Tuesday, October 28, 2008

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന….

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ഒരിക്കൽ അമ്മയുണ്ടാക്കിത്തന്ന മാമ്പഴച്ചാറിന്റെ മധുരം നുകർന്നെഴുതിയതാണിത്.

നാമേവരേയും ഒരു ചങ്ങലയിലെ കണ്ണികളാക്കിയ, പരസ്പരം മുഖങ്ങൾ പരിചിതമല്ലെങ്കിലും വിശ്വാസത്തിന്റേയും സ്നേഹത്തിന്റേയും കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയുമൊക്കെ വിവിധ അർത്ഥതലങ്ങൾ നമ്മേ കാട്ടിത്തന്ന, ചിരിക്കാനും ചിന്തിക്കാനും പാടാനും പറയാനുമൊക്കെ നമ്മൾക്കു കൂട്ടായ, നമ്മേ നാമാക്കിയ പോറ്റമ്മയായ മലയാളഭാഷയ്ക്ക് നാം എന്തു പകരം നൽകാൻ....

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ

ചിത്തത്തിൽ നിന്നുമൊരായിരം വർണ്ണമായ്
ചിറകാർന്നുയർന്നിടും ജീവഭാഷ
മുത്തും പവിഴവും പോലുജ്വലിക്കുന്ന
തത്തകൾ കൊഞ്ചുന്ന വേദഭാഷ

അമ്മതൻ നെഞ്ഞിൽ കിനിഞ്ഞ പാൽത്തുള്ളിതൻ
സൗരഭം തൂകിടും ജന്മഭാഷ
അച്ഛന്റെവാൽസല്യലാളനയോടെന്റെ
ആത്മാവുണർത്തുന്ന സ്നേഹഭാഷ

സാന്ദ്രമായ് ശാന്തമായ് സാന്ത്വനമായ് സഹ്യ-
സാനു ചൂടുന്ന ശാലീനഭാഷ
മുക്കോടിമാനസ ചിത്രങ്ങൾ, മാരിവിൽ
മുക്കി വരയ്ക്കുന്ന സ്വപ്നഭാഷ

അറിവിന്റെ സോപാനമേറുവാനേവർക്കു
മാശ്രയമായ വിജ്ഞാനഭാഷ
കാവ്യമായ്, കഥകളായ്, ഗാനങ്ങളായുള്ളി-
ലീണം തുളുമ്പും വികാരഭാഷ

പൊന്നുഷഃസന്ധ്യയിൽ ഭൂപാളമായ്, രാഗ-
മാലികയാർന്ന സാഹിത്യഭാഷ
നന്ദനം പോൽ രമണീയമാം കേരള-
വൃന്ദാവനത്തിൻ വസന്തഭാഷ

ദുഃഖമായ് സ്നേഹമായ് സന്തോഷമായ്, നിത്യ-
മുച്ചരിക്കും ലോകമർത്ത്യഭാഷ
ആയിരമർത്ഥങ്ങളുള്ളിൽ നിറയ്ക്കുന്നൊ-
രാസ്വാദ്യസുന്ദര ഗ്രാമഭാഷ

കൂത്തമ്പലങ്ങളിൽ കോവിലകങ്ങളിൽ
കച്ഛപിമീട്ടിയോരാർദ്ദ്രഭാഷ
ദൂതുമായെത്രയോ കാതരമാനസ
സന്ദേശമേന്തിയ പ്രേമഭാഷ

എൻപ്രേമമുഗ്ദ്ധസങ്കൽപ്പപ്പിറാവിനെ
പാടിയുണർത്തിയോരാത്മഭാഷ
എൻ ഹൃത്സിരാരക്ത ചന്ദനച്ചോപ്പാർന്ന
എന്നെഞാനാക്കിയോരെന്റെഭാഷ


“എന്നെ, ഞാനാക്കിയോരെന്റെഭാഷ…”

25 comments:

അരുണ്‍ കരിമുട്ടം said...

എല്ലാം വായിച്ചു,ഇഷ്ടായി.ഒരുപാട് ഇഷ്ടമായത് ദുഃഖപുത്രിയാ...
നന്നായിരിക്കുന്നു

പ്രയാസി said...

“മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ“

ചേട്ടാ നല്ല വരികള്‍

മാണിക്യം said...

നല്ല ഒരു മാമ്പഴപുളിശ്ശേരി
കൂട്ടിയുണ്ട സുഖം...
എന്നെഞാനാക്കിയോരെന്റെഭാഷ!
അതെ മലയാളത്തിന് ഇതിലും വലിയ
ഒരു നിര്‍വചനം ചേര്‍ക്കാനില്ല ...
ചെറിയനാടാ കേരളപ്പിറവിദിനാശംസകള്‍!

പൈങ്ങോടന്‍ said...


മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ



ഈ വരികള്‍ അതീവഹൃദ്യം.
നിങ്ങള് ചെറിയനാടനല്ല, ഇമ്മിണി വെല്ല്യ ഒരു വലിയനാടനാ :)

nandakumar said...

ചെറിയാനാടന്‍, നന്നായിരിക്കുന്നു. ഭംഗിവാക്കല്ല. തീര്‍ച്ചയായും നന്നായിരിക്കുന്നു. തുടരൂ. നല്ല വരികള്‍

naakila said...

മാധുര്യമൂറുന്ന ഭാഷ
ഇളനീരുപോലെ തെളിമയുളള വരികള്‍
അഭിനന്ദനങ്ങള്‍

കാപ്പിലാന്‍ said...

ഇതൊരു ചെറിയ നാടന്‍ അല്ല ,വലിയ നാടന്‍ .

കാപ്പിരികളുടെ നാട്ടിലെ തമ്പുരാനേ .നന്നായിരിക്കുന്നു ഈ പദ്യം .മാമ്പഴ ചാര്‍ ഒഴുകുന്ന ഈ മലയാള ഭാക്ഷ .

വിജയലക്ഷ്മി said...

ചെറിയനാടന്‍ ......

മാമ്പഴച്ചാറിന്റെ മാധുര്യത്തേക്കാള്‍ മധുരമുണ്ട് ഈ കവിതയ്ക്ക് .നല്ലവരികള്‍ എനിക്കൊരുപാടിഷ്ട്ടമായിമോനെ.നന്മകള്‍ നേരുന്നു , വീണ്ടും വരാം ....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ കവിതയുടെ കുറച്ചു ഒരു കമന്റാക്കി എനിക്കു തന്നതിനു നന്ദി.‘മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ“ഇതില്‍ എല്ലാം ഉണ്ടല്ലോ.അസ്സലായിരിക്കുന്നു കെട്ടോ.

ഇവിടെ ഈ വഴിയില്‍ ഇതാദ്യമാണ്. എല്ലാ പോസ്റ്റുകളും വായിച്ചിട്ടു വരാ‍ാം

G. Nisikanth (നിശി) said...

അരുണേ, നന്ദിയനിയാ. ദുഃഖപുത്രി എന്ന കവിത എന്നെ തുടർന്നും എഴുതാൻ പ്രേരിപ്പിച്ച ഒന്നാണ്
പ്രയാസീ, ഒത്തിരി നന്ദി
മാണിക്കാമ്മേ, പുളിശേരിയുടെ കാര്യം ഓർമ്മിപ്പിക്കല്ലേ….!
പൈങ്ങോടാ, നമ്മളുപിന്നെ അപ്പുറോം ഇപ്പുറോം അല്ലിയോ! നന്ദി
നന്ദാ, ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം
അനീഷ്, നന്ദി
കാപ്പിലാനേ, എന്നെ വലിയനാടനാക്കിയതിന് സന്തോഷം, എങ്കിലും ചെറിയവനായിരിക്കാനാണിഷ്ടം, നന്ദി
കല്യാണിയമ്മേ, അനുഗ്രഹത്തിനു നന്ദി
കിലുക്കാമ്പെട്ടീ, ഞാനൊന്നു വെറുതേ വന്നു കിലുക്കിയതല്ലേ! കറങ്ങി വാ…!

വന്നുകണ്ടുപോയവരടക്കം എല്ലാർക്കും ഒരായിരം നന്ദി. സമയം പോലെ വരിക

ചെറിയനാടൻ

ഉപാസന || Upasana said...

എനിയ്ക്കും ഭക്ഷണത്തിന് എന്തെങ്കിലും കിട്ടിയാല്‍ മതി. ഇന്നത് വേണമെന്ന് വാശി പിടിച്ചാലും കിട്ടാത്ത ഒരു ബാല്യ്മായിരുന്നു എന്റേത്.

ബൈ ദ വേ കവിത കേമം
:-)
ഉപാസന

Unknown said...

chetta....kollaaam

Anonymous said...

kavitha atipoliyayittundu. oru ganam pole manoharam. "en prema mugda sankalppa piravine..... enne njanakkiyorente bhasha", ithil kootuthal enganaanu parayuka.

palarum cherianadante ee site kandittillennu thonnunnu. ellavarkkum oru mail ayaykkoo. ella malayaliyum vayikkendathanu.

snehapoorvam

Renuka G Nair
TVM

മണിലാല്‍ said...

ഹെലോ ചെറിയനാടന്‍.......ബ്ലോഗില്‍ വന്നതില്‍ സന്തോഷം.ബ്ലൊഗിന്റെ താമരനൂല്‍ കെട്ടുപാടുകള്‍ തീരുത്തു വരുന്നതേയുള്ളൂ......വീണ്ടും കാണാം.സ്നേഹത്തോടെ....മണിലാല്‍.

G. Nisikanth (നിശി) said...

ഉപാസനേ, നന്ദി. എല്ലാർക്കുമുണ്ടനിയാ ഇതുപോലെയുള്ള അനുഭവങ്ങൾ. പക്ഷേ, അതെല്ലാം കാലം മായ്ക്കും.

രേണൂ, അഭിനന്ദനങ്ങൾക്കു നന്ദി, മെയിലയയ്ക്കുന്ന കാര്യത്തോടു എനിക്കു താൽ‌പ്പര്യമില്ലായിരുന്നു. മറ്റുള്ളവർ എന്തു കരുതുമെന്ന ഒരു തോന്നൽ. കഴിഞ്ഞ ദിവസം ഏതായാലും അയച്ചേക്കാമെന്നു തീരുമാനിച്ചു. കുറേ സംഘടിപ്പിച്ചിട്ടുണ്ട്. സമയം പോലെ ചെയ്യാം.

മണിലാൽ, വന്നതിൽ സന്തോഷം. താങ്കളുടെ സിനിമാ സംരംഭം എവിടെ വരെയായി? ആശംസകൾ.

ഒറ്റയാന്‍.." നിബന്ധനകളില്ലാത്ത നിരുപദ്രവകാരി said...

ഉഗ്രനായിട്ടുണ്ട്...അഭിനന്ദനങ്ങള്‍..

Anonymous said...

Nice and Beautiful....
Like a Song....
Good Lines and Meaning....
Touching the Heart lika a Flower...

All the best, Keep continue.....

ഹരീഷ് തൊടുപുഴ said...

കൊള്ളാം ഭായീ; നന്നായിരിക്കുന്നു....
അര്‍ത്ഥമ്ഉള്ള വരികള്‍...
ആശംസകളോടെ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കവിത ഇഷ്ടപ്പെട്ടു. ഇനിയും വരാം.

ആശംസകള്‍.

sv said...

ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി....

ഇഷ്ടായി...

നന്മകള്‍ നേരുന്നു.

കനല്‍ said...

ബ്ലോഗില്‍ ഒരു നല്ല കവിതകൂടി വായിച്ചതുപോലെ
നന്ദി ചെറിയനാടന്‍
അഭിനന്ദനങ്ങള്‍!!!

G. Nisikanth (നിശി) said...

ഒറ്റയാനേ, നാട്ടുകാരനായിട്ടും ഞാനറിഞ്ഞില്ലല്ലോ, അഭിനന്ദനങ്ങൾക്കു നന്ദി

രാജേഷ്, അഭിപ്രായത്തിനു നന്ദി

വെട്ടിക്കാടൻ, താങ്കളുടെ കവിതകളും ഞാൻ വായിക്കാറുണ്ട്, വന്നുകണ്ടതിന് സന്തോഷം

ഹരീഷ്, വളരെ സന്തോഷം

എസ്.വീ, നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി

കനലേ, ഒരുപാടു സന്തോഷമുണ്ട് കേട്ടോ....

സ്നേഹപൂർവ്വം

ചെറിയനാടൻ

പുതിയ കവിത:

“പറയുവാൻ ഭയമാണെനിക്കെങ്കിലും ഇനി-
പ്പറയാതെ വയ്യാ.....!!“

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാട്ടായി കേള്‍ക്കുമ്പോള്‍ പുളിക്കുന്നെങ്കില്‍ പറയണേ

അക്ഷരപകര്‍ച്ചകള്‍. said...

Ethra nannayi thangal ezhuthiyirikkunnu. Thangalude kavithakalum pattukalum onninonnu mecham. Ashamsakal. Kavithakal ere ishtappedunna njaan veendum varam.

Anonymous said...

Entokkeya ambilichetta ee ezhutivechirikkunnatu. itokke engane sadhikkunnu? enikkishtappettu. abhinandanangal!!! by SUBASH SADANANDAN from KUWAIT. E-MAIL- sadanandansubash@yahoo.com