Friday, September 14, 2012

മലപോലെ വന്നത്…!!!


മലപോലെ വന്നത്…!!!


ന്തോ അൽഭുതവും കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച iPhone 5 ചീറ്റിപ്പോയ വാണം പോലെ ആയില്ലേ എന്നൊരു സംശയം!  നിലവിൽ മാർക്കറ്റിലുള്ള സാംസംഗ് എസ്3, മോട്ടറോള റേസ്ർ എച്ഡി, എച്റ്റിസി വൺ എക്സ് എന്നിവയുടേയോ കഴിഞ്ഞ ബെർളിൻ ഐഎഫ്സി മേളയിൽ സോണി എക്പീരിയ അവതരിപ്പിച്ച V, T & Tx മോഡലിന്റേയോ കഴിഞ്ഞ മാസം മൈക്രോസോഫ്റ്റും നോക്കിയയും സമ്യുക്തമായവതരിപ്പിച്ച നോക്കിയ ലൂമിന 920 യുടേയോ ഏഴയലത്ത് ഇത് വരുന്നില്ല എന്നതാണ് വിചിത്രം. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപവരെ മുടക്കി ഈ ഫോൺ വാങ്ങാൻ പോകുന്നവരോട് എനിക്ക് വെറും സഹതാപമേയുള്ളൂ.നിലവിൽ iPhone 5, S3, OneX, Xperia T എന്നീ സ്മാർട്ട് ഫോണുകൾ വിലയിരുത്തിയാൽ Benchmark Pi, NenaMark 2, Quadrant തുടങ്ങിയ എല്ലാ ബെഞ്ച് മാർക്ക് സ്കോറുകളിലും മുന്നിൽ നിൽക്കുന്നത് ഇനിയും പുറത്തിറങ്ങാത്ത Sony Xperia T, Tx & V സീരീസുകളിലുള്ള ഫോണുകളാണ് (റേസ്ർലും നോക്കിയയിലും ഇതിലും ഉയർന്ന പ്രോസസറാണ്). നിലവിലെ ഖ്വാഡ്കോർ വമ്പന്മാരായ എസ് 3 & വൺ എക്സ് കൾക്കുപോലും പുതിയ സ്നാപ്ഡ്രാഗൺ MSM8260-A Krait 1.5 Ghz ഡുവൽ കോർ പ്രോസസറിനോട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അഡ്രിനോ 225 ഉം അതിന്റെ ഫീച്ചറിൽ ഗണ്യമായ ഉയർച്ച ഉണ്ടാക്കിയിരിക്കുന്നു. ബ്ലൂടൂത്ത് 4 ഉം 4G DC-HSPA യും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു. മാത്രമല്ല, ഒരു ഫോൺ എന്നതിലുപരി ദൃശ്യ-സംഗീത ആസ്വാദകർക്കായി 1,280 x 720 HD വീഡിയോയും മ്യൂസിക്കിനായി xLoud, 3D Surround, Clear Bass, Clear Stereo യും കൂടാതെ WALKMAN ആപ്ലിക്ക്കേഷനും പുതിയ അനുഭൂതി പകരുമെന്ന കാര്യത്തിൽ സംശയമില്ല. അരഞ്ഞാണം കെട്ടിയ പോലുള്ള Xperia S, P, U എന്നിവയുടെ നിലവാരമില്ലാത്ത ഡിസൈനിൽ നിന്നും വ്യത്യസ്തമായി കർവ്ഡ് ആയ എക്സ്പീരിയ ആർക്കിന്റെ രൂപം ഈ പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത് അതിന്റെ ചന്തം കൂട്ടുന്നു.

ഡിസ്പ്ലേ

ഐഫോൺ 5 ന്റെ മേന്മ എന്തെന്നു പറഞ്ഞാൽ അതിന്റെ ബിൽറ്റ് ക്വളിറ്റിയും കനക്കുറവും ഭാരക്കുറവുമാണ്. റെറ്റിന ഡിപ്ലേ സ്ക്രീനിനു കൂടുതൽ മിഴിവേകുന്നുവെങ്കിലും മറ്റുഫോണുകളും ഒട്ടും പിന്നിലല്ല, മറിച്ച് അൽപ്പം മുന്നിലാണുതാനും. സ്ക്രീൻ റെസലൂഷൻ 1,136 x 640 LED-backlit IPS TFT ആണ് ഐഫോണിന്റേത്. 326 ppi പിക്സൽ ഡെൻസിറ്റിയും ഇതിനുണ്ട്. കോണിങ്ങ് ഗോറില്ല ഗ്ലാസ് സംരക്ഷണവും ഒലിയോഫോബിക് കോട്ടിങ്ങും ഇതിനുണ്ട്. മൾട്ടി ടച്ചിൽ നാലു വിരൽ വരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. 

സാംസങ്ങ് സ്3 യുടേത് Super AMOLED HD capacitive touchscreen ആണ് (ആക്റ്റീവ് മെറ്റ്രിക്സ് ഓർഗാനിക് ലൈറ്റ്-എമിറ്റിങ്ങ് ഡയോഡ്). മൊബൈലിനെ കൂടാതെ ടെലിവിഷനുകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇത് തന്നെ സൂപ്പർ അമോഎൽഇഡി, സൂപ്പർ അമോഎൽഇഡി അഡ്വാൻസ് (Motorola), സൂപ്പർ അമോഎൽഇഡി പ്ലസ് (S2), എച്ഡി സൂപ്പർ അമോഎൽഇഡി (Galaxy Note & S3) എന്നീ വിവിധ തരങ്ങളുണ്ട്. എൽസിഡി ഡിസ്പ്ലേകളേക്കാൾ കോണ്ട്രാസ്റ്റ് കൂടുതൽ കാണിക്കുന്നതിനൊപ്പം കുറഞ്ഞ വൈദ്യുതിമാത്രമേ ഉപയോഗിക്കുന്നുമുള്ളൂ എന്നൊരു പ്രയോജനവുമുണ്ട്. മറ്റൊരു അഡ്വാന്റേജ് സൂര്യപ്രകാശത്തിലും മിഴിവാർന്ന ഡിസ്പ്ലേ ആണ്. വശങ്ങളിൽ നിന്നു നോക്കുമ്പോഴും സ്ക്രീനിൽ ഉള്ളത് വ്യക്തമായി കാണാൻ കഴിയുന്നു. സാംസങ്ങിന്റെ എല്ലാ ഡിസ്പ്ലേകളും AMOLED ഗണത്തിൽ പെട്ടതാണ്. ഐഫോണിനേക്കാൾ കൂടുതൽ റെസല്യൂഷനും എസ്3 ക്കാണ്. എങ്കിലും ppi (പിക്സൽസ് പെർ ഇഞ്ച്) ഐഫോണിനേക്കാൾ കുറവാണ്, 306 മാത്രം.സൂപ്പർ IPS LCD2 കപ്പാസിറ്റിവ് ടച്സ്ക്രീൻ ആണ് വൺ എക്സിൽ. 720 x 1280 സ്ക്രീൻ റെസല്യൂഷനും 312 ppi യും ഇതിനുണ്ട്. 4.7 ഇഞ്ച് വലിയ സ്ക്രീനിനു എസ്3 യേക്കാൾ ബ്രൈറ്റ്നസ് കൂടുതലാണ്. എന്നാൽ ഇതിനു എസ് 3 യുടെ അത്രയും സൺലൈറ്റ് ലെജിബിലിറ്റി ഇല്ല, കോണ്ട്രാസ്റ്റും കുറവാണ്.

IPS TFT ടച്ച് സ്ക്രീനാണ് ലൂമിയയുടേത് (Thin film transistor liquid crystal display). 768 x 1280 പിക്സലിൽ 332 ppi ആണ് ഡെൻസിറ്റി. ഗോറില്ല ഗ്ലാസ് പ്രൊട്ടെക്ഷനൊപ്പം PureMotion HD+ display എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിരിക്കുന്നു. വളരെ വ്യക്തമായി എച്ഡി വീഡിയോ കാണാൻ ഇത് സഹായിക്കുന്നു. ഉയർന്ന കോണ്ട്രാസ്റ്റ് ബ്രൈറ്റ്നെസ് റേഷ്യൂവും ഇതിനുണ്ട്. മാത്രമല്ല സ്ക്രീൻ കോൺവെക്സ് കർവ്ഡും ആണ്. മറ്റുള്ള ഡിസ്പ്ലേകളേക്കാൾ 2.5x ഫാസ്റ്റാണ് ഇതിന്റെ ഡിസ്പ്ലേ എന്ന് നോക്കിയ അവകാശപ്പെടുന്നു.സോണി എക്സ്പീരിയ T, Tx & V സീരീസിലുള്ള ഫോണുകളിൽ 1280 x 720 പിക്സലും 323 ppi ഡെൻസിറ്റിയും ആണുള്ളത്. 4.55 സ്ക്രീൻ സൈസും ഷാറ്റർപ്രൂഫ് – സ്ക്രാച് റെസിസ്റ്റന്റ് ഗ്ലാസും ഇതിന് സംരക്ഷണം നൽകുന്നു. ടൈംസ്കേപ് യു.ഐയ്യോടൊപ്പം സോണി മൊബൈൽ ബ്രേവിയ എഞ്ചിൻ ടെക്നോളജിയും ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. എച് ഡി വീഡിയോ ഒരു പ്രത്യേക അനുഭവമാക്കാൻ ഇത് സഹായിക്കും. മികച്ച ദൃശ്യാനുഭവവും നല്ല ബ്രൈറ്റ്നെസും ഉയർന്ന കോണ്ട്രാസ്റ്റും ഇതിൽ കാണാൻ കഴിയും. 

Super AMOLED  കപ്പാസിറ്റീവ് ടച്സ്ക്രീനിനും 720 x 1280 പിക്സലും 312 ppi യുമാണ് മോട്ടറോള റേസർ എച്ഡിയുടെ സവിശേഷത. 4.7 ഇഞ്ച് വലിപ്പമുണ്ട് സ്ക്രീനിന്. ലൈറ്റ് & പ്രോക്സിമിറ്റി സെൻസറുകളും സ്ക്രാച് റെസിസ്റ്റന്റ് ഗ്ലാസും ഇതിണ്ട്. മികച്ച ചിത്രങ്ങളും നല്ല വെളിച്ചത്തിൽ പോലും വ്യക്തമായി കാണാൻ കഴിയുന്ന സ്ക്രീനും ഇതിന്റെ സവിശേഷതയാണ്. മാത്രമല്ല ഫോൺ വാട്ട്ർപ്രൂഫുമാണ്, വെള്ളത്തിൽ വീണാലും നോ പ്രോബ്ലം..!

ചുരുക്കിപ്പറഞ്ഞാൽ ഓരോ സാങ്കേതിക വിദ്യകൊണ്ട് ഒരു സ്മാർട്ട് ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഡിസ്പ്ലേയിൽ ഓരോ ഫോണും മികവു പുലർത്തുന്നു. എങ്കിലും എന്റെ പരിചയം വച്ച് നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഫോണിൽ എസ്3യുടെ ഡിസ്പ്ലേ ആണ് മെച്ചമായി തോന്നിയത്. മുകളിൽ പറഞ്ഞ് നോക്കിയയും സാംസങ്ങും സോണിയും ഐഫോണുമെല്ലാം കൈകളിലെത്താൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും.

സൈസ് & വെയിറ്റ്

ഒരു ഫോണിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് അതിന്റെ ഭാരവും കനക്കുറവും. നോക്കിയായുടെ പഴയ ഒരിഞ്ചു ഘനവും കാൽക്കിലോ ഭാരവുമുള്ള ഫോണുകൾ ഓർമ്മയുണ്ടാകുമല്ലോ!! ആ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയത് സാംസങ്ങാണ്. അവരുടെ ജനകീയ മോഡലായ എസ്.2 ഇക്കാര്യത്തിൽ തരംഗം തന്നെ സൃഷ്ടിച്ചു. അതിനെ ചുവടുവച്ച് പിന്നീട് എല്ലാ കമ്പനികളും ഫോൺ മെലിയിച്ചു തുടങ്ങി. നിലവിൽ ഏറ്റവും കനക്കുറവുള്ള ഫോൺ HTC One S ആയിരുന്നു, 7.8 mm. എന്നാൽ ഐഫോൺ 5 7.6 mm ആയി വന്ന് അതിനെ മറികടന്നു. 4 ഇഞ്ച് സ്ക്രീൻ ഡിസ്പ്ലേ ഉള്ള ഐഫോണിന്റെ ഭാരം 112 ഗ്രാം മാത്രമാണ്. 4.7 ഇഞ്ച് സ്ക്രീൻ സൈസുള്ള എച്റ്റിസി വൺ എക്സിനു 8.9 mm കനവും 130 ഗ്രാം ഭാരവുമാണുള്ളത്. 8.6 mm കനമുള്ള എസ്.3 യ്ക്ക് 133 ഗ്രാം ഭാരവും 4.7 ഇഞ്ച്സ്ക്രീൻ സൈസുള്ള റേസ്ർ എച്ഡിയ്ക്ക് 9.3 mm കനവും 157 ഗ്രാം ഭാരവും 4.5 സ്ക്രീൻ സൈസുള്ള നോക്കിയ ലൂമിയ 920 നു 185 ഗ്രാം ഭാരവും 4.55 mm സ്ക്രീൻ സൈസുള്ള എക്സ്പീരിയ റ്റി യ്ക്ക് 9.4 mm കനവും 139 ഗ്രാം ഭാരവുമാണ് ഉള്ളത്. ഇതിൽ ഏറ്റവും ഭാരക്കുറവ് ഐഫോണിനു തന്നെ. എന്നാൽ സ്ക്രീൻ സൈസ് വച്ച് നോക്കുമ്പോൾ സാംസങ്ങ് മോശമാകുന്നില്ല. എന്നാൽ പ്ലാസ്റ്റിക് ബോഡിയാണ് അതിനുള്ളതെന്ന ന്യൂനതയുണ്ട്. താഴെവീണാൽ ഫലം അത്ര ആശാവഹമല്ല. വൺ എക്സിന്റേത് ശക്തമായ പോളീകാർബണേറ്റ് ബോഡിയാണ്. ഐഫോണിനും മെറ്റൽ ബോഡിതന്നെ. എന്നാൽ ഏറ്റവും പുതിയ ലൂമിയ 920 ആണ് ഇക്കാര്യത്തിൽ എല്ലാത്തിനേയും കടത്തിവെട്ടുന്നത്. 185 ഗ്രാം ഭാരമുണ്ടെങ്കിലും ഇത് കട്ടിയേറിയ പോളികാർബണേറ്റ് യൂണിബോഡിയായതിനാൽ ഏത് സ്ക്രാച്ചുകളേയും പ്രതിരോധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. താഴെ വീണാൽ പോലും ഒന്നും സംഭവിക്കില്ലത്രേ..!! മിനിറ്റിനു മിനിറ്റിനു ഫോൺ തറയിൽ ഇട്ട് ചിന്നിച്ചിതറിക്കുന്ന എന്റെ ദില്ബൂനെ പോലെ ഉള്ള കുട്ടികൾ ഉള്ളവർക്ക് നോക്കിയ ലൂമിയയോ വൺ എക്സോ ആകും നല്ലത്…:)


പ്രോസസർ

ലോകത്തിലെ ആദ്യ ഖ്വാഡ് കോർ പ്രോസസർ മൊബൈൽ ആണ് HTC One X. 1.5 Ghz Nvidia Tegra 3 ചിപ്സെറ്റും ULP GeForce GPU (Graphic Processing Unit) ഉം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 3D-2D ഗെയിമുകൾ, ഉയർന്ന ക്വാളിറ്റിയുള്ള ദൃശ്യങ്ങൾ എന്നിവ അനായാസമായും വ്യക്തതയോടെയും തടവില്ലാതെയും കാണാൻ ഇത് സഹായിക്കുന്നു. പവർ ഉപയോഗം ഖ്വാഡ് കോറുകളിൽ കുറവാണെങ്കിലും വണെക്സ് ബാറ്ററി തീറ്റക്കാരനാണെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഐസ്ക്രീംസാൻഡ് വിച്ച് & ജെല്ലി ബീൻ അപ്ഡേറ്റുകളിൽ ബാറ്ററി ഡ്രെയിൻ ഔട്ട് ആകുന്നത് തടയാനുള്ള പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  ആദ്യ ഖ്വാഡ്കോർ ആയതുകൊണ്ടോ കാഴ്ചയിൽ റോയൽ ലുക്കുള്ളതുകൊണ്ടോ സോളിഡ് ബോഡി ആയതുകൊണ്ടോ, അറിയില്ല, ഈ ഫോൺ “കിങ് ഓഫ് മൊബൈൽ”എന്നറിയപ്പെടുന്നു. [The quad-core chips have 4 processor cores in them, compared to the 2 in a Dual/Duo core.  The theory is that if you have multiple cores, you can split up the work between them so they’ll run more quickly and efficiently]

രണ്ടാമത്തെ ഖ്വാഡ്കോർ പ്രോസസറാണ് എസ്.3 മൊബൈൽ. എക്സിനോസ് 4412 ഖ്വാഡ് ചിപ്സെറ്റുള്ള 1.4 Ghz കോർട്ടെക്സ് ഏ9 പ്രോസസറും മാലി-400 എം.പി ജിപിയുവുമാണ് ഇതിന്റെ സവിശേഷത. ലൈറ്റ്നിങ്ങ് ഫാസ്റ്റ് ആയ പ്രോസസറും പ്രവർത്തനവുമാണിതിന്റേത്. ചിത്രങ്ങൾ എടുക്കാനും 3D വീഡിയോ ഗെയിമുകൾ കളിക്കാനും ഒരേ സമയം അനേകം ആക്റ്റിവിറ്റീസ് നടത്താനും ഇതിൽ കഴിയുന്നു. 

ലൂമിയ 920 യിൽ ഉപയോഗിച്ചിരിക്കുന്നത് Qualcomm MSM8960 Snapdragon 1.5 Ghz Krait പ്രോസസർ ആണ്. അഡ്രിനോ 225 GPU വും ഇതിനുണ്ട്. നിലവിലുള്ളതിൽ ഏറ്റവും വേഗതയേറിയ പ്രോസസറാണ് ക്വാൾകോമിന്റെ ക്രൈറ്റ് S4. ലൂമിയ 920, നിലവിൽ ഉള്ള എല്ലാ ഫോണുകളേയും വേഗത്തിലും പ്രവർത്തനശേഷിയിലും മറികടക്കുമെന്ന് നോക്കിയ അവകാശപ്പെടാനുള്ള കാരണവും ഒരുപക്ഷേ ഇതാകാം. 

ഇതേ 1.5 Ghz പ്രോസസർ തന്നെയാണ്   Motorola DROID RAZR MAXX HD ലും ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ റേസ്ർ എച്ഡിയും ലൂമിയ പോലെ സ്റ്റണ്ണിങ്ങ് ഫാസ്റ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

സോണി എക്സ്പീരിയ റ്റി യിലേത് Qualcomm MSM8260-A Snapdragon 1.5 ഡ്യൂവൽ കോർ പ്രോസസർ ആണ്. Adreno 225 ആണ് GPU. ബെഞ്ച് മാർക്കുകളിൽ എസ്.3 യേയും വൺ എക്സിനേയും വള്ളപ്പാടുകൾക്ക് പിന്നിലാക്കുന്നുണ്ട് ഈ ഡ്യൂവൽ കോർ പ്രോസസർ. എത്ര ടാസ്കുകൾ വേണമെങ്കിലും ഒരുമിച്ചു നടത്താൻ ആവശ്യമായ ശക്തിയും കുറഞ്ഞ പവർ കൺസെംപ്ഷനും ക്രെയ്റ്റ് പ്രോസസറുകളുടെ പ്രത്യേകതയാണ്.

ഐഫോൺ 5 ഇറങ്ങിയിരിക്കുന്നത് ഏറ്റവും പുതിയ A6 ഖ്വാഡ്കോർ പ്രോസസറിലാണ്. അതിന്റെ ഗുണവും ദോഷവും അറിയണമെങ്കിൽ വാണിജ്യ അടിസ്ഥാനത്തിൽ എത്തിയെങ്കിലേ ആകൂ. എങ്കിലും ആപ്പിൾ പ്രോസസറുകൾ പഴയതുപോലെ ആരാധകരെ നിരുൽസാഹപ്പെടുത്തില്ലെന്ന് കരുതാം.ചുരുക്കിപറഞ്ഞാൽ വേഗതയുടെ കാലമാണ്. ഒരു സെക്കന്റിന്റെ 100 ൽ ഒരംശം പോലും മനുഷ്യൻ കാത്തുനിൽക്കാത്ത കാലം. അതോടെ ഫോണുകളുടെ പ്രവർത്തനക്ഷമതയും അതിനെ അടിസ്ഥാനമാക്കി. ഏറ്റവും വേഗമേറിയ ഫോൺ ഏറ്റവും മെച്ചമാകുന്നു. ആരാണ് മുൻപിൽ ആരാണ് പിൻപിൽ എന്ന് പറയാനാകാത്ത വിധത്തിൽ പുതിയ പുതിയ പ്രോസസറുകൾ ഉപയോഗിച്ച് പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു. ഏതായാലും മുകളിൽ പറഞ്ഞ 6 ഫോണുകളും വേഗതയുടേയും പ്രവർത്തന ക്ഷമതയുടേയും കാര്യത്തിൽ ഒരു പോലെ മുന്നിട്ടു നിൽക്കുന്നു എങ്കിലും ക്രെയ്റ്റ് പ്രോസസറുകൾ ഉപയോഗിച്ചിരിക്കുന്നവ ഒരു പടി മുന്നോട്ടു കടന്നു നിൽക്കുന്നു എന്നു പറയേണ്ടിവരും.

ബാറ്ററി

ഒരു ഉടമസ്ഥന്റെ തന്റെ ഫോണിനെക്കുറിച്ചുള്ള ഏറ്റവും വലിയ ആധി അതിന്റെ ബാറ്ററി ബായ്കപ് ആകും. പലതും പലപ്പോഴും തലവേദന ആയി തീരാറുമുണ്ട്. നീണ്ട യാത്രകൾ നടത്തുമ്പോഴാണ് ഈ പ്രശ്നം വരിക. മിക്ക ട്രെയിനുകളിലും ചില ദീർഘദൂര ബസ്സുകളിലും ബാറ്ററി ചാർജിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കണക്ടറുകളെ വ്യത്യാസം നിമിത്തം എല്ലായ്പ്പോഴും നടന്നെന്നു വരില്ല. അപ്പോൾ കൂടെ ഒരു യൂനിവേഴ്സൽ ചാർജിങ്ങ് കിറ്റ് കൂടി കൊണ്ടു നടക്കേണ്ടി വരും. അപ്പോൾ ഒന്നിലധികം ബാറ്ററികൾ ചാർജ് ചെയ്തുകൊണ്ടുനടക്കുക എന്നതാണ് ഇതിനൊരു പോംവഴി. എന്നാൽ നിഭാഗ്യമെന്നു പറയട്ടേ, എച്റ്റിസി വൻ എക്സും, എക്സ്പീരിയയിലും നോക്കിയയിലുമൊക്കെയുള്ളത് എംബഡഡ് ബാറ്ററിയാണ്. എന്നു വച്ചാൽ ഊരിമാറ്റാൻ കഴിയാത്ത ബോഡിയുടെ ഭാഗമായ ബാറ്ററി. എന്നാൽ എസ്.3 യിൽ ബാറ്ററി ഊരിമാറ്റാം എന്ന ഗുണം ഉണ്ട്. ഏറ്റവും കപ്പാസിറ്റി കൂടിയ ബാറ്ററി മോട്ടറോള റേസ്ർ മാക്സ് എച്ഡിയുടേതാണ്. 3300 mAh ആണിത്. എസ്.3 2100 mAh ഉം ലൂമിയ 2000 mAh ഉം സോണി mAh ഉം എച്റ്റിസി 1800 mAh ഉം ഉള്ളപ്പോൾ ആപ്പിൾ 1450 mAh ആണ്. എങ്കിലും ആപ്പിൾ 8 മണിക്കൂർ ടാക് ടൈം വാഗ്ദാനം ചെയ്യുന്നുണ്ട്. എച് റ്റിസിവൺ എക്സിനെക്കുറിച്ചുള്ള പരാതി മുഴുവൻ ചോർന്നു പോകുന്ന ബാറ്ററിയെക്കുറിച്ചുള്ളതായിരുന്നു. എന്നാൽ പുതിയ ഫിംവെയർ അപ്ഡേറ്റോഡെ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് യൂസ്ർ ഒപ്പീനയിനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. നിലവിൽ ഈ ആറുഫോണുകളിൽ ബാറ്ററി കപ്പാസിറ്റിയിൽ ഏറ്റവും മുൻപൻ മോട്ടറോള തന്നെ.ഇങ്ങനെ ഓരോ കാര്യത്തിലും ഫോണുകൾ തമ്മിൽ വ്യത്യാസവും സാദൃശ്യവും ഉണ്ട്. ആപ്പിൾ ഏറ്റവും പുതിയ ഓ എസ് 6 ൽ പ്രവർത്തിക്കുമ്പോൾ ജിഞ്ചർ ബ്രെഡിൽ ഇറങ്ങിയ വൺ എക്സിനു ഇപ്പോൾ ഐസ്ക്രീം സാൻഡ്വിച്ചും ജെല്ലിബീനും അപ്ഡേറ്റുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. ഗാലക്സി എസ്.3 ഐസിഎസ്സിലാണ് റിലീസ് ആയത്. ഉടനേ തന്നെ എല്ലാ ആൻഡ്രോയ്ഡ് ഫോണുകൾക്കും 4.1 ജെല്ലിബീൻ അപ്ഡേറ്റ് കിട്ടുമെന്നാണ് വിവരം.

പാട്ടുകേൾക്കലാണല്ലോ മൊബൈൽ കൊണ്ടുള്ള മറ്റൊരു ഉപയോഗം. എന്റെ അനുഭവം വെച്ച് പാട്ടുകേൾക്കാൻ ഏറ്റവും സുഖം തോന്നിയത് സോണി എക്സ്പീരിയ സീരീസ് ഫോണാണ്. എന്താ അതിന്റെ ഒരു സുഖം..!! പിന്നെ ഐഫോണും എച്റ്റിസിയും നോക്കിയയും. എച്റ്റിസിയുടെ ബീറ്റ്സിൽ അൽപ്പം ബാസ് കൂടിനിൽക്കുന്നെങ്കിലും കുഴപ്പമില്ല. സാംസങ്ങ് ഏറ്റവും പിറകിലാണെന്ന് മാത്രമല്ല യാതൊരു ശ്രവണ സുഖവും അതിനില്ലെന്നുകൂടി പറയേണ്ടിവരും. അവരുടെ ഡിസ്പ്ലേ മെച്ചമെങ്കിലും ഓഡിയോ ക്വാളിറ്റിയുടെ കാര്യത്തിൽ അമ്പേ പിറകിലാണ്. എച്റ്റിസിയുടേത് പോലെ ഒരു ബീറ്റ്സ് ആഡിയോ പ്ലഗ്ഗിനോ സോണിയെപ്പോലെ 3D സറൗണ്ട് & വാക്മാൻ ആപ്ലിക്കേഷനോ, ഐഫോണിന്റെ സൗണ്ട് എൻഹാൻസറോ ഒന്നും അതിലില്ല. ഇപ്പോൾ അനൗൺസ് ചെയ്ത നോട്ട് 2 ൽ ഒരു വെളിപാടെന്നോണം 3D സറൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതേപോലെ ഫോണുമായി ബന്ധപ്പെട്ട ഒരുപാടുകാര്യങ്ങൾ ഉണ്ട്. അവയുടെ നെറ്റ്വർക്ക് സവിശേഷതകൾ, നെറ്റ്വർക്ക് സ്പീഡ്, മെമ്മറി, വിഡിയോ & പിക്ചറുകളുടെ മേന്മ, അതിലുപയോഗിച്ചിരിക്കുന്ന ടെക്നോളജി ഇവകൾ, അതിന്റെ ടച്ച് സെൻസറുകൾ എങ്ങനെ തുടങ്ങി സ്റ്റാൻഡ്ബൈ ടൈം അടക്കം വിശദീകരിക്കാൻ അതിനാൽ ഇപ്പോൾ തുനിയുന്നില്ല. അത് ഈ കൊച്ചു (!!) പോസ്റ്റിനെ കൂടുതൽ നീട്ടാനേ ഉപകരിക്കൂ. (നിലവിലുള്ള റിപ്പോർട്ട് പ്രകാരം ഏറ്റവും മികച്ച ക്യാമറ നോക്കിയ ലൂമിയ 920 ന്റെ പ്യൂവർ വ്യൂ റ്റെക്നോളജിയും സോണി എക്സ്പീരിയ T യുടെ 13 മെഗാപിക്സലുമാണ്.)

ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ലഭ്യമായ പല ഫീച്ചേഴ്സുകളും ഐഫോണിൽ ലഭ്യമല്ല. 16, 32, 64 എന്നീ ഇൻബിൽറ്റ് മെമ്മറികളിൽ ലഭ്യമാണെങ്കിലും എസ്.ഡി കാർഡ് സ്ലോട്ടിന്റെ അഭാവം ഒരു വലിയ ന്യൂനത തന്നെയാണ്. നോക്കിയയും വൺ എക്സുമൊഴിച്ച് മറ്റു ഫോണുകൾ 16 ജിബി ഇൻ ബിൽറ്റ് സ്റ്റോറേജും 32 ജിബി കാർഡ്സ്ലോട്ടും അനുവദിക്കുന്നുണ്ട്. ഐഫോൺ ആയാൽ കൂടുതൽ സ്റ്റോറേജിനു വളരെ വലിയ തുകതന്നെ മുടക്കേണ്ടി വരും. എന്നാൽ 32 ജിബി മൈക്രോ എസ്ഡിക്ക് 1500 ൽ താഴെയേ വിലവരൂ. ഇതിനെ എല്ലാം കടത്തിവെട്ടുന്നു സോണി എക്സ്പീരിയ T യും TX ഉം. 16 ജിബി ഇൻബിൽറ്റ് സ്റ്റോറേജും 32 ജിബി എസ്ഡി കാർഡ് സ്ലോട്ടിനുമൊപ്പം 50 ജിബി ലൈഫ്ടൈം ക്ലൗഡ് സ്റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നു വച്ചാൽ മരിക്കുന്ന കാലം വരെ നമ്മുടെ സ്വന്തമായി 50 ജിബി സ്റ്റോറേജ് ഏതോ ഒരു സേർവറിൽ കാത്തുകിടക്കുന്നു എന്ന്!! ലോകത്തിന്റെ എവിടെ ഇരുന്നും നമ്മുടെ ഫയലുകൾ അപ്ലോഡ്- ഡൗൺലോഡ് ചെയ്യാനും ഷെയർ ചെയ്യാനും ഈ സ്റ്റോറേജ് കൊണ്ട് സാധിക്കും.ഐഫോണിൽ എഫ് എം റേഡിയോ ഇല്ലാത്തത് മറ്റൊരു വലിയ ന്യൂനതയായിക്കാണുന്നു. പതിനായിക്കണക്കിനു എഫ്.എം നിലയങ്ങളുള്ള ലോകത്ത് ഇന്ന് ബഹുഭൂരിപക്ഷം ആളുകളും വാർത്തയറിയാനും സംഗീതം ആസ്വദിക്കാനും ആശ്രയിക്കുന്നത് എഫ്.എമ്മുകളെ ആണ്. സോണിയടക്കം മറ്റെല്ലാ സ്മാർട്ട് ഫോണുകളും FM with RDS സൗകര്യമുള്ളവയാണ്. 

ഏറ്റവും പുതിയ റ്റെക്നോളജി ആയ എൻ.എഫ്.സി (Near Field Communication) യും ഐഫോൺ 5 ൽ ഇല്ലാ!!  ട്രാൻസാക്ഷനും ഡാറ്റാ എക്സേഞ്ചും എളുപ്പമാക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണിത്. വേണമെങ്കിൽ വൈഫൈ/ ബ്ലൂട്ടൂത്തുകളുടെ എളിയ എളുപ്പമാർന്ന രൂപം എന്നും പറയാം. ക്രെഡിറ്റ് കാർഡിനു പകരമായി മൊബൈൽ ഫോൺ കൊണ്ടു നടന്നാൽ മതിയാകും എന്നു വച്ചാൽ!! ഏടിഎമ്മിൽ നിന്നു കാഷ് വിത്ഡ്രോ ചെയ്യാനും സാധനങ്ങൾ വാങ്ങിയതിന്റെ പേമെന്റ് ചെയ്യാനും ടിക്കെറ്റെടുക്കാനുമൊക്കെ എൻ.എഫ്.സി മുഖേന വരും കാലത്തു സാദ്ധ്യമാകും. കോണ്ടാക്ട്സുകളും ഫോട്ടോകളും വീഡിയോകളും എളുപ്പത്തിലും വേഗത്തിലും ഷെയർ ചെയ്യാനും ഇതിലൂടെ സാധിക്കും. എൻഎഫ്സി ഇനേബിൾഡായിട്ടുള്ള മറ്റു ഡിവൈസുകളുമായി സംവദിക്കാനും വിവരങ്ങൾ കൈമാറാനും പലതരം കമാൻഡുകളിലൂടെ മൊബൈൽ ഫോൺ വഴി അതിന്റെ പ്രവർത്തനം നിയന്ത്രിക്കാനുമാകും. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ടിവി ഓപ്പറേറ്റ് ചെയ്യുന്നതും മ്യൂസിക് പ്ലേയർ ഓൺ ചെയ്ത് നിന്ന് ഇഷ്ടമുള്ള പാട്ടുകേൾക്കുന്നതും ഏസിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും ഒക്കെയൊന്ന് ഇമാജിൻ ചെയ്തു നോക്കൂ. ഈ സാങ്കേതിക വിദ്യയിലൂടെ നമുക്കു ചുറ്റുമുള്ള എൻ.എഫ്.സി ഇൻബിൽറ്റായിട്ടുള്ള ഏത് ഇലക്ട്രോണിക്സ് ഉപകരണത്തേയും നിയന്ത്രിക്കാൻ നമ്മുടെ കുഞ്ഞൻ മൊബൈൽ ഫോൺ മതിയാകും എന്നത് ഒരു യാഥാർത്ഥ്യമാകുന്നു. മാസങ്ങൾക്കു മുൻപ് എല്ലാ സ്മാർട്ട് ഫോണുകളിലും ഏർപ്പെടുത്തിയ ഈ വിപ്ലവകരമായ സാങ്കേതിക വിദ്യ കൊടികെട്ടിയ കൊമ്പന്മാരായ ആപ്പിൾ അറിഞ്ഞിട്ടേയില്ല!!

എല്ലാ ഫോണുകളിലും ഏറ്റവും പുതിയ ബ്ളൂടൂത്ത് വേർഷൻ 4.0 ആണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് ഇനേബിൾഡ് ആയ ഡിവൈസുകൾ തമ്മിൽ ഡാറ്റാ ട്രാൻസ്ഫർ അതിവേഗത്തിലാക്കാൻ ഇതുമൂലം സാധിക്കുന്നു. ഇതിൽ സോണി എക്സ്പീരിയയിലും ഐഫോണിലും മാത്രമാണ് അസ്സിസ്റ്റഡ് ജിപിഎസ്സ് വിത് ഗ്ലോനാസ് ടെക്കനോളജി ഉള്ളത്. കടലിലായാലും കരയിലായാലും ഇരുളിലായാലും വെളിച്ചത്തായാലും ഇനി നമ്മെ നയിക്കുവാൻ പോകുന്നത് മൊബൈൽ ഫോൺ ആയിരിക്കും. കെട്ടിടങ്ങളുടേയും ഇടുങ്ങിയ തെരുവുകളുടേയും വഴികളുടേയും ത്രിമാന ചിത്രങ്ങൾ തന്നെ നമുക്ക് മുന്നിലേക്ക് ഈ ടെക്നോളജി മുന്നോട്ടു വയ്ക്കുന്നു. 

നോക്കിയ ലൂമിയ 920 യുടെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് അതിന്റെ വയർലെസ് ചാർജ്ർ ആണ്. പ്ലഗ് കുത്താതെ തന്നെ മൊബൈൽ ചാർജ് ചെയ്യുന്നതൊന്ന് ആലോചിച്ചു നോക്കൂ. ആ സാങ്കേതികതയാണ് നോക്കിയയുടെ ഏറ്റവും പുതിയ ഫോണായ ലൂമിയ 920 യിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു ചാർജിങ്ങ് പ്ലേറ്റ് / പില്ലോ വഴിയാണ് ഇത് സാധിക്കുന്നത്. വ്യത്യസ്ത കമ്പനികൾ ഈ ചാർജറുകൾ വിപണിയിലിറക്കിയിട്ടുണ്ട്. അതിനു മുകളിൽ ഫോൺ വച്ചാൽ മതിയാകും, തനിയെ ചാർജ്ജായിക്കൊള്ളും!!ഇതിൽ സോണി എക്സ്പീരിയ T യിലെ കാമറ 13 മെഗാപിക്സൽ ആണ്. നിലവിൽ മാർക്കറ്റിൽ ലഭ്യമായതിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ റെസല്യൂഷനാണിതിനുള്ളത് (ഏറ്റവും കൂടുതൽ റെസല്യൂഷൻ ഉള്ള കാമറ നോക്കിയയുടെ 808 പ്യൂവർവ്യൂ ആണ്. കാമറാ ഭ്രാന്തന്മാരെ അത്ഭുതപ്പെടുത്തി 41 മെഗാപിക്സൽ ആണ് ഇതിന്റെ റെസല്യൂഷൻ). ബാക്കി എല്ലാ ഫോണുകൾക്കും 8 മെഗാപിക്സലാണ് റെസലൂഷൻ. 

മൊബൈൽ ഫോൺ ഇന്ന് ഏറ്റവും വലിയ ഒരു വിനോദ ഉപാധികൂടിയാണ്. ഇന്റേണൽ സ്റ്റോറേജിൽ കിടക്കുന്ന എമ്പീത്രീ പാട്ടുകൾ ആസ്വദിക്കുക എന്നതിലുപരി ലോകത്തെമ്പാടുമുള്ള സംഗീതത്തിന്റെ വലിയൊരു ശേഖരമാണ് ഓൺലൈൻ വഴി ഓരോ മൊബൈൽ കമ്പനിയും മുന്നോട്ടു വയ്ക്കന്നത്. അതിൽ മുമ്പൻ സോണി തന്നെ. അൺലിമിറ്റഡ് മ്യൂസിക് ആണ് അത് ഉപഭോക്താക്കൾക്കായി നൽകുന്നത്. അതിനോടൊപ്പം അൺലിമിറ്റഡ് വീഡിയോയും (പുതിയ സിനിമകളടക്കം) ത്രീഡി ഗെയിമുകളും ഓൺലൈൻ വഴി ആസ്വദിക്കാനാകും. ഇത് കൂടാതെ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറുകൾ വഴിയും ഇവയുടെ വലിയൊരു ശേഖരം കിട്ടുന്നുണ്ട്. ഐഫോണും നോക്കിയയും ഇക്കാര്യത്തിൽ പിറകിലല്ല. എങ്കിലും ഐട്യൂൺസു വഴി ആസ്വദിക്കുന്നതിനു ഒരു പരിമിതിയുണ്ട്. മിക്കതും പെയ്ഡ് ആണെന്നതാണ് മറ്റൊരു പോരായ്മ. നോക്കിയ അത്രയധികം ആപ്ലിക്കേഷൻ വൈവിദ്ധ്യമില്ലാത്ത വിൻഡോസ് 8 ൽ പ്രവർത്തിക്കുന്നതിനാൽ പോരായ്മയെന്നു വേണമെങ്കിൽ പറയാം. എങ്കിലും വരും കാലങ്ങളിൽ Windows8 നായി കൂടുതൽ ഡെവലപ്പേഴ്സ് മുന്നോട്ടു വരുമെന്ന് കരുതാം. 

ഗെയിം പ്രിയർക്കായി ഏറ്റവും പോപ്പുലറായ പ്ലേസ്റ്റേഷൻ സർട്ടിഫൈഡാണ് സോണി എക്സ്പീരിയയുടെ മറ്റൊരു പ്രത്യേകത. നമ്മുടെ മൊബൈലിനേയും അതുമായി ബന്ധപ്പെടുത്തി എച്ഡി ടിവിയേയും ഒരു വലിയ ഗെയിം പോർട്ടാക്കി മാറ്റാൻ ഇതിലൂടെ സാധിക്കുന്നു. വൈവിദ്ധ്യവും ത്രില്ലറും നിറഞ്ഞ ഗെയിം സെന്ററാക്കി നിങ്ങളുടെ സ്വീകരണമുറിയെ രൂപപ്പെടുത്താൻ ഇത് സഹായിക്കും. മറ്റൊരു കമ്പനിയും ഇത്തരമൊരു സൗകര്യം അവതരിപ്പിച്ചിട്ടില്ല.മറ്റെല്ലാ ഫോണുകളും പീസിയുമായി നേരിട്ടു സംവദിക്കുമ്പോൾ ഐഫോണുകളുടെ ഏറ്റവും വലിയ പ്രശ്നം അതിന്റേതായ ഒരു സോഫ്റ്റ്വേറിലൂടെ മാത്രമേ ഉള്ളിലെ കണ്ടന്റുകളെ എക്സ്പ്ലോർ ചെയ്യാൻ കഴിയൂ എന്നതാണ്. ഐട്യൂൺസ് എന്ന സോഫ്റ്റ്വേറില്ലെങ്കിൽ നമ്മുടെ ഫോണിൽ കിടക്കുന്ന ഫയലുകൾ നീക്കം ചെയ്യാനോ പുതിയ ഉൾപ്പെടുത്താനോ കഴിയില്ല. ഈ ആക്സസ് ഇല്ലായ്മ വലിയൊരു അസൗകര്യം തന്നെയാണ്. 

എല്ലാ ഫോണുകളുടേയും മെമ്മറി 1GB DDR2 (Double data Rate) ആണ്. ആദ്യമായി 2GB മെമ്മറിയുമായെത്തിയത് സാംസംഗ് ഗാലക്സി നോട് 800 ടാബ് ആണ്.

ചുരുക്കം

ചുരുക്കിപ്പറഞ്ഞാൽ ഐഫോൺ 5 നു്,  മുകളിൽ പരാമർശിക്കപ്പെട്ട ഒരു ഫോണിന്റേയും ഏഴയലത്തു നിൽക്കാൻ യോഗ്യതയില്ല എന്നു വേണം പറയാൻ. മറ്റുള്ളവരെല്ലാം തങ്ങളെ കോപ്പി ചെയ്തേ എന്നു നിലവിളിച്ച് ലോകം മുഴുവൻ തങ്ങളുടെ വിപണിയാക്കി അടക്കിബ്ഭരിക്കാൻ കേസുകൊടുത്തു നടക്കുന്നവർ മറ്റു ഫോണുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന വളരുന്ന ഉയർന്ന സാങ്കേതിക വിദ്യകളെ കണ്ടില്ലെന്നു നടിക്കുകയും പിന്നോട്ടടിക്കുകയും ഞങ്ങൾ കൊടുക്കുന്നത് മാത്രം ഉപയോഗിക്കുന്നവർ അനുഭവിച്ചാൽ മതിയെന്ന കുത്തക മുതലാളി സംസ്കാരത്തിന്റെ മാടമ്പിത്തര സമീപനം കാഴ്ച വയ്ക്കുകയും ചെയ്യുമ്പോൾ സ്റ്റീവിനു പുറകേ ഐഫോണുകളും മണ്മറയാൻ അധിക കാലം എടുക്കുമെന്ന് തോന്നുന്നില്ല. അമേരിക്കയ്ക്കു പുറത്ത് ഒരു ലോകമേ ഇല്ലെന്ന് വിചാരിക്കുന്ന ഭൂരിഭാഗം അന്നാട്ടുകാരുടെ കൂപമണ്ഡൂക ബോധത്തെ ചൂഷണം ചെയ്യുക മാത്രമാണ് അവർ ചെയ്യുന്നത്. സാംസങ്ങും സോണിയുമൊക്കെ പിടിച്ചാൽ കിട്ടാത്ത പോലെ മുന്നോട്ടു പായുമ്പോൾ ആപ്പിൾ അസഹിഷ്ണുത കാണിക്കുന്നത് ഇതല്ലാതെ മറ്റെന്ത്..!!

ഫോൺ എന്നത് ദൂരെയുള്ള ഒരാളെ വിളിക്കാൻ എന്നതിലുപരി ഭാര്യാഭർത്താക്കന്മാരെപ്പോലെയോ മക്കളേപ്പോലെയോ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു! ലോകം മുഴുവൻ ആ കൊച്ചുപെട്ടിക്കുള്ളിൽ അടങ്ങിയിരിക്കുന്നു എന്നുവേണം പറയാൻ. നമ്മളെ മറ്റാരെക്കാളും നിയന്ത്രിക്കുന്ന സഹചാരി. നമ്മൾ എപ്പോൾ ഉണരണം എന്നതുമുതൽ എങ്ങനെ ഉറങ്ങണം എന്നുവരെ നിശ്ചയിക്കുന്ന കൂട്ടുകാരൻ യന്ത്രമായി അതുമാറിക്കഴിഞ്ഞു. ടെക്നോളജി അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ കടിച്ചുകീറാൻ നിൽക്കുന്ന എതിരാളികളെങ്കിലും തങ്ങളുടെ ആർത്തിപ്പണ്ടാരങ്ങളായ കംസ്റ്റമേഴ്സിനെ സംതൃപ്തരാക്കാനുള്ള പുതിയ ഫീച്ചറുകളുമായി ഓരോ ദിവസവും ഓരോ വ്യത്യസ്ത രൂപത്തിൽ ഭാവത്തിൽ അവ എത്തുകയാണ്. എന്നാൽ ഈ ഫീച്ചറുകൾ എത്രമാത്രം പേർ ഉപയോഗിക്കുന്നു എന്നത് ഒരു ചോദ്യച്ചിഹ്നമായി നിൽക്കുന്നു. ഒരു സ്മാർട്ട് ഫോണിലെ ഒട്ടുമുക്കാലും സവിശേഷതകളെ ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ മുപ്പതിനായിരമോ നാൽപ്പതിനായിരമോ കൊടുത്തു ഒന്നു വാങ്ങുന്നതിൽ തെറ്റില്ല.  എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടേ 90% ൽ അധികം പേരും ഫോൺ വിളിക്കാനും പാട്ടുകേൾക്കാനും യൂറ്റ്യൂബ് വീഡിയോ കാണാനും ഫേസ്ബുക്കു നോക്കാനും അത്യാവശ്യം പടം പിടിക്കാനും മെയിലയയ്ക്കാനും തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങൾക്കു മാത്രമാണ് ഇത്രയും വിലയേറിയ ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത്. ബാക്കി ഒരു ഫീച്ചറുകളിലും അവർക്ക് താൽപ്പര്യവുമില്ല അതിനെക്കുറിച്ച് വലിയ ഗാഹ്യവുമില്ല (ഇത്രയും കാര്യങ്ങൾ സുഖമായി ചെയ്യാൻ 10,000 രൂപയ്ക്ക് താഴെ വിലയുള്ള മുകളിൽ പറഞ്ഞ സ്മാർട്ട് ഫോണുകളോട് കിടപിടിക്കുന്ന നല്ല സ്പെസിഫിക്കേഷനുകളുള്ള കാർബൺ, മൈക്രോമാക്സ്, ഇന്റെക്സ്, ലാവ തുടങ്ങിയ ഇൻഡ്യൻ കമ്പനികളുടെ ഫോണുകൾ ലഭ്യമാണ്). അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ അതിലുപരി ഒരു ‘സ്റ്റാറ്റസ് സിംബൽ’ എന്ന നിലയിലാണ് പലരും ഇതുകൊണ്ടു നടക്കുന്നത് എന്നതാണ് വാസ്തവം! എനിക്ക് ഐഫോൺ ഉണ്ട്, എനിക്ക് എസ്.3 യുണ്ട് എനിക്ക് വൺ എക്സ് ഉണ്ട് എന്ന് പറയുന്നതിലെ സുഖമുള്ള ഒരു പൊങ്ങച്ചം!! 

[ഞാനൊരു ടെക്കനീഷ്യൻ അല്ല, മൊബൈൽ ഫോൺ ടെക്നോളജിയിൽ എക്പേർട്ടുമല്ല. കഴിഞ്ഞ ഒന്നര വർഷമായി ഇറങ്ങുന്ന സ്മാർട്ട് ഫോണുകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലും പലറിവ്യൂകളിൽ നിന്നും സ്പെസിഫിക്കേഷനുകളിൽ നിന്നും ഉപഭോക്താക്കളുടെ അനുഭവങ്ങൾ വായിച്ചറിഞ്ഞയാൾ എന്ന നിലയിലും കാര്യങ്ങൾ എഴുതിയതാണ്. പലർക്കും അവരുടെ ഫോൺ മറ്റുള്ളതിനേക്കാൾ പ്രിയമാകും. നിങ്ങളുടെ അനുഭങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക - നിശി]


No comments: