Wednesday, September 23, 2009

തൃപ്പുലിയൂർ തിരുനടയിൽ കാവടിതൻ മേളം….

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന “തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം”. അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതീഹ്യം. അതിൽ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻ തൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ‌വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഇതിൽ തൃപ്പുലിയൂരിലെ പ്രസ്തുത ക്ഷേത്രം സപ്തർഷികളാണ് പ്രതിഷ്ഠനടത്തിയതെന്നും വ്യാഘ്രൻ എന്ന മുനി പിന്നീട് ഇവിടെ വസിച്ച് പൂജകൾ നടത്തിയിരുന്നെന്നും അങ്ങനെയാണ് സ്ഥലനാമം പുലിയൂർ എന്ന് വന്നതെന്നും മറ്റും ഐതീഹ്യങ്ങളിൽ കാണുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഏക ഗണപതിക്ഷേത്രവും ഇവിടെയാണ്. ലോകപ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനും പഞ്ചാംഗ കർത്താവുമായിരുന്ന ശ്രീ പുലിയൂർ പുരുഷോത്തമൻപോറ്റിയുടെ ഭവനം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ്. ‘തോംസൺ’ എന്ന ഓഡിയോ വീഡിയോ കമ്പനി ഉടമയായ ശ്രീ തോമസ്, ഇൻഡ്യൻ വോളീബാൾ ടീം ക്യാപ്റ്റനായിരുന്ന ഏഷ്യാഡ് ജോൺസൺ എന്നിവരും പുലിയൂർ സ്വദേശികളാണ്. ചെറിയനാട് എന്ന എന്റെ ഗ്രാമം അതിനു സുമാർ മൂന്നു കി.മി. തെക്കും.

മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. ഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽ‌പ്പരം കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. ഈ ക്ഷേത്രത്തെക്കുറിച്ച് ആശ്ചര്യജനകമായ ധാരാളം കേട്ടുകേൾവികളും കഥകളും ഉണ്ട്.

വളരെ നാളായി ഇവിടുത്തെ ഒരു ഭക്തിഗാന ആൽബം പുറത്തിറക്കണമെന്നത് പലരുടേയും ഒരു ആഗ്രഹമായിരുന്നു. നാലു വർഷമായി ഇതിന്റെ ചർച്ചകൾ നടന്നുവെങ്കിലും എന്തുകൊണ്ടോ നടന്നില്ല. ശേഷം, ദുബായിൽ ജോലിനോക്കുന്ന ചില സുഹൃത്തുക്കൾ മുൻ‌കൈ എടുക്കുകയും ജൂൺ മാസത്തിൽ “ഈണ”ത്തിന്റെ ആൽബം റെക്കോഡിങ്ങിനായി നാട്ടിൽ പോയ അവസരത്തിൽ ഇതിന്റെ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ആകെയുള്ള പത്തുഗാനങ്ങളിൽ എട്ടു ഗാനങ്ങുടെ രചനയും അതിന്റെ സംഗീത സംവിധാനവും ഞാൻ ചെയ്തിരിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച ഈ പ്രോജെക്ടിൽ എന്നിൽ വിശ്വാസമർപ്പിച്ച ഇതിന്റെ നിർമ്മാതാക്കളോടുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണ്.

എന്റെ എട്ടു ഗാനങ്ങളിൽ മധു ബാലകൃഷ്ണൻ അഞ്ചും ഗണേശ് സുന്ദരം ഒന്നും ശങ്കരൻ നമ്പൂതിരി, പത്തിയൂർ ശങ്കരൻ കുട്ടി എന്നിവർ ഒരോ ഗാനങ്ങളും ആലപിച്ചിരിക്കുന്നു. പ്രമുഖ ബ്ലോഗ് ഗായികയായ ദിവ്യാ പങ്കജ്, ഗണേശിനൊപ്പം തിരുവുത്സവനാളിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നു. പനിനീർകാവടി എന്ന ഗാനത്തിലെ “തൃപ്പുലിയൂർ തിരുനടയിൽ കാവടി തൻ മേളം….” എന്ന കോറസ് പാടുന്നത് ബ്ലോഗിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത കിരൺസാണ്. മറ്റു രണ്ടു ഗാനങ്ങളിൽ ‘ശ്രീപദ്മരാഗ തിരുനടതുറന്നു’ എന്ന ഗാനം യശഃശരീരനായ ശ്രീ പുലിയൂർ കൃഷ്ണൻ‌കുട്ടി എന്ന പ്രസിദ്ധ കവിയുടേതാണ്. മുഖ്യധാരാ ഗായകർക്കൊപ്പമോ അതിലുപരിയോ പ്രതിഭാധനനായ രാജേഷ് രാമൻ അതിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഗണേശ് സുന്ദരം ആണ് ഇത് ആലപിച്ചിരിക്കുന്നത്. ‘കളിപ്പിൽ വാഴും’ എന്ന ഗാനം പുലിയൂർ ജി. മനു എഴുതി മാലതി സംഗീതം നൽകിയത് ആലപിച്ചിരിക്കുന്നത് ദിവ്യാ മേനോനാണ്. കൈരളിയിലെ ‘ഗാനമേള’ എന്ന പ്രോഗ്രാമിലൂടെയും സ്വന്തം ബ്ലോഗ് പോഡ്കാസ്റ്റിലൂടെയും ‘ഈണ’ത്തിലെ ഗാനങ്ങളിലൂടെയും ദിവ്യയെ ഏവർക്കും പരിചയമുള്ളതാണ്. കഴിവതും ബ്ലോഗിലെ ലഭ്യരായ ഗായകരെ ഇതിലുൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

ഗാനങ്ങൾ എഴുതുമ്പോൾ തന്നെ മനസ്സിൽ കടന്നു വരുന്ന ഈണമാണ് ഞാൻ ഉപയോഗിക്കുക. എനിക്ക് 101 ശതമാനം ഇഷ്ടപ്പെടുന്ന, വെറുതേ എഴുതിവച്ച് ആഴ്ചകൾക്കു ശേഷം നോക്കിയാലും ഓർത്തിരിക്കാൻ കഴിയുന്ന ഈണങ്ങളേ ഗാനങ്ങളിൽ നിലനിർത്താറുള്ളൂ. ഇതിലെ ഈണങ്ങൾ എല്ലാം തന്നെ അങ്ങനെ രൂപപ്പെട്ടവയാണ്. അത് അതേപടി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഗീതപരമായോ സാഹിത്യപരമായോ പറയത്തക്ക അറിവില്ലാത്ത എന്റെ കഴിവുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, മറിച്ച്, വേണ്ടത് വേണ്ടപ്പോൾ മനസ്സിൽ തോന്നിപ്പിക്കുന്ന ഏതോ പ്രപഞ്ചശക്തിയുടെ പ്രേരണയാണെന്ന യാഥാർത്ഥ്യമാണ് മനസ്സിൽ.

ചലച്ചിത്രഗാന സംഗീതസംവിധാന രംഗത്ത് പുത്തൻ പ്രതീക്ഷയായി വളർന്നു വരുന്ന സൂര്യനാരായണൻ ആണ് ഇതിന്റെ ഓർക്ക്സ്ട്രേഷൻ. എന്റെ മനസ്സിലുള്ളത് അതേ പടി മനോഹരമായി പകർത്തിയെടുക്കാൻ ആ യുവ പ്രതിഭയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജനുവരിയിൽ പുറത്തിറങ്ങുന്ന ‘ഈണ’ത്തിന്റെ കൊമേഷ്യൽ ആൽബത്തിനും സൂര്യൻ തന്നെയാണ് ഓർക്ക്സ്ട്രേഷൻ. അദ്ദേഹത്തിന്റെ 3 തമിഴ് ചിത്രങ്ങൾ അടുത്തു തന്നെ റിലീസ് ആകാൻ തയ്യാറെടുക്കുന്നു. ‘പെരുമാൾ’ എന്ന മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളും ഇദ്ദേഹത്തിന്റേതായിരുന്നു.

മലയാള സിനിമാഗാനരംഗത്ത് പ്രവർത്തിക്കുന്ന ഉപകരണ സംഗീതജ്ഞരാണ് ഇതിന്റെ പിന്നണിയിൽ. ‘കന്മദ’ത്തിനു മുൻപേതൊട്ടേ രവീന്ദ്രന്മാഷിനൊപ്പം പ്രവർത്തിക്കുന്ന ബാലകൃഷ്ണൻ കമ്മത്താണ് ഇതിൽ മൃദംഗം. ബി.ശശികുമാറിന്റെ ശിഷ്യനും പ്രസിദ്ധ വയലിനിസ്റ്റുമായ ബാലു എന്ന ആറ്റുകാൽ ബാലസുബ്രഹ്മണ്യമാണ് വയലിൻ. സൌന്ദർരാജിന്റെ വീണയും തങ്കരാജിന്റെ തബലയും സിനിമാഗാനങ്ങളിലെന്നപോലെ ഭക്തിഗാനങ്ങളിലും മികച്ചു നിൽക്കുന്നു. “കോലക്കുഴൽ‌വിളി” കേൾപ്പിച്ച ജോസ്സിയുടേ ഫ്ലൂട്ട്, പാപനാശം മുരുകന്റെ ഇടയ്ക്ക, കലാദേവിയെന്ന യുവ കലാകാരിയുടെ നാഗസ്വരം, മാവേലിക്കര രാജുവിന്റെ ഘടം, രാജേഷിന്റെ മുഖർശംഖ്, കണ്ണന്റെ സിത്താർ, ഹരീന്ദ്രനാഥിന്റെ തവിൽ എന്നിവയും മനോഹരമായി സൂര്യന്റെ ഓർക്ക്സ്ട്രേഷനിൽ ഇഴുകിച്ചേരുന്നുണ്ട്. സൂര്യന് എല്ലാ പിന്തുണയും സഹായവുമായി അഞ്ചൽ ബിജു എന്ന കീബോർഡ് വിദഗ്ധനും തന്റേതായ സംഭാവനകൾ ഇതിനായി നൽകിയിരിക്കുന്നു. കൂടാതെ മംഗളമായി എഴുതിയ കഥകളിപ്പദത്തിന് ശങ്കരൻ കുട്ടിച്ചേട്ടനൊപ്പം പാടിയിരിക്കുന്നത് കലാനിലയം രാജീവാണ്. മാവേലിക്കര വർമ്മാജിയുടെ ചെണ്ടയും കലാ. ശ്രീകുമാറിന്റെ മദ്ദളവും ആ ഗാനത്തിനു മിഴിവേകുന്നു. മിക്കവാറും എല്ലാ ഉപകരണങ്ങളും സാമ്പ്ലർ ഒഴിവാക്കി ലൈവായി വായിച്ചിരിക്കുന്നു.

സാധാരണ നിലയിൽ ഗായകരേയും എഴുത്തുകാരെയും സംഗീതസംവിധാകരേയും മാത്രമേ എല്ലാവരും ഓർക്കുകയുള്ളൂ. എന്നാൽ ഒരു ഗാനം അതിന്റെ പൂർണ്ണതയിലെത്തിക്കാൻ പരിശ്രമിക്കുന്ന പിന്നണി കലാകാരന്മാരെ ആരും ശ്രദ്ധിക്കാറില്ല. സ്റ്റുഡിയോയിൽ നിന്നും സ്റ്റുഡിയോയിലേക്കുള്ള ഓട്ടത്തിൽ തങ്ങൾ ജീവൻ നൽകിയ ഗാനങ്ങൾ ഒന്നുപോലും പൂർണ്ണമായി കേൾക്കാൻ അവർക്കു സാധിക്കാറുമില്ല. എങ്കിലും പലർക്കും പേരറിയാത്ത ആ കലാകാരന്മാർ നൽകിയ ഈണങ്ങളുടെ നവ്യാനുഭൂതി പലപല ഗാനങ്ങളിലൂടെ പരിചിതമാകുന്നു. ഒരോ ഗാനം തുടങ്ങുമ്പോഴും അത് ഏതുഗാനമാണെന്ന് കേൾക്കുന്നവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന വീണയുടേയോ വയലിന്റേയോ ഫ്ലൂട്ടിന്റേയോ നാദലയം ആ ഗാനത്തിന്റെ കയ്യൊപ്പാക്കുന്ന മാന്ത്രികന്മാരായ ഈ പ്രതിഭകൾ പിന്നണിയിൽ തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്നു. അവരെ ഈ നിമിഷം ആദരവോടെയും ആരാധനയോടെയും സ്മരിക്കുന്നു.

സംഗീതം പഠിക്കണമെന്ന എന്റെ മോഹം എന്തുകൊണ്ടോ സഫലമായില്ല. പിന്നെ പ്രസിദ്ധരായ ഗായകരുടെ റെക്കോഡിങ്ങ് കേട്ടു പഠിക്കുകയേ മാർഗ്ഗമുണ്ടായുള്ളൂ. ഇപ്പൊഴും സ്വരസ്ഥാനങ്ങളോ ശ്രുതിയോ കാലങ്ങളോ ഒന്നും നിശ്ചയമില്ല. രാഗങ്ങൾ ചിലത് കേട്ടാൽ മനസ്സിലാകുമെന്ന സാമാന്യ ജ്ഞാനം മാത്രമാണ് ആകെയുള്ള കൈമുതൽ. എങ്കിലും, അത് മറ്റുള്ളവർ ശ്രദ്ധിക്കുന്നതുകാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്. പിന്നെ, പ്രസിദ്ധരായ ഗായകർ അത് ആലപിക്കുമ്പോൾ തോന്നുന്ന വികാരം അതിലുപരിയും. അങ്ങനെ, പറഞ്ഞുകൊടുത്തതിനനുസരിച്ച് യാതൊരു മുഷിവും കൂടാതെ മനോഹരമായി ഏറ്റുപാടിയ മധു ബാലകൃഷ്ണനും കണക്കിന്റെ കൃത്യനിഷ്ഠയിൽ റിയാലിറ്റിഷോകളിലെ ഗായകരെ വിറപ്പിക്കുന്ന വിനയാന്വിതനായ ശങ്കരൻ നമ്പൂതിരിച്ചേട്ടനും കഥകളി കണ്ടുമാത്രം പരിചയമുള്ള എന്റെ കണക്കിനൊത്ത് പാടി സഹകരിച്ച ശങ്കരൻ കുട്ടിച്ചേട്ടനും രാത്രി 1 മണിവരെ നിന്നു പാടാൻ മനസ്സുകാണിച്ച ഭക്തിഗാനരംഗത്തെ ഉസ്താദായ ഗണേശ് മാഷും കുഞ്ഞനിയത്തി ദിവ്യാമേനോനും ‘തന്റേടി’യായ ദിവ്യാപങ്കജുമടക്കം എല്ലാവരുടേയും സഹകരണവും പിന്തുണയും കൊണ്ട് പത്തുഗാനങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു. കൊച്ചിൻ മാർട്ടിൻസ് സ്റ്റുഡിയോ, കായംകുളം രവീസ് ഡിജിറ്റൽ, തിരുവനന്തപുരം ആരഭി എന്നിവിടങ്ങളിൽ ഓർക്കസ്ട്രേഷൻ - റെക്കോഡിങ്ങ് ജോലികളും തൃശൂർ ചേതനയിൽ മിക്സിങ്ങും നടത്തിയിരിക്കുന്നു. അൽ‌പ്പം കൂടി മെച്ചമാക്കാമായിരുന്നു എന്നു ഇപ്പോൾ കേൾക്കുമ്പോൾ തോന്നുന്നെങ്കിലും വെറും 15 ദിവസത്തെ അവധിക്കു നാട്ടിൽ ചെല്ലുന്ന ഞാൻ 16 ദിവസവും റിക്കോഡിങ്ങ് എന്നു പറഞ്ഞു വീട്ടിൽ കയറാതെ നടക്കുന്നതിൽ ക്ഷമകെട്ട ‘സഹധർമ്മിണി’, ഇനി ആൽബമെന്നും പറഞ്ഞു വന്നാൽ തൂങ്ങിച്ചാകുമെന്നു ഭീഷണിമുഴക്കിയതിനാലും അങ്ങനെ സംഭവിച്ചാൽ എന്റെ 2 പൊടിപ്പെൺ‌കുഞ്ഞുങ്ങൾ അനാഥരാകുമല്ലോ എന്നോർത്തും കൂടുതൽ സാഹസത്തിനു ഞാൻ മുതിർന്നില്ല ;) (എന്റെ വലിയ ഒരാസ്വാദകയാണവൾ. രാത്രി രണ്ടിനും മൂന്നിനുമൊക്കെ വിളിച്ചുണർത്തി പാട്ടുപാടിക്കേൾപ്പിക്കുന്ന എന്റെ തികഞ്ഞ വട്ടിന് ഒരു മുഷിവും കൂടാതെയിരുന്നുതന്ന് കേട്ട് അഭിപ്രായം പറയുന്ന അവളുടെ അസാമാന്യമായ ‘ക്ഷമാ’ശീലത്തിനും പ്രചോദനത്തിനും ഹൃദയം നിറഞ്ഞ നന്ദി.)

വൃശ്ചികം ഒന്നിനു വിപുലമായ പരിപാടികളോടെ “തൃപ്പുലിയൂരപ്പൻ” എന്ന ഈ ആൽബത്തിന്റെ പ്രകാശന കർമ്മത്തിനായുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ഓഡിയോ സീഡിയ്ക്കൊപ്പം ഇതിന്റെ ദൃശ്യാവിഷ്കാരത്തിന്റേയും ജോലികൾ പുരോഗമിക്കുന്നു.

കോപ്പീറൈറ്റ് പ്രശ്നങ്ങൾ കാരണം ഗാനങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്താൻ കഴിയില്ല. എങ്കിലും അതിനേക്കുറിച്ചുള്ള ഒരു ധാരണ കിട്ടുവാനുതകുന്ന ‘ഗാനപരിചയം’ എം.പീ.ത്രീയായി ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. മിക്സിങ്ങ് പൂർത്തിയാകാത്തതിനാൽ ഞാൻ തന്നെ മാസ്റ്റർ ചെയ്ത വേർഷനാണ്. കേൾക്കുക, വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി അനുഗ്രഹിക്കുക….

സസ്നേഹം
നിശി…

“ഗാനപരിചയം” കേൾക്കാൻ
Download MP3

19 comments:

ചെറിയനാടൻ said...

അഞ്ചുമാസത്തിനുശേഷമുള്ള ഒരു പോസ്റ്റ്!!!
“തൃപ്പുലിയൂരപ്പൻ” എന്ന ഭക്തിഗാനാൽബത്തിന്റെ ടീസേഴ്സും ഗാനപരിചയവും...
വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ച്,
ചെറിയനാടൻ

Rashmi Nair said...

Excellent songs!!! Congrats Nisi chetta. Very happy to listen to it!!
I am a huge fan of Madhu Balakrishnan.

ബഹുവ്രീഹി said...

kalakki macchaanz

paattukelallaam nannaayittund.

divya / ദിവ്യ said...

Nishi chetta

wonderful songs...i loved the first 2 songs sung by madhuji..simply good...and i m thrilled to own this CD..send me "thiruvulsava" song if u get it..

പിന്നെ, എന്നെ തന്റെടി എന്നും ദിവ്യയെ കുഞ്ഞനുജത്തി എന്നും പറഞ്ഞത് തീരെ ശെരിയായില്ല ട്ടോ...ഇങ്ങനെ പക്ഷഭേദം പാടില്ല....
;-)

ഗീത said...

ഒന്നാംതരം ഗാനങ്ങള്‍. ഇതിനി‍ എന്നാണ് സി.ഡി. ആയി കൈയില്‍ കിട്ടുക?
നിശിക്കും ഗായകര്‍ക്കും പിന്നണിയിലുള്ള എല്ലാവര്‍ക്കും തൃപ്പുലിയൂരപ്പന്റെ കരുണാകടാക്ഷങ്ങള്‍ എന്നെന്നും ഉണ്ടാകും. തീര്‍ച്ച. ഇതൊക്കെ കേട്ട് ഭഗവാന്‍ എങ്ങനെ അടങ്ങിയിരിക്കും? ഇങ്ങോട്ടു വന്നനുഗ്രഹിക്കയില്ലേ?

Kiranz..!! said...

മധു കലക്കി കടുവർത്തു..!
ശങ്കരമ്പൂരി വ്യത്യസ്ഥനായ ബാലൻ.ഉഗ്രൻ പാട്ട്.ഗണേഷ് സുന്ദരൻ ഒരു സുന്ദരൻ.കുഞ്ഞിപ്പെണ്ണൂം തന്റേടിപ്പെണ്ണും തകർത്തു.

ദിവ്യയുടെ പാട്ട്..സത്യായിട്ടും അദ്യമായി സ്റ്റുഡിയോയിൽക്കേറുകയാണെന്നോ ആദ്യ പ്രൊഫഷണൽ ഗാനം പാടുകയാണെന്നോ ഉള്ള ഒരു കൂസലുമില്ലാതെ എവിഡ്രാ മൈക്ക് നിന്റെയൊക്കെ..! എന്ന രീതിയിൽ പുട്ടുപോലെ വന്ന് പാടിയത് കണ്ടപ്പോഴാണ് അന്തർനാളത്തിൽ ജന്മനായുള്ള ദൗർബല്യത്തോടെ മറഞ്ഞിരുന്ന
ഒരു കുഞ്ഞ് ആത്മവിശ്വാസത്തെ ഇങ്ക്രെഡിബിൾ ഹൾക്കിനേപ്പോലെ ഞാൻ വളർത്തിവല്യതാക്കി എനിക്കുള്ള പാട്ട് ഞാൻ പാടിയത് (എന്നിട്ടു തന്നെ വിളറി വെളുക്കുകേം മഞ്ഞിക്കുകേം ഒറ്റസെക്കൻഡിൽ സകല ഗായകരേം മനസാ നമസ്ക്കരിക്കുകേം ചെയ്തു ). (ഇത് വായിച്ചെടുക്കാൻ കഴിയാതെ ഇന്ന് രശ്മിനായരു ഗൂഗിളിന്റെ ട്രാൻസ്ലേഷനിട്ട് തെറി പറേം :)

മധു ഒരൊന്നര സംഭവം തന്നെ..ഹൊ..!

എല്ലാ ഫോട്ടോയീന്നും മിസ്റ്റർ ചെറിയാന്റെ ജുബ്ബ വെട്ടിയതിന്റെ പാടുണ്ടല്ല് :)

പൊറാടത്ത് said...

ഗാനങ്ങളെല്ലാം തന്നെ അതിസുന്ദരമായിരിക്കുന്നു മാഷേ...

ഇതൊരു വൻ വിജയമാകുവാൻ തൃപ്പുലിയൂരപ്പൻ അനുഗ്രഹിക്കട്ടെ.

ബൈജു (Baiju) said...

ഈ പാട്ടുകളെല്ലാം വന്‍ഹിറ്റായിമാറും നിശിച്ചേട്ടാ....

വേറിട്ട ഈണങ്ങള്‍, ഭക്തിരസം നിറഞ്ഞൊഴുകുന്ന വരികള്‍......

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിമാനിക്കാം എല്ലാവരേയും വ്യാഘ്രാപുരത്തപ്പന്‍ അനുഗ്രഹിക്കട്ടെ.......

നാട്ടിലെത്തട്ടെ, ഇതിന്‍റ്റെ സിഡി വാങ്ങിക്കേള്‍ക്കാം....

എതിരന്‍ കതിരവന്‍ said...

നിശീ, തീർച്ചയായും അഭിമാനിക്കത്തക്കതാണ് ഈ ഒരുമ്പെടൽ. ആ കഥകളിപ്പദമൊക്കെ എത്ര ചൈതന്യവത്താണ്! ഓരോ പാട്ടും വ്യത്യസ്തം.

ചെറിയനാടൻ said...

Reshmee,
thank u very much... Madhu sung very well, amazing rendition....

ബഹൂ... അണ്ണനിതിലില്ലാതെ പൊയതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ....

ദിവ്യാ പങ്കജമേ....
എങ്ങനെ തന്റേടിയെന്നു വിളിക്കാതിരിക്കും. അർജ്ജുനൻ മാഷിന്റെ മകൻ അനി വരെ ഞെട്ടിയില്ലേ :)
പിന്നെ, യാതൊരു ഭേദവുമില്ല, കൊച്ചു ദിവ്യ എന്റെ തോളറ്റം വരേയുള്ളൂ, ഞാൻ വല്യ ദിവ്യയുടെ തോളു വരെയും!!! എങ്ങനെ കുഞ്ഞനിയത്തി എന്നു വിളിക്കും?? ന്നാൽ വല്യനിയത്തിയെന്നായിക്കോട്ടേ... ;)

ഗീതച്ചേച്ചീ, എന്നും അതേ ആഗ്രഹമുള്ളൂ....

കിരൂ, എനിക്കു ചിരിക്കാൻ വയ്യാ.... :)
ആ ജൂബ്ബാ ഞാൻ ഉപേക്ഷിച്ചു..:)

സതീഷ്മാഷേ, ഒരുപാടു നന്ദി...

ബൈജുക്കുട്ടാ.... സീഡി വീട്ടിലെത്തിക്കാം പോരേ??

എതിരൻ‌ജി... അങ്ങയുടെ ആദ്യ കമന്റിന് ആദ്യമേ നന്ദി...
വളരെ ബുദ്ധിമുട്ടിച്ചെയ്തതാണ് കഥകളിപ്പദം. പല ട്രാക്കായി റെക്കോഡ് ചെയ്യാൻ നോക്കി പരാജയപ്പെട്ടു... പിന്നെ എല്ലാരെയും ഒരുമിച്ചു സ്റ്റുഡിയോയിൽ കയറ്റേണ്ടി വന്നു... 10 മിനിറ്റു ഗാനം 5 മണിക്കൂറെടുത്തു തീരാൻ... നന്നായെന്നറിയുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു...

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....

thahseen said...

വളരെ നന്നായിരിക്കുന്നു നിശി !
മധു ബാലകൃഷ്ണന്‍ , ശങ്കരന്‍ നമ്പൂതിരി , ഗായികമാര്‍ , പിന്നെ ഗണേഷും - അതി മനോഹരമായി പാടിയിരിക്കുന്നു , orchestration ഉം വളരെ നന്നായി !

congratulations!
Thahseen

മാണിക്യം said...

അമ്പിളി
ആദ്യം സന്തോഷപൂര്‍വ്വം അഭിനന്ദനം അറിയിക്കുന്നു.
ഇതു "തൃപ്പുലിയൂർ തിരുനടയിൽ കാവടിതൻ മേളം…. "തന്നെയാണ്.
എല്ലാപാട്ടും വളരെ ഹൃദ്യമായിരിക്കുന്നു.
ഭക്തിഗാനമെങ്കിലും നല്ല ഉഷാറയിരിക്കുന്നു പാട്ടുകള്‍
കേള്‍‍ക്കുമ്പോള്‍ ആകെ മനസ്സിനൊരു ഉണര്‍‌വ്വ് തോന്നുന്ന ഈണം.
ഇത്ര മനോഹരമായി കഥകളിപ്പദമീയടുത്ത കാലത്ത് കേട്ടിട്ടില്ല.
ഈ ആല്‍ബത്തിന്റെ പിന്നണിയിൽ അണിനിരന്ന എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങള്‍

“തൃപ്പുലിയൂരപ്പൻ” ഒരു വന്‍‌വിജയമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

SOORAJ said...

Nisi,

Super. Well done. Best Wishes.

Sooraj

Jo said...

All the best maashe... the songs sound too good!

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട ചെറിയനാടന്‍ ,

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു!ഒത്തിരി ഇഷ്ടമായി !പിന്നണിയിലെ എല്ലാ നല്ല മനസ്സുകള്‍ ക്കും നിറഞ്ഞ അഭിനന്ദനങ്ങള്‍!

divya / ദിവ്യ said...

കിരണ്‍സേ
കണ്ടാല്‍ തന്റെടിയെന്നു തോന്നുമെങ്ങിലും കാര്യതോടടുതാല്‍ ഞാന്‍ ഒരു പേടിതോണ്ടിയാനെ....സ്റ്റുഡിയോയില്‍ വെച്ച് എനിക്ക് പേടി ഇല്ലരുന്നെന്നാണോ? എന്റെ അമ്മെ..ഞാനും ദൈവങ്ങളെ ഒക്കെ വിളിച്ചു...പിന്നെ, ഒരു അല്‍പ്പം ധൈര്യം ഉണ്ടെന്നുള്ളത് ശെരിയാ..എങ്ങിലും, നിശി ചേട്ടന്‍ തെറി പറയരുതല്ലോ..ആദ്യമായി കാണുന്നതല്ലേ...അതുകൊണ്ട് രണ്ടും കല്‍പ്പിച്ചു അങ്ങ് പാടി...
നിശി ചേട്ടാ
പൊക്കത്തില്‍ എന്ത് കാര്യം?? സംഗീതത്തിന്റെ കാര്യത്തില്‍ ഞാന്‍ എവിടെ കിടക്കുന്നു? ചേട്ടന്‍ എവിടെ കിടക്കുന്നു?? വല്യ അനിയത്തി ആയാലും മതി ട്ടോ..:-)..പാട്ടുകള്‍ അതി ഗംഭീരം..എല്ലാ ഭാവുകങ്ങളും നേരുന്നു...
ദിവ്യ

Kalavallabhan said...

ചെറിയനാടനു ആശം സകൾ
അടുത്ത ലീവിനു പോകുമ്പോൾ സീഡി വാങ്ങണം

Anonymous said...

ABHINANDANANGAL!!! I NEED YOUR CD COLLECTIONS WHEN I BACK. by SUBASH SADANANDAN FROM KUWAIT. E mail- sadanandansubash@yahoo.com

അമ്പിളി. said...

Enikku Thangalude pattu open cheyyan kazhiyunnillallo. Enthanennariyilla.Orupadu divasangalayi njan shramikkunnu. Sadhikkunnilla. CD kittan valla margavaum undo? Kindly Inform me.
Ithrayadhikam nalla abhiprayangalulla aa bhakthi ganangal kelkkan kazhiyathathu ende theera nashtam thanne. Pakshe thangalude nadine pattiyulla vivaranavum pattezhuthu reethikalum vayikkuvan valare hrudyam ayava thanne. Ende Hrudayam Niranja Ashamsakal.