Friday, December 5, 2008

കഴുവേറ്റണം ഇത്തരം കംസന്മാരെ

ഇരിക്കൂറിൽ കഴിഞ്ഞദിവസം ഉണ്ടായ അത്യാഹിതം ആർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. സ്കൂൾ വിട്ടുപോയ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങൾ മദ്യപിച്ചു വാഹനമോടിച്ച ഒരു നരാധമന്റെ ക്രൂരതയ്ക്കിരയായത് എങ്ങനെ സഹിക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷ വളരെ പരിമിതമാണെന്നുള്ളതാണ് സത്യം. പൊതുജനങ്ങൾ നടന്നു നീങ്ങുന്ന റോഡിലൂടെ മദ്യപിച്ച് ഉന്മാദാവസ്ഥയിൽ വാഹനമോടിച്ച് അന്യരുടെ ജീവനു ഭീഷണിയാകുന്ന സർവ്വരേയും ഇൻഡ്യൻ ശിക്ഷാനിയമത്തിലെ മനഃപൂർവ്വമുള്ള നരഹത്യയ്ക്കു തന്നെ കേസെടുത്തു വിചാരണ നടത്തി ശിക്ഷിക്കണമെന്നാണെന്റെ അഭിപ്രായം. അതുമാത്രമല്ല ആജീവനാന്തം വാഹനമോടിക്കുന്നതിൽ നിന്നും ആ വ്യക്തിയെ വിലക്കുകയും വേണം. അത്തരം ശിക്ഷാ നടപടികൾ നടപ്പാക്കപ്പെട്ടാൽ ജനങ്ങൾ കുറേയൊക്കെ ബോധവാന്മാരാകുമെന്ന് കരുതാം. സുബോധത്തോടെ വാഹനമോടിച്ചാൽ തന്നെ അപകടം പെരുകുന്ന ഇക്കാലത്ത് അബോധാവസ്ഥയിൽ ഓടിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് എന്തുപറയാനാണ്. വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവുമില്ലാതെ വാഹനവകുപ്പും നിയമവുമെല്ലാം ഇരുട്ടിൽ തപ്പുകയാണ്. അൽ‌പ്പകാലം കഴിയുമ്പോൾ ഈ ദുരന്തം എല്ലാവരും മറക്കും. പ്രതി ജാമ്യത്തിലിറങ്ങും പത്തും പതിനഞ്ചും കൊല്ലം കേസു നീളും. അവസാനം കുറ്റം തെളിഞ്ഞാൽ കൂടിയാൽ രണ്ടോ മൂന്നോ വർഷം തടവോ തടവോടുകൂടിയുള്ള പിഴയോ ചുമത്തപ്പെടും. പിന്നതപ്പീലിനുപോകും അങ്ങനെ വീണ്ടുമൊരഞ്ചു വർഷം!!!! ഇതാണിവിടെ സാധാരണയായി സംഭവിക്കുന്നത്. ഇത്തരം കുറ്റങ്ങളെ ക്രിമിനൽ കുറ്റങ്ങളായിക്കണ്ട് അടിയന്തരമായി വിചാരണ നടത്തി സംഭവത്തിന്റെ ചിത്രം ജനമനസ്സുകളിൽ നിന്നും മായുന്നതിനുമുൻപ് മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാൽ അതേവർക്കുമുള്ള ശക്തമായ താക്കീതാകും എന്നതിൽ രണ്ടഭിപ്രായമില്ല. അത്തരം നിയമനിർമ്മാണം നടത്താനുള്ള ആർജ്ജവം ജനങ്ങൾ തിരഞ്ഞെടുത്തുവിട്ട പ്രതിനിധികൾ കാണിക്കണമെന്നാണെന്റെ അഭിപ്രായം. അതുപോലെ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികളും ഊർജ്ജിതപ്പെടുത്തേണ്ടതാണ്.

എങ്ങനെയാണ് എന്റെ ദുഃഖം അറിയിക്കേണ്ടത്? എഴുതാൻ വാക്കും കിട്ടുന്നില്ല. എങ്കിലും ഇത്രയും കൂടി…..

എന്റെ മകളുടെ പ്രായമുള്ള, ഞാൻ എന്റെ കുഞ്ഞിനെ എത്രമാത്രം സ്നേഹിക്കുന്നുവോ ഒരുപക്ഷേ അതിലുപരി അച്ഛനമ്മമാർക്കു പൊന്നോമനകളായ, കളിച്ചും ചിരിച്ചും ഒരായിരം കണ്ണുകൾക്ക് കൌതുകമായിരുന്ന, വീട്ടുപടിക്കൽ തന്നെ കാത്തുനിൽക്കുന്ന അമ്മയെ ഓർത്ത് ആടിപ്പാടി നടന്നുപോയി ഒന്നോർക്കാൻ പോലുമാവുന്നതിനുമുൻപേ ഓർമ്മകളായി മറഞ്ഞ ആ ഒൻപതുപൂത്തുമ്പികൾക്ക് നിങ്ങളറിയാത്ത ഒരു മാമന്റെ കണ്ണീരിൽ കുതിർന്ന അന്ത്യചുംബനം....

Saturday, November 22, 2008

പറയാതെ വയ്യാ... !!!

കൊള്ളരുതായ്മകൾ കണ്ടും കേട്ടും സഹികെട്ടു. ഉള്ളിൽ കിടന്നു തികട്ടി വരുന്നത് എത്രകാലമെന്നുവച്ചാണു തിരിച്ചിറക്കുന്നത്. ഇനിപ്പറഞ്ഞിട്ടുതന്നെ കാര്യം....


പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...
പലതും സഹിച്ചുഞാൻ വിങ്ങിനിൽക്കേ, ഒട്ടു-
കരയാതെ വയ്യാ...
നാടേ... സമീപനാശത്തിന്റെ വക്കിൽ നീ
ചൂടേറ്റുവാടി നിൽക്കുമ്പോൾ
നിന്നെയോർത്താലെൻ അശാന്തമാം നെഞ്ചകം
എരിയുന്നു, വയ്യാ....!
ഇന്നുരുകുന്നു; വയ്യാ....!

പുകയും കനൽക്കാടുപോലെയീ മാനവ
പ്പെരുമയ്ക്കുപേർകേട്ടഭൂമി!
പലരും പതിച്ചെടുക്കുന്നു, വിൽക്കുന്നതി-
ന്നഴകാർന്ന മേനി, കീറി-
മുറിയുന്നു ദേഹി!
കള്ളങ്ങൾ, കൊള്ളികൾ, പകൽക്കൊള്ളകൾ, തമ്മിൽ
കണ്ടാൽ ചിരിക്കാത്തപൊയ്മുഖങ്ങൾ
ഒരുതുണ്ടു കയർതൂങ്ങുമാഗ്രഹങ്ങൾ...
പട്ടിണിക്കളപൂത്ത വയലേലകൾ, സ്വപ്ന
വിളമുടിഞ്ഞടിയുന്ന ജീവിതങ്ങൾ, എങ്ങും
കാമപ്പിശാചിന്റെ വാണിഭങ്ങൾ, നോറ്റു
പത്തുപെറ്റലയുന്ന ശരണാർത്ഥികൾ, ഉത്ത-
രായനം തിരയുന്ന ശരശയ്യകൾ, പിന്നെ
ഉദ്യോഗവർഗ്ഗാഗ്നിപവ്വതങ്ങൾ!! തന്റെ
കൊടിയുടെ നിറത്തിലെ തത്വശാസ്ത്രങ്ങൾതൻ
ദാഹം കെടുത്തുന്ന വടിവാളുകൾ!
വിഷപ്പൂവുകൾ, അധികാരസിംഹാസനത്തിലെ
ഒഴിയാത്തബാധകൾ.....!
അലറിത്തിമർക്കുന്ന പേമാരികൾ, ഉരുൾ
പൊട്ടലിൽ ഞെട്ടുന്ന മലയിടങ്ങൾ
കാളകൂടങ്ങൾ, കോളകൾ, ഉറവയൂറ്റീടുമാ-
ഗോളശാപങ്ങൾ...!
ആസന്ന നാശങ്ങൾ...!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...!!

കല്ലടുപ്പെരിയാത്ത മൺകൂരകൾ, കൊടും
കാടുനാടാക്കും പരിഷ്ക്കാരികൾ, കുറേ
തോക്കുകൾ, ലാത്തികൾ, ടിയർഗ്യാസുഷെല്ലുകൾ
സംഹാരതാണ്ടവമാടുന്ന കാക്കികൾ
ഉടുമുണ്ടുരിഞ്ഞിടും മോഹികൾ, വാമൂടി
യമരുന്ന ഭരണപ്രതിച്ഛായകൾ, കൂർത്ത
കല്ലെറിഞ്ഞും തീകൊടുത്തും പഠിക്കും ക-
ലാലയക്കൂത്തുകൾ...!
അത്രമേലാശിച്ച, വിദ്യനിഷേധിച്ച
വിധിയോടിടഞ്ഞു പടിയേറുന്ന മക്കൾ...;
ചാടുന്ന പെണ്മക്കൾ...!!!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...

(കൊടുതായവേനലെൻ തൊലികറുപ്പിക്കുന്നൊ-
രീമണൽക്കാട്ടിൽ
ഒരുനൂറുസ്വപ്നങ്ങളുംകൊണ്ടു ഞാൻപറ-
ന്നെത്തുമിക്കൂട്ടിൽ
നാളെ, മടങ്ങേണമെന്നോർത്തു ഭീതിയാൽ
വിറയുന്നു ദേഹം, ഇനി-
യൊന്നുമേകാണുവാൻ ശേഷിയില്ലാതുയിർ
തേങ്ങുന്നു മൂകം,
ഉള്ളുപിടയുന്നു ദീനം!

നാടേ..., എനിക്കുകാണാനാശയെങ്കിലും
കാണുവാൻ വയ്യാ....!
നീയാർത്തലച്ചിടും കാഴ്ചകൾകണ്ടു മിഴി-
പൂട്ടുവാൻ വയ്യാ...!
ജീവിതപ്രാരബ്ധനീർപ്പോളയായ്‌ പൊങ്ങി-
ഞാൻ വെറുതേ കിടക്കുമ്പോൾ
രാവേറെയായിനിയോരോന്നുമോർത്തൊന്നു-
റങ്ങുവാൻ വയ്യാ....!
ഒട്ടുറങ്ങാതെ വയ്യാ....!)

Tuesday, October 28, 2008

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന….

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ഒരിക്കൽ അമ്മയുണ്ടാക്കിത്തന്ന മാമ്പഴച്ചാറിന്റെ മധുരം നുകർന്നെഴുതിയതാണിത്.

നാമേവരേയും ഒരു ചങ്ങലയിലെ കണ്ണികളാക്കിയ, പരസ്പരം മുഖങ്ങൾ പരിചിതമല്ലെങ്കിലും വിശ്വാസത്തിന്റേയും സ്നേഹത്തിന്റേയും കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയുമൊക്കെ വിവിധ അർത്ഥതലങ്ങൾ നമ്മേ കാട്ടിത്തന്ന, ചിരിക്കാനും ചിന്തിക്കാനും പാടാനും പറയാനുമൊക്കെ നമ്മൾക്കു കൂട്ടായ, നമ്മേ നാമാക്കിയ പോറ്റമ്മയായ മലയാളഭാഷയ്ക്ക് നാം എന്തു പകരം നൽകാൻ....

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ

ചിത്തത്തിൽ നിന്നുമൊരായിരം വർണ്ണമായ്
ചിറകാർന്നുയർന്നിടും ജീവഭാഷ
മുത്തും പവിഴവും പോലുജ്വലിക്കുന്ന
തത്തകൾ കൊഞ്ചുന്ന വേദഭാഷ

അമ്മതൻ നെഞ്ഞിൽ കിനിഞ്ഞ പാൽത്തുള്ളിതൻ
സൗരഭം തൂകിടും ജന്മഭാഷ
അച്ഛന്റെവാൽസല്യലാളനയോടെന്റെ
ആത്മാവുണർത്തുന്ന സ്നേഹഭാഷ

സാന്ദ്രമായ് ശാന്തമായ് സാന്ത്വനമായ് സഹ്യ-
സാനു ചൂടുന്ന ശാലീനഭാഷ
മുക്കോടിമാനസ ചിത്രങ്ങൾ, മാരിവിൽ
മുക്കി വരയ്ക്കുന്ന സ്വപ്നഭാഷ

അറിവിന്റെ സോപാനമേറുവാനേവർക്കു
മാശ്രയമായ വിജ്ഞാനഭാഷ
കാവ്യമായ്, കഥകളായ്, ഗാനങ്ങളായുള്ളി-
ലീണം തുളുമ്പും വികാരഭാഷ

പൊന്നുഷഃസന്ധ്യയിൽ ഭൂപാളമായ്, രാഗ-
മാലികയാർന്ന സാഹിത്യഭാഷ
നന്ദനം പോൽ രമണീയമാം കേരള-
വൃന്ദാവനത്തിൻ വസന്തഭാഷ

ദുഃഖമായ് സ്നേഹമായ് സന്തോഷമായ്, നിത്യ-
മുച്ചരിക്കും ലോകമർത്ത്യഭാഷ
ആയിരമർത്ഥങ്ങളുള്ളിൽ നിറയ്ക്കുന്നൊ-
രാസ്വാദ്യസുന്ദര ഗ്രാമഭാഷ

കൂത്തമ്പലങ്ങളിൽ കോവിലകങ്ങളിൽ
കച്ഛപിമീട്ടിയോരാർദ്ദ്രഭാഷ
ദൂതുമായെത്രയോ കാതരമാനസ
സന്ദേശമേന്തിയ പ്രേമഭാഷ

എൻപ്രേമമുഗ്ദ്ധസങ്കൽപ്പപ്പിറാവിനെ
പാടിയുണർത്തിയോരാത്മഭാഷ
എൻ ഹൃത്സിരാരക്ത ചന്ദനച്ചോപ്പാർന്ന
എന്നെഞാനാക്കിയോരെന്റെഭാഷ


“എന്നെ, ഞാനാക്കിയോരെന്റെഭാഷ…”

Tuesday, October 21, 2008

ദുഃഖപുത്രി

ന്നാണുഞാൻ കുത്തിക്കുറിക്കാൻ തുടങ്ങിയതെന്നറിയില്ല. എങ്കിലും അഞ്ചിൽ പഠിക്കുമ്പോൾ ആണെന്നാണെന്റെ ഓർമ്മ. ക്ലാസ് ടീച്ചർ ശങ്കരിയമ്മസാർ ആ വർഷത്തെ യുവജനോത്സവത്തിൽ മത്സരിക്കാൻ താൽ‌പ്പര്യമുള്ളവരുടെ പേരുവിവരം ആവശ്യപ്പെട്ടു. അന്നേവരെ ഞാൻ സ്റ്റേജിൽ കയറിയിട്ടുണ്ടായിരുന്നില്ലെങ്കിലും കവിതാ രചന, കഥാ രചന, ഡ്രോയിങ്ങ്, പെയിന്റിങ്ങ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നുവേണ്ട ഒരന്തവും കുന്തവും ഇല്ലാത്ത എല്ലാ ഐറ്റംസിനും ഞാൻ പെരുകൊടുത്തു. എന്നെത്തന്നെ അത്ഭുതപ്പെടുത്തി എന്തിനൊക്കെയോ സമ്മാനങ്ങൾ കിട്ടുകയും ചെയ്തു! പറഞ്ഞു വന്നത് ഞാൻ ആദ്യമായി കവിതയെന്നു പറയുന്നതെന്തോ എഴുതാൻ തുടങ്ങിയതന്നു മുതലാണെന്നു തോന്നുന്നു.

എങ്കിലും ആദ്യമായി ഒരു കവിയരങ്ങിൽ പങ്കെടുത്തത് പതിനഞ്ചാം വയസ്സിലാണ്. അതും ഞാൻ സ്വപ്നംകാണാത്ത ഒരു വേദിയിൽ. മാവേലിക്കരയിലെ ശ്രീ ഏ.ആർ. രാജരാജവർമ്മയുടെ സ്മാരകത്തിൽ നടന്ന വാർഷികാഘോഷത്തിൽ വച്ചായിരുന്നത്. സംഘാടകർ അറിയിച്ചതനുസരിച്ച് അന്നെഴുതിയ ഒരു കവിതയുമായി എന്റെ ഒരകന്ന ബന്ധുവിന്റെ കൂടെ അപ്പൂപ്പന്റെ കസവുകരയുള്ള ഡബിൾ മുണ്ടുമൊക്കെയുടുത്ത് ഗമയിൽ രാവിലെ തന്നെ ഞാനവിടെത്തിച്ചേർന്നു. ധാരാളമാളുകൾ ആ ചെറിയ പൂമുഖത്ത് തിങ്ങി നിറഞ്ഞിരുന്നു. മലയാളഭാഷയ്ക്കും വ്യാകരണത്തിനും മേൽ‌വിലാസമുണ്ടാക്കിയ കേരളപാണിനിയുടെ ജന്മഗൃഹത്തിൽ ആദരവോടെ ഞാൻ വലതുകാൽ വച്ചു കയറി. ഭിത്തിയിൽ തൂക്കിയിരിക്കുന്ന പഴയ ചിത്രങ്ങളൊക്കെ തൊട്ടു തൊട്ട്, ‘കൊണ്ടൽ‌വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനു മുൻപുതാൻ’ എഴുതിയ പേനയും കണ്ട് അത്ഭുതപരവശനായി അവിടെല്ലാം ഞാൻ ഓടിനടന്നു.

ഒപ്പമുണ്ടായിരുന്ന ബന്ധു അവിടെ നിൽക്കുന്ന പ്രമുഖരെയെല്ലാം ‘അതു പ്രൊഫ. എം.കെ.സാനുസാർ, ഇല്ലിരിക്കുന്നത് നരേന്ദ്രപ്രസാദ്, മറ്റേത് ഗുപ്തൻ സാർ, അതിനപ്പുറത്ത് പന്മന രാമചന്ദ്രൻ സാർ, അതിനടുത്ത് വട്ടപ്പറമ്പിൽ ഗോപിനാഥൻ പിള്ളസാർ (ഇദ്ദേഹം വിദ്യാർത്ഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു. സാറിന്റെ ഗൈഡുകളായിരുന്നു പലരും പരീക്ഷയ്ക്ക് വെട്ടിയെടുത്ത് ഡാപ്പായി കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്) പിന്നെ എരുമേലി പരമേശ്വരൻ പിള്ള സാർ, ഏറ്റുമാനൂർ സോമദാസൻ സാർ‘ എന്നു പറഞ്ഞു കാണിച്ചുതരുന്നുണ്ടായിരുന്നു. ഈ സിംഹങ്ങൾക്കും കടുവൾക്കും മുൻപിൽ വിയർത്തൊലിച്ച ഉടുപ്പിനുള്ളിൽ നാലായി മടക്കിയ കടലാസ്സിൽ കുനുകുനെ എഴുതിയ കവിതയുമായി വിറയ്ക്കുന്ന മനസ്സോടെയും കൈകാലുകളോടെയും ഞാൻ ഇരുന്നു. സാഹിത്യ സമ്മേളനവും അക്ഷരശ്ലോകവുമെല്ലാം അരങ്ങു തകർക്കുമ്പോൾ എന്റെ ഹൃദയമിരിക്കുന്ന ഭാഗത്ത് ചെട്ടികുളങ്ങര ഭരണി നടക്കുകയായിരുന്നു.

ഉച്ചയൂണു കഴിഞ്ഞ് കവിയരങ്ങു തുടങ്ങുകയായി. ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, കുരീപ്പുഴ, നീലം പേരൂർ മധുസൂദനൻ നായർ, പഴവിള രമേശൻ തുടങ്ങി ധാരാളം പ്രമുഖർ വേദിയിലും ഗുപ്തൻസാർ അടക്കമുള്ളവർ കേൾ‌വിക്കാരായി സദസ്സിലും നിലയുറപ്പിച്ചു. ഞാനാണെങ്കിൽ എങ്ങും തൊടാതെ ഒരു മൂലയ്ക്കുമാറിയിരുന്നു റിഹേഴ്സൽ നടത്തുകയായിരുന്നു. അങ്ങനങ്ങനെ ഓരോരുത്തരായി ചൊല്ലിച്ചൊല്ലി അവസാ‍നം എന്റെ ഊഴമായി. നടക്കാൻ കാലിനൊരു ബലമില്ലായ്മപോലെ, കൈകൾക്ക് ഒരു കോച്ചിപ്പിടുത്തം, തലയ്ക്കൊരു ഭാരം, വയറ്റിൽ ഒരാന്തൽ; ആകെ വയറിളക്കക്കാരൻ കൂഴച്ചക്ക തിന്നമാതിരി ഒരെന്തോന്ന്. കവിത കാണാതറിയുമായിരുന്നെങ്കിലും പോക്കറ്റിൽ നിന്ന് കടലാസെടുത്തു പിടിച്ചു വേദിയിലേക്ക് തൊഴുതുപിടിച്ചു നടന്നു. മൈക്കിനു മുൻപിലെത്തി ചുറ്റും നോക്കി വീണ്ടുമൊന്നു തൊഴുതു. കയ്യിലിരുന്ന പേപ്പർ കാവടിതുള്ളും പോലെ തുള്ളാൻ തുടങ്ങി. എന്റെ വിനയം കണ്ടെങ്കിലും അവർ പയ്യൻസ് കൊള്ളാമെന്നു പറയട്ടെ എന്നു കരുതി മൂന്നാമതും തൊഴുതു. എല്ലാവർക്കും നമസ്കാരവും അതിനവസരമൊരുക്കിയവർക്കെല്ലാം നന്ദിയും കടപ്പാടും അറിയിച്ച് കവിതയുടെ പേര്, സാംബശിവൻ പറയും‌പോലെ അൽ‌പ്പം കടുപ്പത്തിൽ തന്നെ പറഞ്ഞു. “ദുഃഖപുത്രി” (സിംബൽ!!)

പിന്നെ എത്തിക്കുത്തി,
“ത്രേതായുഗത്തിലെ ദുഃഖപുത്രീ………,” എന്നൽ‌പ്പം നീട്ടി ചൊല്ലി ഞാൻ ബ്രേക്കിട്ടു നിന്നു. പരിഭ്രമം കാരണം, താമരശേരിച്ചുരം കേറുന്ന ഓട്ടോറിക്ഷയെപ്പോലെ എന്റെ ശബ്ദം ഞരങ്ങി വലിഞ്ഞു. തൊണ്ട വറ്റിവരണ്ടുണങ്ങിക്കരിഞ്ഞ് വെടിച്ചുകീറി. ഞാൻ എല്ലാരെയും ഒന്നൊളിഞ്ഞുനോക്കി ഉമിനീരിറക്കി. “പോരട്ടേ…” എന്നർത്ഥത്തിൽ അവർ തലകാണിച്ചു. കാലിനടിയിൽ ഒരു തരിപ്പോ പുളപ്പോ അനുഭവപ്പെട്ടു. എങ്കിലും ചൊല്ലാതെ പോരാൻ പറ്റില്ലല്ലോ, കണ്ണടച്ചു, നേരിട്ടറിയാവുന്ന സകല ദൈവങ്ങളെയും കൂടെ ഒരെക്സ്ട്രാ പ്രൊട്ടെക്ഷനുവേണ്ടി ഗ്രേഡു കൂടിയ കൊട്ടാരക്കര ഗണപതി, ഗുരുവായൂരപ്പൻ, ശബരിമല അയ്യപ്പൻ തുടങ്ങിയവരേയും വിളിച്ചു സഹായമഭ്യർത്ഥിച്ചു ബാക്കി ചൊല്ലി….
“നിന്നെ- യെന്തേ മറന്നുപോയ് രാമായണം കൃതി?”
പിന്നെ തീരും വരെ ഞാൻ കണ്ണു തുറന്നില്ല, ആരെയും കണ്ടില്ല ഏതുരാഗത്തിലാണോ ഏതീണത്തിലാണോ എന്നറിയില്ല എങ്ങനെയൊക്കെയോ ചൊല്ലിത്തീർത്തു. തീർന്നപ്പൊഴേക്കും വേദിയിലിരുന്ന ആരോ എന്റെ പുറത്തുതട്ടിയ പോലെ…. എവിടൊക്കെയോ കയ്യടികേട്ടപോലെ…., അടുത്തുള്ള ടി.ടി.ഐയിലെ സാറുമ്മാർക്കു പഠിക്കുന്ന ചേച്ചിമാർ കുറേപ്പേർ അടുത്തുവന്ന് നന്നായിരുന്നെന്നു പറഞ്ഞ് ആ കവിതയും വാങ്ങിച്ചുകൊണ്ടു പോയി. മേലേപ്പറമ്പിൽ ആൺ‌വീടെന്ന സിനിമയിൽ വേലക്കാരിയായ ശോഭന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുൻപിൽ വന്നുപെട്ട ജഗതിയെ നോക്കുന്നതുപോലെ നരേന്ദ്രപ്രസാദ് സാർ എന്നെ ചുഴിഞ്ഞൊന്നു നോക്കി.

പത്തിരുപതു വർഷം മുൻപു നടന്ന എന്റെ കവിയരങ്ങേറ്റം ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. അതുപോലെ, എനിക്കൊരിക്കലും മറക്കാനാകാത്ത ഈ കവിതയും. രാമായണമൊരിക്കലും ഊർമ്മിളയെ മറന്നിട്ടില്ലെന്നും അർഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നും പലരും പിന്നീട് വാദിച്ചു. ശരിയായിരിക്കാം, പക്ഷേ, ആ ചെറുപ്രായത്തിലെഴുതിയ വരികൾ മാറ്റിമറിച്ചെഴുതാൻ ഈ പ്രായത്തിലും ഞാൻ അശക്തനാവുകയാണ്.

ഇന്നും ദുഃഖപുത്രി ഒരു വിഷാദരാഗമായി എന്റെ മനസ്സിലെവിടെയോ ഇരുന്നു തേങ്ങുന്നു…

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്തേ മറന്നുപോയ് രാമായണം കൃതി?
നീയല്ലേ വർഷം പതിന്നാലയോദ്ധ്യയിൽ
നീറും ഹൃദയവുമായ് നിന്ന മൈഥിലി*?

രാമന്നുതുണയായ് ഗമിച്ചു സീതാദേവി
രാക്ഷസർ വാഴുമാരണ്യാന്തരങ്ങളിൽ
രാപകൽ നിദ്രയൊഴിച്ചായുധം പേറി
രാജീവലോചനൻ സൗമിത്രിയും നിന്നു
വന്യഭോജ്യം തിന്നു ഭർത്തൃസമേതയായ്
ഛായാതലം സപ്രമഞ്ചങ്ങളാക്കിയും
മോഹനം പച്ചത്തുകിൽ ചാർത്തിനിൽക്കുന്ന
കാനനകുഞ്ജങ്ങൾ കൊട്ടാരമാക്കിയും
ശീതളക്കാറ്റിലുദിക്കും വികാരാഗ്നി
വല്ലഭസ്വേദതീർത്ഥത്താൽ കെടുത്തിയും
ലക്ഷ്മണാരണ്യപ്രവാസം ഗ്രഹിച്ചിത്ഥ-
മോർത്തുജീവിക്കാൻ കൊതിച്ചിവൾ ജാനകി*;
ത്രേതായുഗത്തിലെ ദു:ഖപുത്രീ...നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

സൗമിത്രി ലോലവികാരവീണാതന്ത്രി
മീട്ടിയനാളോർത്തു നിർവൃതിപൂണ്ടിവൾ
സാകുലം, ഓർമ്മകൾ ചാമരം വീശുന്ന
സുന്ദരപൗർണ്ണമിരാത്രിയിലിന്ദുവിൻ
ഹൃത്തും ലയിപ്പിക്കുമശ്രുവർഷത്തോടെ
ധാത്രി മലർശയ്യയാക്കി മയങ്ങവേ,
എങ്ങോ മൃദുപാദനിസ്വനം ചുറ്റിലും
സുന്ദരികേട്ടുണ,ർന്നവ്യക്തതയ്ക്കുള്ളിൽ
തന്നാര്യപുത്രനെക്കാണവേ, വേപഥു
ഗാത്രീസവേശം മുഖംതാഴ്ത്തി സുന്ദരൻ
മന്ദം സഹാസമണഞ്ഞു, തഴമ്പാർന്ന
കൈകളിൽ വാടിയ പൂചേർത്തു ചുംബിച്ചു
ശുദ്ധജലംതളി,ച്ചിച്ഛാക്ഷയംവന്നു
വറ്റിവരൊണ്ടരാ ഉദ്യാനകങ്ങളിൽ...

പെട്ടന്നടിച്ച കൊടുങ്കാറ്റിൽ ജാലക-
വാതിലടയവേ, ആസ്വപ്നവും മാഞ്ഞു
ദു:ഖിതചിത്ത, തിമർത്തുവീഴും കാല-
വർഷനിപാതം കൊഴിച്ച തളിർപോലെ,
ഏഴുമാമലകൾക്കുമപ്പുറം നിന്നുകാ-
റ്റേറിയണഞ്ഞ സൗഗന്ധികപ്പൂപോലെ,
വാല്മീകിപാകിയ സ്വർണ്ണാക്ഷരങ്ങൾക്കി-
ടയിൽ വെറും മണ്ണുകോലമായ്മാറിയോ-
ളെങ്കിലു‘മൂർമ്മിളേ...‘ സീതയേക്കാൾ വ്യഥ
കുത്തിമുറിപ്പിച്ചതല്ലേ നിൻ ജീവിതം?
ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

കാമാർത്തയാം ശൂർപ്പണഖാനിശാചരി-
ക്കാത്മ ഭ്രാതാവിനെക്കാട്ടിയ ശ്രീരാമാ…
വിസ്മരിച്ചോ നീ വിയോഗാഗ്നിചുട്ട മ-
നസ്സുമായ്കേഴുന്നൊരിക്കുലകന്യയെ?!
രാമനും സീതയും മാതാക്കളും മറ-
ന്നിപ്പതിഭക്തയെ, ലക്ഷ്മണപത്നിയെ
തീർത്തും നിശ്ശബ്ദതത്തറ്റുടുത്താത്മ
വിചാരമടക്കിയിരുന്നവളാണിവൾ!
ആരണ്യകംതേടി യാത്രയാംവല്ലഭ
വിഗ്രഹം പൂജിച്ചുനിന്നവളാണിവൾ!
മൂന്നമ്മമാരുടെ ദു:ഖഭാഗം പറ്റി-
യെല്ലാം സഹിച്ചുകഴിഞ്ഞവളാണിവൾ!
രജകന്റെപൊയ്‌വാക്കുകേട്ടു സ്വപത്നിയെ
അടവിയിൽ തള്ളിയ ശ്രീരാമചന്ദ്രനെ
ഒറ്റയ്ക്കൊരായിരം വാഗസ്ത്രമെയ്തു ഹാ!
മുട്ടുകുത്തിച്ച വീരാംഗനയാണിവൾ!
വാക് ലംഘനപ്പരീഹാരാർത്ഥമായ് സര-
യൂനദീ നിമ്നത പുൽകിയപ്രാണന്റെ
വേർപ്പാടിലമ്പേ മനംപൊട്ടി, ശേഷിച്ച
കാലമൊരുലപോലെരിഞ്ഞവളാണിവൾ!
കാണ്ഡങ്ങളാറുമീ ഭാരതപുത്രിയെ
വിസ്മരിച്ചെങ്കിലും ശാന്തയായ് നിന്നാത്മ
ബന്ധങ്ങൾ തീർത്തോരുമിച്ചൂളയിൽ സദാ
നീറിയെരിഞ്ഞ സർവംസഹയാണിവൾ!
ഇവളൂർമ്മിള, രാമായണങ്ങളും ആദി-
കവികളും പാടേ മറന്നൊരമ്മ!

പൂജാമുറിക്കുള്ളിൽനിന്നുതിർന്നെത്തുന്നൊ-
രത്തേങ്ങൽകേട്ടുഞാൻ കാതോർത്തുനിൽക്കവേ,
മെല്ലെവാതിൽതുറ,ന്നദ്ദു:ഖമന്റെയും
ദു:ഖമായ് ഞാൻ സ്വയമേറ്റുവാങ്ങീടവേ,
വീർത്തവർത്മങ്ങളും ചോന്നനേത്രങ്ങളും
കണ്ടുഞ്ഞാൻ ഞെട്ടിത്തരിച്ചുനിന്നീടവേ,
മാന്മിഴിക്കോണുകൾ ചോർത്തിയ പൊയ്കയിൽ
വെൺപട്ടുവസ്ത്രങ്ങൾ നീരാട്ടുകൊള്ളവേ,
ഞാൻ ചൊല്ലി, 'ലക്ഷ്മണപത്നീ കരഞ്ഞെന്തി-
നത്തപ്തചിത്തം തളർത്തുന്നു പിന്നെയും
നിൻ കണ്ണുനീർവീണെഴുത്താണികൾ ശപ്ത-
സാഗരഗർത്തത്തിലാഴാതിരിക്കട്ടേ......'

കരയൊല്ലേ പെങ്ങളേ, അറിയുന്നുഞാൻ നിന്റെ,
കരളുരുക്കും ശോകഗാനവരികളെ
അകിലാണു നീ; സുഖഗന്ധം പകർന്നാത്മ-
വേദനപേറിപ്പുകയാൻ പിറന്നവൾ
ശ്രീരാമപത്നിക്കലങ്കാരമേറ്റുവാൻ
സൃഷ്ടിച്ചവിസ്മൃതി നിൻശാപമെങ്കിലും
ഈരക്തമോലും ഞരമ്പുകൾ സോദരീ
നിന്നേയറിയുന്നൂ ഭാരതപുത്രിയായ്
ഓർത്താലഹരിയിൽ കണ്ണീർ തുടയ്ക്കുക,
നിന്നേ മറന്നവരോടു പൊറുക്കുക,
വിശ്വവിഖ്യാതേതിഹാസഭ്രൂണങ്ങളിൽ
വീണ്ടും സുമിത്രാസ്നുഷയായ്തന്നെ വാഴുക.

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യിനിയും മറക്കില്ല ഭാരതസന്തതി!
ഇനിയും മറക്കില്ല ഭാരത സന്തതി!!


*മൈഥിലി, ജാനകി തുടങ്ങിയ പേരുകൾ ഊർമ്മിളയ്ക്കല്ലേ കൂടുതൽ ചേരുക?

Friday, October 17, 2008

ഓർമ്മകൾക്കെന്തു മധുരം..!!!

സാമ്പത്തികമായി തീരെ താഴ്ന്നതായിരുന്നു അവന്റെ കുടുംബസ്ഥിതി. മാക്രി കരഞ്ഞാൽ വെള്ളം കയറുന്ന മൂന്നേക്കർ നിലമായിരുന്നു ആകെ സമ്പാദ്യം. എന്നേക്കാൾ രണ്ടു വർഷം സീനിയറായിരുന്നെങ്കിലും തമ്മിൽ‘എടാ പോടാ‘ വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഉറ്റ സുഹൃത്തുക്കളായിരുന്നു. മിക്കവാറും ഞങ്ങൾ പതിവായി ഒത്തുകൂടാറുണ്ടായിരുന്നു.

അങ്ങനെയൊരുദിവസം അവനെന്നോടൊരു പെൺകുട്ടിയെക്കുറിച്ചു പറഞ്ഞു. അവന്റെ അമ്മയുടെ വീടിനടുത്തുള്ള കുട്ടിയാണ്. അമ്മവീട്ടിലേക്കുള്ള നിത്യ സന്ദർശനത്തിനിടയിൽ ഇവർ തമ്മിൽ അടുത്തിരുന്നു. നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന വീട്ടിലെ കുട്ടി. അച്ഛനുമമ്മയും ഉയർന്ന ഉദ്യോഗസ്ഥർ. ചേട്ടൻ ബാംഗ്ലൂരിൽ എഞ്ചിനീയർ. എങ്ങനെയെല്ലാം ഗുണിച്ചുഹരിച്ച് നോക്കിയാലും നാട്ടുകാരുടെ കണ്ണിൽ ഒട്ടും ചേരുന്ന ബന്ധമായിരുന്നില്ല അത്. പോരാത്തതിന് ജാതിയും വ്യത്യസ്തം. ആകെയൊരു തൃശൂർപൂര വെടിക്കെട്ടിനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നതായി ദീർഘദർശിയായ ഞാൻ പലതവണ പ്രവചിച്ചിരുന്നെങ്കിലും അവനതു കാര്യമാക്കിയില്ല. എന്നാൽ ഒരിക്കൽ പോലും ഞാൻ അവനെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. അമ്പലമായിരുന്നു ഇവരുടെ കൂടിക്കാഴ്ചാ വേദി. അതിനകത്തു നിന്ന് കണ്ണും കയ്യും മറ്റും തമ്മിൽ കാണിക്കുന്നതു കണ്ട് പലപ്പോഴും ഞാൻ ചിരിച്ചുപോയിട്ടുണ്ട്. അങ്ങനെ അവസാനം ഒരുസുപ്രഭാതത്തിൽ നാട്ടിൽ ഒരു മലനട വെടിക്കെട്ടിനു തീകൊളുത്തി അവർ ഒന്നിച്ചു. ഒരാഴ്ച നാട്ടുകാർക്കും കോളായിരുന്നു. പല കഥകളും അവരുണ്ടാക്കുകയും അവർ തന്നെ തിരുത്തുകയും പിന്നെയും ഉണ്ടാക്കുകയും ചെയ്തു.

ഇന്നവർ ആരെയും ആശ്രയിക്കാതെ മാതൃകാ ദമ്പതികളായി കളിച്ചു ചിരിച്ചും വഴക്കുകൂടിയും കഴിയുന്നു. എന്റെ സുഹൃത്ത് ഇപ്പോൾ സൌദിയിലാണ്. ഇത്തവണ നാട്ടിൽ പോയപ്പോൾ അവന്റെ വീട്ടിൽ ചെന്നിരുന്നു. എന്റെ ഈ കവിത അവനെ പാടിക്കേൾപ്പിച്ചു. അവനും അൽപ്പം കവിതയെഴുത്തുഭ്രാന്തുണ്ടായിരുന്നതിനാൽ കക്ഷിതന്നെ ചില രംഗങ്ങൾ ചേർക്കാൻ പറഞ്ഞു തന്നു. ഇല്ലാത്ത കാര്യങ്ങൾ വെട്ടിക്കളഞ്ഞു. അവസാനം ഇതവന്റെ കഥയായി, കവിതയായി. രണ്ടുസ്മാളും പൂശി (കണക്ക് ശരിയായിരിക്കും, എണ്ണമോർമ്മയില്ല) അവളുണ്ടാക്കിയ കപ്പയും മീങ്കറിയും അടിച്ചു പെരുക്കി മത്സരിച്ചു പാട്ടുംപാടി അയൽക്കാരുടെ ലൈവ് പ്രാക്കും വാങ്ങി അടിച്ചുപൊളിച്ച് ഒരു രാത്രി...


ആരെയോ കാത്തു ഞാനന്നൊരിക്കൽ
ആവഴിയോരത്തു നിന്ന നേരം
മഞ്ഞണിക്കരമുണ്ടുടുത്തേകയായിവ-
ന്നെന്നേക്കൊതിപ്പിച്ചതോർമ്മയുണ്ടോ?, കണ്ണു-
കണ്ണോടിടഞ്ഞതുമോർമ്മയുണ്ടോ?

കാച്ചെണ്ണയൂറും മുടിച്ചുരുളിൽ
കൃഷ്ണത്തുളസിക്കതിർ തിരുകി
എൻ നെഞ്ചിലേക്കൊളിയമ്പെയ്തറിയാതെ-
യെന്നപോൽ നീ നിന്നതോർമ്മയുണ്ടോ? നഖ-
ചിത്രങ്ങൾ കോറിയതോർമ്മയുണ്ടോ?

നാലമ്പലത്തിൻ ചുവർപ്പരപ്പിൽ
രാസകേളീ ശിൽപ്പ ചാരുതയിൽ
നീ മിഴിനട്ടുനിൽക്കേ എൻ നിഴൽകണ്ടു
നാണിച്ചൊളിച്ചതന്നോർമ്മയുണ്ടോ? ഉള്ളി-
ലീണം തുളുമ്പിയതോർമ്മയുണ്ടോ?

ദേവനാറാടും കടവിൽ നീയെൻ
ദേവിയായ് നീരാടി വന്നു നിൽക്കേ
ഈറനോടെൻ വിരിമാറോടു ചേർത്തു ഞാൻ
ചുംബിച്ചുണർത്തിയതോർമ്മയുണ്ടോ?, മിഴി-
പെയ്തൊരാ സന്ധ്യയിന്നോർമ്മയുണ്ടോ?

അലസമെൻ ജാലകവാതിലിൽ ഞാൻ
മിഴിനട്ടു നിന്നൊരാഷാഢ രാവിൽ
അറിയാതെ പിന്നിൽ വന്നെൻ കണ്ണുപൊത്തി നീ
ആരെന്നു ചോദിച്ചതോർമ്മയുണ്ടോ? കുപ്പി-
വള ഞാനുടച്ചതുമോർമ്മയുണ്ടോ?

നീഹാര രശ്മികൾ പൂത്തു നിൽക്കും
ചൈത്ര വിഭാതമപ്പുൽ പ്പരപ്പിൽ
നിന്മടിത്തട്ടിൽ കിടന്നന്നു പാടിയോ-
രെൻ കാവ്യശീലുകൾ ഓർമ്മയുണ്ടോ?, മെയ്യിൽ-
നുള്ളിനോവിച്ചപാടോർമ്മയുണ്ടോ?

ഒരു ഗ്രീഷ്മ ശാഖിയിൽ പൂത്ത നീയും
ഒരു മരുപ്പച്ചയായ് തീർന്ന ഞാനും
പിരിയുവാനാകാതെ ദൂരെയേതോതീര-
മോടിയൊളിച്ചനാളോർമ്മയുണ്ടോ?, നമ്മ-
ളൊന്നിച്ച രാത്രിയിന്നോർമ്മയുണ്ടോ?

ആഴികൾ ചുറ്റും അലയടിക്കേ
അത്തിരയേറ്റു നാം വാടി വീഴ്കേ
ആറടിമണ്ണിലലിഞ്ഞൊന്നുചേരുവാ-
നാശിച്ച ജീവിതമോർമ്മയുണ്ടോ?, ശ്യാമ
മേഘങ്ങൾ പെയ്തതെന്നോർമ്മയുണ്ടോ?

നാഗമാറാടുന്ന മച്ചകത്തിൽ,
നന്മൃദുവെൺപട്ടലർ വിരിപ്പിൽ,
നിന്നിലേക്കെൻ സ്നേഹമാഴവേ, ചാർത്തിയ
കുങ്കുമപ്പൊട്ടുകളോർമ്മയുണ്ടോ?, കണ്ണി-
ലാളും വികാരങ്ങളോർമ്മയുണ്ടോ?

ആരുമില്ലാതെത്ര വർഷകാലം
മുത്തടർന്നീടും മലർക്കുടിലിൽ
കഞ്ഞിയാലുള്ളം നിറഞ്ഞു നാമത്താഴ-
മുണ്ടുകിടന്ന രാവോർമ്മയുണ്ടോ? താര
മെണ്ണിക്കളിച്ചതിന്നോർമ്മയുണ്ടോ?

ചന്ദനം ചാർത്തും വയൽ വരമ്പിൽ
വേർപ്പോലുമെൻ മെയ് തുടച്ചു മന്ദം
ചമ്മന്തിയും കൂട്ടിയുണ്ണുന്നതും നോക്കി
നിൽക്കും നിനക്കെല്ലാമോർമ്മയുണ്ടോ? അന്നു
തന്നോരുരുളകളോർമ്മയുണ്ടോ?

ചിങ്ങക്കതിർവയൽ കൊയ്ത്തുകാലം
നിൻ ചിപ്പിയിൽ മുത്തടർന്ന യാമം
നെഞ്ചോടടുക്കി നീ എന്മണിക്കുഞ്ഞിന-
ന്നമ്മിഞ്ഞ നൽകുന്നതോർമ്മയുണ്ടോ?, തമ്മിൽ
നാം കണ്ടസ്വപ്നങ്ങൾ ഓർമ്മയുണ്ടോ?

മെയ്‌വളരിമ്മിണിക്കൈ വളര്
പിച്ചവച്ചോമനക്കാൽ വളര്
ഓമനത്തിങ്കളും പാടിക്കുറുമ്പിയെ
മാറിയെടുക്കുന്നതോർമ്മയുണ്ടോ? അവൾ
നമ്മേയുറക്കാത്തതോർമ്മയുണ്ടോ?

ഓർമ്മകളോണനിലാവുപോലെ
ഓലുമീയേകാന്ത യാമങ്ങളിൽ
ഓർക്കുമ്പൊളൊക്കെയും നൊമ്പരമെങ്കിലു-
മോർക്കുവാനെത്ര സുഖമതെന്നും, എന്റെ
ഓർമ്മകൾക്കെന്തു മധുരമിന്നും!

(ഓണം എന്റെ ഓർമ്മകൾക്കും മധുരം പകരുന്നു. ഞാൻ എന്റെ പെണ്ണിനെ കണ്ടതും അവൾക്ക് മോതിരമിട്ടതും അവളെ താലിചാർത്തിയതും അലാറം അടിക്കുമ്പോലെ കൃത്യം ഒരുവർഷം കഴിഞ്ഞ് ആറന്മുള ഉത്തൃട്ടാതി വള്ളംകളി അടിച്ചുതകർക്കുമ്പോൾ ഒരുകുന്നു ടെൻഷനുമായി കാത്തു നിന്ന എന്റെ കയ്യിലേക്ക് ഒരു പെൺ‌കുഞ്ഞു വന്നുവീണതുമെല്ലാം ഓണനാളുകളിലായിരുന്നു. അങ്ങനെ ഓണക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായി.... എന്റെ സ്വപ്നങ്ങൾക്കു കൂട്ടായി.... എന്റെ ഓർമ്മകൾക്ക് നിറമായി....)

Monday, October 6, 2008

എന്റെ ആദ്യ പോസ്റ്റിങ്ങ്‌......

“ആമുഖം നിരർത്ഥകം! ലോലമീനിലാവെട്ട-
ത്താമുഖം മിഴിനീരിൽ കണ്ടുഞാനെഴുതുമ്പോൾ
കഥയോ? ജീവോത്ഭിന്ന സാരമോ? സങ്കൽപ്പമോ?
കേൾപ്പവർ ചോദിച്ചേക്കാം; ഉത്തരം തരില്ലഞാൻ.”

കുറേ ആദർശങ്ങൾ, കുറേ സ്വപ്നങ്ങൾ, കുറേ സങ്കൽ‌പ്പങ്ങൾ
അതുമായി,
പലപല നാടുകളിൽ, പലപല വേഷങ്ങളിൽ….
അവരോടൊപ്പം അലിഞ്ഞു ചേർന്ന്…..
അതിൽ പലതും
ഒരിക്കലും തിരിച്ചറിയാത്ത മുഖങ്ങളായിരുന്നു.
ചിലത് എന്നെ നോക്കിച്ചിരിച്ചു…
ചിലത് തീതുപ്പി….
ആരോടും പരിഭവമില്ലാതെ…
എങ്ങും പരാതിപറയാതെ…
അന്തർമുഖനായി ഞാൻ…

അപ്പോഴും
എന്നിലെ എന്നെ അറിയാൻ
ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു…
തലമുറകൾ കൈമാറിയ വേദക്കെട്ടുകൾ ചിതലരിച്ചു….
കറുത്തപുകച്ചുരുളുകൾക്കുള്ളിൽ ഞാൻ ഒളിച്ചിരുന്നു….
ആരും എന്നെ കണ്ടില്ല….
അഥവാ,
കണ്ടില്ലെന്നു നടിച്ചു….

പിന്നെ….,
എവിടെയോ ചെന്നടിഞ്ഞു…
മരണത്തിന്റെ ഗുഹാമുഖങ്ങൾ പലപ്പോഴും മാടിവിളിച്ചു….
അപ്പൊഴൊക്കെ,
ഒരദൃശ്യകരം എന്നെ പിടിച്ചുമാറ്റിക്കൊണ്ടിരുന്നു….
ആരുടെയെന്നറിയില്ല….
അതാരെന്നുമറിയില്ല….
അതെന്റെ ചുറ്റും വലയം തീർത്തു….
ഞാനതിനുള്ളിൽ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി….

ഒരേപ്രിൽ ഒന്നിനാണെന്റെ ജനനം. (ചില സാങ്കേതിക കാരണങ്ങളാൽ, അതു പുറത്താരോടും പറയാറില്ല!!)
നാടു മുഴുവൻ കറങ്ങിത്തിരിഞ്ഞ്, പിന്നെ വിദേശങ്ങളിൽ….
ജീവിത ഭാരവുമായി അലച്ചിൽ….
എത്രകിട്ടിയാലും ചോരുന്ന കൈകൾ….
അവസാനം ആഫ്രിക്കയുടെ വന്യസൌന്ദര്യത്തിന്റെ നടുവിൽ….
ഏകനായി, എന്റെ മോഹങ്ങളുമായി…..

ഇന്നെനിക്കു പ്രയപ്പെട്ട ദിവസമാണ്
ഈ ബ്ലോഗുകൊണ്ട് എനിക്കെന്നെത്തന്നെ തൃപ്തിപ്പെടുത്താമെന്ന
ഗുണമേ കാണൂ എന്നറിയാം….
എങ്കിലും വളരെ നാളത്തെ ഒരഭിലാഷം….
സൌഹൃദ സംഘങ്ങളുടെ നടുവിലേക്ക്….
ഒരിക്കലും പരസ്പരം കാണാത്തവരെങ്കിലും
ഒരമ്മപെറ്റവരെപ്പോലെ,
ഒന്നിച്ചു പഠിച്ചവരെപ്പോലെ ലോകം….
അചിന്ത്യം അസാദ്ധ്യം, അവർണ്ണനീയം, …

അവിടേക്കു ഞാനും പറന്നെത്തുന്നു.
വെറും കയ്യുമായി….
നിങ്ങളിലൊരാളായി, നിങ്ങൾക്കൊരാളായി…..

കാണുക വല്ലപ്പോഴും….

സ്നേഹപൂർവ്വം

ചെറിയനാടൻ