Saturday, November 22, 2008

പറയാതെ വയ്യാ... !!!

കൊള്ളരുതായ്മകൾ കണ്ടും കേട്ടും സഹികെട്ടു. ഉള്ളിൽ കിടന്നു തികട്ടി വരുന്നത് എത്രകാലമെന്നുവച്ചാണു തിരിച്ചിറക്കുന്നത്. ഇനിപ്പറഞ്ഞിട്ടുതന്നെ കാര്യം....


പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...
പലതും സഹിച്ചുഞാൻ വിങ്ങിനിൽക്കേ, ഒട്ടു-
കരയാതെ വയ്യാ...
നാടേ... സമീപനാശത്തിന്റെ വക്കിൽ നീ
ചൂടേറ്റുവാടി നിൽക്കുമ്പോൾ
നിന്നെയോർത്താലെൻ അശാന്തമാം നെഞ്ചകം
എരിയുന്നു, വയ്യാ....!
ഇന്നുരുകുന്നു; വയ്യാ....!

പുകയും കനൽക്കാടുപോലെയീ മാനവ
പ്പെരുമയ്ക്കുപേർകേട്ടഭൂമി!
പലരും പതിച്ചെടുക്കുന്നു, വിൽക്കുന്നതി-
ന്നഴകാർന്ന മേനി, കീറി-
മുറിയുന്നു ദേഹി!
കള്ളങ്ങൾ, കൊള്ളികൾ, പകൽക്കൊള്ളകൾ, തമ്മിൽ
കണ്ടാൽ ചിരിക്കാത്തപൊയ്മുഖങ്ങൾ
ഒരുതുണ്ടു കയർതൂങ്ങുമാഗ്രഹങ്ങൾ...
പട്ടിണിക്കളപൂത്ത വയലേലകൾ, സ്വപ്ന
വിളമുടിഞ്ഞടിയുന്ന ജീവിതങ്ങൾ, എങ്ങും
കാമപ്പിശാചിന്റെ വാണിഭങ്ങൾ, നോറ്റു
പത്തുപെറ്റലയുന്ന ശരണാർത്ഥികൾ, ഉത്ത-
രായനം തിരയുന്ന ശരശയ്യകൾ, പിന്നെ
ഉദ്യോഗവർഗ്ഗാഗ്നിപവ്വതങ്ങൾ!! തന്റെ
കൊടിയുടെ നിറത്തിലെ തത്വശാസ്ത്രങ്ങൾതൻ
ദാഹം കെടുത്തുന്ന വടിവാളുകൾ!
വിഷപ്പൂവുകൾ, അധികാരസിംഹാസനത്തിലെ
ഒഴിയാത്തബാധകൾ.....!
അലറിത്തിമർക്കുന്ന പേമാരികൾ, ഉരുൾ
പൊട്ടലിൽ ഞെട്ടുന്ന മലയിടങ്ങൾ
കാളകൂടങ്ങൾ, കോളകൾ, ഉറവയൂറ്റീടുമാ-
ഗോളശാപങ്ങൾ...!
ആസന്ന നാശങ്ങൾ...!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...!!

കല്ലടുപ്പെരിയാത്ത മൺകൂരകൾ, കൊടും
കാടുനാടാക്കും പരിഷ്ക്കാരികൾ, കുറേ
തോക്കുകൾ, ലാത്തികൾ, ടിയർഗ്യാസുഷെല്ലുകൾ
സംഹാരതാണ്ടവമാടുന്ന കാക്കികൾ
ഉടുമുണ്ടുരിഞ്ഞിടും മോഹികൾ, വാമൂടി
യമരുന്ന ഭരണപ്രതിച്ഛായകൾ, കൂർത്ത
കല്ലെറിഞ്ഞും തീകൊടുത്തും പഠിക്കും ക-
ലാലയക്കൂത്തുകൾ...!
അത്രമേലാശിച്ച, വിദ്യനിഷേധിച്ച
വിധിയോടിടഞ്ഞു പടിയേറുന്ന മക്കൾ...;
ചാടുന്ന പെണ്മക്കൾ...!!!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...

(കൊടുതായവേനലെൻ തൊലികറുപ്പിക്കുന്നൊ-
രീമണൽക്കാട്ടിൽ
ഒരുനൂറുസ്വപ്നങ്ങളുംകൊണ്ടു ഞാൻപറ-
ന്നെത്തുമിക്കൂട്ടിൽ
നാളെ, മടങ്ങേണമെന്നോർത്തു ഭീതിയാൽ
വിറയുന്നു ദേഹം, ഇനി-
യൊന്നുമേകാണുവാൻ ശേഷിയില്ലാതുയിർ
തേങ്ങുന്നു മൂകം,
ഉള്ളുപിടയുന്നു ദീനം!

നാടേ..., എനിക്കുകാണാനാശയെങ്കിലും
കാണുവാൻ വയ്യാ....!
നീയാർത്തലച്ചിടും കാഴ്ചകൾകണ്ടു മിഴി-
പൂട്ടുവാൻ വയ്യാ...!
ജീവിതപ്രാരബ്ധനീർപ്പോളയായ്‌ പൊങ്ങി-
ഞാൻ വെറുതേ കിടക്കുമ്പോൾ
രാവേറെയായിനിയോരോന്നുമോർത്തൊന്നു-
റങ്ങുവാൻ വയ്യാ....!
ഒട്ടുറങ്ങാതെ വയ്യാ....!)

6 comments:

മാണിക്യം said...

ഒരു ജീവിതം ജീവിച്ചു
തീര്‍ക്കുന്നതിനിടയില്‍
എന്തെല്ലാം കാണണം
കേള്‍ക്കണം അനുഭവിയ്ക്കണം?
സൃഷ്ടികര്‍ത്താവ് പോലും
ഇനിയെന്ത് എന്നുറ്റു നോക്കുന്നു.
നിസഹായത ഇന്ന് ആരുടെ?
ദൈവത്തിന്റെയോ അതോ മനുഷ്യന്റെയോ?
എല്ലാം പിടിച്ചടക്കാനുള്ള അഭിനിവേശം
കൊണ്ടെത്തിക്കുന്നതെവിടെയാണ്?
അവസാനം മനശാന്തിയോടെയുറങ്ങാന്‍
അവനവന്റെ ചെയ്തികള്‍ മാത്രമെ താരാട്ടാവൂ..
.................അതെ!!
“....പറയുവാൻ ഭയമാണെനിക്കെങ്കിലും,
ഇനിപ്പറയാതെ വയ്യാ...”

നല്ല കവിത. നന്മകള്‍ നേരുന്നു ...

ഭൂമിപുത്രി said...

മനസ്സ് മുഴുവൻ പകർന്നിട്ടുണ്ടല്ലൊ

അരുണ്‍ കരിമുട്ടം said...

പറയാതെ വയ്യ എന്ന് മനസ്സിലായി.ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.

K G Suraj said...

' ഉള്ളിലിരമ്പുമൊരു കടല്‍ വരച്ചിട്ടപോല്‍.....'

വിഹ്വലതകള്‍ ..പങ്കു വെക്കപ്പെട്ടിരിക്കുന്നു...
ഇഷ്ട്മായി..
തുടരുമല്ലോ...

Senu Eapen Thomas, Poovathoor said...

ചെറിയനാടാ,

ഒരു എസ്‌.എഫ്‌.ഐക്കാരനു പറയാന്‍ ഭയമോ??

ധൈര്യമായി പറയാം. ഇവിടെ ഞങ്ങള്‍ മാത്രമേയുള്ളു. എന്തും പറയാം...പേടി കൂടാതെ... അങ്ങനെയെങ്കിലും ആ മനസ്സിലെ വിങ്ങല്‍ മാറ്റാമല്ലോ....

ഇനിയും പറഞ്ഞുകൊള്ളു....

സസ്നേഹം,
പഴമ്പുരാണംസ്‌.

മാളൂ said...

“കള്ളങ്ങൾ, കൊള്ളികൾ, പകൽക്കൊള്ളകൾ,
തമ്മിൽ കണ്ടാൽ
ചിരിക്കാത്തപൊയ്മുഖങ്ങൾ”...

ശക്തമായ ഭാഷ.
വായിച്ചു തീര്‍ന്നപ്പോള്‍
ഉറക്കമെന്നെയും വിട്ടകന്നു.

ആശംസകളൊടെ.മാളു