Wednesday, June 16, 2010

എന്റെ ആദ്യഗാനം!

തുവരെ മാധുരിയുടെ (transliteration software)കൂട്ടിൽ അടയ്ക്കപ്പെട്ടിരുന്ന എന്റെ പാട്ടുകൾ ആദ്യമായി പുറത്തുചാടിയത് ഈ ഗാനത്തോടെയായിരുന്നു. ഒരിക്കലും സഫലമാകില്ലെന്ന് കരുതിയിരുന്ന ഒരു സ്വപ്നം കണ്മുന്നിൽ അരങ്ങേറുന്ന നിർവൃതിയിലായിരുന്നു ഞാൻ. എഴുതിക്കൂട്ടിയിരുന്ന കവിതകളും ഗാനങ്ങളും വായിച്ച് തൃപ്തിപ്പെടാൻ മാത്രമേ അതുവരെ കഴിഞ്ഞിരുന്നുള്ളൂ. ഖത്തറിലെ പ്രവാസകാലത്തിനിടയ്ക്ക് നാട്ടിൽ സൂക്ഷിച്ചിരുന്ന പഴയ കവിതകളുടേയും ഗാനങ്ങളുടേയും മുഴുവൻ കയ്യെഴുത്തു പ്രതികളും ഒരു വാക്കുപോലും അവശേഷിപ്പിക്കാതെ ചിതലുകൾ തിന്ന് വിശപ്പടക്കിയത് ഓർക്കുമ്പോൾ ഇന്നും നഷ്ടബോധം കൊണ്ട് കണ്ണിലിരുട്ടു കയറാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത ധാരാളം കുറിപ്പുകൾ; യാത്രകളിൽ, ഊണിൽ, കുളിക്കിടയിൽ കളിക്കിടയിൽ എന്തിന്, ഉറക്കത്തിനിടയിൽ പോലും ചാടിയെഴുന്നേറ്റ് പണ്ട് കുറിച്ചിട്ടിരുന്നതായ വരികൾ - എല്ലാം നഷ്ടമായി!! പക്ഷേ, അതിലൊക്കെ ഉപരിയായി എന്നെ വേദനിപ്പിക്കുന്നത് അക്കൂട്ടത്തിൽ അച്ചടി നിലച്ച പല ഗ്രന്ഥങ്ങളുടേയും എന്തൊക്കെയോ കുറിച്ചിട്ടിരുന്ന പുരാതനമായ ഓലക്കെട്ടുകളുടേയും നഷ്ടമായിരുന്നു. സംസ്കൃത, മലയാള, തമിഴ് ഭാഷകളിലുള്ള, കാലപ്പഴക്കത്താൽ താളുകൾ ചുവന്ന നിരവധി പുസ്തകങ്ങൾ-പുറംചട്ടയുള്ളതും ഇല്ലാത്തതുമായി, മറ്റെവിടെ നിന്നോ പകർത്തിയെഴുതപ്പെട്ട നീലിച്ച മഷി പടർന്നു തുടങ്ങിയ കയ്യെഴുത്ത് പ്രതികൾ, ആയുർവ്വേദത്തിലെ അമൂല്യങ്ങളായ അറിവുകൾ, നുറുങ്ങുകൾ, താർക്കിക-ജ്യോതിഷ ഗ്രന്ഥങ്ങൾ, മലയാള-സംസ്കൃതശ്ലോകസമാഹാരങ്ങൾ, പഴയ മാസികകൾ, ധാരാളം ആംഗലേയ ആഖ്യായികകൾ-കാവ്യസമാഹാരങ്ങൾ എന്നുവേണ്ട കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന തുച്ഛമായ നോട്ടുകൾ കൂട്ടിവച്ച് പ്രീ-പബ് തവണവ്യവസ്തയിൽ ഞാൻ മോഹിച്ച് വാങ്ങിച്ച ഷെർലക് ഹോംസ് (ചിതലിലുകളെ മാത്രം കുറ്റം പറയരുതല്ലോ സഹായത്തിന് ഇരട്ടവാലന്മാരും ഉണ്ടായിരുന്നു!), വയലാർ-ബഷീർ-ആശാൻ-വള്ളത്തോൾ-ഉള്ളൂർ സമ്പൂർണ്ണകൃതികളും(DC Books) മറ്റു പുസ്തകങ്ങളും തുടങ്ങി പലതട്ടുകളുള്ള രണ്ടു വലിയ അലമാരകളിലായി സൂക്ഷിച്ചിരുന്ന തൊണ്ണൂറുശതമാനവും വെറും അശ്രദ്ധയിൽ മണ്ണുകൂമ്പാരമായിമാറിയിരുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നിധികളിൽ പലതും ഇനിയും വെളിച്ചം കാണാത്തവയുമുണ്ടായിരുന്നു! ഇതു തന്നെ ഭാര്യവീട്ടിലും സംഭവിച്ചു, രണ്ടുവർഷം മുൻപു നടത്തിയ ഒരു നീണ്ട തിരച്ചിലിനൊടുവിൽ കുറേ പഴയ പുസ്തകങ്ങളും രണ്ടുചാക്കു നിറയെ താളിയോലകളും വലിയ കുഴപ്പം കൂടാതെ ഞാൻ രക്ഷിച്ചെടുത്തു. ഇപ്പോൾ അതിന്റെ ഗതിയെന്തായിക്കാണുമോ ആവോ?

കവിത വിട്ട് പാട്ടുകൾ കൂടുതലെഴുതാൻ തുടങ്ങിയത് 95 നു ശേഷമാണ്. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും അക്കാലത്ത് ധാരാളം എഴുതിയിരുന്നു. അവസാനം ചിതലുകൾ തിന്ന് ബാക്കിവച്ച ഈ ഗാനങ്ങളുടെ ചിതയ്ക്ക് തീകൊളുത്തി പിന്നെയെല്ലാം ഒന്നേയെന്നു തുടങ്ങുകയായിരുന്നു. അന്ന് കപ്യൂട്ടറെന്നത് ചിന്തിക്കാൻ പോലുമാകാത്തതിനാൽ ഒന്നും ഇലക്ട്രോണിക് ഫയലായി സൂക്ഷിച്ചു വയ്ക്കാനും സാധിച്ചില്ല. പിന്നീടാണ് ‘മാധുരി’യെന്ന ചെറിയ സോഫ്റ്റ്വേർ കയ്യിൽ കിട്ടുന്നതും അതിൽ രേഖപ്പെടുത്താനാരംഭിച്ചതും. അതിന്റെ സ്രഷ്ടാക്കളോടുള്ള എന്റെ കടപ്പാട് എത്രപറഞ്ഞാലും തീരുകയില്ല. കാരണം, പിന്നീട്, ജോലിത്തിരക്കിനിടയിലും എന്റെ തോന്നലുകൾ പകർത്തിവയ്ക്കാനായത് അതിലൂടെയാണ്. അതിനുശേഷം പല സോഫ്റ്റ്വേറുകളും മലയാളം ടൈപ്പ് ചെയ്യാൻ പ്രചാരത്തിൽ വന്നെങ്കിലും ഞാൻ ഇന്നും എന്റെ പത്തുവയസ്സുള്ള മാധുരിയെ അതിയായി സ്നേഹിക്കുകയും പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോവുകയും ചെയ്തുകൊണ്ടിരിക്കുന്നു :).

അപ്പോൾ പറഞ്ഞ് വന്നത്, എന്റെ ആദ്യ കൊമേഷ്യൽ ഗാനത്തെക്കുറിച്ചാണ്. ഖത്തറിലെ എന്റെ ചില സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടേയും സാമ്പത്തിക സഹായത്തോടെയാണ് “എല്ലാം സ്വാമി” എന്ന അയ്യപ്പ ഭക്തിഗാന ആൽബം 2005 ൽ പുറത്തിറങ്ങുന്നത്. എന്റെ അടുത്ത സുഹൃത്തായിരുന്ന കമൽറോയ് (നടി ഉർവ്വശിയുടെ ഇളയ സഹോദരൻ) ആയിരുന്നു അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചതും അർജ്ജുനൻ മാസ്റ്റർ, പി.ജയച്ചന്ദ്രൻ എന്നിവരെ ബന്ധപ്പെടുത്തി ഇതിന്റെ പണിപ്പുരയിലേക്ക് എത്തിച്ചതും. കഥകൾ ഒരുപാട് പറയാനുള്ള ഒരു വർക്കായിരുന്നത്. ശ്രീ. എം. കെ. അർജ്ജുനൻ മാസ്റ്ററിനും ശ്രീ പി. ജയച്ചന്ദ്രനുമൊപ്പം ആദ്യ ആൽബം ചെയ്യുക എന്നത് എന്നെപ്പോലുള്ള ഒരു നവാഗതന് സങ്കൽ‌പ്പിക്കാനേ കഴിയുമായിരുന്നില്ല. ദിവസം ഒന്നും രണ്ടുമെന്ന കണക്കിൽ എഴുതിക്കൂട്ടിയിരുന്ന ഭക്തിഗാനങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ മൂളി നിർവൃതിയടയുന്നത് കേട്ട് കഷ്ടം തോന്നി ദൈവങ്ങൾ കൂട്ടായ തീരുമാനമെടുത്ത് നൽകിയ ഒരു അവസരമായിരുന്നിരിക്കും ഇത്. പല പല സംഗീത പ്രതിഭകളെക്കാണാനും പരിചയപ്പെടാനും അനുഗ്രഹം വാങ്ങാനും അവരോടൊപ്പം പ്രവർത്തിക്കാനും സാധിച്ചത് ജീവിതത്തിലെ ആകെമൊത്തം സമ്പാദ്യമായി ഞാൻ കരുതുന്നു. അതൊടൊപ്പം ഈ ‘ഞാൻ’ ഒന്നുമല്ലെന്ന ഒരു വലിയ പാഠവും പഠിക്കാൻ കഴിഞ്ഞു!!!

കമലുമൊത്തുള്ള മദ്രാസ് ജീവിതം, ശ്രീ. പി. ജയച്ചന്ദ്രന്റെ ചില ശുണ്ഠികളും നിർബന്ധബുദ്ധിയും, അർജ്ജുനൻ മാഷിന്റെ വാത്സല്യവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ നൈർമ്മല്യവും, ശ്രീകുമാരൻ തമ്പിസാറിനെ കണ്ടുമുട്ടിയത്, ദക്ഷിണാമൂർത്തിസ്വാമിയെ കണ്ടത്, കോതണ്ഡപാണിയിൽ വച്ച് എസ്.പി. ബിയെ നേരിൽ കാണാൻ കഴിഞ്ഞത്, ഒരുമാസത്തിനുള്ളിൽ എട്ടു തവണ ശബരിമല കേറിയത്, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള റോഡരികിലെ മതിലുകളിൽ എല്ലാംസ്വാമിയുടെ പോസ്റ്ററും അതിലെന്റെ പടവും കണ്ട് കുളിരുകോരിയത്:), എറണാകുളം ബസ്റ്റാൻഡിനു വെളിയിലുള്ള കൂറ്റൻ ഫ്ലക്സ്ബോർഡിലെ എന്റെ ചിത്രത്തിൽ നോക്കി അട്ടഹസിച്ചത് :), ഈ കാസറ്റിന്റെ റിലീസിങ്ങിനുശേഷം എല്ലാക്കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്ന, ഞങ്ങൾ രണ്ടുശരീരവും ഒരുമനസ്സുമായിരുന്ന എന്റെ ‘ദിലീപ്’ മരണക്കിടക്കയിൽ ഇതിലെ ‘നിന്റെ മലയിൽ’ എന്ന അവസാനഗാനം എന്നെക്കൊണ്ടുപാടിച്ചും സ്വയം പാടിയും കരഞ്ഞത് - എന്നെ ഇന്നും കരയിച്ചുകൊണ്ടിരിക്കുന്നത്, 33,000 ത്തോളം സീഡി/കാസറ്റുകൾ വിതരണം ചെയ്തെന്ന് എന്നെ അറിയിച്ചിട്ടും 5 പൈസാപോലും ഇന്നേ ദിവസം വരെ വിതരണക്കാർ തരാതിരുന്നത്, കാസെറ്റെന്നും പറഞ്ഞ് വിദേശത്തുണ്ടായിരുന്ന ജോലി രാജിവച്ച് കേരളത്തിന്റെ തെക്കുവടക്ക് അലഞ്ഞുതിരിഞ്ഞത്….. അങ്ങനെ കൊച്ചുകൊച്ചു സന്തോഷങ്ങളും നൊമ്പരങ്ങളുമിടപഴകിയ ഒരിക്കലും മറക്കാനാകാത്ത എന്റെ ആദ്യഗാനസമാഹാരം, “എല്ലാം സ്വാമി”, എനിക്കെന്തിനേക്കാളും മേലെയാകുന്നു, എന്നെ ജീവിത യാഥാർത്ഥ്യത്തിന്റെ, നശ്വരതയുടെ, നാടകീയതയുടെ, പൊയ്മുഖങ്ങളുടെ, സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ വിവിധ പാഠങ്ങൾ പഠിപ്പിച്ചുതന്ന ഒരു പുസ്തകമെന്ന നിലയിൽ!

‘ഭക്തിഗാനങ്ങൾ മാത്രമേ എഴുതാനറിയൂ….’ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതു തന്നെ ഞാനും എന്നോട് ചോദിച്ചിട്ടുണ്ട്! ആ ഒരു ലേബലിൽ നിന്നുള്ള ഒരു താൽക്കാലിക മാറ്റമായിരുന്നു www.eenam.com എന്ന സ്വതന്ത്ര സംഗീത സംരംഭത്തിലെ ‘ഹൃദയം അലിയും നാദം’, ‘അനുരാഗസന്ധ്യ’ എന്നീ ഗാനങ്ങളും തുടർന്ന് അതിൽ തന്നെ ഓണം With ഈണത്തിൽ ‘മലയാളത്തൊടിനീളേ’, ‘ആരോകാതിൽ പാടി’, ‘ശ്രാവണസന്ധ്യേ’ എന്നിവയും. ഈണത്തിലെ ഈ ലളിതഗാനങ്ങൾ എനിക്കു നൽകിയ ആത്മവിശ്വാസവും എന്റെ ചില സുഹൃത്തുക്കളുടെ നിർബന്ധവുമാണ് വൈകാതെ ഒരു പ്രണയഗാനസമാഹാരത്തിന് തുടക്കം കുറിക്കാൻ പ്രേരകമായത്. താമസിക്കാതെ പുറത്തിറങ്ങുന്ന “ഒർമ്മകൾ” എന്ന ഈ ആൽബത്തിൽ മലയാളത്തിലേയും തമിഴിലേയും ബ്ലോഗിലെയും പ്രമുഖഗായകർ അണിനിരക്കുന്നു. രചനയോടൊപ്പം ചില ഗാനങ്ങൾക്ക് സംഗീതം നൽകാനും അവസരം ലഭിച്ചിട്ടുണ്ട്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിലെവിടെ അവശേഷിച്ച ഒരു പൈതൃകത്തിന്റെ തിരുശേഷിപ്പുപോലെ അതും എഴുതുന്ന വരികൾക്കൊപ്പം അറിയാത്ത ഏതോ രാഗത്തിൽ ചാലിച്ച് മനസ്സിലേക്ക് കടന്നുവരാറുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല, ഈ രാഗങ്ങളിൽ ചിലത് ഏതെന്നു മറിയില്ല, എല്ലാം അങ്ങനെ സംഭവിച്ചുപോകുന്നുവെന്നേ പറയാൻ കഴിയൂ! പണ്ട്, മുട്ടിലിഴയുന്ന സമയം മുതലേ അപ്പൂപ്പന്റെ മടിയിലിരുന്നു കേട്ടിരുന്ന കീർത്തനരാഗങ്ങളുടെ ബാക്കിപത്രങ്ങളാകാം. അങ്ങനെ രണ്ടാൽബങ്ങൾക്ക് പൂർണ്ണമായും സംഗീതം നൽകാനും സാധിച്ചിട്ടുണ്ട്.

‘ഗണപതിയേ തുയിലുണരൂ’ എന്ന ‘എല്ലാം സ്വാമി’യിലെ ഈ ഗാനമടക്കം ഇതിലെ മുഴുവൻ ഗാനങ്ങളും എഴുതിയ ശേഷമായിരുന്നു സംഗീതം നൽകിയിരുന്നത്. തിരുത്തുകളൊന്നും വരുത്താതെ തന്നെ ഗാനങ്ങൾ സംഗീതം ചെയ്യാനായത് അന്ന് ഫോണിലൂടെ സംസാരിച്ചപ്പോൾ മാഷ് എടുത്തുപറഞ്ഞിരുന്നു. ഈ ഗാനം പമ്പാ ഗണപതിക്കോവിലിൽ പ്രഭാതത്തിൽ നടതുറക്കുമ്പോൾ ഇടാറുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ അതും ഒരു ഭാഗ്യം. അന്ന് ഗണപതിക്ക് വച്ച് തുടങ്ങിയത് ഇന്നും തുടരുന്നു, ഞാനിതുവരെ കാണാത്ത, കണ്ടുകൊണ്ടിരിക്കുന്ന, അറിയുന്ന, അറിയാത്ത എന്നെ സ്നേഹിക്കുന്നവരുടെ പിന്തുണയോടെ, വിമർശനങ്ങളിലൂടെ, പ്രോത്സാഹനങ്ങളിലൂടെ…….

സസ്നേഹം, നിശി

സംഗീതം : ശ്രീ. എം. കെ. അർജ്ജുനൻ
ആലാപനം : ശ്രീ. പി. ജയച്ചന്ദ്രൻ
ആൽബം : എല്ലാം സ്വാമി
വർഷം : 2005

ഗണപതിയേ തുയിലുണരൂ പമ്പാ-
ഗണപതിയേ തുണയരുളൂ
ആരംഭവിഘ്നങ്ങൾ അകലാനടിയന്റെ
ആത്മാവിൽ നീ വിളങ്ങൂ
കനിയൂ…, അനിശം…. അനുഗ്രഹത്തേൻ ചൊരിയൂ
ചൊരിയൂ….

പ്രണവത്സ്വരൂപാ നിൻ സവിധേ വന്നു
പ്രദക്ഷിണം ചെയ്യുന്നൂ പുരുഷാരം
ആശ്രയഹീനം അലയുന്നോർക്കെന്നും
ആധാരം നിൻ പദ പദ്മം, അതി-
ലവിരാമമെൻ നമസ്കാരം
[ഗംഗണപതയേ നമോ നമഃ
ഗംഗാധരസുത നമോ നമഃ
പമ്പാവാസാ പരമപവിത്രാ
തുമ്പിമുഖേശ്വര തേ നമഃ]

മദഗജവദനാ മലരവിലടഞങ്ങൾ
പൂജയ്ക്കൊരുക്കുന്നൂ തിരുനടയിൽ
വിനയാമഴലാറ്റി നേർവഴികാട്ടിയെൻ
ദുർവ്വിധി നീയൊടുക്കില്ലേ, നിത്യം
കാരുണ്യപ്പാലൊഴുക്കില്ലേ?
[ഗംഗണപതയേ നമോ നമഃ
ലംബോദരവര നമോ നമഃ
ശങ്കരനന്ദന പാർവ്വതീനന്ദന
സുന്ദരകോമള തേ നമഃ]

ഈ ഗാനം കേൾക്കാൻ....


Download MP3

22 comments:

ചെറിയനാടൻ said...

...അന്ന് ഗണപതിക്ക് വച്ച് തുടങ്ങിയത് ഇന്നും തുടരുന്നു, ഞാനിതുവരെ കാണാത്ത, കണ്ടുകൊണ്ടിരിക്കുന്ന, അറിയുന്ന, അറിയാത്ത എന്നെ സ്നേഹിക്കുന്നവരുടെ പിന്തുണയോടെ, വിമർശനങ്ങളിലൂടെ, പ്രോത്സാഹനങ്ങളിലൂടെ……

ദിലീപ് വിശ്വനാഥ് said...

നന്നായിരിക്കുന്നു നിശീ. ഈ ഗാനം ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ നിശീ എഴുതിയതാണെന്ന് അറിയില്ലായിരുന്നു.
പുതിയ ആല്‍ബത്തിന് എല്ലാ ഭാവുകങ്ങളും.

ഉപാസന || Upasana said...

ആള് മോശക്കാരനല്ലല്ലാ
:-)

ഗീത said...

നല്ല ഭക്തിഭാവമുള്ള ഗാനം. ഗണപതി ഭഗവാന്‍ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ നിശീ.

MANIKANDAN [ മണികണ്ഠന്‍‌ ] said...

വളരെ മനോഹരവും ഭക്തിരസം നിറഞ്ഞുനില്‍ക്കുന്നതുമായ ഗാ‍നം. ആശംസകള്‍.

തുമ്പിമുഖേശ്വര ആണോ കുംഭിമുഖേശ്വര ആണോ ശരി. അതോ രണ്ടും ശരിയാണോ?

thahseen said...

നന്നായിട്ടുണ്ട് നിശീ

എതിരന്‍ കതിരവന്‍ said...

അദ്ഭുതകരമായ കഥകളാണാല്ലൊ നിശീ. ഞെട്ടിപ്പിക്കുന്നതും രോമാഞ്ചം കൊള്ളിപ്പിക്കുന്നതും.
ആദ്യ ഗാനം എം. കെ . അർജ്ജുനൻ തന്നെ കമ്പോസ് ചെയ്യുക. ഭാഗ്യം തന്നെ ഇത്.
ഗണപതി തുണയരുളി, ഈ പാട്ടു കൊണ്ട്.

Kiranz..!! said...

വെരി വെരി ഫീകർ ആദ്മി.

ചെറിയനാടൻ said...

ദിലീപ്...., ആദ്യാഭിപ്രായത്തിന് വളരെ നന്ദി. എന്നെ മുന്നോട്ടു നയിച്ചത് ഈ ഗാനമായിരുന്നു.

ഉപാസന...., :-)

ഗീതടീച്ചർ...., കുറേനാളായി കണ്ടിട്ട്. കേട്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി

ചെറിയനാടൻ said...

മണീ..., രണ്ടുരീതിയിലും പ്രയോഗിച്ചുകണ്ടിട്ടുണ്ട്. കുംഭിമുഖൻ സംസ്കൃതമാകുമ്പോൾ ‘തുമ്പി’യുള്ള മുഖത്തോടു കൂടിയവൻ എന്ന അർത്ഥത്തിൽ (ആനയ്ക്കല്ലേ തുമ്പിക്കയ്യുള്ളൂ) തനിമലയാളത്തിൽ ‘തുമ്പിമുഖൻ’ എന്ന് ചില ഭജനകളിൽ കാണുന്നുണ്ട്.
‘വമ്പേറും തമ്പുരാനേ.. തുമ്പിമുഖത്തോനേ...
സന്തതം കാത്തിടേണേ..അപ്പാ തിരുവടിയിൽ
അൻപോടു കൂപ്പിടുന്നേൻ’ (അടിച്ചുപൊളിക്കുന്ന ഒരു പഴയ ഭജനപ്പാട്ടാണ്)

തഹ്സീൻഭായ്..., എത്രനാളായി കണ്ടിട്ട്...? വന്നതിൽ വളരെ സന്തോഷമുണ്ട്....

ചെറിയനാടൻ said...

കതിരേട്ടാ...., നഷ്ടം നഷ്ടം തന്നെയാണ്. പ്രത്യേകിച്ച് ഇനിയൊരിക്കലും കിട്ടാത്ത പുസ്തകങ്ങളാകുമ്പോൾ... പോയത് പോയില്ലേ... പിന്നെ മാഷിനൊത്തു തുടങ്ങാനായത് തന്നെ വലിയ ഭാഗ്യം. അവസാനം എല്ലാംകൂടി കൂട്ടിഗുണിച്ച്‌ഹരിച്ചുനോക്കുമ്പോൾ ഇതൊക്കെയേ കാണുള്ളൂ.. :) പാട്ടുകേൾക്കാൻ വന്നതിന് ഒത്തിരി നന്ദി.

കിരൂ..., ഇന്നലെയെന്നെ ‘കാട’നെന്നു വിളിച്ചു, ഇന്നു ‘ഭീകര’നെന്നും, ഇതിനുമ്മാത്രം ഞാനെന്തു തെറ്റുചെയ്തു ഗോപിയേട്ടാ....:)

ശ്രീ said...

ഇനിയുമൊരുപാട് ഉയരങ്ങള്‍ മാഷിനെ കാത്തിരിയ്ക്കുന്നു മാഷേ...

പൊറാടത്ത് said...

മനോഹരം നിശീ...

ഇതിവിടെ ഷെയർ ചെയ്തതിന് വളരെ നന്ദി

ചിതല്‍/chithal said...

മാണിക്യം എന്റെ ബ്ലോഗിലിട്ട കമന്റ്‌ വഴിയാണ്‌ ഇവിടെയെത്തിയത്‌. അപ്പൊ ഗ്രന്ഥങ്ങളും കടലാസുകളും തിന്നത്‌ ഞാനല്ല എന്ന് ഉല്‍ബോധിപ്പിക്കുന്നു!
ദൈവാനുഗ്രഹമുള്ളയാളാണ്‌ നിശി. അല്ലെങ്കില്‍ ഏത്‌ സമയവും ദൈവത്തെ ധ്യാനിക്കാനും ആ അരൂപിയെ പ്രകീര്‍ത്തിക്കാനും സാധിക്കുമോ? സംഗീതം പഠിച്ചിട്ടില്ലെന്ന് പറഞ്ഞു. അതു പോര. സംഗീതം പഠിക്കണം. പ്രത്യേകിച്ച്‌ സംഗീതസംവിധാനം ചെയ്യുന്ന സ്ഥിതിക്ക്‌. ഭക്തിഗാനങ്ങളാണെങ്കിലും രാഗങ്ങള്‍ക്ക്‌ ഒരുപാട്‌ ഭാവഭേദങ്ങള്‍ വരുത്താന്‍ സാധിക്കും. മോഹനത്തിന്റെ ഭാവമല്ലല്ലൊ ചക്രവാകത്തിന്റേത്‌. ഉള്ളില്‍ ജന്മവാസനയുള്ളതുകൊണ്ട്‌ നിശിക്ക്‌ സംഗീതം വളരെയെളുപ്പം സ്വാംശീകരിച്ചെടുക്കാന്‍ പറ്റും.
ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? സംഗീതം മാത്രമാണോ? എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം പ്രാര്‍ത്ഥനകളും.

ozhakkan said...

നന്നായിട്ടുണ്ട്

ചെറിയനാടൻ said...

ശ്രീ…. ലേറ്റായെങ്കിലും എത്തിയല്ലോ…. സന്തോഷം ഉണ്ട്…

സതീഷ്മാഷേ…. ഷെയർ ചെയ്യാതെ വച്ചിട്ട് എന്തു കാര്യം…. മ്മടെ പാട്ട് എല്ലാരും കേക്കട്ടേന്ന്….

ചെറിയനാടൻ said...

ഈ പ്രായത്തിൽ ഇനി സംഗീതം പഠിക്കാനോ? കതിരിൽ വളം വയ്ക്കുകയോ? അതൊക്കെ ചെറുപ്പത്തിലേ ആകേണ്ടതായിരുന്നു. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ധാരാളമുണ്ട്. അതിനു പ്രായച്ഛിത്തമെന്നോണം എന്റെ കുഞ്ഞിനെ പഠിക്കാൻ വിടുന്നുണ്ട്. പിന്നെ, എത്രയോ പ്രഗത്ഭമതികളായ സംഗീത സംവിധാകരുണ്ട് നമുക്ക്. അവരുടെമുൻപിൽ ഞാനാര്?!

ഭക്തിഗാനങ്ങളും ലളിതഗാന വിഭാഗത്തിൽ പെടുത്താവുന്നവയാണ്. രാഗപ്രയോഗങ്ങൾക്ക് ധാരാളം സാധ്യതകളുമുണ്ട്. പഠിച്ചില്ലെങ്കിലും കേട്ട് കേട്ട് ഒരുവിധം ഐഡിയായൊക്കെയുണ്ട്. അതുകൊണ്ട് കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങളല്ലേ ഇതൊക്കെ.

പിന്നെ, സംഗീതത്തോടും ഗാനങ്ങളോടുമൊപ്പം ഞാനിപ്പോൾ ആഫ്രിക്കയിൽ ജോലിനോക്കുന്നു.

വന്നു പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒത്തിരി സന്തോഷം.

ചിതല്‍/chithal said...

സംഗീതത്തിനു് എന്തു് പ്രായം? ഞങ്ങളുടെ ഭാഗവതരുടെ അടുത്ത്‌ 70 വയസ്സു് കഴിഞ്ഞ ഒരു മാന്യന്‍ പാട്ടു പഠിക്കാന്‍ വന്നിരുന്നതു് ഓര്‍ക്കുന്നു.
പിന്നെ, കേട്ടു മനസ്സിലാക്കുന്നതിനും ഒരു പരിധിയുണ്ടു് എന്നാണു് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതു്. ശാസ്ത്രീയമായ ചിട്ടവട്ടങ്ങളെ വിട്ടേക്കു. എന്നാലും ഉള്ളിലുള്ള സംഗീതത്തിനു് പുറത്തേക്കു വരാന്‍ ഒരുക്കുന്ന പാത ഒരിത്തിരി കൂടി മധുരമാക്കാന്‍ സാധിച്ചാല്‍ അരൂപിയായ ആ ദൈവം ആഹ്ലാദിക്കുകയേ ഉള്ളു!
സ്വന്തം ഇഷ്ടങ്ങള്‍ പിന്‍തുടരുവാന്‍ കഴിയുക എന്നതു് ഒരു ഭാഗ്യമാണു്. അതിനെ പരിപോഷിപ്പിക്കുക എന്നതു് കര്‍മ്മയോഗത്തിന്റെ ലക്ഷ്യവും. അതിലേക്കായി പരിശ്രമിക്കു. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഒരു അവസാന വാചകം കൂടി. എന്തിനാ താരതമ്യം ചെയ്യുന്നതു്? മറ്റുള്ളവരേക്കാള്‍ നമ്മള്‍ നികൃഷ്ടരാണോ? അതൊന്നും ഇല്ല. നമുക്കു പകരം വെക്കാനില്ലാത്ത ഒരു സ്ഥാനം ഈ പ്രപഞ്ചത്തിലുണ്ടു് എന്നാണു് എന്റെ വിശ്വാസം.

Rajesh Raman said...

Priyappetta Koottukaara,

I am proud of you, you are an asset to the malayalam songs industry and you will be get the fame and credit from all malayalees in the coming years....I am sure !

Regards
RAjesh

...sijEEsh... said...
This comment has been removed by the author.
...sijEEsh... said...

നന്നായിട്ടുണ്ട് ...
ഈ കമന്റ്‌ ഇടുമ്പോള്‍ താങ്കളുടെ പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ്...
ആശംസകള്‍ ..

...sijEEsh... said...

നന്നായിട്ടുണ്ട് .. :)