഈണം / നാദം സംരംഭങ്ങളെപ്പോലെ സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിക്കുന്ന ഓണം വിത് ഈണം 2011 എന്ന ഓണപ്പാട്ടുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലെത്തിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും തയ്യാറാകണമെന്ന് വിനീതമായി അറിയിക്കുന്നു.

ഒൻപതു ഗാനങ്ങളടങ്ങിയ ഈ ആൽബത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗായകരും സംഗീത സംവിധായകരും രചയിതാക്കളും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഈണത്തെയും നാദത്തെയും കുറിച്ച് ഇതേവരെ അറിയാത്ത എല്ലാ മാന്യസുഹൃത്തുക്കൾക്കും താഴെക്കൊടുത്തിരിക്കുന്ന ലിങ്കുവഴി പ്രസ്തുതഗാനങ്ങൾ കേൾക്കാൻ സാധിക്കും.

എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി

ഈണം ടീം

ഈണം ആൽബങ്ങളിലെ ഗാനങ്ങൾ കേൾക്കാൻ
2009 - http://eenam.com/
2009 - http://onam.eenam.com/ml/node/32
2010 - http://onam.eenam.com/

നാദത്തിലെ ഗാനങ്ങൾ കേൾക്കാൻ
http://www.m3db.com/node/24997

Saturday, June 11, 2011

നീലിയെന്നൊരു മലയുണ്ട്....

ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകി ശ്രീ പി. ജയച്ചന്ദ്രൻ ആലപിച്ച ഞാൻ എഴുതിയ പഴയ ഒരു ഭക്തിഗാനം...

Wednesday, June 1, 2011

കൃഷ്ണപക്ഷംരാധാകൃഷ്ണ പ്രേമം എന്നും കവികൾക്ക് വിഷയമായിരുന്നിട്ടുണ്ട്. രാധയെ കൃഷ്ണൻ ഏകപക്ഷീയമായി വിട്ടു പോയി എന്ന ആരോപണങ്ങളും ധാരാളം നിരൂപണങ്ങളിൽ വായിച്ചിട്ടുണ്ട്. സുഗതകുമാരിയുടെ കവിതയാണ് ഞാൻ അവസാനം വായിച്ചത്.

എന്റെ ഈ കവിതയിൽ കൃഷ്ണന്റെ ഭാഗത്തു നിന്നും കാര്യങ്ങൾ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം, അൽപ്പം നീണ്ടുപോയി എന്നറിയായ്കയല്ല, എങ്കിലും എഴുതിവന്നപ്പോൾ ഇത്രയുമായിപ്പോയി... എങ്കിലും കുഞ്ഞു പാട്ടുകളെഴുതുന്നതിനേക്കാൾ എത്രയോ സംതൃപ്തി ഒരു നീളൻ കവിതയെഴുതിക്കഴിയുമ്പോൾ കിട്ടുന്നു. അത് നാലുഭാഗങ്ങളാക്കി ഒറ്റയടിക്ക് പ്രസിദ്ധീകരിക്കുന്നു....:)

ഭാഗം 1

ദ്വാരക നിദ്രയിലാണ്ടു, കപോതങ്ങൾ
ചേക്കേറി, നീല നിലാവു പരക്കവേ
എങ്ങും നിശബ്ദ,മദ്വാപര സാഗര
തീരത്തു വെള്ളിമണല്പ്പട്ടു ശയ്യയിൽ
ദൂരെ, ആകാശ വഴിത്താരയിൽ പൂത്ത
താരണിത്താരകഭംഗിനുകർന്നു ഞാൻ
മന്ദാനിലസ്പർശനിർവൃതി പുല്കിക്കി-
ടക്കേ, മിഴിക്കൂമ്പുതാനേയടഞ്ഞുപോയ്!

സ്വപ്നത്തിലിന്ദ്രിയയാനത്തിനന്ത്യമാ-
രാജകൊട്ടാരമട്ടുപ്പാവിലെത്തി ഞാൻ
ഒച്ചയുണ്ടാക്കാതെ, തീഷ്ണമാം കിങ്കര
ചക്ഷുസിൻ ദൃഷ്ടിയേല്ക്കാതെ നടക്കവേ
നേർത്തൊരുവെട്ടമരിച്ചിറങ്ങും മുറി-
ക്കുള്ളിലേക്കൊന്നെൻ മിഴിചെന്നുനിന്നുപോയ്!
ഏകാന്തസുന്ദരമന്തഃപുരത്തിലെ
പള്ളിമണിയറപ്പൂമ്പട്ടുമെത്തയിൽ
നിദ്രാവിഹീനനായ്, ചിന്താഭരം, പുരാ-
വൃത്തങ്ങളെന്തോ വിചാരിച്ചശാന്തനായ്
വേർപ്പോലുമത്തിരുനെറ്റിയിൽ കൈതാങ്ങി
വേപഥുഗാത്രനായ് ദ്വാരകാധീശ്വരൻ!
പൂമകൾ താർവിരൽ തൊട്ടുതലോടുമ-
ച്ചാരു കളേബരം വാടിക്കിടക്കയായ്
വിശ്വം തിരിക്കും വിരൽത്തുമ്പു നിർജ്ജീവ-
മെന്നപോൽ, കൺകോണിലശ്രുബിന്ദുക്കളോ?
ഉള്ളം തരിച്ചു ഞാൻ നിന്നുപോയെൻ തപ്ത-
നിശ്വാസമാ ദൃഷ്ടിയെന്നിൽ പതിച്ചുപോയ്
ലോകം മയക്കുമതേമന്ദഹാസ നി-
ഴല്പ്പാടുമാത്രം തെളിഞ്ഞധരങ്ങളിൽ.

“കണ്ണാ...കരയുന്നതെന്തു നീ? ദൈവങ്ങൾ
ദൈവമായെണ്ണും നിനക്കും വിഷാദമോ?
ഗീതാവസന്തസുധാവർഷനിർഝരി-
യൂർന്ന ഹൃദന്തത്തിലെന്തേ വികാരമോ?”
ചോദിച്ചു ഞാ,നുള്ളിലേറുമാകാംക്ഷയോ-
ടാർദ്രമാ രാജീവ നേത്രങ്ങൾ ചിമ്മവേ
കണ്ടുഞാൻ മുത്തടർന്നുത്തരീയത്തിൽ വ-
രച്ചിട്ട നൊമ്പരത്തിൻ മുറിപ്പാടുകൾ

”സ്വാഗതമെൻ സഖേ, ഗോപാലനാമെന്റെ
യന്തപ്പുരത്തിലേ,ക്കങ്ങേയ്ക്കു സൗഖ്യമോ?
ഓർത്തുപോയ് ഞാനെന്റെ ബാല്യവും, യൗവ്വനം
കാലികൾ മേയ്ച്ചൊരക്കാളിന്ദിതീരവും
വൃന്ദാവന ശ്യാമകുഞ്ജവും പൗർണ്ണമി-
പ്പാലൊഴുകീടുന്നൊരമ്പാടിമുറ്റവും
കാടും കടമ്പും കളിക്കൂട്ടരോടൊത്ത-
ലഞ്ഞ ഗോവർദ്ധനശൈലതടങ്ങളും
എല്ലാമുമിച്ചൂളപോൽ നീറിനില്ക്കയാ
ണുള്ളിന്നുലയ്ക്കുള്ളി,ലൊപ്പമെൻ രാധയും..!“ഭാഗം 2

വാക്കുകൾ വേറിട്ടടർന്നൂ സഗദ്ഗദം
വാചാലമാം സജലാർദ്രനീലാംബുജ-
ത്താർമിഴിത്തൂവിതൾ മെല്ലെവിടർ,ന്നതി-
ലായിരം ഭാവമുദിച്ചസ്തമിക്കുന്നു!
മഞ്ഞമരാളദുകൂലമൊതുക്കി, ശം-
ഖാങ്കപദമുറപ്പിച്ചെഴുന്നേറ്റൊട്ടു
മൂകനാ,യെന്നിലേക്കുറ്റുനോക്കി,ത്തന്റെ-
ജീവിതപുസ്തകം മെല്ലെത്തുറക്കയായ്....

അമ്പാടിതൻ മണിപ്പൈതലായ് ഞാൻ വളർ-
ന്നമ്മയ്ക്കുമച്ഛനുമോമനക്കണ്ണനായ്
പാരംവികൃതികാട്ടിഗ്ഗോകുലത്തെങ്ങു-
മാനന്ദവർഷംചൊരിഞ്ഞുനടന്നനാൾ
ഗോവൃന്ദപുച്ഛത്തിലൂയലാടിപ്പുതു-
പാല്ക്കുടം താഴത്തുടച്ചും, നവനീത-
മേവരും കാണാതെകണ്ടു കട്ടുണ്ടുമെൻ
ബാല്യവാസന്തായനങ്ങൾ കൊഴിഞ്ഞുപോയ്
അന്നൊരുനാളാവഴിവന്ന മാമുനി-
യെൻ ജന്മരാശിഗ്രഹസ്ഥാനഗോചര-
ഭാവം മറിച്ചും തിരിച്ചും ഗണിച്ചോതി-
‘വിഷ്ണുവിനൊത്തോരവതാരമാണിവൻ!’

കാലികൾ മേയ്ക്കുവാറുണ്ടായിരുന്നു കാ-
ളിന്ദീനദീപുളിനാരണ്യസീമയിൽ
കൂട്ടിനു ഗോപാലരെത്രപേർ, സന്ധ്യ ചേ-
ക്കേറുവോളം ഹൃദയോല്ലാസവേളകൾ!
അന്നാദ്യമായ് കണ്ടുഞാൻ പിന്തുടരുമാ-
രമ്യനീലാഞ്ജനപ്പൂമിഴിവണ്ടുകൾ
എന്നാദ്യയൗവ്വനസ്വപ്നങ്ങളെ മദം
കൊള്ളിച്ചുണർത്തിയ പ്രേമത്തുടിപ്പുകൾ

ഏതോശരത്കാലസന്ധ്യയിൽ, ദേവിക്കു
പൂജയ്ക്കൊരുക്കുമായ് കാളിന്ദിസൈകതം
പിന്നിട്ടവൾനീങ്ങവേയെന്റെ മുന്നിലേ-
ക്കെത്തിപ്പകച്ചൊന്നുനിന്നു; നിസ്തബ്ദ്ധയായ്!
ഞാനും തരിച്ചുപോ,യാമുഗ്ദ്ധശാലീന
ലാവണ്യനിർമ്മലാകാരവിശുദ്ധിയിൽ
കാൽ വിരൽ മണ്ണിൽ കളം വരച്ചും, കരി-
ന്താരണിക്കൺകോണിനാൽ പാളിനോക്കിയും
നില്ക്കുമപ്പെൺകൊടിതൻ പേലവാംഗമി-
ളംതെന്നലേറ്റുലഞ്ഞാടും തളിർപോലെ!
എന്നെക്കടന്നുപോകാൻ തുടങ്ങീടവേ
ചോദിച്ചു ഞാൻ മെല്ലെ,യാരുനീ ഗോപികേ?
മാതളപ്പൂഞ്ചൊടി ചെറ്റുതുറന്നു, സ-
ലജ്ജം മൊഴിഞ്ഞവൾ; ‘രാധികയാണു ഞാൻ.’

വാസരമൊന്നായടർന്നെന്നുമാവഴി
ത്താരയില്കണ്ടുചിരിച്ചിവരെങ്കിലു-
മിഷ്ടമാണെന്നുചൊല്ലാതെ മനസ്സുകൾ
കൈമാറിയാത്മവികാരം പരസ്പരം.
തങ്ങളിൽ കാണാതിരിക്കുവാനാകാത്ത
മാത്രകൾ, യൗവ്വനാവേശലഹരിയിൽ
സംഗമതീരങ്ങളെപ്പുളകം ചാർത്തി
മാറുന്നിതൊന്നായി, രാധയും കൃഷ്ണനും!ഭാഗം 3

ദിനരാത്രങ്ങൾ വനകാളിന്ദിക്കരയിലെ
കടമ്പിൻ മലർ പോലെ വിടർന്നും കൊഴിഞ്ഞും പോയ്
ശ്യാമാർദ്രമനോജ്ഞമാം വന്യശാഖിയിൽ കാലം
ഋതുവർണ്ണങ്ങൾ പൂശി കൈവിരൽ പതിക്കയായ്
തങ്ങളിൽ കാണാതിരുന്നീടുവാൻ കഴിയാത്തൊ-
രാത്മബന്ധത്തിൻ സ്നേഹ നാമ്പുകൾ തളിർക്കവേ,
കാമത്തിന്നകപ്പൊരുളോരാത്ത ഹൃദന്തങ്ങ-
ളദ്വൈതവിചാരത്താൽ നാളുകൾ കഴിയ്ക്കവേ,
വന്നൊരാൾ ദൂരെപ്പത്തനത്തിൽ നിന്നൊരുതേരിൽ
കൊണ്ടുപോകുവാ,നാഖ്യ,യക്രൂര,നറിഞ്ഞു ഞാൻ
സ്വീകരിച്ചച്ഛൻ, ദൂതഭാഷണം ശ്രവിച്ചാത്മ-
വേദനപൂണ്ടെൻ മുഖത്തേക്കൊരു കുറിനോക്കി
മിഴികൾ നിറഞ്ഞതിൻ കാരണമാരാഞ്ഞോരെൻ
കയ്യിലേയ്ക്കലർപോലദ്ദീനമാം ഗാത്രം ചായ്കേ
പറഞ്ഞാൻ “കണ്ണാ, നിന്നെക്കൊണ്ടുപോയീടാൻ വന്ന
മാഥുരേശന്റെ ദൂതനക്രൂരനറിക നീ
ശൈവപൂജയ്ക്കായൊരുങ്ങീടുന്ന നഗരത്തി-
ലേക്കു നിങ്ങളെക്കൂട്ടിക്കൊണ്ടുപോകുവാൻ വന്നു
ഞാൻ വെറും വളർത്തച്ഛൻ, കാണുവാൻ കൊതിയാർന്നു
കാത്തിരിക്കുന്നൂ നിൻ പിതാക്കളക്കാരാഗൃഹേ”

ഞെട്ടിത്തരിച്ചേനപ്പോൾ ഇത്രയും കാലം പോറ്റി
ക്കാത്ത ഹൃത്തുകൾ വേറിട്ടകലാനായീടാതെ
ശാപമായെന്നിൽ വന്നു പതിച്ചോരവതാര
ഭാരത്തേക്കുറിച്ചോർത്തെൻ മാനസം വിറകൊണ്ടു.
ദൈവമാണെല്ലാവർക്കും ഞാൻ!!!, കഷ്ടമെന്നല്ലാതെ
എന്നിലെ മനുഷ്യനെയാരുമേ കാണാതെപോയ്!
കണ്ടവളൊരുവളെൻ രാധികമാത്രം, എന്റെ
ചിന്തകൾക്കൊപ്പം മേയും സ്വപ്നത്തിലവൾ മാത്രം
നാടുകാണുവാനുള്ളോരാഹ്ളാദമുള്ളിൽ വയ്ക്കാ-
തേട്ടനമ്പാടിക്കൂട്ടരോടൊത്തു കളിയ്ക്കവേ
നീറുമെന്നുള്ളിൽ ചുട്ടുപൊള്ളി മാമുനി വാക്യം
“വിഷ്ണുവിൻ ഭാഗം പേറും അവതാരമാണിവൻ!”

പയ്യിനെപ്പാലിച്ചുപജീവനം കഴിച്ചീടും
പയ്യരാം തോഴന്മാരീ വാർത്തകേട്ടോടിക്കൂടി
കാലിയെക്കറന്നീടുമായമാരച്ചേലൊട-
ങ്ങാലസ്യമനസ്കരായമ്പാടിമുറ്റത്തെത്തി
മണികൾ നിലച്ചെങ്ങും തുള്ളാതെ കിടാവുകൾ
ശോകമൂകരായ് ഗോവൃന്ദങ്ങളും നിലകൊണ്ടു
ഒരുങ്ങീ ഞങ്ങൾക്കായിത്തേരുകൾ എല്ലാം കണ്ടെ-
ന്നമ്മതൻ മടിത്തട്ടിൽ കിടന്നൂ കിടാവുപോൽ
മുടിയിലലസമായൊഴുകും വിറപൂണ്ട-
ക്കരങ്ങളെന്നിൽ വിദ്യുത്സ്ഫുലിംഗപ്പിണർചീന്തി
തന്നുണ്ണിക്കിടാവിനെപ്പിരിയാൻ വിധിപ്പെട്ട
കർമ്മയോഗത്തെപ്പഴിച്ചമ്മനമുരുകവേ
എന്നിലേക്കിറ്റോരശ്രുകണങ്ങൾ ജന്മാന്തര
സ്നേഹബന്ധത്തിൻ തപ്ത ധാരയായുറകൂടി
ആരുമേ കണ്ടീലിതിഹാസങ്ങൾ വാഴ്ത്തീടുമെ-
ന്നാത്മാവിനോരം പറ്റിക്കിടക്കും വിഷാദങ്ങൾ
ദൈവത്തിന്നവതാരമല്ലൊ ഞാൻ! വികാരവും
മോഹവും സ്വപ്നങ്ങളുമില്ലാത്ത നിരാമയൻ!

യാത്രയാകാറായ്, തേടീ എൻമിഴിയാൾക്കൂട്ടത്തി-
ലോളത്തിലിളകീടുമപ്പരല്മിഴികൾക്കായ്
ഗോവർദ്ധനത്തിൻ തടോപാന്തത്തിൽ പുല്ലും കോതി
നില്ക്കയായിരുന്നവൾ അറിയാൻ വൈകിപ്പോയി!
കേട്ടോരു നേരം വെക്കമോടിയെത്തിനാളതിൻ
മുന്നമെൻ രഥമൊട്ടു മുൻപോട്ടു നീങ്ങീ മെല്ലെ
കണ്ടു ഞാൻ കാറ്റിൽ പറന്നെത്തിടും പോലെ നറും-
കാനനപ്പൂവിൻ പരിശുദ്ധമാം കളേബരം
വിറയാർന്നിരുന്നധരങ്ങളെൻ രഥത്തിന്റെ
ഓരത്തണഞ്ഞൊന്നതിദ്ദീനമായെന്നേനോക്കി
ചാടിഞാനിറങ്ങിപ്പിന്നോടിയത്തളിരുട
ലെന്റെ കൈകളിൽ താങ്ങി നിന്നുപോയറിയാതെ
പാതിചേർന്നോരാമിഴിക്കൂമ്പിനാലെന്നെത്തന്നെ
നോക്കിനീർവാർത്തും എന്റെ കൈകളിൽ തലോടിയും
വിതുമ്പിക്കൊണ്ടും അർദ്ധബോധത്താൽ കണ്ണായെന്നു
വിളിച്ചും കരഞ്ഞും പിന്നോർത്തോർത്തു പുലമ്പിയും
നില്ക്കുമവളോടെന്തുരയ്ക്കുമെന്നറിയാതെ
ഗദ്ഗദത്താലെൻ സ്വനഗ്രന്ഥികളടഞ്ഞുപോയ്.ഭാഗം 4

ചൊടിച്ചൂ ജ്യേഷ്ഠൻ, വൈകീടുന്നതിലക്രൂരനു
മക്ഷമഭാവത്തോടെ കടിഞ്ഞാൺ വിറപ്പിച്ചു
കാര്യമാക്കിയില്ലൊന്നുമെന്റെകൈകളിൽ വീണോ-
രപ്പാരിജാതത്തേത്തന്നുറ്റുനോക്കിഞാൻ നിന്നു
ഒടുവിൽ പറഞ്ഞു ഞാൻ ‘രാധികേ, കരയായ്ക
നീ വിതുമ്പുകിൽ സഖീ, എങ്ങനെ സഹിക്കും ഞാൻ
കാലമിട്ടോരീയൂരാക്കുടുക്കില്പ്പെട്ടീ നീയും
ഞാനുമിങ്ങുയിരിനായുഴറിപ്പിടയുമ്പോൾ
വാഴ്ത്തുവാനൊരുകൂട്ടർ വീഴ്ത്തുവാനായും ചിലർ
ആരുമേതുണയില്ലാതീശ്വരൻ കരയുമ്പോൾ
ഓർക്കുവാനായെൻ പ്രിയേ, നീയൊത്തുകഴിഞ്ഞൊരാ
മാത്രകൾ മാത്രം മതി ശാന്തമായീടാനുള്ളം
പോകുവാതിരിക്കുവാനാകില്ല, കൊല്ലാനായി-
പ്പിറന്നോനിവ,നന്യചിന്തകൾക്കിടമില്ല!
നാളെയീലോകം ക്രൂരനെന്നെന്നെ വിളിച്ചീടാം
പ്രേമവഞ്ചകനെന്നു കവികൾ ഇകഴ്ത്തീടാം
പക്ഷേ, നീ രാധേ എന്നെയറിയുന്നില്ലേ, നിന്റെ
കൃഷ്ണന്റെ ദുഃഖം സ്വന്തം ദുഃഖമായ് കാണുന്നില്ലേ
നീയനുവദിക്കാതെ പോകില്ല ഞാൻ, നീ കൂടെ
യില്ലാത്ത നഗരവും നരകസ്സമം ശൂന്യം’

ദുഃഖിച്ചു വിവശനായ് പറഞ്ഞു തീരും മുൻപേ
പല്ലവാധരം ചെറ്റു ചലിച്ചു, മൊഴിഞ്ഞവൾ
’എന്തേ നീ കണ്ണാ, എന്നേയറിയുന്നീലേ, എന്നും
നിൻപാതിമെയ്യായീടും ഗോപികയല്ലോ രാധ
നീയെങ്ങുപോയീടിലുമെന്നുയിർ നിനക്കൊപ്പ
മീരേഴു ലോകം വലം വച്ചിടും നിഴൽ പോലെ
ദുഃഖങ്ങൾ പലതുണ്ടാമെങ്കിലും വിരഹം പോൽ
ദുഃഖമില്ലല്ലോ നരലോകത്തിൽ കഠിനമായ്
എങ്കിലും കർമ്മം ചെയ്കയാണീശനെന്നാകിലും
കർത്തവ്യ,മതിൻ ഫലമോർത്തൊട്ടു മടിക്കായ്ക
നശ്വരനരജന്മ സ്വാർത്ഥതയ്ക്കവതാര
ലക്ഷ്യങ്ങൾ മറന്നു പിൻവാങ്ങി നീ തളരായ്ക
പഴിക്കും നമ്മേ,യൊരു പെണ്മണിക്കൊപ്പം കൃഷ്ണൻ
കുഴഞ്ഞെന്നിതേ ലോകം പറയും കാലം വരും
പോയ് വരൂ, എന്നേക്കുറിച്ചോർത്തുപിന്തിരിയായ്ക
തിരികെ വരില്ലനീയെന്നുതാൻ നിനയ്ക്കിലും
നിന്മുളം തണ്ടിൻ രാഗമായിഞാനുണർന്നീടും
നിന്റെ കാല്ച്ചിലമ്പിലെ താളമായുറങ്ങീടും
പാടട്ടേ യുഗാന്തരം സ്തുതിപാഠകർ രാധാ
മാധവപ്രേമാമൃത ഗാനപല്ലവി നീളേ...’

ഗീതതൻ പൊരുളാദ്യമെന്നെപ്പഠിപ്പിച്ചോര-
ക്കാമുകിക്കുപഹാരമേകുവാനില്ലാതൊന്നും
എന്റെ നാദമാം മണിക്കുഴലക്കയ്യിൽ കൊടു-
ത്തശ്രുവാൽ തിളങ്ങുമക്കവിളിൽ തലോടി ഞാൻ
തിരികെത്തേരേറിയക്രൂരന്റെ കരത്തിലൊ-
രിടിവാളൊപ്പം രോഷച്ചമ്മട്ടിയിളകുമ്പോൾ
അകലുന്നവളിൽ നിന്നെന്നേക്കുമായെന്നുള്ള-
തറിഞ്ഞീ,ലതുകാണാനിജ്ഞാനിക്കാകാതെ പോയ്!
ദൂരെ നേർത്തൊരു പൊട്ടായ്ത്തീർന്നവളെന്നാകിലും
കരളിൽ വസന്തമായോർമ്മകൾ നിറഞ്ഞേറി
‘രാഗമായിരുന്നവളെന്റെ പാഴ്മുളം തണ്ടിൽ
ഈണമായിരുന്നവളെന്റെ ഗാനങ്ങൾക്കെന്നും
കാളീയഫണത്തിലെൻ താളമായിരുന്നവൾ
വർണ്ണമായിരുന്നളകങ്ങൾ തൻ പീലിക്കണ്ണിൽ
നാളുകൾ കഴിഞ്ഞുഞാനാവാർത്ത കേട്ടൂ, എന്റെ
പ്രാണന്റെ വേർപാടിന്റെ, ഹൃദയം തകർന്നുപോയ്
ധർമ്മത്തെ സ്ഥാപിച്ചീടാൻ കൊന്നുകൂട്ടീടും ശിലാ
ഹൃത്തന്നേ ആമ്പാടിതൻ വഴികൾ മറന്നുപോയ്!
സ്വാന്തദുഃഖത്തിൽപ്പോലും കരയാൻ കഴിയാത്ത
കളിമൺപ്രതിമകളല്ലയോ ദൈവം സഖേ...!!!’

തെല്ലിട നിശ്ശബ്ദനായ്, സർവ്വസാരജ്ഞൻ വെറും
മർത്ത്യനായ് മനോചിത്രപേടകം തുറക്കുമ്പോൾ
കാലങ്ങളായ് നാം പേർത്തും പേർത്തുരച്ചീടും കൃഷ്ണ
പ്രേമനാടകങ്ങളെ വായിച്ചു പഠിക്കുമ്പോൾ
ലജ്ജിച്ചുപോയീ ഞാനാപ്പച്ചയാം മനുഷ്യന്റെ
ഉള്ളൊരു കുറികാണാതോതുമെൻ പിഴയോർക്കേ
തൂലിക വാളായ് വീശി നീറുമമ്മനസ്സിന്റെ
നോവിന്റെ മുറിപ്പാടിനാഴമേറ്റിയതോർക്കേ..!!!

അന്ത്യയാമമായ് കൃഷ്ണപക്ഷത്തിലിനിച്ചെറ്റു
നാഴികമാത്രം ഉദയാദ്രികുങ്കുമം പൂശാൻ
സ്വപ്നമോ അതോ സത്യമോ വെറും സങ്കൽപ്പമോ
അറിയില്ലുള്ളിന്നുള്ളിൽ തേങ്ങുന്നു ദൈവം വീണ്ടും...

Tuesday, May 24, 2011

പ്രണയം... പ്രണയം... മധുരം... മധുരം...

ഒരു ഗാനം കേട്ടാൽ അത് ഇഷ്ടപ്പെടുന്നതിനും പെടാത്തതിനും പലർക്കും പലകാരണങ്ങൾ ഉണ്ടാകാം...

അതെന്തുതന്നെയായാലും എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് ഈ ഗാനം...

വരികളെഴുതാൻ എനിക്ക് ഈണം തരികയും അതിമനോഹരമായി ഈ ഗാനം ആലപിക്കുകയും ചെയ്ത രാജേഷ് രാമന് പ്രത്യേക അഭിനന്ദനങ്ങൾ.... ഒപ്പം മികച്ച രീതിയിൽ പശ്ചാത്തല സംഗീതമൊരുക്കിയ സന്തോഷിനും അതിന് നിർദ്ദേശങ്ങൾ നൽകിയ സൂര്യനാരായണനും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

പ്രണയ നിർഭരമായ മനസ്സുള്ള എല്ലാവർക്കും വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു....

‘പ്രണയം... പ്രണയം... മധുരം... മധുരം...
മിഴിയിതകളുകളിണചേരും സായം കാലം
ഇരുകരളുകളിൽ പൂത്തു നീർമാതളം
എന്നാരോമലേ... നിനക്കായിന്നു ഞാൻ
പകരാമുള്ളിലെ അനുരാഗാമൃതം
നീയരികിൽ വരും നിമിഷം... നിമിഷം...
പ്രണയം... പ്രണയം... മധുരം... മധുരം...’

സംഗീതം : രാജേഷ് രാമൻ
പശ്ചാത്തല സംഗീതം : സന്തോഷ് കുമാർ
ആലാപനം : രാജേഷ് രാമൻ
വയലിൻ : ചങ്ങനാശേരി ബി. രാജേഷ്
ഫ്ലൂട്ട് : ജോസി
കോറസ് : ആൻസി, മേരി ജോൺ, പ്രിയ യേശുദാസ് & രഞ്ജിനി
സ്റ്റുഡിയോ : പാട്ടുപെട്ടി ചെങ്ങന്നൂർ, ചേതന തൃശൂർ & റിയാൻ കൊച്ചി


ഗാനം ഇവിടെ നിന്നും കേൾക്കുക

http://www.m3db.com/node/25514

Saturday, May 21, 2011

സ്വീകരിക്കൂ.. ഹരേ.. സ്വീകരിക്കൂ...

ഞാൻ അവിശ്വാസിയാണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എന്റെ വിശ്വാസം അന്ധമല്ല...

ഈശ്വരൻ എന്നൊന്ന് ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ടെന്നത് നേര്...

ആ ഈശ്വരനൊട് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കുഞ്ഞിനു വേണ്ടി, അതുപോലെയുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കുവേണ്ടി എന്റെ മനസ്സുരുകിയുള്ള ഒരു പ്രാർത്ഥന, സ്വീകരിക്കും എന്ന ഉറപ്പോടെ....

ആലാപനം : മധു ബാലകൃഷ്ണൻ

തൃപ്പുലിയൂർ തേവരേ...
തൃപ്പുലിയൂർ തേവരേ...
അടിതൊട്ടുമുടിയോളം കണ്ടു വണങ്ങുവാൻ
അരികിലിതാ കാത്തു നില്പ്പൂ, നിന്റെ
അലിവിനായ് ഞാൻ കാത്തു നില്പ്പൂ...

ഒന്നും തരാനില്ല, ഉള്ളതെന്നുള്ളിലായ്
ഉള്ളൊരീ ഗാനമല്ലാതെയൊന്നും...
നേദിക്കുവാൻ, പള്ളിവേട്ടയാടും മുൻപിൽ
ഈ അശ്രുപൂക്കളല്ലാതെയൊന്നും
സ്വീകരിക്കൂ... ഹരേ... സ്വീകരിക്കൂ...
അടിയനേകും ഉപഹാരം

കാണാൻ കഴിഞ്ഞില്ലയെങ്കിലും എന്നുമാ
കായാമ്പൂ കണ്ണിൽ വിടർന്നുനില്ക്കും...
തൃപ്പുറപ്പാടിന് എഴുന്നെള്ളിനില്ക്കും നിൻ
പൂവുടലുള്ളിൽ തുടിക്കുമെന്നും
അനുഗ്രഹിക്കൂ സ്വാമീ അനുഗ്രഹിക്കൂ
എന്നെ നിൻ ഗായകനാക്കൂ


Sunday, May 15, 2011

“എങ്ങനെ മറക്കും ഞാൻ....”

ഇതിനു പ്രചോദനം : പണ്ട് ഏതോ ആഴ്ചപ്പതിപ്പിൽ വന്ന ആരുടേയോ ഒരു കവിത


വെള്ളിലക്കണ്ണീർപെയ്ത വെള്ളാരംകല്പ്പാതയിൽ
വീണ്ടുമീനമ്മൾകണ്ടുമുട്ടുന്നൂ നിസംഗരായ്
മാദകസ്വപ്നാവേശ നെയ്ത്തിരി മൗനം പൂണ്ട
മാനസക്കാണാക്കെട്ടിൽ ഒളിച്ചുസൂക്ഷിച്ചുനാം
സൗഹൃദം പുതുക്കുവാൻ ഏതേതുപദം തേടി
പഴയമേച്ചില്പുറത്തലഞ്ഞു നടന്നുനാം
നിന്നൊളിനോട്ടത്താലെൻ നെഞ്ചകംതളരവേ,
തെളിഞ്ഞുകണ്ടൂ കന്നിത്താരകാവലി കണ്ണിൽ
ആകാശവാതായന മേഘജാലകത്തിര-
ശ്ശീലയെപ്പകുത്തിനൻ വൈഡൂര്യമുതിർക്കവേ
മൗനമുദ്രിതാധര ദാഹസീമയിൽ മരു-
പ്പച്ചതെളിഞ്ഞെൻ വേനല്പ്പാടങ്ങൾ നനയ്ക്കുവാൻ
എങ്കിലുമിവിടന്യർ നാമെന്നദിവാസ്വപ്നം
ഉണരും വികാരത്തിൻ ചില്ലുകൂടുടയ്ക്കുന്നൂ
ഇന്നുനീ സുമംഗലി, പാപമീ സ്മൃതിപോലും
ഓർമ്മതൻ ചിത്രത്തങ്കപ്പേടകമടയട്ടെ!

പക്ഷെ ഹാ! യുദ്ധാശ്വമായ് കുതിക്കും ഗതകാല-
തപ്തനിശ്വാസം രോമഹർഷങ്ങൾ വിടർത്തവേ,
ചെമ്പകപ്പൂവിൻ ഹൃദ്യ ശ്രീലയസൗരഭ്യമി-
ന്നൂഴിതന്മുലക്കച്ചക്കെട്ടുകളഴിക്കവേ,
ആയിരം സമസ്യകളുള്ളിലെച്ചിതല്പ്പുറ്റിൽ
ഈയലായുയരവേ, ശാലീന നിശ്ശബ്ദമാം
പൂഞ്ചൊടിമെല്ലെച്ചലി,“ച്ചങ്ങേയ്ക്കു സുഖമാണോ...?”
വിറകൈനെഞ്ചില്ചേർത്തു തുടർന്നാൾ “മറന്നുവോ...?”
വാക്കുകൾ ഘടികാര മണിപോൽ മുറിയവേ....,
ആർദ്രമാം മിഴിക്കുമ്പിൾ തുളുമ്പീ, പറഞ്ഞുള്ളിൽ;
“എങ്ങനെ മറക്കും ഞാനോമനേ ചിതയിലെ
വെണ്ണീറായ്മാറുംവരെ നീയന്നേകിയതെല്ലാം
മാനസച്ചിപ്പിക്കുള്ളിൽ മോഹമുത്തുമായ് ജന്മ-
സാഗരാന്തരത്തട്ടിൽ ഏകനായിന്നും വാഴ്വൂ“

തേങ്ങിപ്പോയ് താനേ, ദുഖം നമ്രമാക്കുമാമുഖ-
ച്ചോലകളനശ്വര പ്രേമവെൺനുരചീന്തി
ആരുമേയുരിയാടാതകലങ്ങളിൽ മിഴി-
നട്ടുനിന്നീടും ശപ്തശാന്തമാം നിമിഷത്തിൽ,
ആയിരം ഉഷ:സന്ധ്യാകുങ്കുമം സീമന്തത്തിൻ
രേഖയിലൂടെൻ നിണതീർഥാമായൊലിക്കുമ്പോൾ,
യാഥാർത്ഥ്യമാകുന്നതും കാത്തുകാത്തൊടുങ്ങിയ
മിത്ഥ്യകളുയിർത്തുവന്നാരതിയുഴിയുമ്പോൾ
നിൻ നഖചിത്രാങ്കിത മാറിലെത്താലിപ്പൂവിൻ
അന്യമൊരേതോഗന്ധം തങ്ങളിലകറ്റുന്നൂ

നിന്നെയുംകടന്നു ഞാൻ പോകുന്നൂ……………..

Tuesday, May 10, 2011

എന്നേ അനുഗ്രഹിക്കൂ....

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം കൂടി...

ആലാപനം : മധു ബാലകൃഷ്ണൻ
പശ്ചാത്തല സംഗീതം : സൂര്യനാരായണൻ & അഞ്ചൽ വേണു

സ്റ്റുഡിയോകൾ
ഓർക്കസ്ട്രേഷൻ : കണ്ണൻ, രവീസ് ഡിജിറ്റൽ, കായംകുളം
വോയ്സ് : മാർട്ടിൻസ്, മരട്
മിക്സിങ്ങ് & മാസ്റ്ററിങ്ങ് : സജി നായർ, ചേതന ഡിജിറ്റൽ, തൃശൂർ

പിന്നണിയിൽ
വയലിൻ : ആറ്റുകാൽ ബാലസുബ്രഹ്മണ്യം
ഫ്ലൂട്ട് : ജോസി
മൃദംഗം : ബാലകൃഷ്ണൻ കമ്മത്ത്
വീണ : സൌന്ദർ രാജ്
തബല : തങ്കരാജ്
ഇടയ്ക്ക : പാപനാശം മുരുകൻ

രാഗം : ഹംസാനന്ദി & പൂർവ്വികല്യാണി മിശ്രിതം, സ്വന്തം പായ്ക്കിങ്ങ്.. ;)))

സാഹിത്യം
തൃപ്പുലിയൂർ ഗണപതിയേ.........
തൃപ്പുലിയൂർ ഗണപതിയേ..., തിരു-
വുള്ളം കനിഞ്ഞേഴയാമെന്റെ ഉള്ളിലെ
പൊള്ളുന്ന ദുഃഖങ്ങൾ തീർത്തുതരൂ..., കയ്യി-
ലുള്ളൊരീ കാഴ്ച നീ സ്വീകരിക്കൂ..., എന്നേ
അനുഗ്രഹിക്കൂ...

അടിയന്റെ മനസ്സിൽ നിനയ്ക്കുമ്പൊളൊക്കെയും
അരികിൽ വരുന്നതു ഞാനറിവൂ
എഴുതുവാനാകാതെ ഞാൻ കുഴഞ്ഞീടുമ്പോൾ
വഴികാട്ടി എൻമുന്നിൽ നിന്നിടുന്നു, എന്റെ
അഴൽ തീർത്തു നീ വരം നല്കിടുന്നു...!
മുപ്പാരിനുടയവനേ...
മുക്കണ്ണൻ തിരുമകനേ...
ശൈവമയം, ശക്തിമയം, തിരുവടി
ശരണമയം പ്രണവമയം സന്നിധി

ഓംകാരരൂപത്തിൻ ആകാരമാർന്ന നിൻ
ഗാനങ്ങൾ പാടി ഞാൻ തൊഴുതു നില്ക്കേ
ദർശന സാഫല്യം നല്കി നീ ഞാൻ തന്ന
മോദകമുണ്ടു മദിച്ചിടുന്നു, ഞാൻ നിൻ
മാറിലെ കറുകപ്പുൽ കൊടിയാകുന്നു...!
ആനന്ദം പരമാനന്ദം...
അടിയന്നു തവദർശനം...
തവചരണം, മമശരണം, നീ ഗതി
അനവരതം അതിസുകൃതം നിൻ വഴി
ഇവിടെ നിന്നും വലിയ്ക്കാം:)

Monday, May 9, 2011

മുല്ലപ്പൂവമ്പുകൊണ്ടു...

“മുല്ലപ്പൂവമ്പുകൊണ്ടു... മെല്ലെ കൺകോണിടഞ്ഞു…
നിന്നാദ്യ ചുംബനത്തിൽ, ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു...!”


2 ദിവസം മുൻപ് M3DB യിലെ ‘നാദ’ത്തിൽ പ്രസിദ്ധീകരിച്ച ഒരു ഗാനം. ആലാപനം എസ്. നവീൻ. രചനയും സംഗീതവും ഞാൻ തന്നെ :)

ഗാനം കേൾക്കാൻ : http://www.m3db.com/node/25482 എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

എന്നും സ്നേഹപൂർവ്വം,
നിശി

Wednesday, March 23, 2011

സുപ്രഭാതം… സുപ്രഭാതം…

എന്റെ ഒരു ഗാനം… തൃപ്പുലിയൂരപ്പൻ എന്ന ഭക്തിഗാന ആൽബത്തിൽ നിന്ന്.


രചന & സംഗീതം : ജി. നിശീകാന്ത്
ആലാപനം : മധു ബാലകൃഷ്ണൻ & ദിവ്യ മേനോൻ

സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…

ആയിരം കൈകളിൽ സ്വർണ്ണദീപങ്ങളാൽ
ആദിത്യദേവനണണഞ്ഞൂ
തൃപ്പുലിയൂരപ്പൻ ശ്രീകാന്തൻ യോഗ-
നിദ്രയിൽ നിന്നുമുണർന്നൂ
ശംഖനിനാദമുയർന്നൂ കാറ്റിൽ
ചന്ദനഗന്ധമുതിർന്നൂ

മന്ദാരപുഷ്പങ്ങൾ തുളസിക്കതിർചേർത്തു
പുലർകന്യ വനമാലകോർത്തു
സോപാനസംഗീതധാരയിൽ ശിലപോലും
നീഹാരബിന്ദുവായലിഞ്ഞൂ
പന്ത്രണ്ടുവിളക്കിനു നട തുറന്നൂ, ദേവൻ
ദർശന പുണ്യം ചൊരിഞ്ഞൂ
സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…

ആരുംകൊതിക്കുന്നൊരാദർശനം പുല്കും
മിഴികളിൽ ഹർഷാശ്രു തൂകി
ചതുശ്ശത വഴിപാടിൻ പുണ്യങ്ങളിൽ മർത്ത്യ-
ജന്മങ്ങൾ നിർവൃതി പൂകി
ഇന്ദിരാനാഥന്റെ പാദങ്ങളിൽ ഭക്തർ
ഇന്ദീവരങ്ങളായ് മാറി
സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…ഇവിടെ നിന്നും വലിക്കാം

Wednesday, March 2, 2011

ദക്ഷിണകൈലാസ നടയിൽ....


ഇന്ന് മഹാശിവരാത്രി….

എന്റെ പ്രിയ സ്നേഹിതർക്കായി ഒരു ശിവഭക്തിഗാനം…..

സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : വിത്സ്വരാജ്

ദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു
ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ
ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ
ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ
ദാക്ഷായണീപതേ നീ പുരാരേ…

ദേവിയോടൊരുമിച്ചു വാണരുളീടുന്ന
ശാന്തമാമവിടുത്തെ സന്നിധിയിൽ
ഒരു ചെറുകൂവളത്തിലയായി വീഴുമീ
അടിയന്റെ സങ്കടം കേൾക്കുകില്ലേ
തൃക്കരതാരാലീ മൂർദ്ധാവിൽ തൊട്ടെന്റെ
ഹൃത്തിലെ ആധികൾ തീർക്കുകില്ലേ
തീർക്കുകില്ലേ… തീർക്കുകില്ലേ….
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]

താരനേർമിഴിയാകും പാർവ്വതീദേവിക്കു
പാതിമെയ്യേകി നീ പരിലസിക്കേ
പരിഭവം പറയുന്ന പരിജനങ്ങൾക്കാകെ
പരമമാം സൗഭാഗ്യം നല്കുകില്ലേ
നിൻപദ സായൂജ്യം നേടുവാൻ ശിവരാത്രി
നോല്ക്കുമെൻ പ്രാർത്ഥന കേൾക്കുകില്ലേ
കേൾക്കുകില്ലേ... കേൾക്കുകില്ലേ....
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]ഇവിടെ നിന്നും വലിക്കാം

Thursday, February 10, 2011

ശൈവമയം.. ശക്തിമയം….

ഇന്ന് (110211) ചെറിയനാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ആറാട്ട്…

കഴിഞ്ഞ വർഷം ഇതേസമയമായിരുന്നു എന്റെ പാൽക്കാവടിയെന്ന സീഡിയുടെ റിലീസിങ്ങ്
അത് നിർവ്വഹിച്ചത്, കേരളത്തിലെ തന്നെ സത്യസന്ധനായ പോലീസ് ഓഫീസറെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പുമന്ത്രി സാക്ഷ്യപ്പെടുത്തിയ ശ്രീ രവീന്ദ്രപ്രസാദ്. റിപ്‌പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ അരങ്ങേറിയ മോക് ഡ്രില്ലിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അടുത്ത ദിവസം മരണത്തിന് കീഴടങ്ങി.വീട്ടിൽ നിന്നും ഫോൺ കാൾ വന്നപ്പോൾ ആ വാർത്തയറിഞ്ഞ് ഞാൻ തരിച്ചു പോയി… ആ പുഞ്ചിരി എന്റെ മനസ്സിൽ നിന്നും മായ്ക്കാനാവുന്നതിലുമപ്പുറമായിരുന്നു.. ഒരു ഡി.വൈ.എസ്.പി എന്ന ജാടകളില്ലാത്ത സൌമ്യനായ മനുഷ്യൻ…. എന്റെ ഈ ഗാനം അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കു മുൻപിൽ സമർപ്പിക്കട്ടേ…. കൂടുതൽ എഴുതാൻ വാക്കുകളില്ലാ… തോന്നുന്നുമില്ലാ…

ഗാനരചന, സംഗീതം : ജി. നിശീകാന്ത്
പശ്ചാത്തല സംഗീതം : സൂര്യ നാരായണൻ

തിരുവയ്യാർകോവിൽ വാഴും ദേവകുമാരകനേ
തിരുച്ചന്തൂർ കടലോരത്തിൽ തിരുവിളയാടുവനേ
വിവിധരൂപപാരാവാരം മനസിലേകസാരാകാരം
ശൈവമയം ശക്തിമയം ചെറിയനാട്ടിൽ സുബ്രഹ്മണ്യസ്വാമി

ആദിയും അന്തവും കണ്ടറിവോനേ
ആദിപരാശക്തിതൻ മകനേ
രാവിൽ ചന്ദ്രികപോലേ നിൻ
കാരുണ്യമെന്നിൽ നിറയേണം
പാപതിമിരം മൂടും മിഴികളിൽ
നിറകതിരാകേണം, എന്നും
നിറകതിരാകേണം

മോഹിതമായാ മന്ദാകിനിയിൽ
രാപകലില്ലാതലയുമ്പോൾ
മുന്നിൽ പുഞ്ചിരിയോടെ നിൻ
മോഹനരൂപം കാണേണം
ഇഹപരശാപം തീരാൻ മുരുകാ
വരസുധയൊഴുകേണം, ദിവ്യ
വരസുധയൊഴുകേണംഇതുവലിക്കാൻ

Thursday, January 20, 2011

പാൽക്കാവടീ…

ഇന്ന് തൈപ്പൂയം…

എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലേയും പോലെ, അല്ലാ, അതിലും ആചാരപൂർവ്വം ഭക്തിപൂർവ്വം എന്റെ നാടായ ചെറിയനാട്ടിലെ മുരുകക്ഷേത്രത്തിൽ 41 ദിനം നീണ്ട കഠിനവ്രതത്തോടെയുള്ള കാവടി നോമ്പിന്റെ സാക്ഷാത്കാരം. കഴിഞ്ഞ വർഷം ആ സമയം നാട്ടിലുണ്ടായിരുന്നു. ഇത്തവണ അത് മിസ് ചെയ്തു. പഴയ സുഹൃത്തുക്കളെ കാണാനും അവരൊടൊപ്പം അർമ്മാദിച്ച് ജനലക്ഷങ്ങൾക്കിടയിൽ ചേർന്നലിയാനും നാദമേളപ്പെരുമയുടെ ഉന്മാദ താളലയങ്ങളിൽ സ്വയം മറന്ന് മുണ്ടു മടക്കിക്കുത്തി തലയി ഒരീരേഴൻ തോർത്തൊക്കെ വലിച്ചു കെട്ടി അതിനൊപ്പം ചോടുവച്ച് ആർപ്പേയ് വിളിച്ച് നടക്കാനുള്ള ജീവിതത്തിലെ ഒരു ചാൻസ് നഷ്ടമായി. പിന്നെ ഫോണിലൂടെ കേട്ട് സംതൃപ്തിയടയേണ്ടി വന്നു.

എന്റെ വീടുപോലെ എനിക്കു അടുപ്പമുള്ള ആ ക്ഷേത്രത്തിലെ ‘പൈതലായ’ മുരുകനുണ്ണിയ്ക്കു വേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം നിങ്ങൾക്കായി പങ്കുവയ്ക്കുന്നു :). ശ്രീ ബിജു നാരായണൻ ആണ് ആലപിച്ചിരിക്കുന്നത്.

രചന & സംഗീതം : ജി. നിശീകാന്ത്
ആലാപനം : ബിജു നാരായണൻ
ഓർക്കസ്ട്രേഷൻ : സൂര്യ നാരായണൻ

പാൽ കാവടി പനിനീർ പീലിക്കാവടി
ബാലമുരുകന്റെ തൈപ്പൂയക്കാവടി
ആണ്ടവനായാളുമെന്റെ ആരോമലുണ്ണിയ്ക്കു
ആണ്ടുതോറുമാടിയെത്തും അന്നക്കാവടി, ഇതു
അടിയനെടുത്താടും കന്നിക്കാവടി

നാൽപ്പത്തിയൊന്നുനാൾ നൊയമ്പുനോറ്റു സ്വാമിമാർ
തൃപ്പാദപദ്മങ്ങളിൽ അർപ്പിച്ചീടും കാവടി
ആറുമുഖൻ കളിയാടും പൂമുറ്റത്തെൻ
ആത്മാവറിഞ്ഞാടും പുണ്യക്കാവടി, ഇതു്
ആനന്ദം തിരതല്ലും വർണ്ണക്കാവടി

പോരാടി വെന്നോരു താരകാരിയാം ഗുഹൻ
പേരോടു വാഴും ചെറുനാടാടും പൊൻ കാവടി
ആയിരങ്ങൾ ആ തിരു ദർശ്ശനം തേടി
അലയാഴിപോലേറും ഭക്തിക്കാവടി, ഇതു്
തീരാത്ത ദുഃഖത്തിൻ മുക്തിക്കാവടിTo download the song:
ഇവിടെ