Thursday, April 16, 2009

എന്റെ പാട്ടുകേട്ടു തുള്ളിയാടി വാ വാ…!

ഒരു കാസറ്റിൽ പാട്ടെഴുതണം എന്ന അത്യാഗ്രഹവുമായി നടന്ന എനിക്ക് ഒത്തിരി അവസരങ്ങൾ തന്ന ആ ഈശ്വരാനുഗ്രഹത്തിനുള്ള നന്ദിയായി അർപ്പിച്ചതായിരുന്നു ഈ ഗാനം.ആലപ്പഴ ജില്ലയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് ചെറിയനാട്. ഇൻഡ്യയിലെ ആദ്യത്തെ വ്യവഹാര രഹിത – സമ്പൂർണ്ണ നിയമസാക്ഷര- പഞ്ചായത്തും (കേസില്ലാ പഞ്ചായത്ത്) കഴിഞ്ഞ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തും ഇതായിരുന്നു. അവിടുത്തെ പ്രധാനമായ ആരാധനാലയങ്ങളിൽ ഒന്നാണ്; ഇന്ന്, 80-90 കോൽ ഉയരത്തിലുള്ള പതിന്നാലോളം പള്ളിവിളക്കുകളാൽ പ്രസിദ്ധമായ, അതിപുരാതനമായ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഒപ്പം 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ തൈപ്പൂയത്തിലെ കാവടിയാട്ടവും പ്രസിദ്ധമാണ്. ആ പ്രശാന്തസുന്ദരമായ അങ്കണവും അവിടുത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷവുമൊക്കെ ഇന്നും ഓരോ വരിയുമെഴുതാൻ മനസ്സിൽ പ്രചോദനമായി നിൽക്കുന്നു. ശ്രീ ബിജുനാരായണൻ ആദ്യമായി പാടിയ എന്റെ ഗാനമെന്ന മമതയും എനിക്കിതിനോടുണ്ട്. ഒരു ഗാനം എത്രയും നന്നാക്കാമോ അത്രയും അദ്ധ്വാനിക്കുന്ന പ്രതിഭാധനനായ ആ ഗായകനൊപ്പം പിന്നീട് പലവട്ടം പ്രവർത്തിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങളിലും അദ്ദേഹം സഹകരിക്കുന്നുണ്ട്.വസന്ത രാഗത്തിലാണ് സന്തോഷ് ഇത് ചിട്ടപ്പെടുത്തിയത്. അതിനൊത്ത് അധികം വിയർപ്പൊഴുക്കാതെ എനിക്ക് വരികളെഴുതാൻ കഴിഞ്ഞതും വളരെ സന്തോഷകരമായിരുന്നു. “പരമ പുരുഷ ജഗദീശ്വര ജയ ജയ” എന്ന പ്രശസ്തമായ സ്വാതിതിരുനാൾ കൃതി ഇതിലാണ്. ബസന്ത് എന്നാണെന്നു തോന്നുന്നു ഇതിന്റെ ഹിന്ദുസ്ഥാനി നാമം. ധാരാളം മലയാളം ഗാനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷകരമായ ഒരു അനുഭവം ആണ് ഈ രാഗം കേൾക്കുമ്പോൾ തോന്നുക. വളരെ ചടുലമായ, ഉത്തേജകമായ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ഈ രാഗം നന്നായിരിക്കും.

സംഗീതം : സന്തോഷ്
ആലാപനം : ബിജുനാരായണൻ

വേൽമുരുകാ ശ്രീമുരുകാ
നീലമയിലേറുമയ്യാ
നീയരികിൽ എന്നരികിൽ ഓടിവാ, എന്റെ
പാട്ടുകേട്ടു തുള്ളിയാടി വാ വാ
വരുമോ നീ തിരുനടയിൽ ചൊരിയൂ നിൻ വരമിവനിൽ
തിരുമാറിൽ മലരിതളായ് പുണരും പൊൻ പുലരൊളിയിൽ
പ്രണവാമൃതമുതിരും വേളയായ്

കാലമെത്രയായി നിന്റെ മുന്നിൽ വന്നു വീണുചൊന്ന
മോഹമൊന്നു സത്യമായിടാനായ്
നീയറിഞ്ഞുതന്നസ്വർണ്ണശീലുകൾ കൊരുത്തുവർണ്ണ
മാലചാർത്തി മുക്തി നേടുവാനായ്
നന്ദിചൊല്ലിടുവാനില്ലയെൻ നാവിലക്ഷരങ്ങൾ
ശരവണനേ ശരണം ശിവമകനേ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]

ദേവനായകാ വിഭോ കനിഞ്ഞു താതനന്നുരച്ച
വേദമന്ത്രസാരമിറ്റു നീ താ
ദീനനാമിവൻ ദിനം ദിനം കൊതിച്ചു വന്നുമുന്നിൽ
ഏകനായ് മടങ്ങിടുന്നു വേലാ
നാദരൂപനല്ലേ നീചെറുനാടിനുണ്ണിയല്ലേ
അഴലൊഴിയാനഭയം ഇവനരുളൂ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]ഇവിടെ നിന്നും വലിക്കാം

14 comments:

ചെറിയനാടൻ said...

“നന്ദിചൊല്ലിടുവാനില്ലയെൻ നാവിലക്ഷരങ്ങൾ”

ഒരു കാസറ്റിൽ പാട്ടെഴുതണം എന്ന അത്യാഗ്രഹവുമായി നടന്ന എനിക്ക് ഒത്തിരി അവസരങ്ങൾ തന്ന ആ ഈശ്വരാനുഗ്രഹത്തിനുള്ള നന്ദിയായി അർപ്പിച്ചതായിരുന്നു ഈ ഗാനം. ആ പ്രശാന്തസുന്ദരമായ അങ്കണവും അവിടുത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷവുമൊക്കെ ഇന്നും ഓരോ വരിയുമെഴുതാൻ മനസ്സിൽ പ്രചോദനമായി നിൽക്കുന്നു.

ശ്രീ said...

ആശംസകള്‍ ആദ്യം പിടിയ്ക്കൂ മാഷേ...

പാട്ട് ഡൌണ്‍‌ലോഡുന്നു. കേട്ടു നോക്കട്ടെ
:)

പൊറാടത്ത് said...

വളരെ നന്ദി ഇതിവിടെ ഷെയർ ചെയ്തതിന്..

പുതിയ അവതാരരൂപം നന്നായിട്ടുണ്ട്. :)
ഇമ്പ്രൂസിന്റെ പടങ്ങളും അത്യുഗ്രൻ..

മാണിക്യം said...

നല്ല ഉണര്‍വ്വുള്ള പാട്ട്!
പല തവണ കേട്ടു മനോഹരം.
ചെറിയനാടിന്റെ വിവരണം ഇഷ്ടായി...
സന്തോഷ്,ബിജുനാരായണന്‍,അമ്പിളി
അഭിനന്ദനങ്ങള്‍ ഇത്രയും നല്ലൊരു പാട്ടിന്.

കൂട്ടുകാരന്‍ | Friend said...

ചെറിയനാട, ? രചനയും പാട്ടും കൊള്ളാം കേട്ടോ.. സരസ്വതി അനുഗ്രഹിച്ച ജന്മം ആണ് കേട്ടോ. ... എല്ലാവിധ ആശംസകള്‍. ഇനിയും പോരട്ടെ ഇതുപോലെ... സ്വന്തം പാട്ടു സ്വന്തം ശബ്ദത്തില്‍ പാടി ഒരെണ്ണം പോസ്ടിയെ ... ഒന്ന് കേള്‍ക്കട്ടെ..

അരുണ്‍ കായംകുളം said...

മാഷേ,
ഒരു അയല്‍ക്കാരന്‍റെ ആശംസകള്‍

Rajesh Raman said...

super aayi tto...onnu kavadi thullanamennu thonni poyi...

G.manu said...

അടിപൊളീ വേല്‍മുരുകന്‍ പാട്ട് മാഷേ..

വരികള്‍ മനോഹരം..ആലപനം അതില്‍ ഗംഭീരം..

അടുത്തത് പോരട്ടെ...

ആശംസകള്‍

ഗോപന്‍... said...

നിശിയേട്ടാ.... ഗാനം വളരെ മനോഹരമായിട്ടുണ്ട്.... എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു.... അതോടൊപ്പം വളരെ വളരെ ഉയരങ്ങളിലെത്താന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കയും ചെയ്യുന്നു.....

ചെറിയനാടൻ said...

ശ്രീ, പതിവു തെറ്റിക്കാതെ എത്തിയതിൽ പെരുത്ത സന്തോഷം.

സതീഷ്ജി, നന്ദി, നന്ദി..., ഭാവവും രൂപവും മാറിക്കൊണ്ടേയിരിക്കും:)

മാണിയ്ക്കാമ്മേ, നാട്ടിൽ വരുമ്പോൾ പോന്നോളൂട്ടോ, ചെറിയനാടെല്ലാം കൊണ്ടുക്കാണിക്കാം!

കൂട്ടുകാരാ, നന്ദി, എല്ലാം ഈശ്വരാനുഗ്രഹം മാത്രം.

അരുണേ, ആശംസകൾക്കു നന്ദി. കണ്ടിട്ടു നാളായല്ലോ, ജ്ജിന്റെ ഈമയിൽ എന്താപ്പാ?

രാജേഷ്, ;)

മനുമാഷേ, പതിനായിരങ്ങൾ വിലയുള്ള പാട്ടാ!!! പേ ചെയ്യണം ട്ടോ, കാഷായി വേണമെന്നില്ല :) നാട്ടിലോട്ടൊന്നു വന്നോട്ടേ... ;)

ഗോപൂട്ടാ, പുതിയ ഹെഡ്ഡർ ചെയ്തു തന്നതിന് ഒരുപാടൊരുപാട് നന്ദി. ഒരു ബ്ലോഗ് തുടങ്ങാൻ മറക്കരുത്. വരച്ച ചിത്രങ്ങളൊക്കെ നാലുപേർ കാണേണ്ടേ?

എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി. എല്ലാവരും പാട്ടുകൾ ഡൌൺലോഡു ചെയ്തുപോകാറുണ്ടെങ്കിലും രണ്ടുവരി അഭിപ്രായം അറിയിക്കുന്നവർ ചുരുക്കം. എങ്കിലും പരാതിയില്ല, പക്ഷേ, നിങ്ങളുടെ പ്രോത്സാഹനങ്ങളാണ് എന്റെ പ്രചോദനം. പാട്ടുകളെല്ലാം മികച്ചതാണെന്ന് പറയുന്നില്ല, അണ്ണാൻ കുഞ്ഞും തന്നാലായത് എന്നപോലെ....

ബൈജു (Baiju) said...

ഭക്തിഗാനങ്ങളാണ്‌ കൂടുതലും പുറത്തുവന്നിട്ടുള്ളതെന്നറിയാം... ചെറിയനാടു വാഴുന്ന മുരുകനെക്കുറിച്ചെഴുതാന്‍ ഭാഗ്യം കിട്ടിയ ചെറിയനാട്ടുകാരാ ഇനിയും നല്ലപാട്ടുകളനവധി എഴുതാന്‍ ഇടവരട്ടെ.....

വിവരണവും നന്നായി...........

ശ്രീഇടമൺ said...

ഇനിയും ധാരാളം നല്ല നല്ല പാട്ടുകള്‍ എഴുതാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ........*

മുണ്ഡിത ശിരസ്കൻ said...

ചേട്ടാ, അഭിനന്ദനങ്ങൾ.

വരവൂരാൻ said...

അതി മനോഹരം..നല്ല ഗാനം ആശംസകൾ