Sunday, February 15, 2009

ചന്ദ്രക്കലാധരനേ…

ഭക്തിഗാനങ്ങൾ ഭക്തിസാന്ദ്രവും ഭാവാർദ്രവുമായിരിക്കണമെന്നാണെന്റെ അഭിപ്രായം; വിശിഷ്യാ ശൈവഭക്തി ഗാനങ്ങൾ. മെലഡിയാണ് അതിനേറ്റവും ഇണങ്ങുക. എങ്കിലും കാവടി, പേട്ടതുള്ളൽ തുടങ്ങിയവയെ ആസ്പദമാക്കി എഴുതുമ്പോൾ ചടുലമായ സംഗീതവും വരികളും ഇല്ലെങ്കിൽ അത് ആസ്വാദ്യമായിരിക്കുകയുമില്ല.

2007 ൽ പുറത്തിറങ്ങിയ “ത്രിശൂലനാഥൻ” എന്ന ആൽബത്തിലെ വിധു പാടിയ ഈ ഗാനം പുതിയ ട്രെൻഡനുസരിച്ചാണ് ചെയ്തിട്ടുള്ളത്. എങ്കിലും വരികൾ വളരെ ശ്രദ്ധിച്ചാണ് ഞാൻ എഴുതിയത്. ട്യൂൺ അനുസരിച്ച് എഴുതുമ്പോൾ (പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ) ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെയാണ്. പല കാര്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വേണ്ട പദം ഒരുപക്ഷേ ഉൾപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല മീറ്ററിൽ നിന്നു കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ലതാനും. വരികൾക്കു മറ്റു ഗാനങ്ങളുമായി സാമ്യം പാടില്ല, പുതുമയുണ്ടാകണം, തുടക്കം വ്യത്യസ്തമാകണം, ഏതു ദേവനെ / ദേവിയെക്കുറിച്ചാണോ എഴുതുന്നത് അവരുടെ സ്വഭാവം, സാധാരണ പിന്തുടരുന്ന രചനാശൈലി, ആചാരനുഷ്ഠാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അറിവും ഉണ്ടാകണം, പ്രാദേശികമായ വ്യത്യസ്തതകൾ ശ്രദ്ധിക്കണം, നൽകപ്പെട്ട ഈണത്തിനും അതിന്റെ രാഗത്തിനും അനുസൃതമായി വരികൾ ചിട്ടപ്പെടുത്തുകയും രസപ്രധാനമായ അർത്ഥം ഉൾക്കൊള്ളുകയും വേണം (ഉദാ. ദുഃഖം, കരുണ, അഭ്യർത്ഥന, സന്തോഷം തുടങ്ങിയ ഭാവങ്ങൾ രാഗരീതിയനുസരിച്ച് വിശകലനം ചെയ്തുവേണം തീം തയ്യാറാക്കാൻ), പാട്ടുകാരുടെ റേഞ്ചനുസരിച്ച് വരികൾ രൂപപ്പെടുത്തണം തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ പഠിച്ചുകൊണ്ടേ ഈണത്തിന്റെ പിന്നാലെ പോകാൻ കഴിയൂ. അങ്ങനെ പല ട്യൂണുകളും എന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നിതാ, “ചന്ദ്രക്കലാധരനേ…”, വിധു നന്നായി പാടിയിരിക്കുന്നു, കേൾക്കുക ആസ്വദിക്കുക…

ഗാനരചന : ചെറിയനാടൻ
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : വിധുപ്രതാപ്

ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ
ഇന്ദ്രനീലകണ്ഠനാം പ്രപഞ്ചനാഥനേ
ഈറനോടെ മുന്നിൽ വന്നു ഞാൻ, ദേവ ദേവ
നിൻ കടാക്ഷതീർത്ഥമെന്നിൽ തൂകി വാ…
വിശ്വമായതൻ വിലാസ നൃത്തമാടുമന്റെ ജന്മ
ദുഃഖരാശിനീങ്ങുവാൻ വിഭോ കനിഞ്ഞു വാ...

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

നിൻ കൃപാശുതൂകി ജന്മമുക്തിനൽകിയാത്മതാപ-
മാറ്റിടാൻ വരങ്ങളേകി നീ വാ…
ദേവകോടികൾക്കു നീ പകർന്ന സാന്ത്വനങ്ങളെന്നു-
മെന്നിലേകിടാനുണർന്നു വാ…
ശിവപാദം പ്രണമിക്കും അടിയന്റെ ഭവദുഃഖം
ഈശ്വരാ തീർത്തൊടുക്കിയാടിവാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

വിശ്വരക്ഷകാ പ്രഭോ ഭവത്തിലാളുമീമനുഷ്യ
സൃഷ്ടിതൻ മദം കെടുത്തിടാൻ വാ…
നിന്റെ കാൽക്കൽ വീഴുമിഷ്ടകൂവത്തിലയ്ക്കു ചിത്ത
ശാന്തിയേകിടാൻ മഹേശാ വാ…
അറിവില്ലാപ്പൈതങ്ങൾ അഴലേറും ജന്മങ്ങൾ
ശങ്കരാ ഉള്ളിൽ നീ വിളങ്ങി വാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]


14 comments:

ചെറിയനാടൻ said...

ചന്ദ്രക്കലാധരനേ... ശങ്കരീ വല്ലഭനേ...

ത്രിശൂലനാഥനു വേണ്ടി കടവൂർ ചിട്ടപ്പെടുത്തി ഞാനെഴുതി വിധുപ്രതാപ് പാടിയ ഈ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു...

സ്നേഹപൂർവ്വം
ചെറിയനാടൻ

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ. ആശംസകള്‍! വരികളും സംഗീതവും ആലാപനവും മനോഹരം.

പൊറാടത്ത് said...

ഒരു ശിവതാണ്ഡവം...

കടവൂർ ആൾ പുലിയാണല്ലോ. ഈ സംഗീതത്തിന് ഇത്ര നല്ല രീതിയിൽ വരികൾ രചിച്ച താങ്കൾ ഒരു പുപ്പുലി..

വിധുവും നന്നായി തന്നെ പാടിയിരിയ്ക്കുന്നു.

അഭിനന്ദൻസ് ടു ഓൾ...

കുഞ്ഞന്‍ said...

മാഷെ..

അഭിനന്ദനങ്ങള്‍..!

നല്ല സ്പീഡ്..വരികള്‍ ലാളിത്യം നിറഞ്ഞത്..എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

ഒരു ഭക്തിഗാനം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..കേള്‍ക്കുന്നവന്‍ ഇതൊക്കെ നോക്കുമൊ ആവൊ..?

മാണിക്യം said...

ഒരു ഭക്തി ഗാനം
ആലപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍‍ പറഞ്ഞു കേള്‍‌വിക്കാരനെ കൂടീബോധവനക്കുന്നത് വളരെ നല്ലത്

ഗാനം വളരെ നന്നായിരിക്കുന്നു
ചെറിയനാടന്റെ വരികളക്ക്
കടവൂറുന്റെ ഈണവും
വിധുവിന്റെ ആലാപനവും കൂടിയായപ്പോള്‍ ഒന്നന്തരം സംഗീതവിരുന്ന്..

കാന്താരിക്കുട്ടി said...

നല്ല വരികൾ, നല്ല സംഗീതം , നല്ല ആലാപനം അഭിനന്ദനങ്ങൾ

ബൈജു (Baiju) said...

മാഷേ, വരികള്‍ ഇഷ്ടപ്പെട്ടു. ഇനിയും ധാരാളം ഗാനങ്ങള്‍ എഴുതാനും അവ ശ്രദ്ധിയ്ക്കപ്പെടാനും ഇടവരട്ടെ.

hAnLLaLaTh said...

നന്മകള്‍ നേരുന്നു ...

Anonymous said...

"ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ " എന്തുകൊണ്ടാണു പാര്‍വതിയെ ശങ്കരി എന്നു വിളിക്കുന്നത് എന്നു താങ്കള്‍ക്ക് അറിയുമോ ..? ശിവന്റെ അതായത് ശങ്കരന്റെ പത്നി ആയതു കൊണ്ടാണു പാര്‍വതിയെ ശങ്കരി എന്നു വിളിക്കുന്നതു. "ശങ്കരീ വല്ലഭനേ " എന്നതിന്റെ അര്‍ത്ഥം " ശങ്കരന്റെ ഭാര്യയുടേ ഭര്‍ത്താവേ എന്നല്ലേ

അരുണ്‍ കായംകുളം said...

ഇത് ഷെയര്‍ ചെയ്തതിനു വളരെ നന്ദി

ചെറിയനാടൻ said...

അജ്ഞാതനായി വന്ന് ഇങ്ങനെ ഒരു ചോദ്യമെറിഞ്ഞത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു. എന്റെ രചനയിൽ ആർക്കുമുണ്ടാകുന്ന സംശയങ്ങൾക്ക് മറുപടി പറയാൻ ഞാൻ ബാദ്ധ്യസ്ഥനായതിനാൽ അജ്ഞാതനെങ്കിലും (!) താങ്കൾക്കും മറുപടി പറയാൻ ഞാൻ കടപ്പെട്ടിട്ടുണ്ട്.

‘ശങ്കരി’ എന്ന വാക്കിന്റെ അർത്ഥം ശങ്കരന്റെ ഭാര്യ എന്നു കരുതിയതിനാലാണ് താങ്കൾക്ക് ഈ ഒരു സംശയം വന്നത്. ‘ശം’ എന്ന വാക്കിന്റെ അർത്ഥം മംഗളം, സൌഭാഗ്യം, ഐശ്വര്യം, സൌഖ്യം എന്നൊക്കെയാണ്. ‘കരൻ’ എന്നാൽ പ്രദാനം ചെയ്യുന്നവൻ, ലഭ്യമാക്കുന്നവൻ, കാരണനായവൻ എന്നെല്ലാം അർത്ഥം വരും. അപ്പോൾ ശങ്കരൻ എന്നാൽ സൌഭാഗ്യദായകൻ, മംഗളകാരണൻ എന്നൊക്കെ അർത്ഥം പറയാം. അല്ലാതെയും ധാരാളം അർത്ഥങ്ങൾ ആ നാമത്തിനുണ്ട്. അപ്പോൾ ശങ്കരി എന്നത് ശങ്കരന്റെ ഭാര്യ എന്നല്ല ശങ്കരൻ എന്നതിന്റെ സ്ത്രീനാമമായി വരും. മംഗളകാരണി, സൌഭാഗ്യ-സൌഖ്യദായിനി എന്നെല്ലാമാണ് അതിന്റെ അർത്ഥം വരിക. അങ്ങനെ വരുമ്പോൾ ശങ്കരീ വല്ലഭനേ എന്നത് ശങ്കരന്റെ ഭാര്യയുടെ ഭർത്താവേ എന്നൊരിക്കലും അർത്ഥം വരികയില്ല.

വിശ്വനാഥ എന്നത് വിശ്വനാഥന്റെ ഭാര്യ എന്നല്ല അർത്ഥം. ഈശ്വരി എന്നത് ഈശ്വരന്റെ ഭാര്യയെന്നുമല്ല, ശിവ എന്നത് ശിവന്റെ ഭാര്യയെന്നും മഹേശ്വരി എന്നത് മഹേശ്വരന്റെ പത്നിയെന്നും ആകാൻ തരമില്ല. ഭർത്താവിന്റെ പേരിൽ ഭാര്യ അറിയപ്പെട്ടുകൊള്ളെണം എന്ന് പുരാണങ്ങളിൽ ഒരിടത്തുമൊട്ടു പറയുന്നുമില്ല. മാത്രമല്ല മഹാദൈവങ്ങളെല്ലാം ഭാര്യമാരുടെ പേരിലാണറിയപ്പെടുന്നതും! ഉദാ. രമാകാന്തൻ, ശ്രീകാന്തൻ, ഉമാകാന്തൻ, ഉമാപതി, ശ്രീപതി, ഗിരിജാപതി തുടങ്ങിയവ. ശിവനും ശിവയും നരനാരീ സമത്വമാണ് വിഭാവനം ചെയ്യുന്നത്. ആൺ മേൽക്കോയ്മയല്ല.

താങ്കൾക്ക് ഇപ്പോൾ വസ്തുതകൾ മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. മാത്രമല്ല ഈണത്തിനൊത്ത് വരികൾ നിറയ്ക്കുമ്പോൾ (!) പ്രാസവും രസവും ഭംഗിയുമൊക്കെ നിലനിർത്താൻ അൽപ്പം വിട്ടുവീഴ്ച ചെയ്യേണ്ടി വരും. എങ്കിലും ഒരു നൂറു തവണ ഞാൻ തന്നെ അതിന്റെ അർത്ഥം ചികഞ്ഞു നോക്കാതെ അത് ഫൈനലൈസ് ചെയ്യാറില്ല. കാരണം വിജ്ഞാനികളായ നിങ്ങളെയെല്ലാം ഭയക്കണമല്ലോ!

ഗാനങ്ങൾ കേട്ടു പോകുന്നതിലുപരി അതിന്റെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവരും ഉണ്ടാകുന്നത് അത്യന്തം ആശാവഹമാണ്. തെറ്റുകൾ ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കപ്പെടുന്നതിലും തിരുത്തി മുന്നോട്ടുപോകുന്നതിലും അതിയായ സന്തോഷമേ ഉള്ളൂ. കാരണം ഞാനിന്നും, എന്നും ഒരു വിദ്യാർത്ഥിയാണ്.

സസ്നേഹം

നന്ദകുമാര്‍ said...

ചെറീയനാടന്‍ ഗാനത്തെക്കുറിച്ച് മുന്‍പ് നേരിട്ടുതന്നെ പറഞ്ഞിരുന്നുവല്ലോ/

അനോണിയായി വന്ന വായനക്കാരനോടൂള്ള മറൂപടി വായിച്ചതു കൊണ്ടാണ് വീണ്ടും ഈ കമന്റ് എഴുതാന്‍ വന്നത്

വിശദീകരണങ്ങള്‍ ഇഷ്ടപ്പെട്ടു. നല്ലത്. അര്‍ത്ഥമറീയാതെ വായില്‍ തോന്നിയ വാക്കുകള്‍ വച്ചുള്ള നവ സിനിമാഗാനങ്ങള്‍ സ്ഥിരം കേള്‍ക്കുന്നതുകൊണ്ടാകണം ആരുമിപ്പോള്‍ വാക്കുകളെകുറീച്ചും അര്‍ത്ഥത്തെകുറിചചും വ്യാകുലപ്പെടാത്തത് ;)

ഒരു അജ്ഞാതനായി വന്ന ഏതോ ഒരു വായനക്കാര/ശ്രോതാവിനു വേണ്ടി ഇത്രയും കുറിക്കാന്‍ സന്മനസ്സ് കാണിച്ചതിന് താങ്കളോട് ഒരുപാട് നന്ദിയും ആശംസയും പറയുന്നു.

Anonymous said...

അനോണിമസായി ഞാന്‍ ഉന്നയിച്ച ഒരു കാര്യത്തിനു ഇത്രയും ദീര്‍ഘമായ ഒരു മറുപടിതന്നതില്‍ ഒത്തിരി സന്തോഷം .( ഞാന്‍ ഒരു ബ്ലോഗര്‍ അല്ലാത്തതു കൊണ്ടാണ്‌ അനോണിയായി കമന്റ് ഇടുന്നതു എന്റെ പേര്‍ അനൂപ് മിക്ക ബ്ലോഗുകളും വായിക്കാറുണ്ട്) . ശങ്കരന്റെ ഭാര്യയായതു കൊണ്ട് ശങ്കരിയെന്നു വിളിക്കുന്നു എന്ന എന്റെ വാദം പിന്‍വലിക്കുന്നു. താങ്കള്‍ തന്നമറുപടി അംഗീകരിച്ചുകൊണ്ട് തന്നെ ഒരു ചെറിയ സംശയം കൂടി...

നമുക്ക് ഒത്തിരി ദേവിമാരുണ്ട് (മൂകാംബിക ദേവി, സരസ്വതി ദേവീ...........)അവരെല്ലാം സൌഭാഗ്യം (മംഗളം) അരുളുന്നവര്‍ തന്നെയാണ്‌ പക്ഷെ അവരെ ഒന്നും നമ്മള്‍ ശങ്കരി എന്നു വിളിക്കാറില്ല അതു എന്ത് കൊണ്ടാ..?

ചെറിയനാടൻ said...

പ്രിയ അനൂപ്

താങ്കളുടെ അവകാശവാദം പിൻവലിച്ചതോടെ വിഷയം അവിടെ അവസാനിച്ചതാണ്. അറിയാൻ വേണ്ടിയാണെങ്കിൽ അറിവിലുള്ളതു പറഞ്ഞുതരാൻ എനിക്ക് സന്തോഷമേ ഉള്ളൂ. പക്ഷേ, ഒരു പരീക്ഷണത്തിനു നിന്നു കൊടുക്കാൻ എനിക്കു അശേഷം താൽപ്പര്യമില്ല.

ഞാൻ തിരിച്ചു ചോദിക്കുന്നത്, ‘ശങ്കരി‘യുടെ കാര്യത്തിൽ മാത്രമേ അങ്ങേയ്ക്ക് ഈ സംശയമുള്ളോ എന്നാണ്. എല്ലാ ദേവന്മാരും മംഗളദായകന്മാരാണ്, പക്ഷേ എന്തുകൊണ്ടാണ് ശിവനെ മാത്രം ‘ശങ്കര‘നെന്നു വിളിക്കുന്നത്? വലഞ്ഞുപോകുമല്ലേ..!! ഊർമ്മിളയും ജനകന്റെ പുത്രിയാണ് (സ്വന്തം സന്തതി) പക്ഷേ, അവൾ ജാനകിയെന്നോ, മൈഥിലിയെന്നോ അറിയപ്പെടുന്നുണ്ടോ? കൃഷ്ണവർണ്ണമുള്ളവരെല്ലാം കൃഷ്ണന്മാരോ, മുനികളെ രമിപ്പിക്കുന്നവരെല്ലാം രാമന്മാരോ അല്ല. താമര മാത്രമല്ലല്ലോ ജലപുഷ്പം, പക്ഷേ മറ്റൊന്നും അംബുജം, നീരജം എന്നൊന്നും അറിയപ്പെടാറില്ല. കാരണം അവയെല്ലാം താമര എന്ന പുഷ്പത്തിന്റെ പൊതു സമ്മതങ്ങളായ നാമധേയങ്ങളാണ്. പാർവ്വതി ആദിമാതാവാണ്. പരാശക്തിയെന്നും ജഗദംബികയെന്നും അറിയപ്പെടുന്നതും ദേവിതന്നെ. മൂകാംബികയും സരസ്വതിയും ഭദ്രകാളിയും ദുർഗ്ഗയും ചാമുണ്ഡിയുമെല്ലാം മഹാദേവിയുടെ അംശമോ അവതാരങ്ങളോ ആയി കരുതിപ്പോരുന്നു. അപ്പോൾ ആദിസ്വരൂപിണിയായ ആ ദേവിയെയല്ലാതെ മറ്റാരെ ‘ശംകരോതി ഇതി ശങ്കരി’ എന്നന്വയിക്കാൻ കഴിയും. അതു പാർവ്വതിയുടെ മാത്രം ആഖ്യയായി കൽപ്പിക്കപ്പെട്ടതും അനുഷ്ഠിക്കപ്പെടുന്നതും സുസമ്മതവുമാണ്. (പക്ഷേ സഹസ്രനാമാവലിയിൽ ഒരേ പേരുകൾ തന്നെ പലദേവതകൾക്കും അർത്ഥാനുസൃതം ഉപയോഗിച്ചു കാണുന്നുണ്ട്)

ഞാനൊരു എളിയ ചോദ്യം ചോദിച്ചുകൊള്ളട്ടേ? അനൂപിന് നാലു പെൺകുട്ടികളുണ്ടായി എന്നു വിചാരിക്കുക. ഈ നാലുപേരും ഒരച്ഛനമ്മമാരുടെ മക്കളും ഒരേ നിറവും രൂപവും സ്വഭാവവുമുള്ളവരുമാണെങ്കിൽ പോലും ഈ നാലുപേർക്കും താങ്കൾ ഒരേ പേരുതന്നെയിടുമോ? എന്തുകൊണ്ടാ???

അനൂപ്, അരൂപായി നിൽക്കാതെ ഇറങ്ങി വരൂ. അവശ്യം വേണ്ട മൂന്നക്ഷരത്തിൽ ഒരക്ഷരത്തിന്റെ കുറവുണ്ടിപ്പോൾ താങ്കൾക്ക്; പേരും സ്വഭാവവും തമ്മിൽ. അതു നമുക്ക് പരിഹരിച്ചുകളയാം :) ഒപ്പം, താങ്കളെന്റെ ഒരുറ്റ സുഹൃത്തുകൂടിയാണെന്നു ഞാൻ വിശ്വസിച്ചുകൊള്ളട്ടേ ;):)

സസ്നേഹം