Friday, October 17, 2008

ഓർമ്മകൾക്കെന്തു മധുരം..!!!

സാമ്പത്തികമായി തീരെ താഴ്ന്നതായിരുന്നു അവന്റെ കുടുംബസ്ഥിതി. മാക്രി കരഞ്ഞാൽ വെള്ളം കയറുന്ന മൂന്നേക്കർ നിലമായിരുന്നു ആകെ സമ്പാദ്യം. എന്നേക്കാൾ രണ്ടു വർഷം സീനിയറായിരുന്നെങ്കിലും തമ്മിൽ‘എടാ പോടാ‘ വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഉറ്റ സുഹൃത്തുക്കളായിരുന്നു. മിക്കവാറും ഞങ്ങൾ പതിവായി ഒത്തുകൂടാറുണ്ടായിരുന്നു.

അങ്ങനെയൊരുദിവസം അവനെന്നോടൊരു പെൺകുട്ടിയെക്കുറിച്ചു പറഞ്ഞു. അവന്റെ അമ്മയുടെ വീടിനടുത്തുള്ള കുട്ടിയാണ്. അമ്മവീട്ടിലേക്കുള്ള നിത്യ സന്ദർശനത്തിനിടയിൽ ഇവർ തമ്മിൽ അടുത്തിരുന്നു. നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന വീട്ടിലെ കുട്ടി. അച്ഛനുമമ്മയും ഉയർന്ന ഉദ്യോഗസ്ഥർ. ചേട്ടൻ ബാംഗ്ലൂരിൽ എഞ്ചിനീയർ. എങ്ങനെയെല്ലാം ഗുണിച്ചുഹരിച്ച് നോക്കിയാലും നാട്ടുകാരുടെ കണ്ണിൽ ഒട്ടും ചേരുന്ന ബന്ധമായിരുന്നില്ല അത്. പോരാത്തതിന് ജാതിയും വ്യത്യസ്തം. ആകെയൊരു തൃശൂർപൂര വെടിക്കെട്ടിനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നതായി ദീർഘദർശിയായ ഞാൻ പലതവണ പ്രവചിച്ചിരുന്നെങ്കിലും അവനതു കാര്യമാക്കിയില്ല. എന്നാൽ ഒരിക്കൽ പോലും ഞാൻ അവനെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. അമ്പലമായിരുന്നു ഇവരുടെ കൂടിക്കാഴ്ചാ വേദി. അതിനകത്തു നിന്ന് കണ്ണും കയ്യും മറ്റും തമ്മിൽ കാണിക്കുന്നതു കണ്ട് പലപ്പോഴും ഞാൻ ചിരിച്ചുപോയിട്ടുണ്ട്. അങ്ങനെ അവസാനം ഒരുസുപ്രഭാതത്തിൽ നാട്ടിൽ ഒരു മലനട വെടിക്കെട്ടിനു തീകൊളുത്തി അവർ ഒന്നിച്ചു. ഒരാഴ്ച നാട്ടുകാർക്കും കോളായിരുന്നു. പല കഥകളും അവരുണ്ടാക്കുകയും അവർ തന്നെ തിരുത്തുകയും പിന്നെയും ഉണ്ടാക്കുകയും ചെയ്തു.

ഇന്നവർ ആരെയും ആശ്രയിക്കാതെ മാതൃകാ ദമ്പതികളായി കളിച്ചു ചിരിച്ചും വഴക്കുകൂടിയും കഴിയുന്നു. എന്റെ സുഹൃത്ത് ഇപ്പോൾ സൌദിയിലാണ്. ഇത്തവണ നാട്ടിൽ പോയപ്പോൾ അവന്റെ വീട്ടിൽ ചെന്നിരുന്നു. എന്റെ ഈ കവിത അവനെ പാടിക്കേൾപ്പിച്ചു. അവനും അൽപ്പം കവിതയെഴുത്തുഭ്രാന്തുണ്ടായിരുന്നതിനാൽ കക്ഷിതന്നെ ചില രംഗങ്ങൾ ചേർക്കാൻ പറഞ്ഞു തന്നു. ഇല്ലാത്ത കാര്യങ്ങൾ വെട്ടിക്കളഞ്ഞു. അവസാനം ഇതവന്റെ കഥയായി, കവിതയായി. രണ്ടുസ്മാളും പൂശി (കണക്ക് ശരിയായിരിക്കും, എണ്ണമോർമ്മയില്ല) അവളുണ്ടാക്കിയ കപ്പയും മീങ്കറിയും അടിച്ചു പെരുക്കി മത്സരിച്ചു പാട്ടുംപാടി അയൽക്കാരുടെ ലൈവ് പ്രാക്കും വാങ്ങി അടിച്ചുപൊളിച്ച് ഒരു രാത്രി...


ആരെയോ കാത്തു ഞാനന്നൊരിക്കൽ
ആവഴിയോരത്തു നിന്ന നേരം
മഞ്ഞണിക്കരമുണ്ടുടുത്തേകയായിവ-
ന്നെന്നേക്കൊതിപ്പിച്ചതോർമ്മയുണ്ടോ?, കണ്ണു-
കണ്ണോടിടഞ്ഞതുമോർമ്മയുണ്ടോ?

കാച്ചെണ്ണയൂറും മുടിച്ചുരുളിൽ
കൃഷ്ണത്തുളസിക്കതിർ തിരുകി
എൻ നെഞ്ചിലേക്കൊളിയമ്പെയ്തറിയാതെ-
യെന്നപോൽ നീ നിന്നതോർമ്മയുണ്ടോ? നഖ-
ചിത്രങ്ങൾ കോറിയതോർമ്മയുണ്ടോ?

നാലമ്പലത്തിൻ ചുവർപ്പരപ്പിൽ
രാസകേളീ ശിൽപ്പ ചാരുതയിൽ
നീ മിഴിനട്ടുനിൽക്കേ എൻ നിഴൽകണ്ടു
നാണിച്ചൊളിച്ചതന്നോർമ്മയുണ്ടോ? ഉള്ളി-
ലീണം തുളുമ്പിയതോർമ്മയുണ്ടോ?

ദേവനാറാടും കടവിൽ നീയെൻ
ദേവിയായ് നീരാടി വന്നു നിൽക്കേ
ഈറനോടെൻ വിരിമാറോടു ചേർത്തു ഞാൻ
ചുംബിച്ചുണർത്തിയതോർമ്മയുണ്ടോ?, മിഴി-
പെയ്തൊരാ സന്ധ്യയിന്നോർമ്മയുണ്ടോ?

അലസമെൻ ജാലകവാതിലിൽ ഞാൻ
മിഴിനട്ടു നിന്നൊരാഷാഢ രാവിൽ
അറിയാതെ പിന്നിൽ വന്നെൻ കണ്ണുപൊത്തി നീ
ആരെന്നു ചോദിച്ചതോർമ്മയുണ്ടോ? കുപ്പി-
വള ഞാനുടച്ചതുമോർമ്മയുണ്ടോ?

നീഹാര രശ്മികൾ പൂത്തു നിൽക്കും
ചൈത്ര വിഭാതമപ്പുൽ പ്പരപ്പിൽ
നിന്മടിത്തട്ടിൽ കിടന്നന്നു പാടിയോ-
രെൻ കാവ്യശീലുകൾ ഓർമ്മയുണ്ടോ?, മെയ്യിൽ-
നുള്ളിനോവിച്ചപാടോർമ്മയുണ്ടോ?

ഒരു ഗ്രീഷ്മ ശാഖിയിൽ പൂത്ത നീയും
ഒരു മരുപ്പച്ചയായ് തീർന്ന ഞാനും
പിരിയുവാനാകാതെ ദൂരെയേതോതീര-
മോടിയൊളിച്ചനാളോർമ്മയുണ്ടോ?, നമ്മ-
ളൊന്നിച്ച രാത്രിയിന്നോർമ്മയുണ്ടോ?

ആഴികൾ ചുറ്റും അലയടിക്കേ
അത്തിരയേറ്റു നാം വാടി വീഴ്കേ
ആറടിമണ്ണിലലിഞ്ഞൊന്നുചേരുവാ-
നാശിച്ച ജീവിതമോർമ്മയുണ്ടോ?, ശ്യാമ
മേഘങ്ങൾ പെയ്തതെന്നോർമ്മയുണ്ടോ?

നാഗമാറാടുന്ന മച്ചകത്തിൽ,
നന്മൃദുവെൺപട്ടലർ വിരിപ്പിൽ,
നിന്നിലേക്കെൻ സ്നേഹമാഴവേ, ചാർത്തിയ
കുങ്കുമപ്പൊട്ടുകളോർമ്മയുണ്ടോ?, കണ്ണി-
ലാളും വികാരങ്ങളോർമ്മയുണ്ടോ?

ആരുമില്ലാതെത്ര വർഷകാലം
മുത്തടർന്നീടും മലർക്കുടിലിൽ
കഞ്ഞിയാലുള്ളം നിറഞ്ഞു നാമത്താഴ-
മുണ്ടുകിടന്ന രാവോർമ്മയുണ്ടോ? താര
മെണ്ണിക്കളിച്ചതിന്നോർമ്മയുണ്ടോ?

ചന്ദനം ചാർത്തും വയൽ വരമ്പിൽ
വേർപ്പോലുമെൻ മെയ് തുടച്ചു മന്ദം
ചമ്മന്തിയും കൂട്ടിയുണ്ണുന്നതും നോക്കി
നിൽക്കും നിനക്കെല്ലാമോർമ്മയുണ്ടോ? അന്നു
തന്നോരുരുളകളോർമ്മയുണ്ടോ?

ചിങ്ങക്കതിർവയൽ കൊയ്ത്തുകാലം
നിൻ ചിപ്പിയിൽ മുത്തടർന്ന യാമം
നെഞ്ചോടടുക്കി നീ എന്മണിക്കുഞ്ഞിന-
ന്നമ്മിഞ്ഞ നൽകുന്നതോർമ്മയുണ്ടോ?, തമ്മിൽ
നാം കണ്ടസ്വപ്നങ്ങൾ ഓർമ്മയുണ്ടോ?

മെയ്‌വളരിമ്മിണിക്കൈ വളര്
പിച്ചവച്ചോമനക്കാൽ വളര്
ഓമനത്തിങ്കളും പാടിക്കുറുമ്പിയെ
മാറിയെടുക്കുന്നതോർമ്മയുണ്ടോ? അവൾ
നമ്മേയുറക്കാത്തതോർമ്മയുണ്ടോ?

ഓർമ്മകളോണനിലാവുപോലെ
ഓലുമീയേകാന്ത യാമങ്ങളിൽ
ഓർക്കുമ്പൊളൊക്കെയും നൊമ്പരമെങ്കിലു-
മോർക്കുവാനെത്ര സുഖമതെന്നും, എന്റെ
ഓർമ്മകൾക്കെന്തു മധുരമിന്നും!

(ഓണം എന്റെ ഓർമ്മകൾക്കും മധുരം പകരുന്നു. ഞാൻ എന്റെ പെണ്ണിനെ കണ്ടതും അവൾക്ക് മോതിരമിട്ടതും അവളെ താലിചാർത്തിയതും അലാറം അടിക്കുമ്പോലെ കൃത്യം ഒരുവർഷം കഴിഞ്ഞ് ആറന്മുള ഉത്തൃട്ടാതി വള്ളംകളി അടിച്ചുതകർക്കുമ്പോൾ ഒരുകുന്നു ടെൻഷനുമായി കാത്തു നിന്ന എന്റെ കയ്യിലേക്ക് ഒരു പെൺ‌കുഞ്ഞു വന്നുവീണതുമെല്ലാം ഓണനാളുകളിലായിരുന്നു. അങ്ങനെ ഓണക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായി.... എന്റെ സ്വപ്നങ്ങൾക്കു കൂട്ടായി.... എന്റെ ഓർമ്മകൾക്ക് നിറമായി....)

5 comments:

പൈങ്ങോടന്‍ said...

പോസ്റ്റുകളൊക്കെ വായിച്ചു മച്ചൂ..എല്ലാം നന്നായിരിക്കുന്നൂ.അപ്പോ ഒരാവശ്യം വന്നാല്‍ ഹനുമാന്‍ ഇപ്പഴും റെഡിയാണല്ലോ അല്ലേ :))

പിന്നെ ഇങ്ങിനെ തുരുതുരാ പോസ്റ്റാതെ അ‌ല്പം ഗ്യാപ്പിട്ടു പോസ്റ്റു...എന്നാലല്ലേ രാഗം വരൂ:)

Appu Adyakshari said...

Good!!

with the introduction, kavitha was very enjoyable.

നിരക്ഷരൻ said...

ഒന്നൊന്നര കവിതയാണല്ലോ ? അവന്‍ അവള്‍ക്കെഴുതിയ രസകരമായ പ്രേമലേഖനമെന്തെങ്കിലും കൂട്ടത്തില്‍ പ്രതീക്ഷിച്ചു.

പാഞ്ചാലി said...

ഇത്തരം കവിതകള്‍ ബൂലോകത്ത് വളരെ കുറവാണല്ലോ?
ചില വരികള്‍ വായിച്ചപ്പോള്‍ പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍ത്തു പോയി.
:)

ഒരു സംശയം:

"അലസമെൻ ജാലകവാതിലിൽ ഞാൻ
മിഴിനട്ടു നിന്നൊരാഷാഠ രാവിൽ"

ആഷാഢമാസത്തിലെ രാവാണോ ചെറിയനാടാ ഉദ്ദേശിച്ചത്?
അതോ ആഷാഠത്തിനു വേറെ വല്ല അര്‍ത്ഥവും ഉണ്ടോ?
ആഷാഠമോ ആഷാഢമോ ആഷാഡമോ ശരി?

(മാണിക്യത്തിന്റെ പോസ്റ്റിലെ ചെറിയനാടന്റെ കമന്റ് വായിച്ചിട്ട് ഞാനൊരു ഭൂതക്കണ്ണാടിയുമായി ഇറങ്ങിയതാണ്!)
-:))

G. Nisikanth (നിശി) said...

പാഞ്ചാലീ,

ആഷാഢം തന്നെ ശരി. അടിച്ചതും അങ്ങനെതന്നെ, പക്ഷേ Dha യ്ക്കു പകരം Tha വന്നു പോയെന്നു മാത്രം. തെറ്റു ചൂണ്ടിക്കാട്ടിയതിൽ വളരെ സന്തോഷം. കയ്യോടെ തിരുത്തുന്നു.

നന്ദി

ചെറിയനാടൻ