Friday, December 5, 2008

കഴുവേറ്റണം ഇത്തരം കംസന്മാരെ

ഇരിക്കൂറിൽ കഴിഞ്ഞദിവസം ഉണ്ടായ അത്യാഹിതം ആർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. സ്കൂൾ വിട്ടുപോയ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങൾ മദ്യപിച്ചു വാഹനമോടിച്ച ഒരു നരാധമന്റെ ക്രൂരതയ്ക്കിരയായത് എങ്ങനെ സഹിക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷ വളരെ പരിമിതമാണെന്നുള്ളതാണ് സത്യം. പൊതുജനങ്ങൾ നടന്നു നീങ്ങുന്ന റോഡിലൂടെ മദ്യപിച്ച് ഉന്മാദാവസ്ഥയിൽ വാഹനമോടിച്ച് അന്യരുടെ ജീവനു ഭീഷണിയാകുന്ന സർവ്വരേയും ഇൻഡ്യൻ ശിക്ഷാനിയമത്തിലെ മനഃപൂർവ്വമുള്ള നരഹത്യയ്ക്കു തന്നെ കേസെടുത്തു വിചാരണ നടത്തി ശിക്ഷിക്കണമെന്നാണെന്റെ അഭിപ്രായം. അതുമാത്രമല്ല ആജീവനാന്തം വാഹനമോടിക്കുന്നതിൽ നിന്നും ആ വ്യക്തിയെ വിലക്കുകയും വേണം. അത്തരം ശിക്ഷാ നടപടികൾ നടപ്പാക്കപ്പെട്ടാൽ ജനങ്ങൾ കുറേയൊക്കെ ബോധവാന്മാരാകുമെന്ന് കരുതാം. സുബോധത്തോടെ വാഹനമോടിച്ചാൽ തന്നെ അപകടം പെരുകുന്ന ഇക്കാലത്ത് അബോധാവസ്ഥയിൽ ഓടിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് എന്തുപറയാനാണ്. വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവുമില്ലാതെ വാഹനവകുപ്പും നിയമവുമെല്ലാം ഇരുട്ടിൽ തപ്പുകയാണ്. അൽ‌പ്പകാലം കഴിയുമ്പോൾ ഈ ദുരന്തം എല്ലാവരും മറക്കും. പ്രതി ജാമ്യത്തിലിറങ്ങും പത്തും പതിനഞ്ചും കൊല്ലം കേസു നീളും. അവസാനം കുറ്റം തെളിഞ്ഞാൽ കൂടിയാൽ രണ്ടോ മൂന്നോ വർഷം തടവോ തടവോടുകൂടിയുള്ള പിഴയോ ചുമത്തപ്പെടും. പിന്നതപ്പീലിനുപോകും അങ്ങനെ വീണ്ടുമൊരഞ്ചു വർഷം!!!! ഇതാണിവിടെ സാധാരണയായി സംഭവിക്കുന്നത്. ഇത്തരം കുറ്റങ്ങളെ ക്രിമിനൽ കുറ്റങ്ങളായിക്കണ്ട് അടിയന്തരമായി വിചാരണ നടത്തി സംഭവത്തിന്റെ ചിത്രം ജനമനസ്സുകളിൽ നിന്നും മായുന്നതിനുമുൻപ് മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാൽ അതേവർക്കുമുള്ള ശക്തമായ താക്കീതാകും എന്നതിൽ രണ്ടഭിപ്രായമില്ല. അത്തരം നിയമനിർമ്മാണം നടത്താനുള്ള ആർജ്ജവം ജനങ്ങൾ തിരഞ്ഞെടുത്തുവിട്ട പ്രതിനിധികൾ കാണിക്കണമെന്നാണെന്റെ അഭിപ്രായം. അതുപോലെ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികളും ഊർജ്ജിതപ്പെടുത്തേണ്ടതാണ്.

എങ്ങനെയാണ് എന്റെ ദുഃഖം അറിയിക്കേണ്ടത്? എഴുതാൻ വാക്കും കിട്ടുന്നില്ല. എങ്കിലും ഇത്രയും കൂടി…..

എന്റെ മകളുടെ പ്രായമുള്ള, ഞാൻ എന്റെ കുഞ്ഞിനെ എത്രമാത്രം സ്നേഹിക്കുന്നുവോ ഒരുപക്ഷേ അതിലുപരി അച്ഛനമ്മമാർക്കു പൊന്നോമനകളായ, കളിച്ചും ചിരിച്ചും ഒരായിരം കണ്ണുകൾക്ക് കൌതുകമായിരുന്ന, വീട്ടുപടിക്കൽ തന്നെ കാത്തുനിൽക്കുന്ന അമ്മയെ ഓർത്ത് ആടിപ്പാടി നടന്നുപോയി ഒന്നോർക്കാൻ പോലുമാവുന്നതിനുമുൻപേ ഓർമ്മകളായി മറഞ്ഞ ആ ഒൻപതുപൂത്തുമ്പികൾക്ക് നിങ്ങളറിയാത്ത ഒരു മാമന്റെ കണ്ണീരിൽ കുതിർന്ന അന്ത്യചുംബനം....

4 comments:

G. Nisikanth (നിശി) said...

എന്റെ മകളുടെ പ്രായമുള്ള, ഞാൻ എന്റെ കുഞ്ഞിനെ എത്രമാത്രം സ്നേഹിക്കുന്നുവോ ഒരുപക്ഷേ അതിലുപരി അച്ഛനമ്മമാർക്കു പൊന്നോമനകളായ, കളിച്ചും ചിരിച്ചും ഒരായിരം കണ്ണുകൾക്ക് കൌതുകമായിരുന്ന, വീട്ടുപടിക്കൽ തന്നെ കാത്തുനിൽക്കുന്ന അമ്മയെ ഓർത്ത് ആടിപ്പാടി നടന്നുപോയി ഒന്നോർക്കാൻ പോലുമാവുന്നതിനുമുൻപേ ഓർമ്മകളായി മറഞ്ഞ ആ ഒൻപതുപൂത്തുമ്പികൾക്ക് നിങ്ങളറിയാത്ത ഒരു മാമന്റെ കണ്ണീരിൽ കുതിർന്ന അന്ത്യചുംബനം.....

വരവൂരാൻ said...

വേദനിപ്പിച്ചല്ലോ ..... എന്റെയും കണ്ണീരിൽ കുതിർന്ന അന്ത്യചുംബനം.....

മാണിക്യം said...

കരയിച്ചു കളഞ്ഞല്ലോ.
വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ മനക്കരുത്തില്ലാതെ ഞാന്‍ ഒളിച്ചു നടക്കുകയായിരുന്നു..
സന്തതിയുടെ ജഡം കാണണ്ടി വരിക എന്നതാണ്
ഏറ്റവും വലിയ ദൌര്‍‌ഭാഗ്യവും ദുഖവും.

വിരിയും മുന്നെ പൊഴിഞ്ഞ ഈ പിഞ്ചുമക്കള്‍ക്ക് ആദരാംഞ്ജലി

അരുണ്‍ കരിമുട്ടം said...

വിഷമമായി മാഷേ.ഇവനെയൊക്കെ തല്ലി കൊല്ലുകയാ വേണ്ടത്