Thursday, January 20, 2011

പാൽക്കാവടീ…

ഇന്ന് തൈപ്പൂയം…

എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലേയും പോലെ, അല്ലാ, അതിലും ആചാരപൂർവ്വം ഭക്തിപൂർവ്വം എന്റെ നാടായ ചെറിയനാട്ടിലെ മുരുകക്ഷേത്രത്തിൽ 41 ദിനം നീണ്ട കഠിനവ്രതത്തോടെയുള്ള കാവടി നോമ്പിന്റെ സാക്ഷാത്കാരം. കഴിഞ്ഞ വർഷം ആ സമയം നാട്ടിലുണ്ടായിരുന്നു. ഇത്തവണ അത് മിസ് ചെയ്തു. പഴയ സുഹൃത്തുക്കളെ കാണാനും അവരൊടൊപ്പം അർമ്മാദിച്ച് ജനലക്ഷങ്ങൾക്കിടയിൽ ചേർന്നലിയാനും നാദമേളപ്പെരുമയുടെ ഉന്മാദ താളലയങ്ങളിൽ സ്വയം മറന്ന് മുണ്ടു മടക്കിക്കുത്തി തലയി ഒരീരേഴൻ തോർത്തൊക്കെ വലിച്ചു കെട്ടി അതിനൊപ്പം ചോടുവച്ച് ആർപ്പേയ് വിളിച്ച് നടക്കാനുള്ള ജീവിതത്തിലെ ഒരു ചാൻസ് നഷ്ടമായി. പിന്നെ ഫോണിലൂടെ കേട്ട് സംതൃപ്തിയടയേണ്ടി വന്നു.

എന്റെ വീടുപോലെ എനിക്കു അടുപ്പമുള്ള ആ ക്ഷേത്രത്തിലെ ‘പൈതലായ’ മുരുകനുണ്ണിയ്ക്കു വേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം നിങ്ങൾക്കായി പങ്കുവയ്ക്കുന്നു :). ശ്രീ ബിജു നാരായണൻ ആണ് ആലപിച്ചിരിക്കുന്നത്.

രചന & സംഗീതം : ജി. നിശീകാന്ത്
ആലാപനം : ബിജു നാരായണൻ
ഓർക്കസ്ട്രേഷൻ : സൂര്യ നാരായണൻ

പാൽ കാവടി പനിനീർ പീലിക്കാവടി
ബാലമുരുകന്റെ തൈപ്പൂയക്കാവടി
ആണ്ടവനായാളുമെന്റെ ആരോമലുണ്ണിയ്ക്കു
ആണ്ടുതോറുമാടിയെത്തും അന്നക്കാവടി, ഇതു
അടിയനെടുത്താടും കന്നിക്കാവടി

നാൽപ്പത്തിയൊന്നുനാൾ നൊയമ്പുനോറ്റു സ്വാമിമാർ
തൃപ്പാദപദ്മങ്ങളിൽ അർപ്പിച്ചീടും കാവടി
ആറുമുഖൻ കളിയാടും പൂമുറ്റത്തെൻ
ആത്മാവറിഞ്ഞാടും പുണ്യക്കാവടി, ഇതു്
ആനന്ദം തിരതല്ലും വർണ്ണക്കാവടി

പോരാടി വെന്നോരു താരകാരിയാം ഗുഹൻ
പേരോടു വാഴും ചെറുനാടാടും പൊൻ കാവടി
ആയിരങ്ങൾ ആ തിരു ദർശ്ശനം തേടി
അലയാഴിപോലേറും ഭക്തിക്കാവടി, ഇതു്
തീരാത്ത ദുഃഖത്തിൻ മുക്തിക്കാവടി



To download the song:
ഇവിടെ

6 comments:

G. Nisikanth (നിശി) said...

എന്റെ വീടുപോലെ എനിക്കു അടുപ്പമുള്ള ആ ക്ഷേത്രത്തിലെ ‘പൈതലായ’ മുരുകനുണ്ണിയ്ക്കു വേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം നിങ്ങൾക്കായി പങ്കുവയ്ക്കുന്നു :). ശ്രീ ബിജു നാരായണൻ ആണ് ആലപിച്ചിരിക്കുന്നത്....

faisu madeena said...

കൊള്ളംട്ടോ....നല്ല പാട്ട് ...വരികള്‍ ഉഗ്രന്‍..ബിജു നന്നായി പാടിയിട്ടുണ്ട് ...

Kalavallabhan said...

ഹര ഹരോ ഹര...
ആശംസകൾ

jayanEvoor said...

എഴുത്ത് നന്നായി.
ആശംസകൾ!

തൈപ്പൂയ കാവടിയാട്ടം
തങ്കമയിൽ പീലിയാട്ടം!

Manikandan said...

ഇന്നാണ് ഇവിടെ എത്താൻ സാധിച്ചത്. പാട്ടും സംഗീതവും ആലാപനവും ഇഷ്ടപ്പെട്ടു. ആശംസകൾ മാഷേ.

G. Nisikanth (നിശി) said...

എല്ലാവർക്കും നന്ദി.. ഒരായിരം നന്ദി...

നിശി