Tuesday, September 6, 2011

ഈണത്തിന്റെ ഓണപ്പാട്ടുകൾ ഇതാ....പതിവുപോലെ ഈണം പാട്ടുമായെത്തി.

ഓൺലൈൻ ഗാനാസ്വാദകർക്കായി കഴിഞ്ഞ മൂന്നുവർഷമായി മുടക്കാതെ പ്രസിദ്ധീകരിക്കുന്ന ഓണപ്പാട്ടുകളുമായി ഈണം.കോം എത്തി. ഈ സെപ്റ്റംബർ 2 ആം തീയതി www.onam.eenam.com എന്ന വെബ്സൈറ്റിൽ പബ്ലീഷ് ചെയ്ത ഗാനങ്ങൾ ഇതിനകം തന്നെ നെറ്റിൽ നല്ല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രശസ്ത പിന്നണിഗായികയായ ഗായത്രി അതിഥി ഗായികയായെത്തുന്ന ഈ ആൽബത്തിൽ പിന്നണിഗായകർ കൂടിയായ വിജേഷ് ഗോപാൽ, രതീഷ് കുമാർ, ദിവ്യ മേനോൻ തുടങ്ങിയവരെ കൂടാതെ രാജേഷ് രാമൻ, ഉണ്ണികൃഷ്ണൻ, മുരളി രാമനാഥൻ, ഹരിദാസ്, സണ്ണി ജോർജ്, നവീൻ, അഭിരാമി തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. തരംഗിണിയുടെ പഴയ ആൽബങ്ങളെ അനുസ്മരിപ്പിക്കുന്ന ഗൃഹാതുരമായ ഗാനങ്ങളുടെ ശൈലി അവലംബിച്ചുകൊണ്ടാണ് ഈണം ഇത്തവണയും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

എന്റെ ഒപ്പം ഗണേശ് ഓലിക്കര, ഗീതാ കൃഷ്ണൻ, രാഹുൽ സോമൻ, ഡാനിൽ എന്നിവരും ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. അതേപോലെ ബഹുവ്രീഹി, രാജേഷ് രാമൻ, പോളി വർഗ്ഗീസ്, ഉണ്ണികൃഷ്ണൻ, മുരളി രാമനാഥൻ എന്നിവർക്കൊപ്പം ഞാൻ മൂന്നു ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും ചെയ്തു. ജയ്സൺ, സിബു സുകുമാരൻ, പ്രകാശ് മാത്യു എന്നിവർക്കൊപ്പം പശ്ചാത്തല സംഗീതത്തിലും ഞാൻ അരക്കൈ നോക്കിയിട്ടൂണ്ട്. ഇടി ഏതുവഴിക്കൂടെ തന്നാലും പറഞ്ഞിട്ടു തരണം ട്ടോ..:)))

ഗാനങ്ങൾ കുഞ്ഞൻ റേഡിയോവഴി 64 ബിറ്റിലും കേൾക്കാം, ഓരോ ഗാനത്തിന്റേയും പേജിൽ നിന്ന് 128 ബിറ്റ് ക്ലാരിറ്റിയിലും കേൾക്കാം. നിങ്ങൾക്കിഷ്ടപ്പെടുന്ന ഗാനത്തിന്റെ പേജിൽ കമന്റ് ഇട്ടാൽ ഈ ഗാനം സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ദൃശ്യമാകും. അതുവഴി നിങ്ങൾക്ക് ഗാനം യാതൊരു പൈറസിയുടേയും പ്രശ്നങ്ങളില്ലാതെ ഡൗൺലോഡ് ചെയ്ത് ആസ്വദിക്കാനുമാകും.

എല്ലാരും കേൾക്കുക, ഈ നിസ്വാർത്ഥമായ സേവനത്തിന്റെ പാതയിലൂടെ ചരിക്കുന്ന ഒരു കൂട്ടം പ്രവാസികൾക്ക് നിങ്ങളുടെ പ്രോൽസാഹനങ്ങളാണ് എന്നും പ്രചോദനം. എല്ലാ ഗാനങ്ങളും കേൾക്കുക, നിങ്ങളുടെ വിലയേറിയ അഭിപ്രായമറിയിക്കുക.

ഗാനങ്ങൾ കേൾക്കാൻ

http://www.onam.eenam.com/

നിറഞ്ഞ സ്നേഹമോടെ,

നിശി


5 comments:

G. Nisikanth (നിശി) said...

മലയാളികൾക്ക് ഈണത്തിന്റെ ഓണ സമ്മാനം - ഒരു പിടി നല്ല ഓണപ്പാട്ടുകൾ... വരിക, ആസ്വദിക്കുക
www.onam.eenam.com

ഇആര്‍സി - (ERC) said...

ഓണാശംസകള്‍

MANIKANDAN [ മണികണ്ഠൻ ] said...

പാട്ടുകൾ എല്ലാം മനോഹരമായിട്ടുണ്ട്. ജോൺസൺ മാഷിനുള്ള സ്മരണാഞ്ജലി സന്ദർഭോചിതമായി. എല്ലാ അണിയറപ്രവർത്തകർക്കും അനുമോദനങ്ങൾ.

ജാനകി.... said...

പാട്ടുകളൊക്കെ കേട്ടു....
നല്ലൊരു ഓണക്കാഴ്ച്ച എന്നൊക്കെ പറയുമ്പോലെ
നല്ലൊരു ഓണക്കേൾവി ആയിരുന്നു എല്ലാപാട്ടുകളും.. എന്നാലും അത്രയും പാട്ടുകളിൽ ഇപ്പോൾ മനസ്സിൽ മൂളി നടക്കുന്നത് “ഒരു നല്ല പൂപ്പാട്ടുമായ് വരൂ പൂത്തുംബി...” എന്ന പാട്ടാണ്..., ഇവിടെ സ്കൂളിൽ ഗ്രൂപ്പ് ഡാൻസിനു വേണ്ടി എന്റെ മോൾ സെലെക്റ്റ് ചെയ്തത് ആ പാട്ടാണ്
പിന്നെ തത്തക്കിളിച്ചുണ്ടൻ പാടിയിരിക്കുന്നത് എന്റെ നാട്ടുകാരനാണെട്ടോ...വിജേഷ്.. എടവനക്കാട്ടുകാരൻ....
പണ്ട് വിജേഷ് കലോത്സവങ്ങളിലെ പാട്ടു മത്സര ഇനങ്ങളിൽ...ഞങ്ങളുടെ സ്ഥിരം എതിരാളിയും പേടി സ്വപ്നവുമായിരുന്നു... ഇതിൽ പ്രതീക്ഷിക്കതെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ അതൊക്കെ ഒന്നു കൂടി ഓർത്തുപോയി....,
ജോൺസൺ മാഷിനെ അനുസ്മരിച്ച് തുടങ്ങിയത് വളരെ നന്നായി
നിശിയുടെ ലിറിക്സ് എല്ലാം മനോഹരമായിരിക്കുന്നു......

ഇനി എനിക്കു തോന്നിയ മറ്റു ചില കാര്യങ്ങൾ ചിലപ്പോൾ എനിക്കു മാത്രമായിരിക്കാം-
ഓർമ്മയിലാദ്യത്തെ എന്ന പാട്ടിന്റെ മെയിൽ വെർഷൻ- സണ്ണി ജോർജ് - പേടിച്ചു പാടുന്ന പോലെ തോന്നി.. ഒരു വിറയൽ.. സ്റ്റേജിൽ കയറി നിന്നു ആദ്യമായി പാടാൻ തുടങ്ങുമ്പോൾ തൊണ്ടയിലെ വെള്ളമൊക്കെ വറ്റി സ്വരം വിറയ്ക്കില്ലേ അതു പോലെ...

ആവണിപ്പുലരിതൻ എന്ന പാട്ട് “എന്തിനീ ചിലങ്കകൾ എന്തിനി കൈവളകൾ” എന്നപാട്ടിനേയും...,
ഓർമ്മയിലാദ്യത്തെ.എന്നപാട്ട് ഈസ്റ്റ് കോസ്റ്റിന്റെ ഓർമ്മിയ്ക്കാനിനിയൊരു സ്നേഹഗീതം എന്നപാട്ടിനേയും
തത്തക്കിളി.. എന്ന പാട്ട് വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ...എന്ന പാട്ടിനേയും ഓർമ്മിപ്പിച്ചു.... ഇതെല്ലാം പല്ലവിയിൽ മാത്രമാണ്..ബാക്കിയങ്ങോട്ട് എല്ലാം വളരെ മനോഹരമായിരിക്കുന്നു നിശിയുടെ കമ്പോസിങ്ങും എല്ലാം....
ഇനിയും ഇങ്ങിനെയൊരു ടീം വർക്കിൽ ഇതിലും ഒരുപാടു മനോഹരമായ പാട്ടുകൾ ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു. ഒപ്പം ഈണത്തിലൂടെ നല്ല കുറച്ചു ഗാനങ്ങൾ സമ്മാനിച്ചതിനു നന്ദി...

G. Nisikanth (നിശി) said...

ഈ.ആർ.സി ഓണാശംസകൾ

മണീ.. വളരെ സന്തോഷം. മാഷിനുള്ള ഓർമ്മക്കുറിപ്പ് നമ്മുടെ ഒരാവശ്യം കൂടിയായിരുന്നു.

ജാനകീ, അഭിപ്രായങ്ങൾക്ക് വളരെ നന്ദി

പാട്ടുകൾ ഇഷ്ടമായെന്നറിഞ്ഞതിലും അതിലൊന്ന് തെരഞ്ഞെടുത്ത് മകൾ ഗ്രൂപ്ഡാൻസായി അവതരിപ്പിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം.

വിജേഷ് ഞങ്ങളുടെ കൂടി അഭിമാനമാണ്. ഇനിയും വേണ്ട പരിഗണനകൾ മുഖ്യധാരയിൽ ലഭിക്കാത്ത തികച്ചും പ്രൊഫഷണലായ പാട്ടുകാരൻ

സണ്ണിയുടെ പാട്ടിൽ വന്ന പ്രശ്നങ്ങൾ പലരും ഉന്നയിച്ചിരുന്നു. സണ്ണി വളരെ മികച്ച ഒരു ഗായകനാണ്. എന്തോ ഈ ഗാനം പാടിയപ്പോൾ അതിനോട് പൂർണ്ണമായി ചേർന്നില്ല. റെക്ടിഫൈ ചെയ്യാവുന്ന സമയപരിധി കടന്നതുകൊണ്ടും ഞാൻ ആകെ തിരക്കിലായിരുന്നതിനാലും അത് കറക്ട് ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ ആരും ജഡ്ജ് ചെയ്യാനില്ലാതെ പാടുമ്പോൾ വരുന്ന പിഴവുകളും മറ്റൊരു കാരണമാണ്.

ആവണിപ്പുലരിയുടേയും എന്തിനീചിലങ്കളുടേയും രാഗം ഒന്നുതന്നെ, 'കേദാർ'. ഇൻഷ്യൽ നോട്ടിൽ പിടിക്കുമ്പോൾ സാമ്യം തോന്നുക സാധാരണം. ടെമ്പോയും വരികളുടെ ഘടനയും ഒരേപോലെയാകുമ്പോൾ പിന്നെ പറയാനുമില്ല. ആദ്യ വരി മാത്രമേയുള്ളൂ ഈ സാമ്യം. എന്തിനീ ചിലങ്കപോലെയുള്ള വളരെ പോപ്പുലറായ ഒരു ഗാനത്തിന്റെ ഈണം ആരും മനഃപൂർവ്വം കൊടുക്കില്ലല്ലോ.

ഓർമ്മയിലാദ്യത്തെ ഓണത്തിനു സംഭവിച്ചതു മറ്റൊരു രീതിയിൽ. സത്യത്തിൽ ഞാൻ അതിന് ട്യൂൺ കൊടുക്കുമ്പോൾ മറ്റേ ഗാനം എന്റെ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ദിവസമാണ് ആ ഗാനം ഞാൻ ശരിക്ക് കേട്ടത്! അതിന്റെ രാഗം 'മാണ്ട്' ഞാൻ നൽകിയത് 'ഹമീർ കല്യാണി'. പക്ഷേ പ്രശ്നം വന്നത് പല്ലവിയിലെ ആദ്യത്തെ രണ്ടു വാക്കുകളിൽ. ടെമ്പോയും സ്ട്രക്ചറും ഏതാണ്ട് ഒരുപോലെയാണ് രണ്ട് ഗാനങ്ങൾക്കും പല്ലവിയുടെ ആദ്യം. മാത്രമല്ല രണ്ടും 'ഓർമ്മ' കൊണ്ടു തുടങ്ങുന്നതിനാൽ ഈസ്റ്റ് കോസ്റ്റ് ഗാനം കേട്ടു പതിഞ്ഞ ആർക്കും അതല്ലേ ഇത് എന്ന് തോന്നിപ്പോവുക സ്വാഭാവികം. എന്നാൽ രാഗം കൊണ്ടോ ബക്കിയുടെ പദഘടനകൊണ്ടോ രണ്ടും തമ്മിൽ ഒരു സാദൃശ്യവുമില്ല. ഞാൻ സംഗീതം നൽകുന്ന ഒരു ഗാനങ്ങൾക്കും എന്റെ ഒരു വിദൂരകേൾവിയിൽ പോലും സാമ്യം വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. പോപ്പുലറായ പല ഗാനങ്ങളുടേയും രാഗങ്ങൾ ഉപയോഗിച്ച് കമ്പോസ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

തത്തക്കിളിച്ചുണ്ടന് വാലിട്ടെഴുതിയ എന്ന ഗാനത്തേക്കാൾ സാമ്യം 'വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടീ ചെല്ലക്കിളിമകളേ' എന്നതിനാണ്. എന്നാൽ അത് കമ്പോസ് ചെയ്ത രാജേഷ് ഈ 'വള്ളിത്തിരുമണം' ഇതിനു മുൻപു കേട്ടിട്ടേയില്ലെന്നതാണ് രസകരമായ ഒരു കാര്യം. ഞാൻ 'ഒരു വള്ളപ്പാട്ടിന്റെ ട്യൂൺ പെട്ടെന്നു താ, വരിയെഴുതാൻ മുട്ടി നിക്കുന്നു' എന്ന് പറഞ്ഞതിന് ശടപടേന്ന് കക്ഷി തന്നന്നന്ന പാടി അയച്ചു തന്നതാണത്. ശങ്കരാഭരണം ബേസ് ചെയ്ത ആ ട്യൂണിൽ, സത്യത്തിൽ ആ സാമ്യം എനിക്കും അന്നേരം തോന്നിയില്ല. അല്ലെങ്കിൽ ഒന്ന് മാറ്റിപ്പിടിക്കുമായിരുന്നു. എന്നാൽ ആദ്യവരിയൊഴിച്ച് ബാക്കി ഒരുഭാഗത്തും മറ്റു പാട്ടുമായി യാതൊരു സാമ്യവുമില്ല. ഞാൻ വളരെ പെട്ടെന്ന് എഴുതിയ പാട്ടും അതു തന്നെ. 15 മിനിറ്റിൽ താഴയേ എടുത്തുള്ളൂ അത് എഴുതാൻ.

സോ, നമ്മളറിയാത്ത, കേൾക്കാത്ത ഗാനങ്ങളിലെ ഈണങ്ങൾ യാദൃശ്ചികമായി കടന്നുവരികയോ അല്ലെങ്കിൽ ഉപയോഗിക്കപ്പെടുന്ന രാഗങ്ങൾക്ക് വൈവിദ്ധ്യം വരുത്താൻ സാദ്ധ്യതയില്ലാതിരിക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന ചില പോരായ്മകളാണ്. മനഃപൂർവ്വമായി ഇത്രയധികം വിശാലമായ ഒരു ലോകത്തേക്ക് മറ്റൊന്നിന്റെ കാർബൺ കോപ്പി വിതരണം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ബ്ലോഗ് ലോകത്തെ നനായി നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ കൂടി എനിക്ക് നന്നായറിയാം. വരും ലക്കങ്ങളിൽ ഈ പറയുന്ന കാര്യങ്ങൾക്കായി നല്ല ശ്രോതാക്കൾ അടങ്ങുന്ന ഒരു റിവ്യൂ സമിതി തന്നെ രൂപീകരിക്കാനുള്ള ആലോചനയും പരിഗണനയിൽ ഉണ്ട്.

വിശദമായ കമന്റുകൾക്ക് ഒരിക്കൽ കൂടി നന്ദി