Tuesday, May 24, 2011

പ്രണയം... പ്രണയം... മധുരം... മധുരം...

ഒരു ഗാനം കേട്ടാൽ അത് ഇഷ്ടപ്പെടുന്നതിനും പെടാത്തതിനും പലർക്കും പലകാരണങ്ങൾ ഉണ്ടാകാം...

അതെന്തുതന്നെയായാലും എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് ഈ ഗാനം...

വരികളെഴുതാൻ എനിക്ക് ഈണം തരികയും അതിമനോഹരമായി ഈ ഗാനം ആലപിക്കുകയും ചെയ്ത രാജേഷ് രാമന് പ്രത്യേക അഭിനന്ദനങ്ങൾ.... ഒപ്പം മികച്ച രീതിയിൽ പശ്ചാത്തല സംഗീതമൊരുക്കിയ സന്തോഷിനും അതിന് നിർദ്ദേശങ്ങൾ നൽകിയ സൂര്യനാരായണനും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

പ്രണയ നിർഭരമായ മനസ്സുള്ള എല്ലാവർക്കും വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു....

‘പ്രണയം... പ്രണയം... മധുരം... മധുരം...
മിഴിയിതകളുകളിണചേരും സായം കാലം
ഇരുകരളുകളിൽ പൂത്തു നീർമാതളം
എന്നാരോമലേ... നിനക്കായിന്നു ഞാൻ
പകരാമുള്ളിലെ അനുരാഗാമൃതം
നീയരികിൽ വരും നിമിഷം... നിമിഷം...
പ്രണയം... പ്രണയം... മധുരം... മധുരം...’

സംഗീതം : രാജേഷ് രാമൻ
പശ്ചാത്തല സംഗീതം : സന്തോഷ് കുമാർ
ആലാപനം : രാജേഷ് രാമൻ
വയലിൻ : ചങ്ങനാശേരി ബി. രാജേഷ്
ഫ്ലൂട്ട് : ജോസി
കോറസ് : ആൻസി, മേരി ജോൺ, പ്രിയ യേശുദാസ് & രഞ്ജിനി
സ്റ്റുഡിയോ : പാട്ടുപെട്ടി ചെങ്ങന്നൂർ, ചേതന തൃശൂർ & റിയാൻ കൊച്ചി


ഗാനം ഇവിടെ നിന്നും കേൾക്കുക

http://www.m3db.com/node/25514

Saturday, May 21, 2011

സ്വീകരിക്കൂ.. ഹരേ.. സ്വീകരിക്കൂ...

ഞാൻ അവിശ്വാസിയാണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എന്റെ വിശ്വാസം അന്ധമല്ല...

ഈശ്വരൻ എന്നൊന്ന് ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ടെന്നത് നേര്...

ആ ഈശ്വരനൊട് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കുഞ്ഞിനു വേണ്ടി, അതുപോലെയുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കുവേണ്ടി എന്റെ മനസ്സുരുകിയുള്ള ഒരു പ്രാർത്ഥന, സ്വീകരിക്കും എന്ന ഉറപ്പോടെ....

ആലാപനം : മധു ബാലകൃഷ്ണൻ

തൃപ്പുലിയൂർ തേവരേ...
തൃപ്പുലിയൂർ തേവരേ...
അടിതൊട്ടുമുടിയോളം കണ്ടു വണങ്ങുവാൻ
അരികിലിതാ കാത്തു നില്പ്പൂ, നിന്റെ
അലിവിനായ് ഞാൻ കാത്തു നില്പ്പൂ...

ഒന്നും തരാനില്ല, ഉള്ളതെന്നുള്ളിലായ്
ഉള്ളൊരീ ഗാനമല്ലാതെയൊന്നും...
നേദിക്കുവാൻ, പള്ളിവേട്ടയാടും മുൻപിൽ
ഈ അശ്രുപൂക്കളല്ലാതെയൊന്നും
സ്വീകരിക്കൂ... ഹരേ... സ്വീകരിക്കൂ...
അടിയനേകും ഉപഹാരം

കാണാൻ കഴിഞ്ഞില്ലയെങ്കിലും എന്നുമാ
കായാമ്പൂ കണ്ണിൽ വിടർന്നുനില്ക്കും...
തൃപ്പുറപ്പാടിന് എഴുന്നെള്ളിനില്ക്കും നിൻ
പൂവുടലുള്ളിൽ തുടിക്കുമെന്നും
അനുഗ്രഹിക്കൂ സ്വാമീ അനുഗ്രഹിക്കൂ
എന്നെ നിൻ ഗായകനാക്കൂ


Sunday, May 15, 2011

“എങ്ങനെ മറക്കും ഞാൻ....”

ഇതിനു പ്രചോദനം : പണ്ട് ഏതോ ആഴ്ചപ്പതിപ്പിൽ വന്ന ആരുടേയോ ഒരു കവിത


വെള്ളിലക്കണ്ണീർപെയ്ത വെള്ളാരംകല്പ്പാതയിൽ
വീണ്ടുമീനമ്മൾകണ്ടുമുട്ടുന്നൂ നിസംഗരായ്
മാദകസ്വപ്നാവേശ നെയ്ത്തിരി മൗനം പൂണ്ട
മാനസക്കാണാക്കെട്ടിൽ ഒളിച്ചുസൂക്ഷിച്ചുനാം
സൗഹൃദം പുതുക്കുവാൻ ഏതേതുപദം തേടി
പഴയമേച്ചില്പുറത്തലഞ്ഞു നടന്നുനാം
നിന്നൊളിനോട്ടത്താലെൻ നെഞ്ചകംതളരവേ,
തെളിഞ്ഞുകണ്ടൂ കന്നിത്താരകാവലി കണ്ണിൽ
ആകാശവാതായന മേഘജാലകത്തിര-
ശ്ശീലയെപ്പകുത്തിനൻ വൈഡൂര്യമുതിർക്കവേ
മൗനമുദ്രിതാധര ദാഹസീമയിൽ മരു-
പ്പച്ചതെളിഞ്ഞെൻ വേനല്പ്പാടങ്ങൾ നനയ്ക്കുവാൻ
എങ്കിലുമിവിടന്യർ നാമെന്നദിവാസ്വപ്നം
ഉണരും വികാരത്തിൻ ചില്ലുകൂടുടയ്ക്കുന്നൂ
ഇന്നുനീ സുമംഗലി, പാപമീ സ്മൃതിപോലും
ഓർമ്മതൻ ചിത്രത്തങ്കപ്പേടകമടയട്ടെ!

പക്ഷെ ഹാ! യുദ്ധാശ്വമായ് കുതിക്കും ഗതകാല-
തപ്തനിശ്വാസം രോമഹർഷങ്ങൾ വിടർത്തവേ,
ചെമ്പകപ്പൂവിൻ ഹൃദ്യ ശ്രീലയസൗരഭ്യമി-
ന്നൂഴിതന്മുലക്കച്ചക്കെട്ടുകളഴിക്കവേ,
ആയിരം സമസ്യകളുള്ളിലെച്ചിതല്പ്പുറ്റിൽ
ഈയലായുയരവേ, ശാലീന നിശ്ശബ്ദമാം
പൂഞ്ചൊടിമെല്ലെച്ചലി,“ച്ചങ്ങേയ്ക്കു സുഖമാണോ...?”
വിറകൈനെഞ്ചില്ചേർത്തു തുടർന്നാൾ “മറന്നുവോ...?”
വാക്കുകൾ ഘടികാര മണിപോൽ മുറിയവേ....,
ആർദ്രമാം മിഴിക്കുമ്പിൾ തുളുമ്പീ, പറഞ്ഞുള്ളിൽ;
“എങ്ങനെ മറക്കും ഞാനോമനേ ചിതയിലെ
വെണ്ണീറായ്മാറുംവരെ നീയന്നേകിയതെല്ലാം
മാനസച്ചിപ്പിക്കുള്ളിൽ മോഹമുത്തുമായ് ജന്മ-
സാഗരാന്തരത്തട്ടിൽ ഏകനായിന്നും വാഴ്വൂ“

തേങ്ങിപ്പോയ് താനേ, ദുഖം നമ്രമാക്കുമാമുഖ-
ച്ചോലകളനശ്വര പ്രേമവെൺനുരചീന്തി
ആരുമേയുരിയാടാതകലങ്ങളിൽ മിഴി-
നട്ടുനിന്നീടും ശപ്തശാന്തമാം നിമിഷത്തിൽ,
ആയിരം ഉഷ:സന്ധ്യാകുങ്കുമം സീമന്തത്തിൻ
രേഖയിലൂടെൻ നിണതീർഥാമായൊലിക്കുമ്പോൾ,
യാഥാർത്ഥ്യമാകുന്നതും കാത്തുകാത്തൊടുങ്ങിയ
മിത്ഥ്യകളുയിർത്തുവന്നാരതിയുഴിയുമ്പോൾ
നിൻ നഖചിത്രാങ്കിത മാറിലെത്താലിപ്പൂവിൻ
അന്യമൊരേതോഗന്ധം തങ്ങളിലകറ്റുന്നൂ

നിന്നെയുംകടന്നു ഞാൻ പോകുന്നൂ……………..

Tuesday, May 10, 2011

എന്നേ അനുഗ്രഹിക്കൂ....

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം കൂടി...

ആലാപനം : മധു ബാലകൃഷ്ണൻ
പശ്ചാത്തല സംഗീതം : സൂര്യനാരായണൻ & അഞ്ചൽ വേണു

സ്റ്റുഡിയോകൾ
ഓർക്കസ്ട്രേഷൻ : കണ്ണൻ, രവീസ് ഡിജിറ്റൽ, കായംകുളം
വോയ്സ് : മാർട്ടിൻസ്, മരട്
മിക്സിങ്ങ് & മാസ്റ്ററിങ്ങ് : സജി നായർ, ചേതന ഡിജിറ്റൽ, തൃശൂർ

പിന്നണിയിൽ
വയലിൻ : ആറ്റുകാൽ ബാലസുബ്രഹ്മണ്യം
ഫ്ലൂട്ട് : ജോസി
മൃദംഗം : ബാലകൃഷ്ണൻ കമ്മത്ത്
വീണ : സൌന്ദർ രാജ്
തബല : തങ്കരാജ്
ഇടയ്ക്ക : പാപനാശം മുരുകൻ

രാഗം : ഹംസാനന്ദി & പൂർവ്വികല്യാണി മിശ്രിതം, സ്വന്തം പായ്ക്കിങ്ങ്.. ;)))

സാഹിത്യം
തൃപ്പുലിയൂർ ഗണപതിയേ.........
തൃപ്പുലിയൂർ ഗണപതിയേ..., തിരു-
വുള്ളം കനിഞ്ഞേഴയാമെന്റെ ഉള്ളിലെ
പൊള്ളുന്ന ദുഃഖങ്ങൾ തീർത്തുതരൂ..., കയ്യി-
ലുള്ളൊരീ കാഴ്ച നീ സ്വീകരിക്കൂ..., എന്നേ
അനുഗ്രഹിക്കൂ...

അടിയന്റെ മനസ്സിൽ നിനയ്ക്കുമ്പൊളൊക്കെയും
അരികിൽ വരുന്നതു ഞാനറിവൂ
എഴുതുവാനാകാതെ ഞാൻ കുഴഞ്ഞീടുമ്പോൾ
വഴികാട്ടി എൻമുന്നിൽ നിന്നിടുന്നു, എന്റെ
അഴൽ തീർത്തു നീ വരം നല്കിടുന്നു...!
മുപ്പാരിനുടയവനേ...
മുക്കണ്ണൻ തിരുമകനേ...
ശൈവമയം, ശക്തിമയം, തിരുവടി
ശരണമയം പ്രണവമയം സന്നിധി

ഓംകാരരൂപത്തിൻ ആകാരമാർന്ന നിൻ
ഗാനങ്ങൾ പാടി ഞാൻ തൊഴുതു നില്ക്കേ
ദർശന സാഫല്യം നല്കി നീ ഞാൻ തന്ന
മോദകമുണ്ടു മദിച്ചിടുന്നു, ഞാൻ നിൻ
മാറിലെ കറുകപ്പുൽ കൊടിയാകുന്നു...!
ആനന്ദം പരമാനന്ദം...
അടിയന്നു തവദർശനം...
തവചരണം, മമശരണം, നീ ഗതി
അനവരതം അതിസുകൃതം നിൻ വഴി
ഇവിടെ നിന്നും വലിയ്ക്കാം:)

Monday, May 9, 2011

മുല്ലപ്പൂവമ്പുകൊണ്ടു...

“മുല്ലപ്പൂവമ്പുകൊണ്ടു... മെല്ലെ കൺകോണിടഞ്ഞു…
നിന്നാദ്യ ചുംബനത്തിൽ, ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു...!”


2 ദിവസം മുൻപ് M3DB യിലെ ‘നാദ’ത്തിൽ പ്രസിദ്ധീകരിച്ച ഒരു ഗാനം. ആലാപനം എസ്. നവീൻ. രചനയും സംഗീതവും ഞാൻ തന്നെ :)

ഗാനം കേൾക്കാൻ : http://www.m3db.com/node/25482 എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

എന്നും സ്നേഹപൂർവ്വം,
നിശി