Thursday, September 23, 2010

അടിയനു വേണ്ടി നീ നടതുറക്കൂ…

“പാൽക്കാവടി”യെന്ന പുതിയ ഭക്തിഗാന ആൽബത്തിലെ ഒരു ഗാനം നിങ്ങളുമായി പങ്കുവയ്ക്കുന്നു.
ഗായകൻ ശ്രീ രാജേഷ് രാമൻ (http://rajeshraman.com)
രചനയും സംഗീതവും ഞാൻ നിർവ്വഹിച്ചിരിക്കുന്നു.

മിക്സിങ്ങിൽ ഒരു ചെറിയ ടൈമിങ്ങ് എറർ വന്നിട്ടുണ്ട്…

മൃദംഗം : ബാലചന്ദ്രൻ കമ്മത്
വയലിൻ : ഭവ്യ ലക്ഷ്മി
ഫ്ലൂട്ട് : ജോസി
തബല : ഉസ്താദ്… (പേരു മറന്നുപോയി!)
സിത്താർ : !! അതും മറന്നുപോയി!

വോയ്സ് റെക്കോഡിങ്ങ് : രാജേഷ് യൂ.കെ യിലെ സ്വന്തം വീട്ടിൽ
മിക്സിങ്ങ് & മാസ്റ്ററിങ്ങ് : ചേതന ഡിജിറ്റൽ, തൃശൂർ
സൌണ്ട് എഞ്ചിനീയർ : സജി രവീന്ദ്രൻ
---------------------------------------------------
അടിതൊട്ടു മുടിയോളം ഉടൽ കണ്ടുകൈതൊഴാൻ
അടിയനുവേണ്ടി നീ നടതുറക്കൂ
നടരാജപ്പെരുമാളിൻ തിരുമകനേ, ഞാൻ നിൻ
പടിയിലിതാ കാത്തു നിൽ‌പ്പൂ

ഹൃദയ കുങ്കുമം കൊണ്ടു കുറിയണിഞ്ഞും, ചുടു-
കണ്ണീരുവീണടിമുടി നനഞ്ഞും
ഭജനമിരിപ്പു ഞാൻ നിൻ സന്നിധിയിൽ
സ്കന്ദാ സവിധം അണയില്ലേ?
താരകബ്രഹ്മസാരമതേ, വേദവേദാന്ത സാഗരമേ
ഉമ കനിഞ്ഞോരു സൌഭഗമേ, ഉലകളന്നോരു വൈഭവമേ
അറിവേ അമൃതേ അഴകിന്നഴകേ
അഭയം അഭയം മുരുകാ മുരുകാ…

[ഓം അചിന്ത്യ ശക്തയേ നമഃ ഓം അനഘായ നമഃ
ഓം അക്ഷോഭ്യായ നമഃ ഓം അപരാജിതായ നമഃ
ഓം അനാഥവത്സലായ നമഃ ഓം അണുപുരേശായ നമഃ]

ബന്ധങ്ങൾ അടരാടി അകലുമ്പോൾ, ജന്മം
എന്തിനെന്നോർത്തുള്ളം പിടയുമ്പോൾ
ഭിക്ഷയിരപ്പുഞാൻ കരുണയ്ക്കായ് മുന്നിൽ
ചെറുനാടമരും നീ തരില്ലേ
ജ്ഞാനക്കനിയായ ഗുരുവരനേ, ജീവരാശിക്കൊരുറവിടമേ
കരളിൽ വിളയാടുമാണ്ടവനേ, കദനഹാരിയാം വേലവനേ
ചരിതം മധുരം ചരണം രുചിരം
ശരണം ശരണം മുരുകാ മുരുകാ…

ഗാനം കേൾക്കാൻ


adithottu-nisi-rajesh.mp3">Download

Saturday, July 10, 2010

പുഷ്കര വിലോചനാ….!

വീട്ടിലിരുന്നാൽ കേൾക്കാം അമ്പലത്തിൽ കേളികൊട്ട് മുഴങ്ങുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിവസമായിരിക്കും കഥകളി. മിക്കവാറും ഏവൂർ കളിയോഗക്കാരായിരിക്കും നടത്തുക. എങ്കിലും ചിലപ്പോൾ വടക്കു നിന്നും സംഘങ്ങൾ വരാറുണ്ട്. ഇന്നും കഥകളിപ്പദങ്ങൾ കേൾക്കുമ്പോൾ അച്ഛന്റെയോ അപ്പൂപ്പന്റെയോ ഒക്കത്തിരുന്ന് പോയതുമുതൽ ചോറു വാരിവലിച്ചുണ്ട് കട്ടൻ കാപ്പിക്കുള്ള ചില്ലറയുമായി ഇടവഴിയിലൂടെ ഓടിയിരുന്ന നാളുകൾ വരെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിലേക്കു കടന്നു വരും. ഊട്ടുപുരയ്ക്കുള്ളിൽ ചുട്ടികുത്തിന് കിടക്കുന്ന നടന്മാരുടെ അടുത്തു ചെന്ന് അത്ഭുതത്തോടെ ആ കരവിരുതിന്റെ കലയെ ഒപ്പിയെടുക്കുന്ന കണ്ണുമായി കുത്തിയിരിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് ഇപ്പോഴും കൈമോശം വന്നിട്ടില്ല. ഇതാണ് ആകെ ഞാനും കഥകളിയും തമ്മിലുള്ള ഒരു ബന്ധം എന്നു പറയുന്നത്. കൂട്ടിന്, ഇനിയൊരിക്കലും വെളിച്ചം കാണാനാകാത്ത, രണ്ട് ആട്ടക്കഥകൾ ഉൾപ്പെടെ അനേകം കൃതികൾ എഴുതിയെങ്കിലും പുറമേ അറിയപ്പെടാതെ പോയ ഒരു ഗാന്ധിശിഷ്യന്റെ പേരക്കുട്ടിയെന്ന പശ്ചാത്തലവും ഗുരുചെങ്ങന്നൂരിന്റെ നാട്ടുകാരനെന്ന മേൽവിലാസവും പിന്നെ, ഇരുപതാം വയസ്സിൽ മങ്കൊമ്പുശിവശങ്കരപ്പിള്ളയുടെ ജീവചരിത്രം എഴുതാനായി അദ്ദേഹത്തോടൊപ്പം മൂന്നാലുമാസം നടന്ന പ്രവൃത്തി പരിചയവും! കഥകളി മാതൃകയിൽ ഒരു ഗാനം സംഘാടകർ ചെയ്യാനാവശ്യപ്പെട്ടപ്പോഴും ‘നോക്കട്ടേ…’ എന്നു പറയാനുള്ള ആത്മവിശ്വാസം എനിക്കു തന്നതും ഈയൊരു ബന്ധം കൊണ്ടാണ്.

ചില കഥകൾ വായിച്ചും ചിലതു കേട്ടും പരിചയമുണ്ടെന്നതല്ലാതെ കഥകളിയുമായി ബന്ധപ്പെടുത്തി ഒരു ഗാനം ചെയ്യുമ്പോൾ അത് എങ്ങനെ തുടങ്ങണമെന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു. കേൾക്കുന്നവർക്ക് കഥകളിയുടെ ശരിയായ ഭാവം കൊടുക്കുകയും അവരുടെ ചുറ്റും അതിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുകയും വേണമെന്നതാണ് ഇതിലെ വലിയ വെല്ലുവിളി. മാത്രമല്ല പദഘടനയിൽ പരമ്പരാഗത നിഷ്കർഷകൾ പുലർത്തുകയും വേണം. സാധാരണ ഭക്തിഗാന രീതിയിൽ എഴുതാനും കഴിയില്ല. കുറേ ദിവസം മനസ്സു മുഴുവൻ അതിന്റെ പിറകേ ആയിരുന്നു. പലതും മൂളിനോക്കുകയും എഴുതിനോക്കുകയും ചെയ്തു. ഒന്നും അങ്ങോട്ട് തൃപ്തിപ്പെട്ടില്ല. വിചാരിച്ചതുപോലെ കാര്യം അത്ര എളുപ്പമല്ലെന്നു മനസ്സിലായി. അതിനിടയ്ക്ക് ജോലിത്തിരക്കുകളും. പിന്നെ അവധിക്ക് ആഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക്, ഇടയ്ക്ക് ദുബായിൽ ഒരു ദിവസം അനുജനും സുഹൃത്തുക്കൾക്കുമൊപ്പം, പിറ്റേന്ന് തിരുവനന്തപുരത്തേക്ക്, എയർപോർട്ടിൽ നിന്ന് നേരേ കായംകുളത്തുള്ള സ്റ്റുഡിയോയിലേക്ക്. ചെയ്തുവച്ചിരിക്കുന്ന പാട്ടുകളെല്ലാം കേട്ട് മാറ്റങ്ങളെല്ലാം പറഞ്ഞു കൊടുത്തു. കഥകളി അപ്പോഴും ചെയ്യാൻ ബാക്കിയായിരുന്നു. ഓർക്കസ്ട്രേഷൻ വർക്കുകൾ നടക്കുന്നത് എരുവയിലുള്ള രവീസ് ഡിജിറ്റലിലാണ്. കണ്ണനാണ് സൌണ്ട് എഞ്ചിനീയർ, നല്ല പയ്യൻ, നല്ല സ്നേഹം, നല്ല സഹകരണം. ‘കണ്ണാ, നമുക്കൊരു കഥകളിപ്പാട്ടുകാരനെ വേണമല്ലോ, സ്റ്റുഡിയോ റേഞ്ചിൽ പാടാൻ പറ്റുന്ന ആരുണ്ട്’ ഞാൻ തിരക്കി. ‘അതിനല്ലേ അണ്ണാ നമ്മുടെ ശങ്കരങ്കുട്ടിച്ചേട്ടൻ, പുള്ളിയെ വിളിച്ചാൽ മതി, ഇവിടെ അടുത്താ….’ ആശ്വാസമായി, അക്കാര്യം ഞാൻ ഓർത്തിരുന്നില്ല. അവിടെ നിന്നും രണ്ടു കി.മി. ദൂരമേയുള്ളൂ പ്രസിദ്ധ കഥകളി സംഗീതജ്ഞനായ ശ്രീ പത്തിയൂർ ശങ്കരൻ‌കുട്ടിയുടെ വീട്. അദ്ദേഹത്തെ തന്നെ ഉറപ്പിച്ചു.

നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും പാട്ട് ശരിയായില്ല. എനിക്കാകെ വട്ടുപിടിച്ചു. ഈ സാധനം ഇത്ര കൊനഷ്ട് പിടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. ‘മരത്തിനിടയിൽ കാണാമേ…’യും ‘അംഗനേ ഞാൻ അങ്ങുപോവതെങ്ങനെ…?’ യുമൊക്കെ കേട്ടാൽ എത്ര ലളിതം. കാര്യത്തോടടുത്തപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസ്സിലായത്. അങ്ങനെ സീഡിയിലെ അവസാന ഗാനവും മനസ്സിലിട്ട് ഞാൻ നടന്നു. ഇതിനിടയിൽ ആലപ്പുഴയിൽ പോകേണ്ട ഒരാവശ്യം വന്നു. സാധാരണ ചക്കുളത്ത് കാവ് – മുട്ടാർ വഴി കിടങ്ങറയിൽ ചെന്നുപോവുകയോ അല്ലെങ്കിൽ ചങ്ങനാശ്ശേരിവഴി പോവുകയോ ആണ് പതിവ്. അന്ന് ആ പതിവ് തെറ്റിച്ച് നേരേ എടത്വാ – തകഴി വഴി വിട്ടു. അവിടെയുള്ള പ്രശ്നം പമ്പാനദിക്കു കുറുകേയുള്ള തകഴി കടത്താണ്. വലിയ ചങ്ങാടത്തിൽ വണ്ടികേറ്റണം (ഇപ്പോൾ പാലം ആയി). എങ്കിലും അതുവഴി പോകുന്നത് ഒരു രസമാണ്. മനസ്സുകുളിർപ്പിക്കുന്ന പല നാടൻ കാഴ്ചകൾ കാണാം എന്നതാണ് അതിൽ പ്രധാനം. പോരാത്തതിന് നല്ല രസ്യൻ ചെത്തുകള്ളും കപ്പയും കരിമീൻ വറുത്തതും കിട്ടുന്ന ഷാപ്പുകളും കാണാം!! :) അങ്ങനെ അതുവഴി ഒന്നു ചുറ്റി, തകഴിയുടെ വീടും കഴിഞ്ഞ് പടിഞ്ഞാറേക്ക് (പണ്ടൊരിക്കൽ ശങ്കരമംഗലത്ത് ചെന്ന് അദ്ദേഹത്തോടും കാത്തമ്മയോടുമൊപ്പം ഒരു ദിവസം അർമ്മാദിച്ചത് ഓർമ്മവന്നു). കരുമാടിമുതൽ പിന്നെ അമ്പലപ്പുഴവരെ പ്രകൃതിക്ക് ഒരു പ്രത്യേക വശ്യതയാണ്. പച്ചപ്പണിഞ്ഞ് നീണ്ടുപരന്നുകിടക്കുന്ന പാടങ്ങളും കൊതുമ്പുവള്ളങ്ങൾ നീങ്ങുന്ന തോടുകളും പച്ചച്ചേറിന്റെ സുഖമുള്ള മണവും കൊച്ചുകൊച്ചമ്പലങ്ങളും ഓലമേഞ്ഞ കുടിലുകളും; അന്യം നിന്നുപോകുന്ന ഗ്രാമീണതയുടെ നേർ പ്രതീകം. ഇവിടെയൊന്നും ഒരിക്കലും മാറ്റം വരരുതേയെന്ന് ഏതു പ്രകൃതിസ്നേഹിയും നിർദ്ദോഷമായി ആഗ്രഹിച്ചു പോകുന്ന ശാലീനസൌന്ദര്യം. ഒരൽ‌പ്പം ഭാവനയുള്ള ആരെയും കവിയാക്കുന്ന ആ പ്രകൃതിഭംഗിയുമാസ്വദിച്ച് ഞാൻ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയെത്തി.

അകത്ത് കയറണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും അതുവഴി പോകുമ്പോൾ അറിയാതെ നിന്നു പോകും. ക്ഷേത്രത്തിന് തെക്കുവശത്ത് അമ്പലപ്പുഴ വിജയകൃഷ്ണൻ കുളിച്ച് കുട്ടപ്പനായി നിൽക്കുന്നു. കൊമ്പിന്റെ ചേർച്ചകൊണ്ട് കാഴ്ചയിൽ ഗുരുവായൂർ പദ്മനാഭനെ ഓർമ്മിപ്പിക്കുന്ന ഗജവീരൻ. പ്രകൃതിക്ക് ഒരിളം തണുപ്പ്, അവിടെ നിറഞ്ഞു നിന്ന ചന്ദനത്തിരിയുടേയും ചന്ദനത്തിന്റേയും ഗന്ധം ഹൃദയത്തിലേക്ക് അടിച്ചുകയറി. ശാന്തമായ അന്തരീക്ഷം, തെളിഞ്ഞ പ്രഭാതം. നാലമ്പലത്തിലേക്ക് കടക്കാതെ വെളിയിൽ നിന്നുകൊണ്ട് തന്നെ കണ്ണനെ വണങ്ങി. പ്രദക്ഷിണം ചെയ്ത് പടിഞ്ഞാറേ നടയിൽ കൂത്തമ്പലത്തിന്റെ അടുത്തെത്തി അൽ‌പ്പനേരം നിന്നു. ഇരുമ്പുകൂട്ടിൽ നമ്പ്യാരുടെ മിഴാവിരിക്കുന്നതു കണ്ടു. ‘ഉരുതരകടിതടമഥതുടകളുമുടമയിലതിഗംഭീരം…..’ പാടിക്കൊണ്ട് അതുവഴി മെല്ലെ നടക്കുമ്പോൾ റെക്കോഡിൽ യേശുദാസിന്റെ ഒരു ഗാനം, ‘അജിതാ ഹരേ ജയ, മാധവാ…’ കുചേലവൃത്തത്തിലെ അതിമനോഹരമായ ഒരു പദം. പിന്നീടാണ് അതൊരു ഗാനത്തിന്റെ പല്ലവിയുടെ ആദ്യവരിമാത്രമാണെന്ന് മനസ്സിലായത്. ആദ്യമായാണ് ആ ഗാനം ഞാൻ കേൾക്കുന്നത്. അതുമുഴുവൻ കേട്ടുകൊണ്ട് അങ്ങനെ നിന്നു. ‘അജിതാ ഹരേ…’ ഒഴിച്ചാൽ കഥകളിപ്പദവുമായി അതിന് യാതൊരു സാമ്യവുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ തുടക്കം എന്നെ ആകർഷിച്ചു. എങ്കിലും ആ ഗാനം ചെയ്തിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും കഥകളി പശ്ചാത്തലത്തിൽ ഒരു ഗാനമായിരുന്നു എന്റെ മനസ്സിൽ. ഇതുപോലെ പ്രസിദ്ധമായ ഒരു പദം കൊണ്ട് തുടങ്ങിയാൽ നന്നായിരിക്കുമെന്ന് തോന്നി. ആ പദം അന്വേഷിച്ച് അധികം അലയേണ്ടിവന്നില്ല. ‘പുഷ്കര വിലോചനാ….’ മനസ്സിലേക്കോടിക്കേറി. ഹൈദരാലിയുടേയും വെണ്മണി ഹരിദാസിന്റേയും പദങ്ങൾ കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ വച്ചും മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വച്ചും ഞാൻ മുൻപ് കേട്ടിട്ടുണ്ട്. യുറേക്കാ….!!! യുറേക്കാ…. !!! മനസ്സിനു ഇരിക്കപ്പൊറുതിയില്ലാതായി. അതുവഴി വരാൻ തോന്നിയത് ഒരു നിമിത്തം പോലെയായി. യാത്രയെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തി ബുക്കെടുത്തു, സകല ഗുരുക്കന്മാരെയും മനസാ നമിച്ച് ആദ്യവരി കുറിച്ചു….,
“പുഷ്കര വിലോചനാ…”
അത്രയുമേ ഞാൻ എടുത്തുള്ളൂ! പേറ്റന്റുണ്ടായിരുന്നെങ്കിൽ ഒരുകോടി വിലമതിക്കുമായിരുന്ന ഒരു പദം. പിന്നെ എല്ലാം പെട്ടന്നായിരുന്നു, 10-20 മിനിട്ടിനുള്ളിൽ ഗാനം പൂർത്തിയായി. അതിലെ ഓരോ വാക്കും മനസ്സിൽ തോന്നിപ്പിക്കുകയായിരുന്നു എന്നു വേണം പറയാൻ. എഴുതുമ്പോൾ കുചേലനായിരുന്നില്ല, അജാമിളനായിരുന്നു മനസ്സിൽ. കൂടെ സുരുട്ടിയും മദ്ധ്യമാവതിയും എല്ലാം കൂടി ചേർന്ന ഒരു അവിയൽസംഗീതവും. വീണ്ടും വീണ്ടും പാടി നോക്കി വോയ്സ് റെക്കോഡറിൽ പിടിച്ചുവച്ചു. ആദ്യ ശ്ലോകമായി ‘ശാന്താകാരം ഭുജഗശയന’ത്തെ ഒന്നു വെട്ടിമുറിച്ച് പരിഷ്കരിച്ച് എഴുതി. മൂന്നു ദിവസം കഴിഞ്ഞ് നേരേ കമ്മറ്റിക്കാരുമായി പത്തിയൂരിലുള്ള ശങ്കരൻകുട്ടിയുടെ വീട്ടിലേക്ക്. അദ്ദേഹത്തെ കണ്ട് ശ്ലോകവും ഗാനവും പാടികേൾപ്പിച്ചു. റെക്കോഡിങ്ങ് തീയ്യതിയും നിശ്ചയിച്ച് അവിടെ നിന്നും ഇറങ്ങി.

രണ്ടു ദിവസം കഴിഞ്ഞായിരുന്നു റെക്കോഡിങ്. രാവിലെ ഞാൻ സംഘാടകരുമായി വീട്ടിൽ നിന്നിറങ്ങി. പ്രസിദ്ധമായ എരുവ ശ്രീകൃഷ്ണക്ഷേത്രത്തിന് മുൻപിൽ നിർത്തി. പടിഞ്ഞാട്ട് ദർശനം ഉള്ള അപൂർവ്വം ചില ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണിത്. അടുത്തുള്ള കടയിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ‘താംബൂലാഗ്രേ നിവസതി രമ’യെ നുള്ളി നിറുകിൽ വച്ച് അരിഞ്ഞുകൂട്ടിയ വടക്കൻ പുകയിലയും കൂട്ടി സമൃദ്ധമായൊന്നു മുറുക്കി. പിന്നെ കൃഷ്ണന്റെ മുന്നിൽ ചെന്ന് നിന്ന് ‘ഈ കഥകളിക്കാരുടെ മുൻപിൽ എന്നെ നാണം കെടുത്തരുതേ’യെന്ന് ഒരു അഭ്യർത്ഥനയും നടത്തി സ്റ്റുഡിയോയിലേക്ക് തിരിച്ചു. മറ്റു ഗാനങ്ങൾക്ക് ഓർക്കസ്ട്ര സെറ്റു ചെയ്ത സൂര്യനാരായണൻ കഥകളിപ്പാട്ടാണെന്നറിഞ്ഞ് നേരത്തേ മുങ്ങിയിരുന്നു! ഞാൻ ഒറ്റയ്ക്ക് ഇതു കൈകാര്യം ചെയ്യണമെന്നോർത്തപ്പോൾ ഒരു പരവേശം, ചങ്കിടിപ്പ്.

സ്റ്റുഡിയോയിൽ എല്ലാവരും എത്തിയിരുന്നു. ശങ്കരൻ കുട്ടിച്ചേട്ടനോട് റെക്കോഡിങ്ങ് മെത്തേഡെല്ലാം വിവരിച്ചു. ആദ്യം ക്ലിക്കിനൊപ്പിച്ച് പാടുന്നു, വേണമെങ്കിൽ ചേങ്ങിലയും ഇലത്താളവുമാകാം. പിന്നീട് ചെണ്ട അതിനു ശേഷം മദ്ദളം, ഇങ്ങനെ ആയിരിക്കും റെക്കോഡിങ്ങ് എന്നു പറഞ്ഞ് അദ്ദേഹത്തേയും ശിങ്കിടിയേയും ‘കളി നമ്മളോടാ’ എന്ന ഭാവത്തിൽ ഞാൻ സ്റ്റുഡിയോയിലേക്ക് കയറ്റി. റെക്കോഡിങ്ങ് ആരംഭിച്ചു, ശ്ലോകം ഒരു തരത്തിൽ ഒപ്പിച്ചു എന്നു പറയാം. പാട്ട് തുടങ്ങിയപ്പോഴാണ് രസം, ഒന്നും താളത്തിൽ നിൽക്കുന്നില്ല, ശങ്കരങ്കുട്ടി ഒരു തരത്തിൽ പാടുമ്പോൾ ശിങ്കിടി വേറൊരുതരത്തിൽ. താളം ഒരു വഴിക്ക് പാട്ട് വേറൊരു വഴിക്ക് മണി അതിന്റെ വഴിക്ക്!! മണിക്കൂർ രണ്ടു കഴിഞ്ഞിട്ടും പല്ലവി മുഴുമിപ്പിക്കാനായില്ല. ഞങ്ങൾ ആകെ വലഞ്ഞു, മുഷിഞ്ഞു. കണ്ണൻ ഇടയ്ക്കിടെ എന്നെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു. ഇങ്ങനെപോയാൽ നളചരിതം നാലുദിവസമാടുന്ന സമയമെടുത്താലും തീരില്ല. പാട്ടിനു മാത്രമായി എക്കോ, റീവെർബ് തുടങ്ങിയ എഫക്ട് കൊടുക്കേണ്ടതുകൊണ്ടാണ് എല്ലാം പ്രത്യേക ട്രാക്കിൽ പല ടേക്കുകളായി എടുക്കാം എന്ന് വിചാരിച്ചത്. കഥകളിക്ക് ആ സമ്പ്രദായം നടപ്പില്ലെന്ന് തെളിഞ്ഞു. അവസാനം അതു കുളമല്ല ഒരു തടാകമായി രൂപാന്തരപ്പെട്ടു. :)

‘നിശീ…, ഈ ചെണ്ടയും മദ്ദളവുമൊന്നുമില്ലാതെ പാടാനൊരിതില്ല’ ശങ്കരൻ ചേട്ടൻ നയം വ്യക്തമാക്കി. ഇനിയിപ്പോൾ ഒരുമിച്ച് വായിപ്പിക്കുകയേ രക്ഷയുള്ളൂ. ആകെ ഒറ്റമുറി സ്റ്റുഡിയോയിൽ അതെങ്ങനെ നടത്തും? എങ്കിലും മറ്റു വഴികാണാത്തതിനാൽ എല്ലാവരോടും മുറിയിൽ കയറാൻ പറഞ്ഞു, ചെണ്ടയേയും മദ്ദളത്തേയും രണ്ടുമൂലകളിലാക്കി ഇരുത്തി. പാട്ടുകാരെ അങ്ങേയറ്റത്ത് കൊണ്ട് നിർത്തി. പരിപാടി പുനരാരംഭിച്ചു. അപ്പോഴാണ് അതിലും രസം, നേരത്തേ പാട്ടും ക്ലിക്കുമായിരുന്നു പ്രശ്നമേങ്കിൽ ഇപ്പോൾ സർവ്വവും പ്രശ്നമായി!!! ചെണ്ട ഒരു രീതിയിൽ മദ്ദളം അതിന്റെ വഴിക്ക് ചേങ്ങില ഒരുതാളത്തിൽ ഇലത്താളം വേറൊന്നിൽ! വർമ്മയാണെങ്കിൽ അമ്പലപ്പറമ്പിൽ അടിക്കുന്നതുപോലെ ഒരു ചെറിയ മുറിയിൽ ഇരുന്നു ചെണ്ടയിൽ സർവ്വശക്തിയിൽ തകർക്കുകയാണ്. വേറൊരു ശബ്ദവും കേൾക്കാനുമാകുന്നില്ല. അതൊന്നു പറഞ്ഞ് മയപ്പെടുത്തുമ്പോഴേക്കും മദ്ദളം വേറൊരു രീതിയിൽ. കട്ടും സ്റ്റാർട്ടും പറഞ്ഞ് പറഞ്ഞ് എന്റെ കട്ടുപൊട്ടി നട്ടം തിരിഞ്ഞു! എങ്കിലും ഇതു തീർത്തേ അടങ്ങൂ എന്ന വാശിയായിരുന്നു മനസ്സിൽ. ഇടയ്ക്ക് ഏതെങ്കിലും ഒന്നു തെറ്റിയാൽ എല്ലാം ആദ്യം മുതൽ എടുക്കേണ്ട അവസ്ഥ. ആദ്യ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവരെല്ലാം സാഹചര്യത്തോട് ഒന്നു പൊരുത്തപ്പെട്ടു വന്നത്. പിന്നെ എല്ലാം വേഗത്തിലായി. ചില ഉച്ചാരണപ്പിശകുകളും അവ്യക്തതകളും മറ്റും ഇടയ്ക്ക് വന്നുപെട്ടുവെങ്കിലും റീടേക്ക് എടുക്കുന്നതിലെ റിസ്ക് ഓർത്ത് പലതും ഞാൻ വേണ്ടെന്നു വച്ചു. പത്തര മിനിറ്റ് നീളുന്ന ഗാനം തീർന്നപ്പോഴേക്കും വൈകുന്നേരം മൂന്നരയായിരുന്നു. ആറുമണിക്കൂറിനു മേൽ എടുത്തു അതു പൂർത്തിയാകാൻ. പിന്നെ അത്യാവശ്യം വേണ്ട എഫക്ടുകളും മറ്റും കയറ്റി പ്ലേ ചെയ്തു. പാട്ടു തീർന്നിട്ടും കുറേനേരത്തേക്ക് ആരും മിണ്ടിയില്ല. ഒരു നിശ്ശബ്ദത, എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ ഒരു അവസ്ഥ, ഇതിങ്ങനെയായെന്ന് വിശ്വസിക്കാൻ കുറേ സമയമെടുത്തു, അറുമണിക്കൂർ നീണ്ട അദ്ധ്വാനത്തിന്റെ ഫലം, കണ്ണൻ എന്റെ കയ്യിൽ ആവേശത്തോടെ പിടിച്ചു മുറുക്കി…!’ എല്ലാവരുടേയും മുഖങ്ങളിലേക്ക് ഞാൻ മാറിമാറി നോക്കി, എങ്ങും സന്തോഷത്തിന്റെ പ്രകാശവലയം!

ഇത് എന്റെ ഗാനമാണ് എന്നു ഞാൻ അവകാശപ്പെടുന്നില്ല, അതു രൂപപ്പെട്ടതുമുതൽ അങ്ങനെയായിരുന്നു അതിന്റെ രീതിയും. കളങ്ങൾ കൂട്ടിവച്ച് പല പല രൂപങ്ങൾ ഉണ്ടാക്കുന്ന ഒരു കുട്ടിയുടെ ഭാവനയേ എനിക്കിതിൽ അവകാശപ്പെടാൻ കഴിയൂ. സംഗീതമെന്ന പ്രപഞ്ചത്തിലെ ഒരു പുൽക്കൊടിയാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തി, വാക്കുകൾക്കതീതമായ ഏതോ ഒരു ചേതോവികാരം, അതിൽ ഞാൻ ലയിക്കുന്ന സുഖം, അത്രമാത്രം! ചെയ്തതൊക്കെയും ശരിയോ തെറ്റോ എന്നൊന്നും അറിയില്ല, അതറിയാനുള്ള വിദ്യയും ഞാൻ നേടിയിട്ടില്ല. പക്ഷേ, എവിടെയോ നിന്ന് എന്നിൽ വന്നു പതിച്ച ചില അശരീരികളുടെ മാറ്റൊലിയെ ഇങ്ങനെ പകർത്താനേ എനിക്കറിയാമായിരുന്നുള്ളൂ. അമരപ്രഭുവിനൊപ്പം മരപ്രഭുവും താനാണെന്ന് അവകാശപ്പെട്ട ഒരു ദൈവത്തിന് ഇതും ഇഷ്ടപ്പെടാ‍തെ തരമില്ലല്ലോ..!!?

ഇത്രയും എഴുതിയത് ഒരു ‘വെറും’ പാട്ടിന്റെ പിന്നിലെ അദ്ധ്വാനത്തെക്കുറിച്ച് ഒന്ന് ഓർമ്മപ്പെടുത്തുവാൻ വേണ്ടി മാത്രമാണ്. ഒരുകൂട്ടമാളുകളുടെ നീണ്ടപ്രയത്നം; രചയിതാവിൽ തുടങ്ങി സംഗീതസംവിധായകനിലൂടെ കടന്ന് അനേകം കലാകാരന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും ശബ്ദലേഖകരുടേയും മണിക്കൂറുകളും ദിവസങ്ങളും നീളുന്ന പ്രയത്നത്തിന്റെ ഫലം. അത് പലർക്കും ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. എങ്കിലും, കേട്ട് എന്താണ് അതിലെ നല്ല വശം, എന്താണ് പാകപ്പിഴകൾ എന്ന് ഒരാൾ വ്യക്തമാക്കുമ്പോഴേ അസ്വാദനത്തിന്റെ പൂർണ്ണത കൈവരുന്നുള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു. ഒരുഗാനം നല്ലതോ മോശമോ ആകുന്നത് ഒരു പരിധിവരെ അത് കേൽക്കുന്നവരുടെ ആസ്വാദന നിലവാരത്തേയും അവർ മനസ്സിൽ രൂപപ്പെടുത്തിയിരിക്കുന്ന ഗാനസങ്കൽ‌പ്പത്തേയും അടിസ്ഥാനപ്പെടുത്തിക്കൂടിയായിരിക്കും. അതിൽ ആർക്കും മാറ്റം വരുത്താനുമാകില്ല.

‘കരുണാവാരിധേ’ പോലെ പുലിയൂർകാർക്ക് മാത്രം സ്വന്തപ്പെട്ട ഗാനമാണ് ഇതും. അത്താഴപ്പൂജയ്ക്കു ശേഷം അവരുടെ ദേവന് ഉറക്കുപാട്ടായി പാടാൻ അവർ ഒരുക്കിയ ഗാനം. ഇപ്പോൾ നിങ്ങൾക്കും അത് പങ്കുവയ്ക്കുന്നു.

ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം
ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം
വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം
വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം

പുഷ്കര വിലോചനാ
ത്വൽകഥാ കഥനേന
ഏറിന സുകൃതം പോൽ
വേറെന്തു വേണ്ടൂ വരം…

പരിജനബന്ധോ…. തവ,
സ്മരണയെന്യേ മാം ഹന്ത!
കരളിൽ വിവേകം വാർന്നു
കർമ്മങ്ങൾ ചെയ്ത നാളിൽ
ഗുരുതര ഭവദുഃഖ
ദുരിതമാർന്നയ്യോ, അന്ത്യം
അരികേ വന്നുര ചെയ്തൂ
അരുളീ നീ സൌഖ്യം

പുഷ്കര വിലോചനാ….

മരണം താൻ വന്നീടിലും
തിരുനാമം ഉരചെയ്കിൽ
കരയേറും കാലപാശ
കലിയിൽ നിന്നാരും നൂനം
തൃപ്പുലിയൂരിൽ പള്ളി-
കൊള്ളുമെൻ നാഥാ, പോറ്റീ
ത്വൽക്കഥാസാരം ശുഭം
മംഗളം! മനോഹരം!

പുഷ്കര വിലോചനാ…..



ഇവിടെ നിന്നും വലിയ്ക്കാം / Download from here

Wednesday, June 16, 2010

എന്റെ ആദ്യഗാനം!

തുവരെ മാധുരിയുടെ (transliteration software)കൂട്ടിൽ അടയ്ക്കപ്പെട്ടിരുന്ന എന്റെ പാട്ടുകൾ ആദ്യമായി പുറത്തുചാടിയത് ഈ ഗാനത്തോടെയായിരുന്നു. ഒരിക്കലും സഫലമാകില്ലെന്ന് കരുതിയിരുന്ന ഒരു സ്വപ്നം കണ്മുന്നിൽ അരങ്ങേറുന്ന നിർവൃതിയിലായിരുന്നു ഞാൻ. എഴുതിക്കൂട്ടിയിരുന്ന കവിതകളും ഗാനങ്ങളും വായിച്ച് തൃപ്തിപ്പെടാൻ മാത്രമേ അതുവരെ കഴിഞ്ഞിരുന്നുള്ളൂ. ഖത്തറിലെ പ്രവാസകാലത്തിനിടയ്ക്ക് നാട്ടിൽ സൂക്ഷിച്ചിരുന്ന പഴയ കവിതകളുടേയും ഗാനങ്ങളുടേയും മുഴുവൻ കയ്യെഴുത്തു പ്രതികളും ഒരു വാക്കുപോലും അവശേഷിപ്പിക്കാതെ ചിതലുകൾ തിന്ന് വിശപ്പടക്കിയത് ഓർക്കുമ്പോൾ ഇന്നും നഷ്ടബോധം കൊണ്ട് കണ്ണിലിരുട്ടു കയറാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത ധാരാളം കുറിപ്പുകൾ; യാത്രകളിൽ, ഊണിൽ, കുളിക്കിടയിൽ കളിക്കിടയിൽ എന്തിന്, ഉറക്കത്തിനിടയിൽ പോലും ചാടിയെഴുന്നേറ്റ് പണ്ട് കുറിച്ചിട്ടിരുന്നതായ വരികൾ - എല്ലാം നഷ്ടമായി!! പക്ഷേ, അതിലൊക്കെ ഉപരിയായി എന്നെ വേദനിപ്പിക്കുന്നത് അക്കൂട്ടത്തിൽ അച്ചടി നിലച്ച പല ഗ്രന്ഥങ്ങളുടേയും എന്തൊക്കെയോ കുറിച്ചിട്ടിരുന്ന പുരാതനമായ ഓലക്കെട്ടുകളുടേയും നഷ്ടമായിരുന്നു. സംസ്കൃത, മലയാള, തമിഴ് ഭാഷകളിലുള്ള, കാലപ്പഴക്കത്താൽ താളുകൾ ചുവന്ന നിരവധി പുസ്തകങ്ങൾ-പുറംചട്ടയുള്ളതും ഇല്ലാത്തതുമായി, മറ്റെവിടെ നിന്നോ പകർത്തിയെഴുതപ്പെട്ട നീലിച്ച മഷി പടർന്നു തുടങ്ങിയ കയ്യെഴുത്ത് പ്രതികൾ, ആയുർവ്വേദത്തിലെ അമൂല്യങ്ങളായ അറിവുകൾ, നുറുങ്ങുകൾ, താർക്കിക-ജ്യോതിഷ ഗ്രന്ഥങ്ങൾ, മലയാള-സംസ്കൃതശ്ലോകസമാഹാരങ്ങൾ, പഴയ മാസികകൾ, ധാരാളം ആംഗലേയ ആഖ്യായികകൾ-കാവ്യസമാഹാരങ്ങൾ എന്നുവേണ്ട കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന തുച്ഛമായ നോട്ടുകൾ കൂട്ടിവച്ച് പ്രീ-പബ് തവണവ്യവസ്തയിൽ ഞാൻ മോഹിച്ച് വാങ്ങിച്ച ഷെർലക് ഹോംസ് (ചിതലിലുകളെ മാത്രം കുറ്റം പറയരുതല്ലോ സഹായത്തിന് ഇരട്ടവാലന്മാരും ഉണ്ടായിരുന്നു!), വയലാർ-ബഷീർ-ആശാൻ-വള്ളത്തോൾ-ഉള്ളൂർ സമ്പൂർണ്ണകൃതികളും(DC Books) മറ്റു പുസ്തകങ്ങളും തുടങ്ങി പലതട്ടുകളുള്ള രണ്ടു വലിയ അലമാരകളിലായി സൂക്ഷിച്ചിരുന്ന തൊണ്ണൂറുശതമാനവും വെറും അശ്രദ്ധയിൽ മണ്ണുകൂമ്പാരമായിമാറിയിരുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നിധികളിൽ പലതും ഇനിയും വെളിച്ചം കാണാത്തവയുമുണ്ടായിരുന്നു! ഇതു തന്നെ ഭാര്യവീട്ടിലും സംഭവിച്ചു, രണ്ടുവർഷം മുൻപു നടത്തിയ ഒരു നീണ്ട തിരച്ചിലിനൊടുവിൽ കുറേ പഴയ പുസ്തകങ്ങളും രണ്ടുചാക്കു നിറയെ താളിയോലകളും വലിയ കുഴപ്പം കൂടാതെ ഞാൻ രക്ഷിച്ചെടുത്തു. ഇപ്പോൾ അതിന്റെ ഗതിയെന്തായിക്കാണുമോ ആവോ?

കവിത വിട്ട് പാട്ടുകൾ കൂടുതലെഴുതാൻ തുടങ്ങിയത് 95 നു ശേഷമാണ്. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും അക്കാലത്ത് ധാരാളം എഴുതിയിരുന്നു. അവസാനം ചിതലുകൾ തിന്ന് ബാക്കിവച്ച ഈ ഗാനങ്ങളുടെ ചിതയ്ക്ക് തീകൊളുത്തി പിന്നെയെല്ലാം ഒന്നേയെന്നു തുടങ്ങുകയായിരുന്നു. അന്ന് കപ്യൂട്ടറെന്നത് ചിന്തിക്കാൻ പോലുമാകാത്തതിനാൽ ഒന്നും ഇലക്ട്രോണിക് ഫയലായി സൂക്ഷിച്ചു വയ്ക്കാനും സാധിച്ചില്ല. പിന്നീടാണ് ‘മാധുരി’യെന്ന ചെറിയ സോഫ്റ്റ്വേർ കയ്യിൽ കിട്ടുന്നതും അതിൽ രേഖപ്പെടുത്താനാരംഭിച്ചതും. അതിന്റെ സ്രഷ്ടാക്കളോടുള്ള എന്റെ കടപ്പാട് എത്രപറഞ്ഞാലും തീരുകയില്ല. കാരണം, പിന്നീട്, ജോലിത്തിരക്കിനിടയിലും എന്റെ തോന്നലുകൾ പകർത്തിവയ്ക്കാനായത് അതിലൂടെയാണ്. അതിനുശേഷം പല സോഫ്റ്റ്വേറുകളും മലയാളം ടൈപ്പ് ചെയ്യാൻ പ്രചാരത്തിൽ വന്നെങ്കിലും ഞാൻ ഇന്നും എന്റെ പത്തുവയസ്സുള്ള മാധുരിയെ അതിയായി സ്നേഹിക്കുകയും പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോവുകയും ചെയ്തുകൊണ്ടിരിക്കുന്നു :).

അപ്പോൾ പറഞ്ഞ് വന്നത്, എന്റെ ആദ്യ കൊമേഷ്യൽ ഗാനത്തെക്കുറിച്ചാണ്. ഖത്തറിലെ എന്റെ ചില സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടേയും സാമ്പത്തിക സഹായത്തോടെയാണ് “എല്ലാം സ്വാമി” എന്ന അയ്യപ്പ ഭക്തിഗാന ആൽബം 2005 ൽ പുറത്തിറങ്ങുന്നത്. എന്റെ അടുത്ത സുഹൃത്തായിരുന്ന കമൽറോയ് (നടി ഉർവ്വശിയുടെ ഇളയ സഹോദരൻ) ആയിരുന്നു അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചതും അർജ്ജുനൻ മാസ്റ്റർ, പി.ജയച്ചന്ദ്രൻ എന്നിവരെ ബന്ധപ്പെടുത്തി ഇതിന്റെ പണിപ്പുരയിലേക്ക് എത്തിച്ചതും. കഥകൾ ഒരുപാട് പറയാനുള്ള ഒരു വർക്കായിരുന്നത്. ശ്രീ. എം. കെ. അർജ്ജുനൻ മാസ്റ്ററിനും ശ്രീ പി. ജയച്ചന്ദ്രനുമൊപ്പം ആദ്യ ആൽബം ചെയ്യുക എന്നത് എന്നെപ്പോലുള്ള ഒരു നവാഗതന് സങ്കൽ‌പ്പിക്കാനേ കഴിയുമായിരുന്നില്ല. ദിവസം ഒന്നും രണ്ടുമെന്ന കണക്കിൽ എഴുതിക്കൂട്ടിയിരുന്ന ഭക്തിഗാനങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ മൂളി നിർവൃതിയടയുന്നത് കേട്ട് കഷ്ടം തോന്നി ദൈവങ്ങൾ കൂട്ടായ തീരുമാനമെടുത്ത് നൽകിയ ഒരു അവസരമായിരുന്നിരിക്കും ഇത്. പല പല സംഗീത പ്രതിഭകളെക്കാണാനും പരിചയപ്പെടാനും അനുഗ്രഹം വാങ്ങാനും അവരോടൊപ്പം പ്രവർത്തിക്കാനും സാധിച്ചത് ജീവിതത്തിലെ ആകെമൊത്തം സമ്പാദ്യമായി ഞാൻ കരുതുന്നു. അതൊടൊപ്പം ഈ ‘ഞാൻ’ ഒന്നുമല്ലെന്ന ഒരു വലിയ പാഠവും പഠിക്കാൻ കഴിഞ്ഞു!!!

കമലുമൊത്തുള്ള മദ്രാസ് ജീവിതം, ശ്രീ. പി. ജയച്ചന്ദ്രന്റെ ചില ശുണ്ഠികളും നിർബന്ധബുദ്ധിയും, അർജ്ജുനൻ മാഷിന്റെ വാത്സല്യവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ നൈർമ്മല്യവും, ശ്രീകുമാരൻ തമ്പിസാറിനെ കണ്ടുമുട്ടിയത്, ദക്ഷിണാമൂർത്തിസ്വാമിയെ കണ്ടത്, കോതണ്ഡപാണിയിൽ വച്ച് എസ്.പി. ബിയെ നേരിൽ കാണാൻ കഴിഞ്ഞത്, ഒരുമാസത്തിനുള്ളിൽ എട്ടു തവണ ശബരിമല കേറിയത്, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള റോഡരികിലെ മതിലുകളിൽ എല്ലാംസ്വാമിയുടെ പോസ്റ്ററും അതിലെന്റെ പടവും കണ്ട് കുളിരുകോരിയത്:), എറണാകുളം ബസ്റ്റാൻഡിനു വെളിയിലുള്ള കൂറ്റൻ ഫ്ലക്സ്ബോർഡിലെ എന്റെ ചിത്രത്തിൽ നോക്കി അട്ടഹസിച്ചത് :), ഈ കാസറ്റിന്റെ റിലീസിങ്ങിനുശേഷം എല്ലാക്കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്ന, ഞങ്ങൾ രണ്ടുശരീരവും ഒരുമനസ്സുമായിരുന്ന എന്റെ ‘ദിലീപ്’ മരണക്കിടക്കയിൽ ഇതിലെ ‘നിന്റെ മലയിൽ’ എന്ന അവസാനഗാനം എന്നെക്കൊണ്ടുപാടിച്ചും സ്വയം പാടിയും കരഞ്ഞത് - എന്നെ ഇന്നും കരയിച്ചുകൊണ്ടിരിക്കുന്നത്, 33,000 ത്തോളം സീഡി/കാസറ്റുകൾ വിതരണം ചെയ്തെന്ന് എന്നെ അറിയിച്ചിട്ടും 5 പൈസാപോലും ഇന്നേ ദിവസം വരെ വിതരണക്കാർ തരാതിരുന്നത്, കാസെറ്റെന്നും പറഞ്ഞ് വിദേശത്തുണ്ടായിരുന്ന ജോലി രാജിവച്ച് കേരളത്തിന്റെ തെക്കുവടക്ക് അലഞ്ഞുതിരിഞ്ഞത്….. അങ്ങനെ കൊച്ചുകൊച്ചു സന്തോഷങ്ങളും നൊമ്പരങ്ങളുമിടപഴകിയ ഒരിക്കലും മറക്കാനാകാത്ത എന്റെ ആദ്യഗാനസമാഹാരം, “എല്ലാം സ്വാമി”, എനിക്കെന്തിനേക്കാളും മേലെയാകുന്നു, എന്നെ ജീവിത യാഥാർത്ഥ്യത്തിന്റെ, നശ്വരതയുടെ, നാടകീയതയുടെ, പൊയ്മുഖങ്ങളുടെ, സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ വിവിധ പാഠങ്ങൾ പഠിപ്പിച്ചുതന്ന ഒരു പുസ്തകമെന്ന നിലയിൽ!

‘ഭക്തിഗാനങ്ങൾ മാത്രമേ എഴുതാനറിയൂ….’ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതു തന്നെ ഞാനും എന്നോട് ചോദിച്ചിട്ടുണ്ട്! ആ ഒരു ലേബലിൽ നിന്നുള്ള ഒരു താൽക്കാലിക മാറ്റമായിരുന്നു www.eenam.com എന്ന സ്വതന്ത്ര സംഗീത സംരംഭത്തിലെ ‘ഹൃദയം അലിയും നാദം’, ‘അനുരാഗസന്ധ്യ’ എന്നീ ഗാനങ്ങളും തുടർന്ന് അതിൽ തന്നെ ഓണം With ഈണത്തിൽ ‘മലയാളത്തൊടിനീളേ’, ‘ആരോകാതിൽ പാടി’, ‘ശ്രാവണസന്ധ്യേ’ എന്നിവയും. ഈണത്തിലെ ഈ ലളിതഗാനങ്ങൾ എനിക്കു നൽകിയ ആത്മവിശ്വാസവും എന്റെ ചില സുഹൃത്തുക്കളുടെ നിർബന്ധവുമാണ് വൈകാതെ ഒരു പ്രണയഗാനസമാഹാരത്തിന് തുടക്കം കുറിക്കാൻ പ്രേരകമായത്. താമസിക്കാതെ പുറത്തിറങ്ങുന്ന “ഒർമ്മകൾ” എന്ന ഈ ആൽബത്തിൽ മലയാളത്തിലേയും തമിഴിലേയും ബ്ലോഗിലെയും പ്രമുഖഗായകർ അണിനിരക്കുന്നു. രചനയോടൊപ്പം ചില ഗാനങ്ങൾക്ക് സംഗീതം നൽകാനും അവസരം ലഭിച്ചിട്ടുണ്ട്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിലെവിടെ അവശേഷിച്ച ഒരു പൈതൃകത്തിന്റെ തിരുശേഷിപ്പുപോലെ അതും എഴുതുന്ന വരികൾക്കൊപ്പം അറിയാത്ത ഏതോ രാഗത്തിൽ ചാലിച്ച് മനസ്സിലേക്ക് കടന്നുവരാറുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല, ഈ രാഗങ്ങളിൽ ചിലത് ഏതെന്നു മറിയില്ല, എല്ലാം അങ്ങനെ സംഭവിച്ചുപോകുന്നുവെന്നേ പറയാൻ കഴിയൂ! പണ്ട്, മുട്ടിലിഴയുന്ന സമയം മുതലേ അപ്പൂപ്പന്റെ മടിയിലിരുന്നു കേട്ടിരുന്ന കീർത്തനരാഗങ്ങളുടെ ബാക്കിപത്രങ്ങളാകാം. അങ്ങനെ രണ്ടാൽബങ്ങൾക്ക് പൂർണ്ണമായും സംഗീതം നൽകാനും സാധിച്ചിട്ടുണ്ട്.

‘ഗണപതിയേ തുയിലുണരൂ’ എന്ന ‘എല്ലാം സ്വാമി’യിലെ ഈ ഗാനമടക്കം ഇതിലെ മുഴുവൻ ഗാനങ്ങളും എഴുതിയ ശേഷമായിരുന്നു സംഗീതം നൽകിയിരുന്നത്. തിരുത്തുകളൊന്നും വരുത്താതെ തന്നെ ഗാനങ്ങൾ സംഗീതം ചെയ്യാനായത് അന്ന് ഫോണിലൂടെ സംസാരിച്ചപ്പോൾ മാഷ് എടുത്തുപറഞ്ഞിരുന്നു. ഈ ഗാനം പമ്പാ ഗണപതിക്കോവിലിൽ പ്രഭാതത്തിൽ നടതുറക്കുമ്പോൾ ഇടാറുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ അതും ഒരു ഭാഗ്യം. അന്ന് ഗണപതിക്ക് വച്ച് തുടങ്ങിയത് ഇന്നും തുടരുന്നു, ഞാനിതുവരെ കാണാത്ത, കണ്ടുകൊണ്ടിരിക്കുന്ന, അറിയുന്ന, അറിയാത്ത എന്നെ സ്നേഹിക്കുന്നവരുടെ പിന്തുണയോടെ, വിമർശനങ്ങളിലൂടെ, പ്രോത്സാഹനങ്ങളിലൂടെ…….

സസ്നേഹം, നിശി

സംഗീതം : ശ്രീ. എം. കെ. അർജ്ജുനൻ
ആലാപനം : ശ്രീ. പി. ജയച്ചന്ദ്രൻ
ആൽബം : എല്ലാം സ്വാമി
വർഷം : 2005

ഗണപതിയേ തുയിലുണരൂ പമ്പാ-
ഗണപതിയേ തുണയരുളൂ
ആരംഭവിഘ്നങ്ങൾ അകലാനടിയന്റെ
ആത്മാവിൽ നീ വിളങ്ങൂ
കനിയൂ…, അനിശം…. അനുഗ്രഹത്തേൻ ചൊരിയൂ
ചൊരിയൂ….

പ്രണവത്സ്വരൂപാ നിൻ സവിധേ വന്നു
പ്രദക്ഷിണം ചെയ്യുന്നൂ പുരുഷാരം
ആശ്രയഹീനം അലയുന്നോർക്കെന്നും
ആധാരം നിൻ പദ പദ്മം, അതി-
ലവിരാമമെൻ നമസ്കാരം
[ഗംഗണപതയേ നമോ നമഃ
ഗംഗാധരസുത നമോ നമഃ
പമ്പാവാസാ പരമപവിത്രാ
തുമ്പിമുഖേശ്വര തേ നമഃ]

മദഗജവദനാ മലരവിലടഞങ്ങൾ
പൂജയ്ക്കൊരുക്കുന്നൂ തിരുനടയിൽ
വിനയാമഴലാറ്റി നേർവഴികാട്ടിയെൻ
ദുർവ്വിധി നീയൊടുക്കില്ലേ, നിത്യം
കാരുണ്യപ്പാലൊഴുക്കില്ലേ?
[ഗംഗണപതയേ നമോ നമഃ
ലംബോദരവര നമോ നമഃ
ശങ്കരനന്ദന പാർവ്വതീനന്ദന
സുന്ദരകോമള തേ നമഃ]

ഈ ഗാനം കേൾക്കാൻ....


Download MP3

Friday, May 28, 2010

കരുണാവാരിധേ.…

തൃപ്പുലിയൂരപ്പൻ എന്ന ഭക്തിഗാനാൽബത്തിനുവേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് ശ്രീ ശങ്കരൻ നമ്പൂതിരി ആലപിച്ച ഒരുഗാനം, ‘കരുണാ വാരിധേ’ നിങ്ങൾക്കായി സമർപ്പിക്കുന്നു…..

വളരെ ഭാവാത്മകമായും സ്വരാധിഷ്ഠിതമായുമാണ് ശങ്കരൻ ചേട്ടൻ ഗാനങ്ങൾ ആലപിക്കുന്നത്. വരികളെ സ്വരപ്പെടുത്തി രാഗത്തിൽ നിന്നും വ്യതിചലിക്കാതെ വേഗം തന്നെ ഗാനം പൂർത്തിയാക്കാനും അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ട്. ക്ലാസിക്കൽ/സെമി ഗാനങ്ങളിൽ നിന്നും വേറിട്ട് ലളിതഗാനങ്ങളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. നിരവധി ടീവീ പ്രോഗ്രാമുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാള സംഗീതാസ്വാദകർക്ക് സുപരിചിതനായ അദ്ദേഹം ഈയിടെ അമേരിക്കയിലെ ചിക്കാഗോയിൽ തന്റെ സംഗീതക്കച്ചേരി അവതരിപ്പിക്കുകയുണ്ടായി. അത്യന്തം വിനയാന്വിതനും തന്റെ ഗാനം കുറ്റമറ്റതും മികച്ചതും ആയിരിക്കണമെന്നതിൽ ശ്രദ്ധാലുവുമായ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു….

Sankaran Namboothiri in Chicago

(തൃപ്പുലിയൂർ മഹാക്ഷേത്രം 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നും പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനാൽ അജ്ഞാതവാസകാലത്ത് ആരാധന നടത്തപ്പെട്ടിരുന്നെന്ന് ഐതീഹ്യമുള്ള ക്ഷേത്രവുമാണ്. ചെങ്ങന്നൂരിൽ നിന്നും 3 കി.മി. ദൂരെ മാവേലിക്കരയിലേക്കുള്ള വഴിയിലാണ് പുലിയൂർ എന്ന ഗ്രാമം)

കരുണാവാരിധേ….. ദുഃഖ-
ക്കടലേഴും താണ്ടി നിൻ തിരുമുൻപിലെത്തുമ്പോൾ
കണ്ണുതുറക്കേണമേ…
നേരുകളേതെന്നറിയാത്തൊരെന്നെയും
നേർവഴികാട്ടേണമേ, എന്നും
നീ തുണയാകേണമേ….

പലപല ജന്മമണിഞ്ഞുവലഞ്ഞൊരു
പതിരുകണക്കീ മണ്ണിൽ
അജ്ഞാതവാസത്തിൻ കഥയൊന്നുമോർക്കാതെ
കണ്ടു ചിരിച്ചെത്ര ഞാൻ!, പിന്നെ,
നൊന്തു കരഞ്ഞെത്ര ഞാൻ!
വലഞ്ഞുപോയീ അയ്യോ! തളർന്നുപോയീ…
ഭീമമീ ഗാത്രവും വിറച്ചുപോയി....

പലപല കഥയാടിപ്പൊയ്മുഖമഴിഞ്ഞൊരു
പാവയായ് വീണടിയുമ്പോൾ
തൃപ്പുലിയൂരിൻ തിടമ്പേ…, നീയല്ലാതെ
ആരുണ്ടെനിക്കാശ്രയം? ശൌരേ…
ആരേകുമന്ത്യോദകം?!
ഉറക്കമാണോ, അതോ നടിക്കയാണോ?
ഉള്ളിൽ ചിരിച്ചു നീ രസിക്കയാണോ?!!



ഇവിടെ നിന്നും വലിക്കാം