Sunday, August 28, 2011

ഈണത്തിന്റെ ഈ വർഷത്തെ ഓണസമ്മാനം

ഓണം വിത്ത് ഈണം 2011

9 ഗാനങ്ങൾ, നിങ്ങളുടെ പ്രിയ ഗായകർ, നിങ്ങൾ ഇഷ്ടപ്പെടുന്ന പഴമയും പുതുമയും ചേർത്തിണക്കിയ സംഗീതം, ഹൈഡെഫനിഷൻ റെക്കോഡിങ്ങ്, ഉയർന്ന ക്വാളിറ്റിയുള്ള മിക്സിങ്ങ്, പ്രൊഫഷണൽ ഓർക്കസ്ട്രേഷൻ

സ്വതന്ത്ര സംഗീത ധാരയുടെ അലയൊലികൾ നെറ്റിൽ സജീവമാകുന്ന 2009. അന്ന് 4 സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈണം എന്ന നോൺ പ്രോഫിറ്റബിൾ മ്യൂസിക്കൽ എഫർട്ട് ഇന്ന് ഓണം വിത് ഈണം 2011 എന്ന 4 ആം ഓൺലൈൻ ആൽബം പ്രസിദ്ധീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്ന് സന്തോഷപൂർവ്വം അറിയിക്കട്ടേ. ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധിയുപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള കലാകാരന്മാരെ അണിനിരത്തി ഗാനങ്ങൾ നിർമ്മിച്ച് ഏവർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്ത് സ്വന്തന്ത്രമായി ഉപയോഗിക്കാനാകുന്ന രീതിയിലേക്ക് എത്തിക്കുന്ന അത്യദ്ധ്വാനം നിറഞ്ഞ യത്നം ഏറ്റെടുക്കുമ്പോൾ അത് ഒന്നോ രണ്ടോ ഗാനശേഖരങ്ങൾക്കപ്പുറേത്ത് നീളുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന സംഗീതജ്ഞരേയും തന്റെ ബ്ലോഗിൽ സമയം കിട്ടുമ്പോൾ വല്ലതും കവിതയായി കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ ഉദ്യമം കഴിഞ്ഞ വർഷത്തെ ഓണം വിത്ത് ഈണം 2010 എന്ന ആൽബത്തിന്റെ വൻവിജയത്തിനു ശേഷം കൂടുതൽ ഉത്തരവാദിത്തബോധത്തോടെയുള്ള സൃഷ്ടികൾ നടത്തണമെന്ന നിലയിലേക്ക് ഇതിന്റെ അണിയപ്രവർത്തകരെ കൊണ്ടെത്തിച്ചു എന്ന് സമ്മതിക്കാതിരിക്കാൻ വയ്യാ. ആ ലക്ഷ്യം ഈ വർഷവും നിറവേറ്റാനായി എന്ന് ഞങ്ങൾ അകമഴിഞ്ഞു വിശ്വസിക്കുന്നു. ജോലിത്തിരക്കിനിടയിൽ ലഭിക്കുന്ന മിനിറ്റുകൾ കൂട്ടിവച്ച് പാട്ടും എഴുത്തും സംഗീതവുമൊക്കെ സമൻവയിപ്പിച്ച് ഒരു ഗാനത്തിന്റെ ചട്ടക്കൂടുതീർത്ത് അതിനെ അണിയിച്ചൊരുക്കി നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നതിലെ നിർവൃതി ഈ അവസരത്തിൽ മറച്ചു വയ്ക്കുന്നില്ല.

എങ്കിലും വേണ്ടവിധത്തിലുള്ള ഒരു പിന്തുണയോ പ്രോൽസാഹനമോ ചുരുക്കം ചിലയിടങ്ങളിൽ നിന്നല്ലാതെ ഈ സംരംഭങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന സംശയവും ബാക്കി നിൽക്കുന്നു. അനേകായിരങ്ങൾ പാട്ടുകൾ ഡൗൺലോഡ് ചെയ്തുപോകുമ്പോഴും ഹിറ്റുകൾ ലക്ഷങ്ങൾ കടക്കുമ്പോഴും ശ്രോതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വളരെ കുറവാണെന്നതു തന്നെ അതിനു കാരണം. നെറ്റിൽ സജീവമായ ആളുകൾ പോലും ഈ സംരംഭത്തെക്കുറിച്ച് ഇന്നും അജ്ഞരാണെന്നത് മറ്റൊരു യാഥാർത്ഥ്യം. ഓരോ വ്യക്തിയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും സൗകര്യത്തേയും മാനിക്കുന്നു; എങ്കിലും, നിങ്ങൾ അറിയുന്ന നിങ്ങളെ അറിയുന്ന കുറേ സംഗീത സ്നേഹികളുടെ കൂട്ടായ്മയിൽ കാഴ്ചവയ്ക്കുന്ന ഈ സംരംഭങ്ങളെ നിങ്ങൾ കാണാതെയും അറിയാതെയും പോകരുത്. ഇതിലൂടെ തങ്ങളുടെ കഴിവുകൾ ഉള്ളിലൊതുക്കിയിരിക്കുന്ന പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരം നൽകാനുമുള്ള ഒരു വേദിയായിക്കൂടി കരുതി കഴിയുന്ന സുഹൃദ് വലയത്തിലേക്ക് ഈ സന്ദേശമെത്തിക്കാൻ സാധിക്കുമെങ്കിൽ ഏവരും ശ്രമിക്കുക. ഇതെല്ലാം ബ്ലോഗ് ഉപയോഗിക്കുന്ന ഓരോ മലയാളിക്കും അവകാശപ്പെട്ടതുതന്നെയാണ്. ആ ബോധത്തിൽ മുൻ ഈണം / നാദം സംരംഭങ്ങളെപ്പോലെ സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിക്കുന്ന ഓണം വിത് ഈണം 2011 എന്ന ഓണപ്പാട്ടുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലെത്തിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും തയ്യാറാകണമെന്ന് വിനീതമായി അറിയിക്കുന്നു.

ഒൻപതു ഗാനങ്ങളടങ്ങിയ ഈ ആൽബത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗായകരും സംഗീത സംവിധായകരും രചയിതാക്കളും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഈണത്തെയും നാദത്തെയും കുറിച്ച് ഇതേവരെ അറിയാത്ത എല്ലാ മാന്യസുഹൃത്തുക്കൾക്കും താഴെക്കൊടുത്തിരിക്കുന്ന ലിങ്കുവഴി പ്രസ്തുതഗാനങ്ങൾ കേൾക്കാൻ സാധിക്കും.

എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി

ഈണം ടീം

ഈണം ആൽബങ്ങളിലെ ഗാനങ്ങൾ കേൾക്കാൻ
2009 - http://eenam.com/
2009 - http://onam.eenam.com/ml/node/32
2010 - http://onam.eenam.com/

നാദത്തിലെ ഗാനങ്ങൾ കേൾക്കാൻ
http://www.m3db.com/node/24997