വീട്ടിലിരുന്നാൽ കേൾക്കാം അമ്പലത്തിൽ കേളികൊട്ട് മുഴങ്ങുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിവസമായിരിക്കും കഥകളി. മിക്കവാറും ഏവൂർ കളിയോഗക്കാരായിരിക്കും നടത്തുക. എങ്കിലും ചിലപ്പോൾ വടക്കു നിന്നും സംഘങ്ങൾ വരാറുണ്ട്. ഇന്നും കഥകളിപ്പദങ്ങൾ കേൾക്കുമ്പോൾ അച്ഛന്റെയോ അപ്പൂപ്പന്റെയോ ഒക്കത്തിരുന്ന് പോയതുമുതൽ ചോറു വാരിവലിച്ചുണ്ട് കട്ടൻ കാപ്പിക്കുള്ള ചില്ലറയുമായി ഇടവഴിയിലൂടെ ഓടിയിരുന്ന നാളുകൾ വരെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിലേക്കു കടന്നു വരും. ഊട്ടുപുരയ്ക്കുള്ളിൽ ചുട്ടികുത്തിന് കിടക്കുന്ന നടന്മാരുടെ അടുത്തു ചെന്ന് അത്ഭുതത്തോടെ ആ കരവിരുതിന്റെ കലയെ ഒപ്പിയെടുക്കുന്ന കണ്ണുമായി കുത്തിയിരിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് ഇപ്പോഴും കൈമോശം വന്നിട്ടില്ല. ഇതാണ് ആകെ ഞാനും കഥകളിയും തമ്മിലുള്ള ഒരു ബന്ധം എന്നു പറയുന്നത്. കൂട്ടിന്, ഇനിയൊരിക്കലും വെളിച്ചം കാണാനാകാത്ത, രണ്ട് ആട്ടക്കഥകൾ ഉൾപ്പെടെ അനേകം കൃതികൾ എഴുതിയെങ്കിലും പുറമേ അറിയപ്പെടാതെ പോയ ഒരു ഗാന്ധിശിഷ്യന്റെ പേരക്കുട്ടിയെന്ന പശ്ചാത്തലവും ഗുരുചെങ്ങന്നൂരിന്റെ നാട്ടുകാരനെന്ന മേൽവിലാസവും പിന്നെ, ഇരുപതാം വയസ്സിൽ മങ്കൊമ്പുശിവശങ്കരപ്പിള്ളയുടെ ജീവചരിത്രം എഴുതാനായി അദ്ദേഹത്തോടൊപ്പം മൂന്നാലുമാസം നടന്ന പ്രവൃത്തി പരിചയവും! കഥകളി മാതൃകയിൽ ഒരു ഗാനം സംഘാടകർ ചെയ്യാനാവശ്യപ്പെട്ടപ്പോഴും ‘നോക്കട്ടേ…’ എന്നു പറയാനുള്ള ആത്മവിശ്വാസം എനിക്കു തന്നതും ഈയൊരു ബന്ധം കൊണ്ടാണ്.
ചില കഥകൾ വായിച്ചും ചിലതു കേട്ടും പരിചയമുണ്ടെന്നതല്ലാതെ കഥകളിയുമായി ബന്ധപ്പെടുത്തി ഒരു ഗാനം ചെയ്യുമ്പോൾ അത് എങ്ങനെ തുടങ്ങണമെന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു. കേൾക്കുന്നവർക്ക് കഥകളിയുടെ ശരിയായ ഭാവം കൊടുക്കുകയും അവരുടെ ചുറ്റും അതിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുകയും വേണമെന്നതാണ് ഇതിലെ വലിയ വെല്ലുവിളി. മാത്രമല്ല പദഘടനയിൽ പരമ്പരാഗത നിഷ്കർഷകൾ പുലർത്തുകയും വേണം. സാധാരണ ഭക്തിഗാന രീതിയിൽ എഴുതാനും കഴിയില്ല. കുറേ ദിവസം മനസ്സു മുഴുവൻ അതിന്റെ പിറകേ ആയിരുന്നു. പലതും മൂളിനോക്കുകയും എഴുതിനോക്കുകയും ചെയ്തു. ഒന്നും അങ്ങോട്ട് തൃപ്തിപ്പെട്ടില്ല. വിചാരിച്ചതുപോലെ കാര്യം അത്ര എളുപ്പമല്ലെന്നു മനസ്സിലായി. അതിനിടയ്ക്ക് ജോലിത്തിരക്കുകളും. പിന്നെ അവധിക്ക് ആഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക്, ഇടയ്ക്ക് ദുബായിൽ ഒരു ദിവസം അനുജനും സുഹൃത്തുക്കൾക്കുമൊപ്പം, പിറ്റേന്ന് തിരുവനന്തപുരത്തേക്ക്, എയർപോർട്ടിൽ നിന്ന് നേരേ കായംകുളത്തുള്ള സ്റ്റുഡിയോയിലേക്ക്. ചെയ്തുവച്ചിരിക്കുന്ന പാട്ടുകളെല്ലാം കേട്ട് മാറ്റങ്ങളെല്ലാം പറഞ്ഞു കൊടുത്തു. കഥകളി അപ്പോഴും ചെയ്യാൻ ബാക്കിയായിരുന്നു. ഓർക്കസ്ട്രേഷൻ വർക്കുകൾ നടക്കുന്നത് എരുവയിലുള്ള രവീസ് ഡിജിറ്റലിലാണ്. കണ്ണനാണ് സൌണ്ട് എഞ്ചിനീയർ, നല്ല പയ്യൻ, നല്ല സ്നേഹം, നല്ല സഹകരണം. ‘കണ്ണാ, നമുക്കൊരു കഥകളിപ്പാട്ടുകാരനെ വേണമല്ലോ, സ്റ്റുഡിയോ റേഞ്ചിൽ പാടാൻ പറ്റുന്ന ആരുണ്ട്’ ഞാൻ തിരക്കി. ‘അതിനല്ലേ അണ്ണാ നമ്മുടെ ശങ്കരങ്കുട്ടിച്ചേട്ടൻ, പുള്ളിയെ വിളിച്ചാൽ മതി, ഇവിടെ അടുത്താ….’ ആശ്വാസമായി, അക്കാര്യം ഞാൻ ഓർത്തിരുന്നില്ല. അവിടെ നിന്നും രണ്ടു കി.മി. ദൂരമേയുള്ളൂ പ്രസിദ്ധ കഥകളി സംഗീതജ്ഞനായ ശ്രീ പത്തിയൂർ ശങ്കരൻകുട്ടിയുടെ വീട്. അദ്ദേഹത്തെ തന്നെ ഉറപ്പിച്ചു.
നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും പാട്ട് ശരിയായില്ല. എനിക്കാകെ വട്ടുപിടിച്ചു. ഈ സാധനം ഇത്ര കൊനഷ്ട് പിടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. ‘മരത്തിനിടയിൽ കാണാമേ…’യും ‘അംഗനേ ഞാൻ അങ്ങുപോവതെങ്ങനെ…?’ യുമൊക്കെ കേട്ടാൽ എത്ര ലളിതം. കാര്യത്തോടടുത്തപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസ്സിലായത്. അങ്ങനെ സീഡിയിലെ അവസാന ഗാനവും മനസ്സിലിട്ട് ഞാൻ നടന്നു. ഇതിനിടയിൽ ആലപ്പുഴയിൽ പോകേണ്ട ഒരാവശ്യം വന്നു. സാധാരണ ചക്കുളത്ത് കാവ് – മുട്ടാർ വഴി കിടങ്ങറയിൽ ചെന്നുപോവുകയോ അല്ലെങ്കിൽ ചങ്ങനാശ്ശേരിവഴി പോവുകയോ ആണ് പതിവ്. അന്ന് ആ പതിവ് തെറ്റിച്ച് നേരേ എടത്വാ – തകഴി വഴി വിട്ടു. അവിടെയുള്ള പ്രശ്നം പമ്പാനദിക്കു കുറുകേയുള്ള തകഴി കടത്താണ്. വലിയ ചങ്ങാടത്തിൽ വണ്ടികേറ്റണം (ഇപ്പോൾ പാലം ആയി). എങ്കിലും അതുവഴി പോകുന്നത് ഒരു രസമാണ്. മനസ്സുകുളിർപ്പിക്കുന്ന പല നാടൻ കാഴ്ചകൾ കാണാം എന്നതാണ് അതിൽ പ്രധാനം. പോരാത്തതിന് നല്ല രസ്യൻ ചെത്തുകള്ളും കപ്പയും കരിമീൻ വറുത്തതും കിട്ടുന്ന ഷാപ്പുകളും കാണാം!! :) അങ്ങനെ അതുവഴി ഒന്നു ചുറ്റി, തകഴിയുടെ വീടും കഴിഞ്ഞ് പടിഞ്ഞാറേക്ക് (പണ്ടൊരിക്കൽ ശങ്കരമംഗലത്ത് ചെന്ന് അദ്ദേഹത്തോടും കാത്തമ്മയോടുമൊപ്പം ഒരു ദിവസം അർമ്മാദിച്ചത് ഓർമ്മവന്നു). കരുമാടിമുതൽ പിന്നെ അമ്പലപ്പുഴവരെ പ്രകൃതിക്ക് ഒരു പ്രത്യേക വശ്യതയാണ്. പച്ചപ്പണിഞ്ഞ് നീണ്ടുപരന്നുകിടക്കുന്ന പാടങ്ങളും കൊതുമ്പുവള്ളങ്ങൾ നീങ്ങുന്ന തോടുകളും പച്ചച്ചേറിന്റെ സുഖമുള്ള മണവും കൊച്ചുകൊച്ചമ്പലങ്ങളും ഓലമേഞ്ഞ കുടിലുകളും; അന്യം നിന്നുപോകുന്ന ഗ്രാമീണതയുടെ നേർ പ്രതീകം. ഇവിടെയൊന്നും ഒരിക്കലും മാറ്റം വരരുതേയെന്ന് ഏതു പ്രകൃതിസ്നേഹിയും നിർദ്ദോഷമായി ആഗ്രഹിച്ചു പോകുന്ന ശാലീനസൌന്ദര്യം. ഒരൽപ്പം ഭാവനയുള്ള ആരെയും കവിയാക്കുന്ന ആ പ്രകൃതിഭംഗിയുമാസ്വദിച്ച് ഞാൻ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയെത്തി.
അകത്ത് കയറണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും അതുവഴി പോകുമ്പോൾ അറിയാതെ നിന്നു പോകും. ക്ഷേത്രത്തിന് തെക്കുവശത്ത് അമ്പലപ്പുഴ വിജയകൃഷ്ണൻ കുളിച്ച് കുട്ടപ്പനായി നിൽക്കുന്നു. കൊമ്പിന്റെ ചേർച്ചകൊണ്ട് കാഴ്ചയിൽ ഗുരുവായൂർ പദ്മനാഭനെ ഓർമ്മിപ്പിക്കുന്ന ഗജവീരൻ. പ്രകൃതിക്ക് ഒരിളം തണുപ്പ്, അവിടെ നിറഞ്ഞു നിന്ന ചന്ദനത്തിരിയുടേയും ചന്ദനത്തിന്റേയും ഗന്ധം ഹൃദയത്തിലേക്ക് അടിച്ചുകയറി. ശാന്തമായ അന്തരീക്ഷം, തെളിഞ്ഞ പ്രഭാതം. നാലമ്പലത്തിലേക്ക് കടക്കാതെ വെളിയിൽ നിന്നുകൊണ്ട് തന്നെ കണ്ണനെ വണങ്ങി. പ്രദക്ഷിണം ചെയ്ത് പടിഞ്ഞാറേ നടയിൽ കൂത്തമ്പലത്തിന്റെ അടുത്തെത്തി അൽപ്പനേരം നിന്നു. ഇരുമ്പുകൂട്ടിൽ നമ്പ്യാരുടെ മിഴാവിരിക്കുന്നതു കണ്ടു. ‘ഉരുതരകടിതടമഥതുടകളുമുടമയിലതിഗംഭീരം…..’ പാടിക്കൊണ്ട് അതുവഴി മെല്ലെ നടക്കുമ്പോൾ റെക്കോഡിൽ യേശുദാസിന്റെ ഒരു ഗാനം, ‘അജിതാ ഹരേ ജയ, മാധവാ…’ കുചേലവൃത്തത്തിലെ അതിമനോഹരമായ ഒരു പദം. പിന്നീടാണ് അതൊരു ഗാനത്തിന്റെ പല്ലവിയുടെ ആദ്യവരിമാത്രമാണെന്ന് മനസ്സിലായത്. ആദ്യമായാണ് ആ ഗാനം ഞാൻ കേൾക്കുന്നത്. അതുമുഴുവൻ കേട്ടുകൊണ്ട് അങ്ങനെ നിന്നു. ‘അജിതാ ഹരേ…’ ഒഴിച്ചാൽ കഥകളിപ്പദവുമായി അതിന് യാതൊരു സാമ്യവുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ തുടക്കം എന്നെ ആകർഷിച്ചു. എങ്കിലും ആ ഗാനം ചെയ്തിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും കഥകളി പശ്ചാത്തലത്തിൽ ഒരു ഗാനമായിരുന്നു എന്റെ മനസ്സിൽ. ഇതുപോലെ പ്രസിദ്ധമായ ഒരു പദം കൊണ്ട് തുടങ്ങിയാൽ നന്നായിരിക്കുമെന്ന് തോന്നി. ആ പദം അന്വേഷിച്ച് അധികം അലയേണ്ടിവന്നില്ല. ‘പുഷ്കര വിലോചനാ….’ മനസ്സിലേക്കോടിക്കേറി. ഹൈദരാലിയുടേയും വെണ്മണി ഹരിദാസിന്റേയും പദങ്ങൾ കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ വച്ചും മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വച്ചും ഞാൻ മുൻപ് കേട്ടിട്ടുണ്ട്. യുറേക്കാ….!!! യുറേക്കാ…. !!! മനസ്സിനു ഇരിക്കപ്പൊറുതിയില്ലാതായി. അതുവഴി വരാൻ തോന്നിയത് ഒരു നിമിത്തം പോലെയായി. യാത്രയെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തി ബുക്കെടുത്തു, സകല ഗുരുക്കന്മാരെയും മനസാ നമിച്ച് ആദ്യവരി കുറിച്ചു….,
“പുഷ്കര വിലോചനാ…”
അത്രയുമേ ഞാൻ എടുത്തുള്ളൂ! പേറ്റന്റുണ്ടായിരുന്നെങ്കിൽ ഒരുകോടി വിലമതിക്കുമായിരുന്ന ഒരു പദം. പിന്നെ എല്ലാം പെട്ടന്നായിരുന്നു, 10-20 മിനിട്ടിനുള്ളിൽ ഗാനം പൂർത്തിയായി. അതിലെ ഓരോ വാക്കും മനസ്സിൽ തോന്നിപ്പിക്കുകയായിരുന്നു എന്നു വേണം പറയാൻ. എഴുതുമ്പോൾ കുചേലനായിരുന്നില്ല, അജാമിളനായിരുന്നു മനസ്സിൽ. കൂടെ സുരുട്ടിയും മദ്ധ്യമാവതിയും എല്ലാം കൂടി ചേർന്ന ഒരു അവിയൽസംഗീതവും. വീണ്ടും വീണ്ടും പാടി നോക്കി വോയ്സ് റെക്കോഡറിൽ പിടിച്ചുവച്ചു. ആദ്യ ശ്ലോകമായി ‘ശാന്താകാരം ഭുജഗശയന’ത്തെ ഒന്നു വെട്ടിമുറിച്ച് പരിഷ്കരിച്ച് എഴുതി. മൂന്നു ദിവസം കഴിഞ്ഞ് നേരേ കമ്മറ്റിക്കാരുമായി പത്തിയൂരിലുള്ള ശങ്കരൻകുട്ടിയുടെ വീട്ടിലേക്ക്. അദ്ദേഹത്തെ കണ്ട് ശ്ലോകവും ഗാനവും പാടികേൾപ്പിച്ചു. റെക്കോഡിങ്ങ് തീയ്യതിയും നിശ്ചയിച്ച് അവിടെ നിന്നും ഇറങ്ങി.
രണ്ടു ദിവസം കഴിഞ്ഞായിരുന്നു റെക്കോഡിങ്. രാവിലെ ഞാൻ സംഘാടകരുമായി വീട്ടിൽ നിന്നിറങ്ങി. പ്രസിദ്ധമായ എരുവ ശ്രീകൃഷ്ണക്ഷേത്രത്തിന് മുൻപിൽ നിർത്തി. പടിഞ്ഞാട്ട് ദർശനം ഉള്ള അപൂർവ്വം ചില ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണിത്. അടുത്തുള്ള കടയിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ‘താംബൂലാഗ്രേ നിവസതി രമ’യെ നുള്ളി നിറുകിൽ വച്ച് അരിഞ്ഞുകൂട്ടിയ വടക്കൻ പുകയിലയും കൂട്ടി സമൃദ്ധമായൊന്നു മുറുക്കി. പിന്നെ കൃഷ്ണന്റെ മുന്നിൽ ചെന്ന് നിന്ന് ‘ഈ കഥകളിക്കാരുടെ മുൻപിൽ എന്നെ നാണം കെടുത്തരുതേ’യെന്ന് ഒരു അഭ്യർത്ഥനയും നടത്തി സ്റ്റുഡിയോയിലേക്ക് തിരിച്ചു. മറ്റു ഗാനങ്ങൾക്ക് ഓർക്കസ്ട്ര സെറ്റു ചെയ്ത സൂര്യനാരായണൻ കഥകളിപ്പാട്ടാണെന്നറിഞ്ഞ് നേരത്തേ മുങ്ങിയിരുന്നു! ഞാൻ ഒറ്റയ്ക്ക് ഇതു കൈകാര്യം ചെയ്യണമെന്നോർത്തപ്പോൾ ഒരു പരവേശം, ചങ്കിടിപ്പ്.
സ്റ്റുഡിയോയിൽ എല്ലാവരും എത്തിയിരുന്നു. ശങ്കരൻ കുട്ടിച്ചേട്ടനോട് റെക്കോഡിങ്ങ് മെത്തേഡെല്ലാം വിവരിച്ചു. ആദ്യം ക്ലിക്കിനൊപ്പിച്ച് പാടുന്നു, വേണമെങ്കിൽ ചേങ്ങിലയും ഇലത്താളവുമാകാം. പിന്നീട് ചെണ്ട അതിനു ശേഷം മദ്ദളം, ഇങ്ങനെ ആയിരിക്കും റെക്കോഡിങ്ങ് എന്നു പറഞ്ഞ് അദ്ദേഹത്തേയും ശിങ്കിടിയേയും ‘കളി നമ്മളോടാ’ എന്ന ഭാവത്തിൽ ഞാൻ സ്റ്റുഡിയോയിലേക്ക് കയറ്റി. റെക്കോഡിങ്ങ് ആരംഭിച്ചു, ശ്ലോകം ഒരു തരത്തിൽ ഒപ്പിച്ചു എന്നു പറയാം. പാട്ട് തുടങ്ങിയപ്പോഴാണ് രസം, ഒന്നും താളത്തിൽ നിൽക്കുന്നില്ല, ശങ്കരങ്കുട്ടി ഒരു തരത്തിൽ പാടുമ്പോൾ ശിങ്കിടി വേറൊരുതരത്തിൽ. താളം ഒരു വഴിക്ക് പാട്ട് വേറൊരു വഴിക്ക് മണി അതിന്റെ വഴിക്ക്!! മണിക്കൂർ രണ്ടു കഴിഞ്ഞിട്ടും പല്ലവി മുഴുമിപ്പിക്കാനായില്ല. ഞങ്ങൾ ആകെ വലഞ്ഞു, മുഷിഞ്ഞു. കണ്ണൻ ഇടയ്ക്കിടെ എന്നെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു. ഇങ്ങനെപോയാൽ നളചരിതം നാലുദിവസമാടുന്ന സമയമെടുത്താലും തീരില്ല. പാട്ടിനു മാത്രമായി എക്കോ, റീവെർബ് തുടങ്ങിയ എഫക്ട് കൊടുക്കേണ്ടതുകൊണ്ടാണ് എല്ലാം പ്രത്യേക ട്രാക്കിൽ പല ടേക്കുകളായി എടുക്കാം എന്ന് വിചാരിച്ചത്. കഥകളിക്ക് ആ സമ്പ്രദായം നടപ്പില്ലെന്ന് തെളിഞ്ഞു. അവസാനം അതു കുളമല്ല ഒരു തടാകമായി രൂപാന്തരപ്പെട്ടു. :)
‘നിശീ…, ഈ ചെണ്ടയും മദ്ദളവുമൊന്നുമില്ലാതെ പാടാനൊരിതില്ല’ ശങ്കരൻ ചേട്ടൻ നയം വ്യക്തമാക്കി. ഇനിയിപ്പോൾ ഒരുമിച്ച് വായിപ്പിക്കുകയേ രക്ഷയുള്ളൂ. ആകെ ഒറ്റമുറി സ്റ്റുഡിയോയിൽ അതെങ്ങനെ നടത്തും? എങ്കിലും മറ്റു വഴികാണാത്തതിനാൽ എല്ലാവരോടും മുറിയിൽ കയറാൻ പറഞ്ഞു, ചെണ്ടയേയും മദ്ദളത്തേയും രണ്ടുമൂലകളിലാക്കി ഇരുത്തി. പാട്ടുകാരെ അങ്ങേയറ്റത്ത് കൊണ്ട് നിർത്തി. പരിപാടി പുനരാരംഭിച്ചു. അപ്പോഴാണ് അതിലും രസം, നേരത്തേ പാട്ടും ക്ലിക്കുമായിരുന്നു പ്രശ്നമേങ്കിൽ ഇപ്പോൾ സർവ്വവും പ്രശ്നമായി!!! ചെണ്ട ഒരു രീതിയിൽ മദ്ദളം അതിന്റെ വഴിക്ക് ചേങ്ങില ഒരുതാളത്തിൽ ഇലത്താളം വേറൊന്നിൽ! വർമ്മയാണെങ്കിൽ അമ്പലപ്പറമ്പിൽ അടിക്കുന്നതുപോലെ ഒരു ചെറിയ മുറിയിൽ ഇരുന്നു ചെണ്ടയിൽ സർവ്വശക്തിയിൽ തകർക്കുകയാണ്. വേറൊരു ശബ്ദവും കേൾക്കാനുമാകുന്നില്ല. അതൊന്നു പറഞ്ഞ് മയപ്പെടുത്തുമ്പോഴേക്കും മദ്ദളം വേറൊരു രീതിയിൽ. കട്ടും സ്റ്റാർട്ടും പറഞ്ഞ് പറഞ്ഞ് എന്റെ കട്ടുപൊട്ടി നട്ടം തിരിഞ്ഞു! എങ്കിലും ഇതു തീർത്തേ അടങ്ങൂ എന്ന വാശിയായിരുന്നു മനസ്സിൽ. ഇടയ്ക്ക് ഏതെങ്കിലും ഒന്നു തെറ്റിയാൽ എല്ലാം ആദ്യം മുതൽ എടുക്കേണ്ട അവസ്ഥ. ആദ്യ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവരെല്ലാം സാഹചര്യത്തോട് ഒന്നു പൊരുത്തപ്പെട്ടു വന്നത്. പിന്നെ എല്ലാം വേഗത്തിലായി. ചില ഉച്ചാരണപ്പിശകുകളും അവ്യക്തതകളും മറ്റും ഇടയ്ക്ക് വന്നുപെട്ടുവെങ്കിലും റീടേക്ക് എടുക്കുന്നതിലെ റിസ്ക് ഓർത്ത് പലതും ഞാൻ വേണ്ടെന്നു വച്ചു. പത്തര മിനിറ്റ് നീളുന്ന ഗാനം തീർന്നപ്പോഴേക്കും വൈകുന്നേരം മൂന്നരയായിരുന്നു. ആറുമണിക്കൂറിനു മേൽ എടുത്തു അതു പൂർത്തിയാകാൻ. പിന്നെ അത്യാവശ്യം വേണ്ട എഫക്ടുകളും മറ്റും കയറ്റി പ്ലേ ചെയ്തു. പാട്ടു തീർന്നിട്ടും കുറേനേരത്തേക്ക് ആരും മിണ്ടിയില്ല. ഒരു നിശ്ശബ്ദത, എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ ഒരു അവസ്ഥ, ഇതിങ്ങനെയായെന്ന് വിശ്വസിക്കാൻ കുറേ സമയമെടുത്തു, അറുമണിക്കൂർ നീണ്ട അദ്ധ്വാനത്തിന്റെ ഫലം, കണ്ണൻ എന്റെ കയ്യിൽ ആവേശത്തോടെ പിടിച്ചു മുറുക്കി…!’ എല്ലാവരുടേയും മുഖങ്ങളിലേക്ക് ഞാൻ മാറിമാറി നോക്കി, എങ്ങും സന്തോഷത്തിന്റെ പ്രകാശവലയം!
ഇത് എന്റെ ഗാനമാണ് എന്നു ഞാൻ അവകാശപ്പെടുന്നില്ല, അതു രൂപപ്പെട്ടതുമുതൽ അങ്ങനെയായിരുന്നു അതിന്റെ രീതിയും. കളങ്ങൾ കൂട്ടിവച്ച് പല പല രൂപങ്ങൾ ഉണ്ടാക്കുന്ന ഒരു കുട്ടിയുടെ ഭാവനയേ എനിക്കിതിൽ അവകാശപ്പെടാൻ കഴിയൂ. സംഗീതമെന്ന പ്രപഞ്ചത്തിലെ ഒരു പുൽക്കൊടിയാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തി, വാക്കുകൾക്കതീതമായ ഏതോ ഒരു ചേതോവികാരം, അതിൽ ഞാൻ ലയിക്കുന്ന സുഖം, അത്രമാത്രം! ചെയ്തതൊക്കെയും ശരിയോ തെറ്റോ എന്നൊന്നും അറിയില്ല, അതറിയാനുള്ള വിദ്യയും ഞാൻ നേടിയിട്ടില്ല. പക്ഷേ, എവിടെയോ നിന്ന് എന്നിൽ വന്നു പതിച്ച ചില അശരീരികളുടെ മാറ്റൊലിയെ ഇങ്ങനെ പകർത്താനേ എനിക്കറിയാമായിരുന്നുള്ളൂ. അമരപ്രഭുവിനൊപ്പം മരപ്രഭുവും താനാണെന്ന് അവകാശപ്പെട്ട ഒരു ദൈവത്തിന് ഇതും ഇഷ്ടപ്പെടാതെ തരമില്ലല്ലോ..!!?
ഇത്രയും എഴുതിയത് ഒരു ‘വെറും’ പാട്ടിന്റെ പിന്നിലെ അദ്ധ്വാനത്തെക്കുറിച്ച് ഒന്ന് ഓർമ്മപ്പെടുത്തുവാൻ വേണ്ടി മാത്രമാണ്. ഒരുകൂട്ടമാളുകളുടെ നീണ്ടപ്രയത്നം; രചയിതാവിൽ തുടങ്ങി സംഗീതസംവിധായകനിലൂടെ കടന്ന് അനേകം കലാകാരന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും ശബ്ദലേഖകരുടേയും മണിക്കൂറുകളും ദിവസങ്ങളും നീളുന്ന പ്രയത്നത്തിന്റെ ഫലം. അത് പലർക്കും ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. എങ്കിലും, കേട്ട് എന്താണ് അതിലെ നല്ല വശം, എന്താണ് പാകപ്പിഴകൾ എന്ന് ഒരാൾ വ്യക്തമാക്കുമ്പോഴേ അസ്വാദനത്തിന്റെ പൂർണ്ണത കൈവരുന്നുള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു. ഒരുഗാനം നല്ലതോ മോശമോ ആകുന്നത് ഒരു പരിധിവരെ അത് കേൽക്കുന്നവരുടെ ആസ്വാദന നിലവാരത്തേയും അവർ മനസ്സിൽ രൂപപ്പെടുത്തിയിരിക്കുന്ന ഗാനസങ്കൽപ്പത്തേയും അടിസ്ഥാനപ്പെടുത്തിക്കൂടിയായിരിക്കും. അതിൽ ആർക്കും മാറ്റം വരുത്താനുമാകില്ല.
‘കരുണാവാരിധേ’ പോലെ പുലിയൂർകാർക്ക് മാത്രം സ്വന്തപ്പെട്ട ഗാനമാണ് ഇതും. അത്താഴപ്പൂജയ്ക്കു ശേഷം അവരുടെ ദേവന് ഉറക്കുപാട്ടായി പാടാൻ അവർ ഒരുക്കിയ ഗാനം. ഇപ്പോൾ നിങ്ങൾക്കും അത് പങ്കുവയ്ക്കുന്നു.
ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം
ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം
വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം
വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം
പുഷ്കര വിലോചനാ
ത്വൽകഥാ കഥനേന
ഏറിന സുകൃതം പോൽ
വേറെന്തു വേണ്ടൂ വരം…
പരിജനബന്ധോ…. തവ,
സ്മരണയെന്യേ മാം ഹന്ത!
കരളിൽ വിവേകം വാർന്നു
കർമ്മങ്ങൾ ചെയ്ത നാളിൽ
ഗുരുതര ഭവദുഃഖ
ദുരിതമാർന്നയ്യോ, അന്ത്യം
അരികേ വന്നുര ചെയ്തൂ
അരുളീ നീ സൌഖ്യം
പുഷ്കര വിലോചനാ….
മരണം താൻ വന്നീടിലും
തിരുനാമം ഉരചെയ്കിൽ
കരയേറും കാലപാശ
കലിയിൽ നിന്നാരും നൂനം
തൃപ്പുലിയൂരിൽ പള്ളി-
കൊള്ളുമെൻ നാഥാ, പോറ്റീ
ത്വൽക്കഥാസാരം ശുഭം
മംഗളം! മനോഹരം!
പുഷ്കര വിലോചനാ…..
ഇവിടെ നിന്നും വലിയ്ക്കാം / Download from here
Saturday, July 10, 2010
Subscribe to:
Post Comments (Atom)
18 comments:
സംഭവം കൊള്ളാമല്ലോ നിശീ...കഥകളിപ്പദരചനയുടെ തന്ത്രം ഒക്കെ കയ്യിൽ വന്നിട്ടുണ്ട്.
ശങ്കരൻ കുട്ടിയുടെ ആലാപനം കേട്ടില്ല. കേട്ടിട്ട് അഭിപ്രായം ബാക്കി പറയാം.
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
പാട്ട് ഇഷ്ടപ്പെട്ടു. അതുപോലെ ഒരു ഗാനം ഒരുക്കുന്നതിനു പിന്നിലുള്ള കഷ്ടപ്പാടുകള്‍ അതും മനസ്സിലാക്കാന്‍ സാധിച്ചു. ആശംസകള്‍.
കൂടുതല്‍ ഒന്നും പറയാനില്ല! ഈ കഥകളി സംഗീതം ഒരു പാട് ഇഷ്ടമായി! ബാക്കി എപ്പോഴെങ്കിലും വിളിക്കുമ്പോള്‍ നേരിട്ട് പറയാം!
മാഷെ,
അഭിപ്രായം പറയാൻ മാത്രം വിവരം ഇല്ല.
എങ്കിലും ഇത് കേൾക്കാതെ പോയിരുന്നെങ്കിൽ അതൊരു നഷ്ടമാകുമായിരുന്നു എന്ന് ബോധ്യമായി. നന്ദി :)
നിശീ, അതിമനോഹരം. നല്ല സുഖം കേള്‍ക്കാന്‍. പാട്ടുകാരും ഗംഭീരം. ഡൌണ്ലോഡി വച്ചു. പാട്ടൊരുക്കിയ നിശിക്കും പാടിയവര്‍ക്കും പിന്നണിയിലുള്ളവര്‍ക്കും റെക്കോര്‍ഡിങ്ങ് ജോലി ചെയ്തവര്‍ക്കും എല്ലാവര്ക്കും നമസ്കാരം. അത്രയ്ക്ക് ഹാര്ഡ്വര്ക്ക് ഇതിന്റെ പിന്നിലുണ്ടായിരുന്നല്ലോ. പിന്നെ ഇതിന്റെ രാഗവും താളവും കൂടി എന്താണെന്ന് എഴുതിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
ഇതേ ട്യൂണില്‍ തന്നെ ഞാനും ഒരെണ്ണം എഴുതിവയ്ക്കാന്‍ പോവുകാ. വിരോധമില്ലല്ലോ?
assalaayi.ningaloru bahumugha"prathima"yaanu maashe. :)
ee puli puli nnoke kekkaarillye? adanne.
nngal~ njammaLe dosthaannu parayaan abimaanaado njammakk. abimaanam.
visadamaayi olayayakkam pineeed. athibhayangaramaayoru coincidence sambhavichittund.
ഗംഭീരം.
ഭക്തിഗാനങ്ങളിൽ ഇങ്ങനെ പരിപൂർണ്ണകഥകളിത്തം നിറച്ചു കണ്ടിട്ടില്ല. അതും ഒരു പ്രസിദ്ധപദത്തിന്റെ ‘ഫീൽ’ അതേപടി നിലനിർത്തിക്കൊണ്ട്.
റൊക്കൊറ്ഡിങ്ങിലെ സാഹസങ്ങളൊന്നും ഫൈനൽ പ്രോഡക്റ്റിനെ ബാധിച്ച മട്ടില്ല. ചെണ്ടയുടെ ചെറിയ ബീറ്റുകളൊക്കെ എത്ര കൃത്യമായാണ് സ്ഥനത്തു വന്നു വീഴുന്നത്!
ശ്രീ ശങ്കരൻ കുട്ടി ഇതോടെ ഭക്തിഗാനകസ്സറ്റു ഗായകപ്പട്ടം നേടിയ ആളായി. ഒരു വഴിത്തിരിവ്. കഥകളിയ്ക്കുവേണ്ടി പാടുന്ന ശൈലി കുറച്ച് മാറ്റിയിട്ടുണ്ടല്ലോ അദ്ദേഹം.
നിശിയെ സമ്മതിക്കണം. ആവേശം വന്നുകഴിഞ്ഞാൽ ഉദ്ദേശിച്ച കാര്യം നിറവേറ്റാൻ എന്തു ധൈര്യം.
നിശീ, ഇപ്പൊ കേട്ടതുല്പ്പെടെ അഞ്ചു പ്രാവശ്യം കേട്ട് കഴിഞ്ഞു. ഇനിയും എന്തെങ്കിലും ഒന്ന് പറയാതെ പോവാന്‍ പറ്റില്ല...
ഇതുവരെ ഞാന്‍ കേള്‍ക്കാന്‍ മിനക്കെട്ടിട്ടില്ല ഈ കഥകളി സംഗീതം. ഇനി ഞാന്‍ മിനകെട്ടു നിന്ന് കേള്‍ക്കും.
നന്ദി. ഇങ്ങനെ ഒരു വെളിച്ചം തന്നതിന്.
പ്രിയ വി.ശി. ആദ്യം വന്നതിനും പിന്നെ മെയിലിലൂടെ ഗാനത്തെക്കുറിച്ച് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് ഒരു പാട് നന്ദി, സന്തോഷം.
അനിതാ….. നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി, തുടർന്നും സന്ദർശിക്കുക
മണീ… വളരെ വളരെ സന്തോഷം
രാഹുൽ, വളരെ നന്ദി, സന്തോഷം
ഡോണാ, ഈ വഴി വന്നതിന് വളരെ സന്തോഷം. പഴയപോലെ പാട്ടുകളൊന്നും ഇല്ലേ? ഇപ്പോൾ ബസ്സിലാണല്ലോ ഫുൾ ടൈം… :)
ഗീതടീച്ചർ, പാട്ട് എഴുതിയോ? കഴിയുമ്പോൾ കേൾപ്പിക്കുമല്ലോ?
ബഹൂ….. ങ്ങളു മ്മ്ടേ ദോസ്താന്നു പറേന്നത് മ്മക്കും അഭിമാൻടോ… അതിഭയങ്കരമായ എന്തു കോയിൻസിഡൻസ്??
എതിരൻജി, എല്ലാം നമ്മൾ ചർച്ച ചെയ്തെങ്കിലും ഔപചാരികമായ ഒരു വണക്കം, തുടർന്നും ആ സ്നേഹനിർഭരമായ വിലയിരുത്തലുകളും നിരൂപണങ്ങളും ഉണ്ടാകുമല്ലോ…?
ദിലീപ്, ഈ വരവിൽ ഒത്തിരി സന്തോഷം, കഥകളിസംഗീതമെന്ന മഹത്തായ ഒരു ഗാനശാഖയെ ഇതിലൂടെ അറിയാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി ചാരിതാർത്ഥ്യം…
ഒപ്പം പാട്ടുപുസ്തകത്തിലൂടെയും മെയിലുകളിലൂടെയും അഭിപ്രായങ്ങൾ അറിയിച്ച ഏവർക്കും ഒരായിരം നന്ദി….
നിങ്ങളുടെയെല്ലാം നിസ്സീമമായ പിന്തുണയും പ്രചോദനവും ശാസനയും നിരൂപണവും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,
നിറഞ്ഞസ്നേഹമോടെ,
നിശി
Hi chettaa... kollaam ketto.enikku ishtamyi. oru kadhakalipadam full kettittonnumilla. but ithu kettu. Mahadevan ente ishta bhagavan aanu. so bhagavanulla ee urakku pattu valare ishtamayi.
ee gaanathinde bhangiye varnikkan enikku vakkukalilla nishi. Arkkum ishtappedunna oru reethiyanu nishiyude rachanaykku. Ashamsakal. Iniyum ezhuthoo orupadu. Eeswaran anugrahichu kittiya sidhi kondu iniyuminiyum vazhthoo aa para brahmathe. Thangalkku nanmakal nerunnu. Oppam ee gaanam manoharamakkiya athinayi parishramicha ororutharkkum bhavukangal. Eeswaran ellavareyum anugrahikkatte.
ee gaanathinde bhangiye varnikkan enikku vakkukalilla nishi. Arkkum ishtappedunna oru reethiyanu nishiyude rachanaykku. Ashamsakal. Iniyum ezhuthoo orupadu. Eeswaran anugrahichu kittiya sidhi kondu iniyuminiyum vazhthoo aa para brahmathe. Thangalkku nanmakal nerunnu. Oppam ee gaanam manoharamakkiya athinayi parishramicha ororutharkkum bhavukangal. Eeswaran ellavareyum anugrahikkatte.
മനോഹരം നിശീ..അഭിനന്ദനങ്ങള്‍..
ഞാനിത് ഡവുണ്ലോഡി.
ഒരു പാട്ടിനു പിന്നിലുള്ള കഷ്ടപ്പാടുകൾ അറിയാൻ മാത്രമല്ല, അനുഭവിപ്പിക്കാനും കൂടി കഴിഞ്ഞു ഈ പോസ്റ്റിന്.
പാട്ട് ഗംഭീരം! ഞാൻ സിസ്റ്റത്തിൽ സേവ് ചെയ്തു കഴിഞ്ഞു.
Thank you very much Ambily.. aasamsakalkkum bhaavukangalkkum...
Satheesh maashe, valare santhosham, ningallkokke downloadaanalle njaan ithu koduthirikkunnathu...
Thanks Bindu, ellaavarkkum gaanangal ishatappedunnu ennathil santhosham...
ellaavaruteyum sahakaranam, sneham, anugraham thudarnnum undaakumallo...
niranja snehamode
ഒരു പദം പിറന്ന കഥ ! വളരെ ഭംഗിയായൊരു അവതരണം. പാട്ടും വരികളും ഒരുപാടു ഇഷ്ടപ്പെട്ടു ! ഹൃദ്യമായ ആശംസകള്‍ !You are really a Blessed person !
Post a Comment