Tuesday, October 21, 2008

ദുഃഖപുത്രി

ന്നാണുഞാൻ കുത്തിക്കുറിക്കാൻ തുടങ്ങിയതെന്നറിയില്ല. എങ്കിലും അഞ്ചിൽ പഠിക്കുമ്പോൾ ആണെന്നാണെന്റെ ഓർമ്മ. ക്ലാസ് ടീച്ചർ ശങ്കരിയമ്മസാർ ആ വർഷത്തെ യുവജനോത്സവത്തിൽ മത്സരിക്കാൻ താൽ‌പ്പര്യമുള്ളവരുടെ പേരുവിവരം ആവശ്യപ്പെട്ടു. അന്നേവരെ ഞാൻ സ്റ്റേജിൽ കയറിയിട്ടുണ്ടായിരുന്നില്ലെങ്കിലും കവിതാ രചന, കഥാ രചന, ഡ്രോയിങ്ങ്, പെയിന്റിങ്ങ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നുവേണ്ട ഒരന്തവും കുന്തവും ഇല്ലാത്ത എല്ലാ ഐറ്റംസിനും ഞാൻ പെരുകൊടുത്തു. എന്നെത്തന്നെ അത്ഭുതപ്പെടുത്തി എന്തിനൊക്കെയോ സമ്മാനങ്ങൾ കിട്ടുകയും ചെയ്തു! പറഞ്ഞു വന്നത് ഞാൻ ആദ്യമായി കവിതയെന്നു പറയുന്നതെന്തോ എഴുതാൻ തുടങ്ങിയതന്നു മുതലാണെന്നു തോന്നുന്നു.

എങ്കിലും ആദ്യമായി ഒരു കവിയരങ്ങിൽ പങ്കെടുത്തത് പതിനഞ്ചാം വയസ്സിലാണ്. അതും ഞാൻ സ്വപ്നംകാണാത്ത ഒരു വേദിയിൽ. മാവേലിക്കരയിലെ ശ്രീ ഏ.ആർ. രാജരാജവർമ്മയുടെ സ്മാരകത്തിൽ നടന്ന വാർഷികാഘോഷത്തിൽ വച്ചായിരുന്നത്. സംഘാടകർ അറിയിച്ചതനുസരിച്ച് അന്നെഴുതിയ ഒരു കവിതയുമായി എന്റെ ഒരകന്ന ബന്ധുവിന്റെ കൂടെ അപ്പൂപ്പന്റെ കസവുകരയുള്ള ഡബിൾ മുണ്ടുമൊക്കെയുടുത്ത് ഗമയിൽ രാവിലെ തന്നെ ഞാനവിടെത്തിച്ചേർന്നു. ധാരാളമാളുകൾ ആ ചെറിയ പൂമുഖത്ത് തിങ്ങി നിറഞ്ഞിരുന്നു. മലയാളഭാഷയ്ക്കും വ്യാകരണത്തിനും മേൽ‌വിലാസമുണ്ടാക്കിയ കേരളപാണിനിയുടെ ജന്മഗൃഹത്തിൽ ആദരവോടെ ഞാൻ വലതുകാൽ വച്ചു കയറി. ഭിത്തിയിൽ തൂക്കിയിരിക്കുന്ന പഴയ ചിത്രങ്ങളൊക്കെ തൊട്ടു തൊട്ട്, ‘കൊണ്ടൽ‌വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനു മുൻപുതാൻ’ എഴുതിയ പേനയും കണ്ട് അത്ഭുതപരവശനായി അവിടെല്ലാം ഞാൻ ഓടിനടന്നു.

ഒപ്പമുണ്ടായിരുന്ന ബന്ധു അവിടെ നിൽക്കുന്ന പ്രമുഖരെയെല്ലാം ‘അതു പ്രൊഫ. എം.കെ.സാനുസാർ, ഇല്ലിരിക്കുന്നത് നരേന്ദ്രപ്രസാദ്, മറ്റേത് ഗുപ്തൻ സാർ, അതിനപ്പുറത്ത് പന്മന രാമചന്ദ്രൻ സാർ, അതിനടുത്ത് വട്ടപ്പറമ്പിൽ ഗോപിനാഥൻ പിള്ളസാർ (ഇദ്ദേഹം വിദ്യാർത്ഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു. സാറിന്റെ ഗൈഡുകളായിരുന്നു പലരും പരീക്ഷയ്ക്ക് വെട്ടിയെടുത്ത് ഡാപ്പായി കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്) പിന്നെ എരുമേലി പരമേശ്വരൻ പിള്ള സാർ, ഏറ്റുമാനൂർ സോമദാസൻ സാർ‘ എന്നു പറഞ്ഞു കാണിച്ചുതരുന്നുണ്ടായിരുന്നു. ഈ സിംഹങ്ങൾക്കും കടുവൾക്കും മുൻപിൽ വിയർത്തൊലിച്ച ഉടുപ്പിനുള്ളിൽ നാലായി മടക്കിയ കടലാസ്സിൽ കുനുകുനെ എഴുതിയ കവിതയുമായി വിറയ്ക്കുന്ന മനസ്സോടെയും കൈകാലുകളോടെയും ഞാൻ ഇരുന്നു. സാഹിത്യ സമ്മേളനവും അക്ഷരശ്ലോകവുമെല്ലാം അരങ്ങു തകർക്കുമ്പോൾ എന്റെ ഹൃദയമിരിക്കുന്ന ഭാഗത്ത് ചെട്ടികുളങ്ങര ഭരണി നടക്കുകയായിരുന്നു.

ഉച്ചയൂണു കഴിഞ്ഞ് കവിയരങ്ങു തുടങ്ങുകയായി. ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, കുരീപ്പുഴ, നീലം പേരൂർ മധുസൂദനൻ നായർ, പഴവിള രമേശൻ തുടങ്ങി ധാരാളം പ്രമുഖർ വേദിയിലും ഗുപ്തൻസാർ അടക്കമുള്ളവർ കേൾ‌വിക്കാരായി സദസ്സിലും നിലയുറപ്പിച്ചു. ഞാനാണെങ്കിൽ എങ്ങും തൊടാതെ ഒരു മൂലയ്ക്കുമാറിയിരുന്നു റിഹേഴ്സൽ നടത്തുകയായിരുന്നു. അങ്ങനങ്ങനെ ഓരോരുത്തരായി ചൊല്ലിച്ചൊല്ലി അവസാ‍നം എന്റെ ഊഴമായി. നടക്കാൻ കാലിനൊരു ബലമില്ലായ്മപോലെ, കൈകൾക്ക് ഒരു കോച്ചിപ്പിടുത്തം, തലയ്ക്കൊരു ഭാരം, വയറ്റിൽ ഒരാന്തൽ; ആകെ വയറിളക്കക്കാരൻ കൂഴച്ചക്ക തിന്നമാതിരി ഒരെന്തോന്ന്. കവിത കാണാതറിയുമായിരുന്നെങ്കിലും പോക്കറ്റിൽ നിന്ന് കടലാസെടുത്തു പിടിച്ചു വേദിയിലേക്ക് തൊഴുതുപിടിച്ചു നടന്നു. മൈക്കിനു മുൻപിലെത്തി ചുറ്റും നോക്കി വീണ്ടുമൊന്നു തൊഴുതു. കയ്യിലിരുന്ന പേപ്പർ കാവടിതുള്ളും പോലെ തുള്ളാൻ തുടങ്ങി. എന്റെ വിനയം കണ്ടെങ്കിലും അവർ പയ്യൻസ് കൊള്ളാമെന്നു പറയട്ടെ എന്നു കരുതി മൂന്നാമതും തൊഴുതു. എല്ലാവർക്കും നമസ്കാരവും അതിനവസരമൊരുക്കിയവർക്കെല്ലാം നന്ദിയും കടപ്പാടും അറിയിച്ച് കവിതയുടെ പേര്, സാംബശിവൻ പറയും‌പോലെ അൽ‌പ്പം കടുപ്പത്തിൽ തന്നെ പറഞ്ഞു. “ദുഃഖപുത്രി” (സിംബൽ!!)

പിന്നെ എത്തിക്കുത്തി,
“ത്രേതായുഗത്തിലെ ദുഃഖപുത്രീ………,” എന്നൽ‌പ്പം നീട്ടി ചൊല്ലി ഞാൻ ബ്രേക്കിട്ടു നിന്നു. പരിഭ്രമം കാരണം, താമരശേരിച്ചുരം കേറുന്ന ഓട്ടോറിക്ഷയെപ്പോലെ എന്റെ ശബ്ദം ഞരങ്ങി വലിഞ്ഞു. തൊണ്ട വറ്റിവരണ്ടുണങ്ങിക്കരിഞ്ഞ് വെടിച്ചുകീറി. ഞാൻ എല്ലാരെയും ഒന്നൊളിഞ്ഞുനോക്കി ഉമിനീരിറക്കി. “പോരട്ടേ…” എന്നർത്ഥത്തിൽ അവർ തലകാണിച്ചു. കാലിനടിയിൽ ഒരു തരിപ്പോ പുളപ്പോ അനുഭവപ്പെട്ടു. എങ്കിലും ചൊല്ലാതെ പോരാൻ പറ്റില്ലല്ലോ, കണ്ണടച്ചു, നേരിട്ടറിയാവുന്ന സകല ദൈവങ്ങളെയും കൂടെ ഒരെക്സ്ട്രാ പ്രൊട്ടെക്ഷനുവേണ്ടി ഗ്രേഡു കൂടിയ കൊട്ടാരക്കര ഗണപതി, ഗുരുവായൂരപ്പൻ, ശബരിമല അയ്യപ്പൻ തുടങ്ങിയവരേയും വിളിച്ചു സഹായമഭ്യർത്ഥിച്ചു ബാക്കി ചൊല്ലി….
“നിന്നെ- യെന്തേ മറന്നുപോയ് രാമായണം കൃതി?”
പിന്നെ തീരും വരെ ഞാൻ കണ്ണു തുറന്നില്ല, ആരെയും കണ്ടില്ല ഏതുരാഗത്തിലാണോ ഏതീണത്തിലാണോ എന്നറിയില്ല എങ്ങനെയൊക്കെയോ ചൊല്ലിത്തീർത്തു. തീർന്നപ്പൊഴേക്കും വേദിയിലിരുന്ന ആരോ എന്റെ പുറത്തുതട്ടിയ പോലെ…. എവിടൊക്കെയോ കയ്യടികേട്ടപോലെ…., അടുത്തുള്ള ടി.ടി.ഐയിലെ സാറുമ്മാർക്കു പഠിക്കുന്ന ചേച്ചിമാർ കുറേപ്പേർ അടുത്തുവന്ന് നന്നായിരുന്നെന്നു പറഞ്ഞ് ആ കവിതയും വാങ്ങിച്ചുകൊണ്ടു പോയി. മേലേപ്പറമ്പിൽ ആൺ‌വീടെന്ന സിനിമയിൽ വേലക്കാരിയായ ശോഭന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുൻപിൽ വന്നുപെട്ട ജഗതിയെ നോക്കുന്നതുപോലെ നരേന്ദ്രപ്രസാദ് സാർ എന്നെ ചുഴിഞ്ഞൊന്നു നോക്കി.

പത്തിരുപതു വർഷം മുൻപു നടന്ന എന്റെ കവിയരങ്ങേറ്റം ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. അതുപോലെ, എനിക്കൊരിക്കലും മറക്കാനാകാത്ത ഈ കവിതയും. രാമായണമൊരിക്കലും ഊർമ്മിളയെ മറന്നിട്ടില്ലെന്നും അർഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നും പലരും പിന്നീട് വാദിച്ചു. ശരിയായിരിക്കാം, പക്ഷേ, ആ ചെറുപ്രായത്തിലെഴുതിയ വരികൾ മാറ്റിമറിച്ചെഴുതാൻ ഈ പ്രായത്തിലും ഞാൻ അശക്തനാവുകയാണ്.

ഇന്നും ദുഃഖപുത്രി ഒരു വിഷാദരാഗമായി എന്റെ മനസ്സിലെവിടെയോ ഇരുന്നു തേങ്ങുന്നു…

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്തേ മറന്നുപോയ് രാമായണം കൃതി?
നീയല്ലേ വർഷം പതിന്നാലയോദ്ധ്യയിൽ
നീറും ഹൃദയവുമായ് നിന്ന മൈഥിലി*?

രാമന്നുതുണയായ് ഗമിച്ചു സീതാദേവി
രാക്ഷസർ വാഴുമാരണ്യാന്തരങ്ങളിൽ
രാപകൽ നിദ്രയൊഴിച്ചായുധം പേറി
രാജീവലോചനൻ സൗമിത്രിയും നിന്നു
വന്യഭോജ്യം തിന്നു ഭർത്തൃസമേതയായ്
ഛായാതലം സപ്രമഞ്ചങ്ങളാക്കിയും
മോഹനം പച്ചത്തുകിൽ ചാർത്തിനിൽക്കുന്ന
കാനനകുഞ്ജങ്ങൾ കൊട്ടാരമാക്കിയും
ശീതളക്കാറ്റിലുദിക്കും വികാരാഗ്നി
വല്ലഭസ്വേദതീർത്ഥത്താൽ കെടുത്തിയും
ലക്ഷ്മണാരണ്യപ്രവാസം ഗ്രഹിച്ചിത്ഥ-
മോർത്തുജീവിക്കാൻ കൊതിച്ചിവൾ ജാനകി*;
ത്രേതായുഗത്തിലെ ദു:ഖപുത്രീ...നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

സൗമിത്രി ലോലവികാരവീണാതന്ത്രി
മീട്ടിയനാളോർത്തു നിർവൃതിപൂണ്ടിവൾ
സാകുലം, ഓർമ്മകൾ ചാമരം വീശുന്ന
സുന്ദരപൗർണ്ണമിരാത്രിയിലിന്ദുവിൻ
ഹൃത്തും ലയിപ്പിക്കുമശ്രുവർഷത്തോടെ
ധാത്രി മലർശയ്യയാക്കി മയങ്ങവേ,
എങ്ങോ മൃദുപാദനിസ്വനം ചുറ്റിലും
സുന്ദരികേട്ടുണ,ർന്നവ്യക്തതയ്ക്കുള്ളിൽ
തന്നാര്യപുത്രനെക്കാണവേ, വേപഥു
ഗാത്രീസവേശം മുഖംതാഴ്ത്തി സുന്ദരൻ
മന്ദം സഹാസമണഞ്ഞു, തഴമ്പാർന്ന
കൈകളിൽ വാടിയ പൂചേർത്തു ചുംബിച്ചു
ശുദ്ധജലംതളി,ച്ചിച്ഛാക്ഷയംവന്നു
വറ്റിവരൊണ്ടരാ ഉദ്യാനകങ്ങളിൽ...

പെട്ടന്നടിച്ച കൊടുങ്കാറ്റിൽ ജാലക-
വാതിലടയവേ, ആസ്വപ്നവും മാഞ്ഞു
ദു:ഖിതചിത്ത, തിമർത്തുവീഴും കാല-
വർഷനിപാതം കൊഴിച്ച തളിർപോലെ,
ഏഴുമാമലകൾക്കുമപ്പുറം നിന്നുകാ-
റ്റേറിയണഞ്ഞ സൗഗന്ധികപ്പൂപോലെ,
വാല്മീകിപാകിയ സ്വർണ്ണാക്ഷരങ്ങൾക്കി-
ടയിൽ വെറും മണ്ണുകോലമായ്മാറിയോ-
ളെങ്കിലു‘മൂർമ്മിളേ...‘ സീതയേക്കാൾ വ്യഥ
കുത്തിമുറിപ്പിച്ചതല്ലേ നിൻ ജീവിതം?
ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

കാമാർത്തയാം ശൂർപ്പണഖാനിശാചരി-
ക്കാത്മ ഭ്രാതാവിനെക്കാട്ടിയ ശ്രീരാമാ…
വിസ്മരിച്ചോ നീ വിയോഗാഗ്നിചുട്ട മ-
നസ്സുമായ്കേഴുന്നൊരിക്കുലകന്യയെ?!
രാമനും സീതയും മാതാക്കളും മറ-
ന്നിപ്പതിഭക്തയെ, ലക്ഷ്മണപത്നിയെ
തീർത്തും നിശ്ശബ്ദതത്തറ്റുടുത്താത്മ
വിചാരമടക്കിയിരുന്നവളാണിവൾ!
ആരണ്യകംതേടി യാത്രയാംവല്ലഭ
വിഗ്രഹം പൂജിച്ചുനിന്നവളാണിവൾ!
മൂന്നമ്മമാരുടെ ദു:ഖഭാഗം പറ്റി-
യെല്ലാം സഹിച്ചുകഴിഞ്ഞവളാണിവൾ!
രജകന്റെപൊയ്‌വാക്കുകേട്ടു സ്വപത്നിയെ
അടവിയിൽ തള്ളിയ ശ്രീരാമചന്ദ്രനെ
ഒറ്റയ്ക്കൊരായിരം വാഗസ്ത്രമെയ്തു ഹാ!
മുട്ടുകുത്തിച്ച വീരാംഗനയാണിവൾ!
വാക് ലംഘനപ്പരീഹാരാർത്ഥമായ് സര-
യൂനദീ നിമ്നത പുൽകിയപ്രാണന്റെ
വേർപ്പാടിലമ്പേ മനംപൊട്ടി, ശേഷിച്ച
കാലമൊരുലപോലെരിഞ്ഞവളാണിവൾ!
കാണ്ഡങ്ങളാറുമീ ഭാരതപുത്രിയെ
വിസ്മരിച്ചെങ്കിലും ശാന്തയായ് നിന്നാത്മ
ബന്ധങ്ങൾ തീർത്തോരുമിച്ചൂളയിൽ സദാ
നീറിയെരിഞ്ഞ സർവംസഹയാണിവൾ!
ഇവളൂർമ്മിള, രാമായണങ്ങളും ആദി-
കവികളും പാടേ മറന്നൊരമ്മ!

പൂജാമുറിക്കുള്ളിൽനിന്നുതിർന്നെത്തുന്നൊ-
രത്തേങ്ങൽകേട്ടുഞാൻ കാതോർത്തുനിൽക്കവേ,
മെല്ലെവാതിൽതുറ,ന്നദ്ദു:ഖമന്റെയും
ദു:ഖമായ് ഞാൻ സ്വയമേറ്റുവാങ്ങീടവേ,
വീർത്തവർത്മങ്ങളും ചോന്നനേത്രങ്ങളും
കണ്ടുഞ്ഞാൻ ഞെട്ടിത്തരിച്ചുനിന്നീടവേ,
മാന്മിഴിക്കോണുകൾ ചോർത്തിയ പൊയ്കയിൽ
വെൺപട്ടുവസ്ത്രങ്ങൾ നീരാട്ടുകൊള്ളവേ,
ഞാൻ ചൊല്ലി, 'ലക്ഷ്മണപത്നീ കരഞ്ഞെന്തി-
നത്തപ്തചിത്തം തളർത്തുന്നു പിന്നെയും
നിൻ കണ്ണുനീർവീണെഴുത്താണികൾ ശപ്ത-
സാഗരഗർത്തത്തിലാഴാതിരിക്കട്ടേ......'

കരയൊല്ലേ പെങ്ങളേ, അറിയുന്നുഞാൻ നിന്റെ,
കരളുരുക്കും ശോകഗാനവരികളെ
അകിലാണു നീ; സുഖഗന്ധം പകർന്നാത്മ-
വേദനപേറിപ്പുകയാൻ പിറന്നവൾ
ശ്രീരാമപത്നിക്കലങ്കാരമേറ്റുവാൻ
സൃഷ്ടിച്ചവിസ്മൃതി നിൻശാപമെങ്കിലും
ഈരക്തമോലും ഞരമ്പുകൾ സോദരീ
നിന്നേയറിയുന്നൂ ഭാരതപുത്രിയായ്
ഓർത്താലഹരിയിൽ കണ്ണീർ തുടയ്ക്കുക,
നിന്നേ മറന്നവരോടു പൊറുക്കുക,
വിശ്വവിഖ്യാതേതിഹാസഭ്രൂണങ്ങളിൽ
വീണ്ടും സുമിത്രാസ്നുഷയായ്തന്നെ വാഴുക.

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യിനിയും മറക്കില്ല ഭാരതസന്തതി!
ഇനിയും മറക്കില്ല ഭാരത സന്തതി!!


*മൈഥിലി, ജാനകി തുടങ്ങിയ പേരുകൾ ഊർമ്മിളയ്ക്കല്ലേ കൂടുതൽ ചേരുക?

10 comments:

മാണിക്യം said...

..

ഓർത്താലഹരിയിൽ കണ്ണീർ തുടയ്ക്കുക,
നിന്നേ മറന്നവരോടു പൊറുക്കുക,


“ദുഃഖപുത്രീ.. ”
നല്ല കവിത,
അതിപ്പോള്‍ ഞാന്‍ പറഞ്ഞിട്ട് വേണോ? എന്നാലും പറഞ്ഞോട്ടെ എനിക്കിഷ്ടമായി. യുവകവിയുടെ വിറക്കുന്നരംഗപ്രവേശം ..
ഞാന്‍ കാണുകയാരുന്നു മൈക്കിനുമുന്നില്‍ കണ്ണും പൂട്ടി നിന്ന് തോണ്ട പൊട്ടിച്ച് ആ സദസ്സിനു മുന്നില്‍ ദുഖപുത്രിയെ വിളിച്ചിറക്കിയ
‘ചെറിയ’ചെറിയനാടനെ.. അഭിനന്ദനങ്ങള്‍!!
സ്നേഹാശംസകളോടെ മാണിക്യം.

പൈങ്ങോടന്‍ said...

അപ്പോ ങ്ങ്‌ള് പുലിയായിരുന്നല്ലേ :)
പിന്നെ കവിതയെക്കുറിച്ച് അഭിപ്രായിക്കാന്‍ എനിക്കറിയ്ല്ല, അതറിയാവുന്നവര്‍ പറയട്ടെ, ഓര്‍മ്മക്കുറിപ്പ് ഇഷ്ടപ്പെട്ടു
പിന്നെ ഞാന്‍ ഗിനിയായിലാ മച്ചൂ?എവിടേയാ?

പാഞ്ചാലി said...

പതിനഞ്ചാം വയസ്സിലെ രചന കൊള്ളാം!
പ്രൊഫൈല്‍ എഡിറ്റ് ചെയ്തല്ലേ? നേരത്തെ പ്രൊഫൈലില്‍ എഴുതിയിരുന്ന "ഹെവി ലോഡ്സ് ഓഫ് ലൈഫും" ഹെലികോപ്റ്ററിന്റെ മുന്‍പില്‍ നില്ക്കുന്ന പടവും കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു "പാവം മനുഷ്യന്‍!" ; "എന്നും ആ ഹെലികോപ്റ്റര്‍ എടുത്തു പൊക്കലായിരിക്കും പണി" എന്ന്!
:)
രചനകള്‍ ഇനിയും പോരട്ടെ!

ഭൂമിപുത്രി said...

ചെറുപ്രായത്തിലെഴുതിയ കവിതയാണെങ്കിൽ,ചെറിയനാടൻ ഒരു ഷേക്ഖാൻഡ്!
ഇപ്പോഴൊന്നും എഴുതാറില്ലേ?

G. Nisikanth (നിശി) said...

മാണിക്യം : അഭിനന്ദനങ്ങൾക്കും ആശംസകൾക്കും ഒരായിരം നന്ദി.

പൈങ്ങോടൻ: എവിടെ, നമ്മളുവെറും എലി! പിന്നെ ഞാൻ അടുത്തുതന്നെയുണ്ട്!

പാഞ്ചാലി : അന്നെഴുതിയപോലെ ഇന്നെഴുതാൻ പറ്റുന്നില്ലല്ലോ എന്ന വിഷമമാണ്. എല്ല്ലാം പോയില്ലേ!!

ഭൂമിപുത്രി : ഷേയ്ൿഹാൻഡിന് തിരിച്ചൊരു ഷേയ്ൿഹാൻഡ്!! :)

അനീഷ് രവീന്ദ്രൻ said...

കവിത വായിക്കാൻ പോയ സീൻ ഒത്തിരി ച്ചിരിപ്പിച്ചു.

കവിത ഒത്തിരി കരയിച്ചു. കവിതയെന്നൊക്കെപ്പറയുമ്പോൾ ഒരു വരി രണ്ടോ മൂന്നോ വട്ടം വായിക്കേണ്ടി വരും എനിക്ക് മനസ്സിലാവാൻ.

ഈ ഒരു ഭാഗം കണ്ണും മനസ്സും നിറച്ചു.

പെട്ടന്നടിച്ച കൊടുങ്കാറ്റിൽ ജാലക-
വാതിലടയവേ, ആസ്വപ്നവും മാഞ്ഞു
ദു:ഖിതചിത്ത, തിമർത്തുവീഴും കാല-
വർഷനിപാതം കൊഴിച്ച തളിർപോലെ,
ഏഴുമാമലകൾക്കുമപ്പുറം നിന്നുകാ-
റ്റേറിയണഞ്ഞ സൗഗന്ധികപ്പൂപോലെ,
വാല്മീകിപാകിയ സ്വർണ്ണാക്ഷരങ്ങൾക്കി-
ടയിൽ വെറും മണ്ണുകോലമായ്മാറിയോ-
ളെങ്കിലു‘മൂർമ്മിളേ...‘ സീതയേക്കാൾ വ്യഥ
കുത്തിമുറിപ്പിച്ചതല്ലേ നിൻ ജീവിതം?
ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

കാമാർത്തയാം ശൂർപ്പണഖാനിശാചരി-
ക്കാത്മ ഭ്രാതാവിനെക്കാട്ടിയ ശ്രീരാമാ…
വിസ്മരിച്ചോ നീ വിയോഗാഗ്നിചുട്ട മ-
നസ്സുമായ്കേഴുന്നൊരിക്കുലകന്യയെ?!

അതിശയോക്തി പറഞ്ഞതല്ല.
കർണ്ണൻ, രാധ, ഊർമ്മിള,അഭിമന്യു, അശ്വത്ഥാമാവ്...അങ്ങനെയൊരു നീണ്ട പട്ടികയോട് എന്നേയുള്ള സഹതാപം. അഗസ്ത്യഹൃദയം നിറച്ചു വെച്ച മനസ്സിൽ ചെറിയനാടൻ ഊർമ്മിളയെ ദുഃഖപുത്രിയായി കുത്തിയിറക്കിയപ്പോൾ പിടിവിട്ടു.

പതിനഞ്ചാം വയസ്സിൽ എന്നു പറഞ്ഞാൽ മധുസൂധനൻ മാഷ് അഗസ്ത്യഹൃദയം എഴുതുന്നതിനും മുൻപ്, ഇങ്ങനെഴുതിയെങ്കിൽ ഇപ്പോ എന്നതായിരിക്കും എന്റെ ഗുരുവായൂരപ്പാ.

സർവ്വം സഹ ഭൂമീദേവി സീതയോ ഊർമ്മിളയോ എന്ന ചോദ്യം മനസ്സിൽ ബാക്കി നിൽക്കുന്നു.

കിടിലം. തുടർന്നേ പറ്റൂ.
ആശംസകൾ!

G. Nisikanth (നിശി) said...

അമ്പിളീ.... (മു.ശി.)

കവിത വായിക്കാൻ തോന്നിയതിന് ഒരുപാട് നന്ദി. സാധാരണ ആരും അതിനു മെനക്കെടാറില്ല. കവിതയിൽ നിന്നു പാട്ടിലേക്കു തിരിഞ്ഞതു കാരണം ഇപ്പോൾ എഴുതാറുമില്ല. എങ്കിലും ഇന്നും എന്നും എനിക്ക് ദുഃഖപുത്രി പ്രിയപ്പെട്ടതാകുന്നു. എന്റെ മനസ്സിലേക്ക് കടന്നു വന്ന അതിലെ ഓരോ വാക്കിനേയും വരികളേയും ഞാൻ അത്ര സ്നേഹിക്കുന്നു. മധുസൂദനൻ സാറിനൊപ്പവും ഇതുചൊല്ലാൻ എനിക്കവസരം ഉണ്ടായിട്ടുണ്ട്.

പിന്നെ നിങ്ങളെപ്പോലെ ഞാനും ഒരു താഴിന്റെ പടമന്വേഷിച്ചു നടക്കുവാ...

ഏതായാലും അഭിപ്രായത്തിനും അഭിനന്ദനങ്ങൾക്കും ഒരുപാടു നന്ദി.

maharana said...

engane oru kavi ente sameepa gramathil undayathil santhoshavum abhimanavum undu.jyan peringilipurathu karan unnu.ella bhavukangalum

Ribu Rajan said...

ഒരു ബാലന്റെ ഭാവനയിലൂടെ….!
അല്ല അതിലും ഒരുപാടു എഴുതി പതിഞ്ഞ ഒരു കവിയുടെ വരികള്‍......
കേട്ട് കഴിഞ്ഞപോള്‍ മനസ് ഒന്ന് തണുത്ത പോലെ ......
മനസ്സില്‍ എന്തോ ഒരു സുഖമുള്ള ശാന്തത .........
വേറെ ഒന്നും പറയണില്ല ചേട്ടാ.....
നമിച്ചിരിക്കുന്നു .....

കൊച്ചുമുതലാളി said...

മനോഹരമായ കവിത!
ആളപ്പോള്‍ ചെറുപ്പത്തിലേ പുപ്പുലി ആയിരുന്നല്ലേ.. :)