Wednesday, July 8, 2015

പൊതുവിദ്യാഭ്യാസം പൊളിച്ചടുക്കേണ്ടതാർക്ക്...??

(കുട്ടികളെ സ്കൂളിൽ അയയ്ക്കുന്ന രക്ഷിതാക്കളും കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകുന്ന അദ്ധ്യാപകരും വായിച്ചറിയുവാൻ. കഴിഞ്ഞ ഒരു വർഷമായി നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും ഈ രംഗത്ത് പ്രവർത്തിക്കുന്നവരുമായി സംസാരിച്ചും തയ്യാറാക്കിയ കുറിപ്പുകളാണിത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നു)

ലോകമെമ്പാടും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരോ കുഞ്ഞിന്റേയും അവകാശമാണ്. ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ഭരണഘടന വിഭാവനം ചെയ്യുന്നത് 14 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുക എന്നതാണ്. ഇതിനാവശ്യമായ സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരാണ്. ആ ഉത്തരവാദിത്തം വേണ്ടവിധത്തിൽ നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്ന ഒരന്വേഷണമാണ് ഈ ലേഖനം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധാലുക്കളായ എല്ലാവരും ഈ വിഷത്തിൽ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

I) പ്രീ-പ്രൈമറി വിദ്യാഭ്യാസം
II) പ്രൈമറി വിദ്യാഭ്യാസം
III) സെക്കണ്ടറി വിദ്യാഭ്യാസം
IV) പ്രീ-പ്രൈമറി വിദ്യാഭ്യാസം

ഇവയെപ്പറ്റി വിശദമായി ഒന്നു പരിശോധിക്കാം

I) പ്രീ-പ്രൈമറി വിദ്യാഭ്യാസം

ഒരു കുട്ടി ജനിച്ച് 3 വയസ്സു മുതൽ അഞ്ചു വയസ്സുവരെയുള്ള കാലഘട്ടമാണല്ലോ ഇത്. ഭാവിയുടെ ഭാഗധേയങ്ങൾ രൂപപ്പെടുന്നത് ക്‌ളാസ് മുറികളിൽ ആണെന്നാണ് നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞിരിക്കുന്നത്. എല്ലാ വിദേശരാജ്യങ്ങളും ഈ മേഖലയിൽ വളരെയധികം പ്രാധാന്യമാണ് കൊടുക്കുന്നത്. ബുദ്ധിയുടെ ബഹുമുഖ തലങ്ങൾക്ക്, പ്രാധാന്യം നൽകേണ്ട ഈ ഘട്ടം ഇപ്പോൾ ആരെല്ലാമാണ് നിയന്ത്രിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.

1) സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള അംഗനവാടികൾ
2) മത/സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ
3) സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങൾ
4) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള അംഗീകാരമുള്ള സ്ഥാപനങ്ങൾ
5) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് സർക്കാർ സഹായമില്ലാതെ എസ്.എം.സി/പി.ടി.ഏ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ

മേൽപ്പറഞ്ഞ അഞ്ചു വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗുണഭോക്താവ് ഒന്നേയുള്ളൂ. മൂന്നുവയസ്സുമുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾ. ഇവർക്കു ലഭിക്കുന്നത് അഞ്ചു വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസമാണ്. ഇവിടെ നിയതവും ഏകീകൃതവുമായ ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി ആവിഷ്കരിക്കുന്നതിനോ പ്രയോഗത്തിൽ വരുത്തുന്നതിനോ നാളിതുവരെ ഒരുദ്യമവും ഉണ്ടായിട്ടില്ല. മേൽപ്പറഞ്ഞ ഓരോ മേഖലയിലും ഏതു രീതിയിലുള്ള നൽകുന്നതെന്നും അതിനുള്ള സാഹചര്യം ഒരുക്കുന്നതെന്നും നമുക്കു പരിശോധിക്കേണ്ടതുണ്ട്.

1) സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള അംഗനവാടികൾ

പാലൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കും അവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ബുദ്ധി വികാസത്തിനും കൗൺസിലിങ്ങിനും ഈ അംഗനവാടികൾ ബാദ്ധ്യസ്ഥരാണ്. ഇതിൽ പ്രധാനം മൂന്നു മുതൽ അഞ്ചു വരെ വയസ്സുള്ള കുട്ടികളുടെ മാനസിക വികാസത്തിനും പ്രീസ്കൂൾ അനുഭവങ്ങൾ ഒരുക്കുന്നതിനുമാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ത്രിതലപ്പഞ്ചായത്ത് സൗകര്യം വന്നപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇവയുടെ പ്രവർത്തനം നടക്കുന്നത്.

ഒരംഗനവാടിയിൽ ഒരു വർക്കറും ഒരു ആയയും മാത്രമാണ് ഉള്ളത്. ഒരു പഞ്ചായത്തിലെ ഓരോ വാർഡിലും ഒരു അംഗനവാടിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. മിക്ക അംഗനവാടികളിലും 70 വയസ്സുവരെയുള്ള വർക്കറോ ആയയോ പ്രവർത്തിച്ചു വരുന്നു. മിക്ക അംഗനവാടികൾക്കും സ്വന്തമായി കെട്ടിടങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ല. എന്തിന് ഉപയോഗശൂന്യമായ കാലിത്തൊഴുത്തുകൾ വരെ അംഗനവാടികളായി പ്രവർത്തിക്കുന്നുണ്ട്. പത്തു മുതൽ മൂന്നര വരെയാണ് പ്രവർത്തന സമയം.

കളി കുട്ടിയുടെ സഹജ വാസനയാണ്. കളികളിലൂടെയാണ് ഓരോ കുഞ്ഞുങ്ങളുടേയും ആരോഗ്യപരവും ബൗദ്ധികപരവുമായ വികാസവും പരിശീലനവും സിദ്ധിക്കുന്നത്. ദൗർഭാഗ്യമെന്ന് പറയട്ടേ, ഭൂരിഭാഗം അംഗനവാടികളിലും സർക്കാർ ഇതിനനുയോജ്യമായ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലാ. മാത്രമല്ല സർക്കാർ നിർദ്ദേശിക്കുന്ന കല്ലുകരടുകാഞ്ഞിരക്കട്ട മുതൽ മുള്ളുമൊരടുമൂർഖൻപാമ്പുവരെയുള്ള സർവ്വേകൾ നിർവ്വഹിക്ക്കേണ്ടതും ഈ വർക്കർമാരാണ്. ഈ അവസരങ്ങളിൽ യാതൊരു പരിശീലനവും ലഭിക്കാത്ത ആയമാർ ആയിരിക്കും കുട്ടികളുടെ സംരക്ഷണം നിർവ്വഹിക്കുന്നത്. അതിന്റെ പരിണിതഫലം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മേൽപ്പറഞ്ഞ സർവ്വേകളും പ്രതിമാസ അവലോകനയോഗങ്ങളും പരിശീലനക്‌ളാസുകളും കഴിഞ്ഞാൽ വളരെക്കുറച്ചു ദിവസങ്ങൾ മാത്രമേ 'ഭാവിയുടെ ഭാഗധേയ'ങ്ങൾക്കായി നീക്കി വയ്ക്കാൻ കഴിയൂ. നമ്മുടെ കുഞ്ഞുങ്ങളുടെ ഒരു ഗതിയേ..!!!

a) അംഗനവാടികളിലെ പാഠ്യപദ്ധതി

SCERT യുടെ വിദ്യാഭ്യാസ വിചക്ഷണർ തയ്യാറാക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ വിദ്യാഭ്യാസം. അക്ഷരപരിശീലനം ഈ പദ്ധതിയിൽ നിഷ്കർഷിക്കുന്നില്ല. എന്നിരുന്നാലും  അക്ഷരം പഠിച്ചില്ലായെങ്കിൽ അംഗനവാടികളിലേക്ക് കുട്ടികളെ വിടില്ല എന്ന ഭയത്താൽ മിക്ക വർക്കർമാരും കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ നിർബന്ധിതരാകുന്നു. മിക്ക വർക്കേർസിനും പ്രത്യേക യോഗ്യത പറഞ്ഞിട്ടില്ലാത്തറ്റ്ഹിനാൽ ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിലാണ് പാഠ്യപദ്ധതി നടപ്പിലാക്കുന്നത്.

b) ഭൗതിക സാഹചര്യം

ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് നിങ്ങൾക്ക് കണ്ട് ബോദ്ധ്യപ്പെടാം. ഇത്തരം സ്ഥാപനങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അവയ്ക്ക് ആവശ്യമായ ആധുനിക രീതിയിലുള്ള ഭൗതിക സാഹചര്യങ്ങളോ ഗുണമേന്മയുള്ള പാഠ്യപദ്ധതിയോ ആവിഷ്കരിക്കുവാനോ യഥാസമയം പരിശോധിച്ച് ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനോ ഒരു ഭരണസംവിധാനത്തിനും കഴിഞ്ഞിട്ടില്ലെന്നുള്ളത് ലജ്ജാകരമാണ്.

2) മത/സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ

മതങ്ങളുടേയും സമുദായത്തിന്റേയും പേരിൽ നടത്തുന്ന പ്ലേസ്കൂളുകൾ എന്നറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളിൽ രക്ഷിതാക്കളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കി കുട്ടികളെ സംരക്ഷിക്കുന്നു. മിക്കതും അടച്ചിട്ട മുറികളിലാണ് പ്രവർത്തിക്കുന്നത്. ഏകീകൃതമായ ഒരു പാഠ്യപദ്ധതി ഇവിടെയില്ല. നടത്തിപ്പുകാരുടെ ഇഷ്ടാനുസരണം ഇൻഡ്യയിലെ ഏതു പ്രസാധകന്റേയും പാഠപുസ്തകങ്ങൾ വാങ്ങി കുട്ടികലെന്ന പാവം തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുന്നു. നിയമപരമായി ഈ സ്ഥാപനങ്ങളെ നിരോധിക്കാനോ നിയന്ത്രിക്കാനോ സർക്കാരിനും കഴിയുന്നില്ല. വലിയ മുതൽ മുടക്കുള്ള കളിയുപകരണങ്ങളും മറ്റും വാങ്ങി സ്ഥാപിച്ച് കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുക എന്ന കച്ചവട തന്ത്രമാണ് ഇത്തരം സ്ഥാപനങ്ങൾ മിക്കതിലും കാണപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങൾ മിക്കതിലും കുട്ടികൾക്കായി പ്രത്യേക വാഹനസൗകര്യമൊരുക്കിയിരിക്കും. ഇവിടെ വാങ്ങുന്ന ഫീസിനോ പഠനോപകരണങ്ങൾക്കോ യാതൊരു മാനദണ്ഡവുമുണ്ടായിരിക്കില്ല. ഇവിടെ ഏതു രീതിയിലുള്ള വിദ്യാഭ്യാസവും വ്യക്തിവികാസവും നടപ്പാക്കുന്നതെന്ന് ഒരു സർക്കാർ ഏജൻസിക്കും യാതൊരു വിവരവും ഇല്ല. സാധാരണക്കാരായ രക്ഷിതാക്കൾക്ക് അപ്രാപ്യമാണ് ഇത്തരം ഡേകെയർസെന്ററുകൾ. ഇപ്പോൾ കണ്ടുവരുന്ന പ്രവണത അതതു മത/ജാതി സമുദായ നേതാക്കളുടെ ആഹ്വാനവും നിർദ്ദേശവും മൂലം തികച്ചും സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന സമാനമായ സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകേണ്ട കുട്ടികളെ തട്ടിയെടുക്കുന്ന അവസ്ഥയാണ്. ഇതുമൂലം നിലവാരമുള്ള സർക്കാർ സർക്കാർ പ്രീപ്രൈമറി വിദ്യാലയങ്ങൾ പോലും നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഭീതിതമായ അവസ്ഥയാണ് കണ്ടുവരുന്നത്. ബാല്യം മുതൽക്കേ കുട്ടികളെ മതത്തിന്റേയും ജാതിയുടേയും പേരിൽ ധ്രുവീകരിക്കുന്ന ഇത്തരം പ്രവണതയാണ് ഇന്നു കണ്ടുവരുന്നത്.

4) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള അംഗീകാരമുള്ള സ്ഥാപനങ്ങൾ

ഒരു വിദ്യാഭ്യാസ ഉപജില്ലയിൽ തന്നെ നാലോ അഞ്ചോ സ്ഥാപനങ്ങൾ മാത്രമേ ഇത്തരത്തിൽ കാണാറുള്ളൂ. പൊതുവിദ്യാഭ്യാസവകുപ്പിന്റെ  കീഴിലാണിത്. അംഗനവാടികളെപ്പോലെ തന്നെ SCERT യുടെ പാഠ്യപദ്ധതിയാണ് ഇവിടെയും അവർ പിന്തുടരുന്നത്. സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഇവിടെ മിക്കതിനും അവശ്യം വേണ്ട പഠനോപകരണങ്ങളോ കളിയുപകരണങ്ങളോ ഉണ്ടാവുകയില്ല. അമ്പതുകുട്ടികളുണ്ടായാലും ഒരു കുടുസ്സു മുറിയിൽ ഒരു അദ്ധ്യാപിക/അദ്ധ്യാപകന്റെ  മേൽനോട്ടത്തിലാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ SCERT വിഭാവനം ചെയ്യുന്ന കരിക്കുലത്തിനുമപ്പുറം മറ്റ് സ്വകാര്യസ്ഥാപനങ്ങളോടു കിടപിടിക്കത്തക്ക രീതിയിൽ പാഠപുസ്തകങ്ങളും മറ്റും സ്വകാര്യ ഏജൻസികളിൽ നിന്നും വരുത്തിയാണ് ഇവിടങ്ങളിൽ പഠനം നടത്തുന്നത്. രക്ഷിതാക്കളുടെ ഇംഗ്ലീഷ് മാദ്ധ്യമത്തോടുള്ള അമിത ഭ്രമം മൂലം മാതൃഭാഷയിലൂടെയുള്ള പഠനം ഇവിടെ ഇല്ലെന്നു തന്നെ പറയാം. H&C Publications, Nettikkadan, PCM, DCB എന്നുവേണ്ട ഇൻഡ്യയിലെ പ്രീപ്രൈമറിക്കുവേണ്ടി പുസ്തകം അച്ചടിക്കുന്ന ഏതു പ്രസാധകന്റേയും പുസ്തകങ്ങൾ പഠിക്കാൻ ഇവിടുത്തെക്കുട്ടികൾ നിർബന്ധിതരാകുന്നു. ഒരു സർക്കാർ പ്രീപ്രൈമറിയിൽ നിന്നും വ്യത്യസ്തമായിരിക്കും മറ്റൊരു സർക്കാർപ്രീപ്രൈമറിയിലെ വിദ്യാഭ്യാസ ക്രമം. യാത്രാ സൗകര്യവും പരിമിതമാണ്. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് പ്രൈമറിസ്കൂളുക്കളോടനുബന്ധിച്ച് പ്രീ പ്രൈമറി വേണമെന്ന് നിഷ്കർഷിക്കേ മിക്ക പ്രൈമറി സ്കൂളുകളിലും ഇത് അനുവദിക്കാത്തതും ഉള്ളത് വേണ്ടവിധത്തിൽ നടത്തിക്കൊണ്ട് പോകാൻ താൽപ്പര്യം കാണിക്കാത്തതും എന്തുകൊണ്ടാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ ലേഖനത്തിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതും അതു തന്നെയാണ്.

5) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് സർക്കാർ സഹായമില്ലാതെ എസ്.എം.സി/പി.ടി.ഏ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ

സർക്കാർ സ്കൂളുകളിൽ സർക്കാരിന്റെ അംഗീകാരമില്ലാതെ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി (SMC/PTA) നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളാണിവ. സമീപകാലത്ത് അനാദായകരമെന്ന് കരുതി (ഫോക്കസ് -15 ൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ) പൂട്ടപ്പെടാൻ സാദ്ധ്യതയുള്ള വിദ്യാലയങ്ങളിലെ രക്ഷിതാക്കൾ ഒരു അവസാനശ്രമമെന്ന നിലയിൽ ഒന്നാം ക്‌ളാസിലേക്ക് കുട്ടികളെ കിട്ടാൻ അദ്ധ്യാപകരുടെ സഹായത്തോടെ ആരംഭിച്ചതാണ് ഈ ക്‌ളാസുകൾ. ഇവിടെയും മേൽപ്പറഞ്ഞ രീതിയിലുള്ള ഏകീകൃതമല്ലാത്ത പാഠ്യപദ്ധതിയും പഠനസമ്പ്രദായവുമാണ് പിന്തുടരുന്നത്. സമൂഹത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന ജ്വരമാണല്ലോ ഇംഗ്ലീഷ് മാദ്ധ്യമത്തിലൂടെയുള്ള വിദ്യാഭ്യാസം. SMC യുടെ നേതൃത്ത്വത്തിലുള്ള പ്രീപ്രൈമറികളിലും സ്വകാര്യ കോർപ്പറേറ്റുകൾ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് പഠനത്തിനായി വിനിയോഗിക്കുന്നത്. മറ്റ് അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും സ്പോൺസർഷിപ്പിലൂടെയാണ് ഇവിടുത്തെ പ്രീപ്രൈമറി ടീച്ചർമാർക്കും മറ്റുള്ളവർക്കും വേതനം നൽകി വരുന്നത്. എസ്.എം.സിയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന അനേകം വിദ്യാലയങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യാതൊരു വിധമായ പരിഗണനയും ഇവയ്ക്ക് ലഭിക്കുന്നില്ലാ എന്നത് ഒരു ദുഃഖസത്യം മാത്രമാണ്.

സ്വകാര്യ-മാനേജ്മെന്റ് വിദ്യാലയങ്ങളിലെ ചില പൊതുവായ മേന്മകൾ വിസ്മരിക്കത്തക്കതല്ല,. പഠനരീതി, അക്കാദമിക സൗകര്യങ്ങൾ ഇവയ്ക്കെല്ലാം പരിമിതികളുണ്ടെങ്കിലും പാഠപുസ്തക വിതരണം, കൃത്യസമയത്തിലുള്ള മൂല്യ നിർണ്ണയം, പഠന നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കുള്ള അംഗീകാരം, കുട്ടികളുടെ യാത്രാ സൗകര്യമൊരുക്കൽ, മതിയായ കളിയുപകരണങ്ങൾ സ്ഥാപിക്കൽ, ശിശു സൗഹൃദ അന്തരീക്ഷമൊരുക്കൽ, അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പും മൂല്യ നിർണ്ണയവും തുടങ്ങി പലതും കൃത്യത പാലിക്കുന്നുണ്ട് എന്നതാണവ.

II) പ്രൈമറി വിദ്യാഭ്യാസം

കതിരിൽ കൊണ്ട് വളം വയ്ക്കുന്ന എന്നൊരു ചൊല്ലുണ്ട്. പൊതുവിദ്യാഭ്യാസമെന്ന് ഉദ്ദേശിക്കുന്നത് തന്നെ പത്താം ക്‌ളാസിൽ എല്ലാ വിഷയത്തിനും A+ കിട്ടുക എന്നതാണ് എന്ന് തോന്നാറുണ്ട്. പത്താംതരം ജയിച്ച ഒരു കുട്ടിയുടെ പഠന നിലവാരം പരിശോധിച്ചാൽ അതിൽ ധാരാളം വീഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്നതാണ് അടുത്ത കാലത്തുയർന്ന വിമർശനങ്ങൾ. ഇവയെക്കുറിച്ച് ഗഹനമായി ഒരു പരിശോധന നടത്തിയാൽ ചില കാര്യങ്ങൾ വ്യക്തമാകും. സാർവത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ് ചോദ്യം. ഇവിടെ കതിരിൽ വളം വച്ചിട്ട് അതിന്റെ വിളവിനെക്കുറിച്ചാണ് വിമർശിക്കുന്നത്.

ഒന്നു മുതൽ എട്ടാം ക്‌ളാസ് വരെയാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി ക്‌ളാസുകളായി നിർണ്ണയിച്ചിരിക്കുന്നത്. 9 & 10 ഇവ സെക്കണ്ടറി ക്ളാസുകളും. കേരളത്തിൽ ഇത് തികച്ചും വ്യത്യസ്തമാണ്. ഒന്നു മുതൽ നാലുവരെ പ്രൈമറി (LP) അഞ്ചുമുതൽ ഏഴുവരെ  അപ്പർ  പ്രൈമറി(UP), എട്ടുമുതൽ 10 വരെ സെക്കണ്ടറി (HS). പ്രാഥമിക വിദ്യാഭ്യാസം ഗുണമേന്മയുള്ളതായിരിക്കണമെന്നാണ് എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും നിഷ്കർഷിക്കുന്നത്. അഞ്ചുതരം പ്രൈമറി വിദ്യാഭ്യാസമാണ് കേരളത്തിൽ ഇന്ന് പൊതുവേ കാണുന്നത്.

1) സംസ്ഥാന സിലബസ്
2) സി.ബി.എസ്.സി
3) ഐ.സി.എസ്.സി
4) കേന്ദ്ര സിലബസ് (NCERT)
5) അന്താരാഷ്ട്ര സിലബസ്

ഇവ എന്താണെന്ന് പരിശോധിക്കാം

1) സംസ്ഥാന സിലബസ്

സംസ്ഥാന സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളെ മൂന്നായി തിരിക്കാം.

a) AIDED
b) Recognized AIDED
c) Government Schools

a) അംഗീകൃത സ്കൂളുകൾ (AIDED)

ഇതിൽ തന്നെ സിംഗിൾ മാനേജ്മെന്റ്, കോർപറേറ്റ് മാനേജ്മെന്റ് എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. സംസ്ഥാന സിലബസാണ് ഇവിടെ പിന്തുടരുന്നത്. ഇവിടെ നിയമനം നടത്തുന്നത് മാനേജരും ശമ്പളം കൊടുക്കുന്നത് സർക്കാരുമാണ്. കേരളത്തിലെ മിക്ക സമുദായങ്ങൾക്കും ഇന്ന് എയിഡഡ് സ്കൂളുകൾ ഉണ്ട്. സംസ്ഥാന സിലബസിനോട്  അടുത്ത കാലത്തുണ്ടായ വിരക്തി മൂലം രക്ഷിതാക്കൾ കുട്ടികളെ മറ്റ് അനംഗീകൃത സ്കൂളുകളിൽ വിടുകയും ഇതുമൂലം ഇത്തരം വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു. കുട്ടികളുടെ  എണ്ണക്കുറവുമൂലം ജോലി നഷ്ടപ്പെട്ട പതിനായിരങ്ങൾ ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. ഇവിടുത്തെ ഭൗതിക സാഹചര്യം ഒരുക്കേണ്ടത് മാനേജ്മെന്റ് ആണ്. അക്കാര്യത്തിൽ പലസ്കൂളുകളും പരിതാപകരമായ അവസ്ഥയിലാണ്. ആരോഗ്യ ശുചിത്വരംഗത്ത് ഇത്തരം വിദ്യാലയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ അടുത്ത കാലത്ത് ഉയർന്നു വന്നിട്ടുണ്ട്.

b) അംഗീകൃത അൺ‌ എയ്ഡഡ് (Recognized Unaided)

സിംഗിൾ മാനേജ്മെന്റിൽ അധിഷ്ഠിതമാണ് ഇവയിൽ മിക്കതും. സർക്കാർ അംഗീകാരം ഉണ്ടെന്നിരിക്കേ ഇത്തരം വിദ്യാലയങ്ങളിൽ സർക്കാർ നിയന്ത്രണത്തിന് പരിമിതികളുണ്ട്. മിക്ക വിദ്യാലയങ്ങളും അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സിലബസാണ് ഇവിടെ പിന്തുടരുന്നതെങ്കിലും ഇവയിലെല്ലാം തന്നെ സ്വകാര്യ പ്രസാധകരുടെ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനെ നിയന്ത്രിക്കുന്നതിനോ നിരീക്ഷിക്കുന്നതിനോ ഇന്ന് സൗകര്യമില്ല.

c) സർക്കാർ പ്രൈമറി വിദ്യാലയങ്ങൾ

യഥാർത്ഥത്തിൽ പൂരം വെടിക്കെട്ട് നടക്കുന്നതിവിടെയാണ്. സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ട ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടവരാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഇന്ന് കുത്തഴിഞ്ഞ പുസ്തകം പോലെയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രൈമറി വിദ്യാഭ്യാസം തന്നെ എൽ.പി. മാത്രമുള്ളത്, എൽ.പിയും യു.പിയും കൂടിയുള്ളത്, എൽ.പി. യും ഒപ്പം യു.പി.യുടെ അഞ്ചാം ക്‌ളാസും കൂടിച്ചേർന്നത്, യു.പി മാത്രമുള്ളത് ഇങ്ങനെ അവിയൽ രൂപത്തിലാണ് സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നത്.

ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി വിദ്യാഭ്യാസ രംഗത്തെ രണ്ടായി തിരിക്കാം.

1) അക്കാദമിക തലം
2) ഭൗതിക തലം

ഇവയെന്താണെന്ന് പരിശോധിക്കാം

1) അക്കാദമിക തലം

മാറുന്ന ഭരണകൂടങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നിരന്തരം നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രയോഗങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലയിലെ ഗിനിപ്പന്നികളാണ് സംസ്ഥാന സിലബസ് പിന്തുടരുന്ന സാധാരണക്കാരന്റെ കുട്ടികൾ. ശിശു മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായമനുസരിച്ച് ഒന്നു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കാലമാണ് തലച്ചോറിലെ നൂറോൺ വലക്കണ്ണികളുടെ  വികാസം നടക്കുന്നത്. Howard Earl Gardner എന്ന കുട്ടികളുടെ മനഃശാസ്ത്രജ്ഞൻ ബുദ്ധിയുടെ ബഹുമുഖ തലങ്ങളെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട് (Gardner has identified eight intelligences: linguistic, logic-mathematical, musical, spatial, bodily/kinesthetic, interpersonal, intrapersonal, and naturalistic. Gardner is informally considering two additional intelligences, existential and pedagogical.[7][8] Many teachers, school administrators, and special educators have been inspired by Gardner’s Theory of Multiple Intelligences as it has allowed for the idea that there is more than one way to define a person's intellect). 12 വയസ്സാകുമ്പോഴേക്കും കുട്ടിയുടെ തലച്ചോറിന്റെ വികാസം ഏകദേശം പൂർണ്ണമാകും. വസ്തുതകൾ ഇങ്ങനെ ആയിരിക്കേ, ഈ പ്രായത്തിൽ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നമുക്ക് കുറച്ചു കാണാൻ കഴിയുകയില്ല.

നമ്മുടെ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ പതിറ്റാണ്ടുകളായി മാറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിവിധ ഏജൻസികൾ നമ്മുടെ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ പണം നിക്ഷേപിച്ചിട്ടുണ്ട് (ADB യുടെ സഹായത്തോടെ DPEP, World Bank സഹായത്തോടെ SSA etc.). ചുരുക്കം ചില ജില്ലകളിൽ മാത്രം നടപ്പിലാക്കിയ DPEP പദ്ധതി നിരന്തര വിമർശനങ്ങൾക്ക് വിധേയമാവുകയും തുടർന്ന് ഉപേക്ഷിക്കുകയുമാണുണ്ടായത്. ശേഷം, 2000 മുതൽ സർവ്വ ശിക്ഷാ അഭിയാൻ എന്ന കേന്ദ്ര പദ്ധതി പ്രൈമറി വിദ്യാഭ്യാസ രംഗം മികവുറ്റതാക്കാൻ ശ്രമിച്ചു വരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വരുന്ന കരിക്കുലം കമ്മറ്റി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് നിലവിൽ ഉപയോഗിച്ചു വരുന്നത്. കരിക്കുലം കമ്മറ്റി അംഗീകരിക്കുന്ന, പാഠപുസ്തകങ്ങളും അദ്ധ്യാപക സഹായികളും തയ്യാറാക്കുന്നത് SCERT യും എന്നാൽ ആ സിലബസിനെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപക പരിശീലനം നൽകൽ, വിവിധ പഠനസഹായികളുടെ നിർമ്മാണം തുടങ്ങിയവ നടപ്പിലാക്കുന്നത് SSA യും ആണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ പ്രവീണരായ അദ്ധ്യാപകരെ ഇന്റർവ്യൂ നടത്തിയാണ് SSA യിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പലപ്പോഴും തിരഞ്ഞെടുപ്പിൽ ഭരിക്കുന്ന കക്ഷിയുടെ അദ്ധ്യാപക സംഘടനകളുടെ പിണിയാളന്മാർ ആയിരിക്കും കടന്നു വരുന്നത്. അഞ്ചു വർഷത്തെ ഭരണ ശേഷം അവർ മാറുമ്പോൾ അടുത്ത ഭരണപക്ഷത്തിന്റെ ആളുകൾ ആയിരിക്കും ഇത് നിയന്ത്രിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന രാഷ്ട്രീയ കക്ഷിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കലാകും ചുരുക്കത്തിൽ നടക്കുന്നത്.

പ്രഥമാദ്ധ്യാപകനെന്ന പാഞ്ചാലിയും വകുപ്പുകളിലെ പഞ്ചപാണ്ഡവരും.

പഞ്ചപാണ്ഡവരുടെ ഭാര്യയായ പാഞ്ചാലിയുടെ ഗതിയാണ് പ്രൈമറി സ്കൂളിലെ ഒരു പ്രഥമാദ്ധ്യാപകന്റേത്. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വഴി പ്രഥമാദ്ധ്യാപകർ നടപ്പിലാക്കണം. ഈ ഓഫീസറാണ് ആദ്യ ഭർത്താവ്. ഒരു വർഷം ഒരായിരം ഡാറ്റകൾ ആവശ്യപ്പെടുകയും ഓഡിറ്റ്, ISM എന്നിവ പറഞ്ഞ് സദാസമയവും ഭയപ്പെടുത്തുകയും ചെയ്യുന്ന ബി.ആർ.സി സെന്ററുകളിലെ ബി.പി.ഒ ആണ് അടുത്ത ഭർത്താവ്. ജില്ലാ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട് (DIET) ലെ ഫാക്കൽറ്റി ആണ് മറ്റൊരു ഭർത്താവ്. സർക്കാർ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക കാര്യങ്ങൾ നിയന്ത്രിക്കേണ്ട പഞ്ചായത്ത് പ്രസിഡണ്ടും ഒരു ഭർത്താവായി വരും. വിദ്യാഭ്യാസ അവകാശ നിയമങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോയെന്ന് മോനിറ്റർ ചെയ്യുന്ന എസ്.എം.സി ചെയർമാനാണ് ആണ് മറ്റൊരു ഭർത്താവ്. ഇനി പ്രത്യക്ഷത്തിലല്ലാതെ അനേകം ജാരന്മാരുമുണ്ട്. ഇവരെല്ലാം പറയുന്നത് ഈ പാവം ഭാര്യയായ പ്രഥമാദ്ധ്യാപകൻ ഒരേ സമയം അനുസരിച്ചേ പറ്റൂ.

ഒന്നുമുതൽ നാലുവരെയുള്ള ക്‌ളാസുകൾക്കായി HM ഉൾപ്പെടെ നാല് അദ്ധ്യാപകരാണുള്ളത്. ക്‌ളാസ് ടീച്ചർ സിസ്റ്റം അവലംബിക്കുന്ന പ്രൈമറി ക്‌ളാസുകളിൽ HM ഒരു ക്‌ളാസിന്റെ പരിപൂർണ്ണ ചാർജ് വഹിക്കണം. ഏതെങ്കിലും ഒന്നോ രണ്ടോ അദ്ധ്യാപകർ അവധിയിലായാൽ ഒരു ദിവസം മുഴുവൻ ആ ക്‌ളാസുകൾ നാഥനില്ലാക്കളരിയായി മാറും. 200 സാദ്ധ്യായ ദിനങ്ങൾ വേണ്ടതിൽ ഉള്ളതിൽ മിക്കപ്പോഴും 180-190 ദിവസങ്ങളേ പ്രവർത്തി ദിനങ്ങളായിട്ടുള്ളൂ. അതിൽ തന്നെ പ്രാദേശിക ഉത്സവങ്ങൾ, വിദ്യാഭ്യാസ ബന്ദുകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവ മൂലം പിന്നെയും വളരെയധികം സാദ്ധ്യായ ദിനങ്ങൾ നഷ്ടമാകും. ഇതിനിടയിലാണ് ഉച്ചഭക്ഷണത്തിനായുള്ള അരി, പച്ചക്കറി, മുട്ട, പാൽ തുടങ്ങിയവ പ്രഥമാദ്ധ്യാപകൻ സമയബന്ധിതമായി സ്കൂളിൽ എത്തിക്കേണ്ടത്. SPARK ൽ കൂടി അദ്ധ്യാപകരുടെ ശമ്പളം തയ്യാറാക്കൽ, പ്രമോഷൻ, ട്രാൻസ്ഫർ, പോസ്റ്റിങ്ങ്, സമ്പൂർണ്ണ സോഫ്റ്റ് വഴിയുള്ള കുട്ടികളുടെ എണ്ണം നൽകൽ, വിവിധതരം സ്കോളർചിപ്പുകൾ എന്നിവയെല്ലാം നിർവ്വഹിക്കേണം. മിക്ക സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ കഫേകളിൽ പോയി വേണം പ്രഥമാദ്ധ്യാപകർ ഇത് സാധിക്കേണ്ടത്. കൂടാതെ ശമ്പളം തുടങ്ങിയവയ്ക്ക് ട്രഷറിയിൽ പോകൽ, യൂണിഫോം വാങ്ങൽ, പുസ്തകങ്ങൾ സമയാസമയങ്ങളിൽ എത്തിക്കൽ, പഠനസഹായികൾ പഠനോപകരണങ്ങൾ എന്നിവ കൃത്യമായി എത്തിക്കൽ, സ്കൂളിന്റെ കാലാകാലങ്ങളിലുള്ള മെയിന്റനൻസ്, സ്കൂൾ ശുചിത്വം, ആരോഗ്യപരിപാലനം തുടങ്ങിയവയ്ക്ക് മുന്നിട്ടിറങ്ങി നടപ്പാക്കുകയും ഒപ്പം യുവജനോത്സവമടക്കം സർക്കാർ നിയോഗിക്കുന്ന എല്ലാ പരിപാടികൾക്കും പങ്കെടുക്കുകയും ചെയ്യേണ്ടത് ഈ ഒറ്റ വ്യക്തിയാണ്. ഒരു ദിവസം പരിപൂർണ്ണമായും ഒരു ക്‌ളാസിന്റെ ചാർജുള്ള ഈ പ്രഥമാദ്ധ്യാപകന് എങ്ങനെ കുട്ടികൾക്ക് "സർക്കാർ നിർദ്ദേശിക്കുന്ന" (?) ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുക!?

തീർന്നില്ല, അദ്ധ്യാപകരുടെ ക്‌ളാസുകൾ മോണിറ്റർ ചെയ്യേണ്ടതും സ്കൂളുകളിലെ 74 ഓളം റെക്കോഡുകൾ എഴുതി സൂക്ഷിക്കേണ്ടതും രണ്ടു തരത്തിലുള്ള കാഷ് ബുക്കുകൾ മെയിന്റയിൻ ചെയ്യേണ്ടതും കുട്ടികളുടെ യാത്രാസുരക്ഷ, സ്കൂളിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ സൂക്ഷിക്കൽ, കാലാകാലങ്ങളിൽ ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് കരസ്ഥമാക്കൽ, ദിനാചരണങ്ങൾക്ക് പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കൽ, സ്കൂൾ വികസന പദ്ധതി തയ്യാറാക്കൽ, യുവജനോത്സവങ്ങളുടെ നടത്തിപ്പ്, ഫണ്ട് കളക്ഷൻ, വിവിധ ജാതിമതസ്ഥരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, ഉണ്ടാകുന്ന വീഴ്ചകൾക്ക് ഉത്തരം പറയൽ തുടങ്ങിയവയും ഇവരുടെ ചുമലിലാണ്. ഈ ജോലിക്കെല്ലാം ഓടിനടക്കേണ്ട ഒന്നാംസാറന്മാർ സർക്കാർ നിഷ്കർഷിക്കുന്ന എല്ലാത്തരം അദ്ധ്യാപക പരിശീലനങ്ങളിലും പങ്കെടുക്കുകയും വേണം. ദിനാചരണങ്ങൾക്ക് പ്രമുഖ വ്യക്തികളെ സംഘടിപ്പിക്കൽ മുതൽ വർഷാവർഷമുള്ള മികവുകളുടെ ഡോക്യുമെന്റേഷനും ഇവരുടെ ചുമലിലാണ്. എല്ലാ വകുപ്പുകൾക്കും കൃത്യമായി ഉത്തരം പറയേണ്ട പ്രഥമാദ്ധ്യാപകൻ കൃത്യാന്തര ബാഹുല്യം മൂലം താൻ കൈകാര്യം ചെയ്യുന്ന ക്‌ളാസ് പലപ്പോഴും ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇതു മൂലം ഒരു സ്കൂളിലെ ആ ക്‌ളാസിനു സംഭവിക്കുന്ന പഠന നിലവാരത്തകർച്ച പരിഹരിക്കാൻ നിലവിൽ ഒരു മാർഗ്ഗവും ഇല്ല. 100 കുട്ടികളുള്ള LP സ്കൂളുകളിലും 10 കുട്ടികളുള്ള സ്കൂളിലും പ്രഥമാദ്ധ്യാപകന്റെ ഈ ചുമതലകൾക്ക് മാറ്റമൊന്നുമില്ല.

അദ്ധ്യാപകരുടെ പ്രശ്നങ്ങൾ

വിദ്യാലയ മികവുകൾക്കായി പ്രഥമാദ്ധ്യാപകന്റെ പ്രയാണത്തിനിടയിൽ ഏറ്റവും കൂടുതൽ ഭർത്സനം കേൾക്കേണ്ടത് അദ്ധ്യാപകരാണ്. കൃത്യമായി പഠിപ്പിക്കേണ്ടവ ആസൂത്രണം ചെയ്ത് പഠനപ്രവർത്തനങ്ങൾ ഒരുക്കേണ്ടത് ഇവരുടെ കടമയാണ്. ഇത്തരം ജോലികൾക്കിടയിൽ പരിശീലന ക്‌ളാസുകൾ, മേളകൾ, യുവജനോത്സവങ്ങൾ എന്നിവയിൽ പങ്കെടുക്കേണ്ടതു കാരണം പലപ്പോഴും അവർ ശ്രദ്ധിക്കുന്ന ക്‌ളാസുകളെ അതു ബാധിക്കുന്നു. മിക്ക സർക്കാർ സ്കൂളുകളിലും അന്യജില്ലയിൽ നിന്നുള്ളവരാകും അദ്ധ്യാപകരായി ഉണ്ടാവുക. കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ സാധിക്കാതെ വരുന്നതുമൂലം അവർക്കവകാശപ്പെട്ട അവധിദിവസങ്ങൾ മുഴുവൻ അവർ ഉപയോഗിക്കുകയാണു ചെയ്യുന്നത്.

പാഠം ഒന്ന് : പുസ്തകമില്ല..!

9 വയസ്സു പൂർത്തിയാകുന്ന ഒരു പ്രൈമറി വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഗണിത ശേഷിയും (Math Skills) ഭാഷാ നൈപുണികളും (Language skills) ശാസ്ത്രത്തിലെ പ്രക്രിയാ ശേഷികളും (Process Skills) കൃത്യമായി നേടേണ്ടതുണ്ട്. ഇതുപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് അവരെ  കാത്തിരിക്കുന്നത്. കുട്ടികളുടെ പഠനോപകരണങ്ങളിൽ പ്രഥമ സ്ഥാനം പാഠപുസ്തകങ്ങൾക്കാണ്. ഈ പഠനോപകരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് കുട്ടികളുടെ  പഠനശേഷീ നിലവാരം മൂല്യനിർണ്ണയം ചെയ്യപ്പെടുന്നത്. കേരളത്തിൽ ഇത് മൂന്നു ഘട്ടങ്ങളിലായിട്ടാണ് (Term) പരിശോധിക്കപ്പെടുന്നത്. ഒന്നാം ടേം ഓണപ്പരീക്ഷ എന്നാണ് അറിയപ്പെടുന്നത്. ആഗസ്ത് - സെപ്തംബർ മാസങ്ങളായിട്ടാണ് ഓണപ്പരീക്ഷ കടന്നുവരുന്നത്. ഈ വർഷം ആഗസ്ത് 28 നാണ് തിരുവോണം. അതിന്റെ രണ്ടു ദിവസങ്ങൾ മുൻപെങ്കിലും സ്കൂൾ അടയ്ക്കേണ്ടതുണ്ട്. അപ്പോൾ മൂല്യനിർണ്ണയം ഒരാഴ്ച മുൻപേ നടത്തേണ്ടി വരും. എന്നാൽ സാദ്ധ്യായ ദിവസങ്ങൾ എണ്ണി നോക്കിയാൽ 43 മുതൽ 45 ദിവസങ്ങൾ വരെ മാത്രമേ ഉള്ളൂ എന്ന് കാണാം. അതിൽ തന്നെ 26 ഓളം ദിനങ്ങൾ ഇതിനോടകം കഴിഞ്ഞിരിക്കുന്നു. പല ക്‌ളാസുകളിലും പാഠപുസ്തകങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഇനി എന്നു  കിട്ടുമെന്ന് ആർക്കും ഒരറിവും ഇല്ല. സാമ്പത്തിക ശേഷിയുള്ളവർ നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് കോപ്പി എടുത്ത് പഠിക്കാമെന്ന് കരുതാം. അതും പൂർണ്ണമായില്ല. പൊതു വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ കുട്ടിക്ക് എന്തു ചെയ്യാനാകും? ഇനി അവശേഷിക്കുന്ന ഇരുപതിൽ താഴെ അദ്ധ്യയന ദിവസങ്ങളിൽ നിന്നും എന്തു പഠന നേട്ടമാണ് ഒരു കുട്ടിക്ക് ഉണ്ടാക്കാൻ കഴിയുക? എങ്ങനെയാണ് കൃത്യതയോടെയുള്ള ഒരു മൂല്യ നിർണ്ണയം സാദ്ധ്യമാവുക? ഇത്രയും പിടിപ്പുകെട്ട ഒരു വകുപ്പ് മറ്റെന്തുണ്ട്?

കഴിഞ്ഞ വർഷം 1, 3, 5, 7 ക്‌ളാസുകളിലെ പുസ്തകങ്ങളാണ് മാറിയത്. ഈ വർഷം 2, 4, 6, 8 ക്‌ളാസുകളിലെ പുസ്തകങ്ങളും. മുൻ വർഷങ്ങളിലും നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടേയിരിക്കുകയായിരുന്നു ഇവ. പാഠ്യപദ്ധതിയിൽ കാലഘട്ടങ്ങളുടെ  മാറ്റങ്ങൾക്കനുസരിച്ച് മാറ്റം ആവശ്യമാണെന്നത് ഒരു വസ്തുതയാണ്. എന്നിരിക്കിലും അതിന്റെ പേരിൽ സ്ഥിരതയോ സംക്രമണക്ഷമതയോ ഏകോപനമോ ഇല്ലാതെ ഭരണം മാറുന്നതിനനുസരിച്ച് നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരേ ഒരു സിലബസ് ലോകത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സിലബസ് ഒന്നു മാത്രമായിരിക്കും. നിലവിൽ ഭരിക്കുന്ന കക്ഷിയുടെ വിദ്യാഭ്യാസ നയത്തോടുള്ള സമീപനമോ കാഴ്ചപ്പാടോ ആയിരിക്കില്ല അടുത്ത സർക്കാരിന്റേത്. ഇതൊന്നു മാറ്റിപ്പിടിക്കാം എന്ന് അവർക്കൊരു തോന്നലുണ്ടായാൽ ഇത് വീണ്ടും പരിഷ്കരിക്കപ്പെടും. ഒരു ഗവ. ഓർഡറിൽ തീരാവുന്ന കാര്യമേയുള്ളൂ! ഇതിന്റെയെല്ലാം പരിണിത ഫലം അനുഭവിക്കുന്നവർ ആരാണ്? നമ്മുടെ കുട്ടികൾ!!! അടിക്കടി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കേരള സിലബസിന്റെ  പരീക്ഷണവസ്തുക്കളാക്കാൻ തന്റെ കുട്ടികളെ സാധാരണക്കാരൻ പോലും തയ്യാറാകാത്തതിന്റെ ഒരു പ്രധാനകാരണം ഈ കൊള്ളിക്കരുതാഴികയാണ്. സാധാരണക്കാരന്റെ ആശ്രയമായ പൊതുവിദ്യാഭ്യാസ രംഗത്ത് ഇത്തരം അരക്ഷിതാവസ്ഥ മനഃപൂർവ്വം സൃഷ്ടിച്ചുകൊണ്ട് സ്വകാര്യ നിയന്ത്രിത വിദ്യാഭ്യാസ ഏജൻസികൾക്ക് തടിച്ചുകൊഴുക്കുവാനും ജനങ്ങളെ പിഴിയാനുമുള്ള ഒരു അവസരം ഒരുക്കിക്കൊടുക്കുകയുമാണ് ഇതിലൂടെ  ഭരണാധികാരികൾ നിർവ്വഹിച്ചു പോരുന്നത്. ICSE, CBSE, NCERT പോലുള്ളവ കേന്ദ്രീയാധിഷ്ഠിതമാണ്. ഇവയെ അഠിസ്ഥാനമാക്കിയുള്ള പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും കേരള സിലബസ് പോലെ നിരന്തരം മാറ്റത്തിനു വിധേയമാകുന്നില്ല. ഇത്തരം സിലബസുകൾ പിന്തുടരുന്ന വിദ്യാലയങ്ങൾക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം തന്നെ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും കുട്ടികൾക്ക് കൊടുക്കാൻ സാധിക്കുന്നു. ഇത്, രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളെ ഇത്തരം വിദ്യാലയത്തിലേക്ക് എന്തു വിലകൊടുത്തും വിടാൻ പ്രേരകമാകുന്നു. ഇതിന് അവസരവും വഴിയും ഒരുക്കുന്നത് ഈ സാധാരണക്കാർകൂടി വോട്ടു നൽകി വിജയിച്ചിപ്പു വിട്ട ഭരണാധികാരികളല്ലാതെ മറ്റാരുമല്ല. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കേണ്ട ആളുകൾ നൂറുവട്ടം അത് പുലമ്പുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ സ്വകാര്യ ലോബികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നത് പൊതു സമൂഹത്തോടു ചെയ്യുന്ന കടുത്ത വഞ്ചനയും അപരാധവുമാണ്. കാലം ഒരുകാലത്തും ഈ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണുനീരിനു മാപ്പു നൽകില്ല. അവസാനമായി പറഞ്ഞുകൊള്ളട്ടേ, കുട്ടികളുടെ കണക്കെടുപ്പിനായി IT@School നിർമ്മിച്ചിരിക്കുന്ന "സമ്പൂർണ്ണ" എന്ന സോഫ്റ്റ്വേറിലെ ഒറ്റ ക്ലിക്കിലൂടെ  കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ഇനം തിരിച്ചുള്ള ആകെ എണ്ണം കിട്ടുമെന്നിരിക്കേ പാഠപുസ്തക നിർമ്മാണത്തിലും വിതരണത്തിലും ഇവർ കാട്ടുന്ന അലംഭാവവും മെല്ലെപ്പോക്കും ആരുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്ന് പ്രബുദ്ധരായ കേരള ജനത തിരിച്ചറിയേണ്ടതുണ്ട്. രണ്ടു മാസത്തെ അവധിക്കു ശേഷം പള്ളിക്കൂടങ്ങൾ തുറന്ന് മാസമൊന്നു പിന്നിട്ടിട്ടും 'എവിടെയടിക്കും എവിടെയടിക്കും' എന്ന് അച്ചടിശാല തെണ്ടി നടക്കുന്ന ഒരു സർക്കാരിനേയും അതിന്റെ വകുപ്പിനേയും ലോകത്തെ പരമദരിദ്രങ്ങളായ രാജ്യങ്ങളിൽ പോലും കാണാൻ കഴിയില്ല. പട്ടിണിപ്പാവങ്ങളുടെ രാജ്യങ്ങളുള്ള ആഫ്രിക്ക ഭൂഖണ്ഡത്തിൽ ജോലി നോക്കിയിട്ടുള്ള ഈ ലേഖകന് അവിടെപ്പോലും ഇത്തരം കുത്തഴിഞ്ഞതും ഉത്തരവാദിത്തവും പ്രതിബദ്ധതയുമില്ലാത്ത, ഭാവിയുടെ ഭാഗധേയങ്ങളെ കുരുതികൊടുക്കുന്ന ഒരു സർക്കാരിനെ കാണാൻ കഴിഞ്ഞിട്ടില്ല. ഇതില്പരം ലജ്ജിക്കാൻ നമുക്ക് എന്താണു വേണ്ടത്?!

ഇതിനിടയിൽ ഇക്കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉത്തരവു ശ്രദ്ധയിൽപ്പെട്ടു. "പൊതു വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത പാഠപുസ്തകങ്ങൾ ഒഴികേ മറ്റൊന്നും വിദ്യാലയങ്ങളിൽ നടപ്പാക്കാൻ പാടില്ല" എന്നതായിരുന്നു അത്. അതിൽ തന്നെ ഒരു കാര്യം എടുത്തു പറഞ്ഞിരിക്കുന്നത് "ഗൈഡുകൾ, സ്വകാര്യ ഏജൻസിയുടെ പ്രസിദ്ധീകരണങ്ങൾ എന്നിവ സ്കൂളുകളിൽ വിൽപ്പന നടത്തുന്നത് 'നിലവിലുള്ള പാഠ്യപദ്ധതികൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ പ്രാപ്തമാക്കാൻ കഴിയുകയില്ല' എന്നതാണ്. ഇതിൽ ലേഖകനുള്ള സന്ദേഹം ഈ "ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ" എന്താണ് എന്നുള്ളതാണ്. ഇതിനു ബദലായി എന്തു സംവിധാനമാണാവോ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ തുറന്നതിനു ശേഷം വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്? പാഠപുസ്തകങ്ങളുടെ അഭാവത്തിൽ മറ്റു പഠന സഹായികൾ ഉപയോഗിച്ച് കുട്ടികൾ പഠിക്കാനേ പാടില്ല എന്ന് ആർക്കാണ് ഇത്ര വാശി? എന്താണവരുടെ ലക്ഷ്യം?

ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള മലയാളികളുടെ അടക്കാനാവാത്ത അഭിനിവേശവും തുടർന്നുള്ള പ്രവർത്തികളുമാണല്ലോ തുടർന്നുള്ള ചർച്ചാ വിഷയം. മാതൃഭാഷയിലുള്ള ബോധനം പത്താം തരം വരെ ആവുകയും തുടർ വിദ്യാഭ്യാസ മാദ്ധ്യമം ഇംഗ്ലീഷ് ആവുകയും ചെയ്യുമ്പോൾ തന്റെ കുട്ടി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ പ്രാവീണ്യം നേടണമെന്ന് ഒരു രക്ഷിതാവു കരുതുന്നതിൽ തെറ്റൊന്നുമില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കേ ഇത് വ്യക്തമായി അറിയുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ എന്ത് "കോപ്പുക"ളാണ് പൊതു വിദ്യാലയങ്ങളിൽ ഒരുക്കിയിരിക്കുന്നത്?! നിലവിലുള്ള അദ്ധ്യാപകരെല്ലാം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ദ്ധരാണെന്ന് കരുതുന്നുണ്ടോ? ഇല്ലെന്നിരിക്കേ അതിനായി ഒരു പീരീഡും അദ്ധ്യാപക തസ്തികയും സൃഷ്ടിക്കുന്നതിന് എന്താണ് ഇവിടെ പ്രതിബന്ധം നിൽക്കുന്നത്? വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കു മൂലം അദ്ധ്യാപക ബാങ്കിലേക്ക് ചേക്കേറേണ്ടി വന്ന ആയിരക്കണക്കിന് യോഗ്യതയുള്ള തൊഴിൽ രഹിതരായ അദ്ധ്യാപകർ ഈച്ചയുമടിച്ച് ഇരിക്കുമ്പോൾ എന്തുകൊണ്ട് അവരെ ഈ തസ്തികയിലേക്ക് മതിയായ പരിശീലനം നൽകി ഉപയോഗിച്ചുകൂടാ?ഇനിയും ചിന്തിക്കാവുന്ന വിഷയമാണ് ഇത്.

സമ്പൂർണ്ണ എന്ന സോഫ്റ്റ്‌വെയറിലൂടെ അങ്ങു തലസ്ഥാനത്തിരുന്നു വിദ്യാഭ്യാസം നിയന്ത്രിക്കുന്ന നേതാവിനു എന്റർ കീ ഒന്നു ഞെക്കിയാൽ 2015-16 ൽ കേരളത്തിലെ സംസ്ഥാന സിലബസ്സിൽ പഠിക്കുന്ന കുട്ടികളുടെ ആകെ എണ്ണം ലഭിക്കും.അവരുടെ ഐ.റ്റി വിദഗ്ധരല്ലെ അവിടിരിക്കുന്നത്. ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികൾക്കല്ലേ ഒരു ഊഹം വേണ്ടി വരുന്നത്. ഫെബ്രുവരിയിൽ വിദ്യാഭ്യാസ വകുപ്പ് ഉറങ്ങുവാരുന്നോ?  അടുത്ത അധ്യയന വർഷം കുട്ടികൾക്ക് പുസ്തകം വേണമെന്ന് മന്ത്രിക്ക് അറിയില്ലാരുന്നോ? അവരുടെ ബന്ധുക്കളുടെ പിള്ളേർ  ഐ .സി. എസ്.സി സി.ബി.എസ്.സി സ്ക്കൂളുകളിലണല്ലോ മിക്കവാറും പഠിക്കുന്നത്. അവിടെ മാർച്ചിൽ തന്നെ പുതിയ പുസ്തകം വന്നിട്ടുണ്ട്. അപ്പോൾപിന്നെ അവർക്കു വേവലാതി വേണ്ടല്ലോ! അയ്യോ അറിഞ്ഞില്ല ഇവിടെ കോരനാണു പഠിക്കുന്നത് ! അവനു കുമ്പിളിൽ തന്നെ കഞ്ഞി കൊടുത്താൽ മതിയല്ലോ?ആരു ചോദിക്കാൻ ? വിഢിയാണല്ലോ അവൻ. കാണാൻ കൊള്ളവുന്ന മൊയലാളിമാർ വന്നു പറഞ്ഞാൽ അവൻ ഇനിയും വോട്ടു കുത്തും.  അവരുടെ മക്കളൊക്കെ മൊബൈൽ ടവർ നിർമ്മിക്കാനും അതിന്റെ ട്രാൻസ്പോണ്ടറിന്റെ പ്രോഗ്രാം ചെയ്യാനും പഠിക്കട്ടെ. ഞമ്മടെ മക്കള്  അതിന്റെ കേബിൾ വലിക്കാൻ കുഴിയെടുക്കട്ടെ. ഒരടി വീതിയിലുള്ള ബല്യ നീളത്തിലുള്ള ഇമ്മിണി ചെറിയ കുയി.അയിനും ആളു ബേണ്ടേ!. ഇത്ര മാത്രം പൊതുമക്കളുടെ വിദ്യാഭ്യാസത്തിൽ ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണകൂടത്തെ മുമ്പെങ്ങും  കണ്ടിട്ടേയില്ല. കഴിഞ്ഞ നാലു വർഷവും ജൂൺ മാസങ്ങളിലേ പുസ്തകം സ്കൂളുകളിൽ എത്തിയിട്ടുള്ളൂ. ഒന്നാം ക്ലാസിലെ ഒന്നാം ഭാഗം തന്നെ തന്നെ ഭാരിച്ച സിലബസ്സാണു. 5 വയസ്സ് പൂർത്തിയാകുന്ന കുഞ്ഞിന് എന്തിനിത്രയും പഠിക്കണം? ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകം കുട്ടിയുടെ പ്രകൃതത്തിനനുസരിച്ചാണോ? ഏം.എ ലിട്രേച്ചറുകാരൻ പോലും നിന്നു വിയർക്കും. ഇതെല്ലാം പോകട്ടെ എന്നു വെയ്ക്കാം. കഴിഞ്ഞ വർഷം മാറിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസ്സുകളിലെ കിട്ടാത്ത പുസ്തകങ്ങൾ ഒരു ഫോട്ടോ കോപ്പി എടുക്കാൻ നെറ്റിൽ നോക്കിയാൽ പുസ്തക നിർമ്മാണ ബുദ്ധിജീവികളുടെ കൂടാരമായ എസ്.ഇ.ആർ.ടിയുടെ സൈറ്റില് (ഏതു ഭരണമായാലും അവരുടെ ചുമടു താങ്ങുന്ന അധ്യാപക സംഘടനകളുടെ പിണിയാളുകൾ കൂടിയിരുന്നു പുസ്തകം സൃഷ്ടിക്കുന്ന സങ്കേതം) ആ ക്ലാസ്സിലെ പുസ്തകം ഇല്ല. പകരം അധ്യാപക സഹായി ഉണ്ട്. കുട്ടി അതു പഠിച്ചാൽ മതി. ആർക്കു വേണ്ടിയാണു അതു പിൻ വലിച്ചത്? ആർക്കാണു പൊതു വിദ്യാഭ്യാസം പൊളിച്ചടുക്കേണ്ടത്? കേന്ദ്ര സിലബസ്സ് പഠിപ്പിക്കുന്ന വല്യവന്റെ മക്കൾക്കായി ഓരോ ജാതിയും മതവും പങ്കു മേടിച്ചു സ്ഥാപിച്ചിരിക്കുന്ന മതപ്പേരിലുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളെ പോഷിപ്പിക്കാനുള്ള ഗീബൽ‌സ് തന്ത്രമല്ലേ ഇത്. അത്താഴപ്പട്ടിണിക്കാരന്റെ നെഞ്ചത്ത് കോടാലി വെച്ച് പതുക്കെ മാസം തോറും വീട്ടിൽ വന്ന് ഓർഡർ എടുത്തു കൊണ്ടു പോകുന്ന ഗൈഡ് ലോബിക്കു വേണ്ടിയല്ലേ ഇത്? കോട്ടയത്തും , ഏറണാകുളത്തും, കോഴിക്കോട്ടും, തിരുവനന്തപുരത്തും എട്ടുനില കെട്ടിടങ്ങളായി മാറിയ ഗൈഡു പുസ്തക ലോബികൾക്കായല്ലേ ഇത്? അധ്യാപകരും കുട്ടികളും പുസ്തകത്തിനു വേണ്ടിയുള്ള സമരത്തിൽ സർവ്വത്മനാ സഹകരിക്കാനുള്ള മനസു തോന്നിച്ചതും ഈ ചിന്തകൾ കൊണ്ടല്ലേ!.ഇത്രയും നാളും അന്തസ്സോടെ മലയാളികൾ നെഞ്ചിലേറ്റി നടന്നിരുന്ന പത്താം ക്ലാസ്സ് സർട്ടിഫിക്കേറ്റിനു രണ്ടു വട്ടം റിസൾട്ടു പ്രഖ്യാപിച്ച് അതിന്റെ അന്തസ്സു കളഞ്ഞു കുളിച്ചതും, പുസ്തകങ്ങൾ കൃത്യസമയത്തു കുട്ടികൾക്കു നൽകാതിരുന്നതും,ക ലാവിദ്യാഭ്യാസത്തിനു എട്ടു പീരീഡാക്കി അധ്യാപകനെ പേരിനു പോലും നിയമിക്കാതെ കലാ കായിക വിദ്യാഭ്യാസ അധ്യാപക സഹായി അച്ചടിച്ചു പള്ളിക്കൂടങ്ങളിലെ അലമാരകൾക്കുള്ളിൽ അധ്യാപകർ പോലും കാണാതെ വെച്ചിട്ടുള്ളതും എന്തിനു വേണ്ടി. ഉളുപ്പില്ലേ? അഞ്ഞൂറു രൂപ ദിവസ വരുമാനമുള്ള ഒരു സാധാരണക്കാരനായ വിദ്യാസമ്പന്നനല്ലാത്ത ഒരു രക്ഷിതാവ് തന്റെ കുട്ടിയെ, പുസ്തകം കൃത്യമായി കിട്ടുന്ന, നല്ല ഉടുപ്പിടുന്ന, വണ്ടിയുള്ള ചറു പറെ ഇംഗ്ലീഷ് സംസാരിപ്പിക്കാൻ കഴിവുണ്ടെന്നു പരസ്യം ചെയ്യുന്ന സ്ക്കൂളിലേക്ക് ( പൊതു വിദ്യാഭ്യാസം വിട്ട്) ചേക്കേറാൻ പ്രേരിപ്പിക്കുന്ന ഒടുക്കത്തെ സ്വകാര്യ മുതലാളിത്ത തന്ത്രമല്ലേ ഇത്? "ഞങ്ങളായിട്ട് ഒന്നും അടച്ചു പൂട്ടുന്നില്ല, തനിയേ നിന്നു പോകട്ടേ..." എന്നതാണ് സർക്കാരിന്റെ യഥാർത്ഥത്തിലുള്ള കുറുക്കൻ സമീപനം!


പഠന നിലവാര പരിശോധന

നിലവിൽ സമൂഹം ചർച്ച ചെയ്യുന്ന ഒരു വിഷയമാണല്ലോ സംസ്ഥാന സിലബസിൽ പഠിക്കുന്നവരുടെ പഠന നിലവാരത്തകർച്ച (കേന്ദ്രീയ സിലബസിലെ പഠന നിലവാരത്തകർച്ചയെക്കുറിച്ച് എവിടെയും ഒളിഞ്ഞു നോക്കാൻ വ്യഗ്രത കാട്ടുന്ന മാദ്ധ്യമങ്ങളോ സർക്കാരോ മൗനം പാലിക്കുകയാണ് പൊതുവേ). പഠന നിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പുതന്നെ അത്രയ്ക്ക് അശാസ്ത്രീയമായാണ് കേരളത്തിൽ നടപ്പാക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ആപ്പീസർ മുതൽ പ്രമോഷൻ ലഭിച്ച് ജില്ലാ വിദ്യാഭ്യാസ ഉപ ഡിറക്ടർ വരെ എത്തിച്ചേരുന്നവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കുമ്പോൾ നമുക്ക് ഇത് മനസ്സിലാക്കാൻ സാധിക്കും. ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ബിരുദവും B.Ed ഉം കടന്ന് ഹൈസ്കൂൾ തലത്തിൽ പഠിപ്പിച്ചു വരുന്ന അദ്ധ്യാപകരാണ് ഈ തസ്തികകളിൽ നിയമിതരാകുന്നത്. പഠിക്കുന്ന കാലങ്ങളിലോ പഠിപ്പിക്കുന്ന കാലങ്ങളിലോ ഇവർ ഒരിക്കൽപ്പോലും പ്രൈമറി ക്‌ളാസുകളിൽ കടന്നു ചെന്നിട്ടുള്ളവരാകില്ല. പ്രൈമറിക്‌ളാസുകളിലെ പഠന ബോധന തന്ത്രങ്ങളെക്കുറിച്ചോ പഠനരീതിയെക്കുറിച്ചോ എന്തിനു പാഠ്യപദ്ധതിയോ പാഠപുസ്തകമോ പോലും ഇവർ കണ്ട്ടിട്ടുള്ളവരാകില്ല. ഇത്തരം അദ്ധ്യാപകരാണ് പ്രൈമറി ക്‌ളാസുകൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മേലധികാരികൾ. എത്ര വിചിത്രം! വിദ്യാലയ പരിശോധനാ സമയത്ത് ഇവർക്ക് എന്ത് നിർദ്ദേശങ്ങളും ഉപദേശങ്ങളുമാകാം കൊടുക്കാൻ കഴിയുക?മാത്രമല്ല വർഷത്തിൽ ഒരിക്കൽപ്പോലും ഇവർ പരിശോധിക്കാത്ത വിദ്യാലയങ്ങളുമുണ്ട്. കുട്ടികളുടെ തലയെണ്ണൽ അല്ലാതെ ഇവരിൽ മിക്കവർക്കും മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ലോകത്ത് ഇങ്ങനെയൊക്കെ എവിടെ നടക്കും?! രസതന്ത്രമോ ഇംഗ്ലീഷോ ഐച്ഛിക വിഷയമായെടുത്ത് ബിരുദാനന്തര ബിരുദം വരെ നേടിയ ഒരു ഉപജില്ലാ ഓഫീസർ 1, 2 ക്‌ളാസുകളിലെ ഉദ്ഗ്രഥിത പഠന രീതി എങ്ങനെ വിലയിരുത്തും?ചുരുക്കം പറഞ്ഞാൽ മലയാളം അദ്ധ്യാപകനെ കന്നട പദ്യം ചൊല്ലലിനു മാർക്കിടാൻ ഇരുത്തിയാലുള്ള അവസ്ഥ തന്നെ ഇതും! മെക്കാളെയുടെ പ്രേതം കേരള വിദ്യാഭ്യാസ രംഗത്തെ KER ഇന്റെ രൂപത്തിൽ ഇപ്പോഴും പിന്തുടരുന്നു..!!!

2) ഭൗതിക തലം

അക്കാദമിക കാര്യം പോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഭൗതിക സാഹചര്യം ഒരുക്കലും. എന്നാൽ വിസ്താര ഭയത്താൽ അത് മറ്റൊരു  അവസരത്തിൽ പറയാം എന്നു കരുതുന്നു.

എങ്ങനെയാണ് ഇങ്ങനെ വഴിവിട്ടു നടക്കുന്ന "വിദ്യാഭാസ"ത്തെ ശരിയായ വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുക. വളരെ  ഗൗരവത്തോടും അടിയന്തര പ്രാധാന്യത്തോടും ആലോചിക്കേണ്ട ഒരു വിഷയമാണിത്. മാറ്റം പ്രീ പ്രൈമറി മുതൽ ആരംഭിക്കേണ്ടതായുണ്ട്.

1) എല്ലാ സർക്കാർ സ്കൂളുകളോടുമൊപ്പം ശിശുസൗഹൃദവും മികച്ച പഠനാന്തരീക്ഷവുമുള്ള ഒരു പ്രീ-പ്രൈമറി ഉണ്ടാകണം. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിനുതകുന്ന ആധുനിക രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ടാകണം

2) ഈ പ്രീ-പ്രൈമറികളുടെ തുടർച്ചയാകണം പ്രൈമറി ക്‌ളാസുകൾ. സമാനമായ അന്തരീക്ഷം ഇവിടെയും ഒരുക്കേണ്ടതായുണ്ട്. വായനയെ പരിപോഷിപ്പിക്കുവാൻ ഉള്ള ലൈബ്രറികൾ കുട്ടികളുടെ പ്രായത്തിനനുസരിച്ച് സജ്ജമാക്കണം

3) പ്രൈമറി ക്‌ളാസുകളിലെ അദ്ധ്യാപകർ വിവര സാങ്കേതിക വിദ്യയിൽ പ്രവീണരാണെന്ന് ഉറപ്പു വരുത്തണം. അവർക്ക് മതിയായ പരിശീലനങ്ങൾ നൽകി IT മേഖലയിലെ അവരുടെ കഴിവുകൾ അക്കാദമിക വർഷത്തിന്റെ ഇടവേളകളിൽ മൂല്യനിർണ്ണയം നടത്തുകയും മതിയായ ഗ്രേഡ് ലഭിക്കാത്തവർക്ക് തുടർ പരിശീലനം നൽകുകയും വേണം.

4) പ്രഥമാദ്ധ്യാപകരെ നിർബന്ധമായും ക്‌ളാസ് ചാർജുകളിൽ നിന്നും ഒഴിവാക്കണം. മറ്റ് അദ്ധ്യാപകരുടെ അദ്ധ്യാപനം ഫലപ്രദമായി നിരീക്ഷിക്കാനും മൂല്യ നിർണ്ണയം നടത്തി മാസത്തിലൊരിക്കൽ മേലധികാരികൾക്ക് റിപ്പോർട്ട് നൽകുവാനുമുള്ള അവസരം അവർക്ക് നൽകണം. പ്രഥമാദ്ധ്യാപകരേയും ഇത്തരത്തിൽ നിരീക്ഷിക്കാനുള്ള പരിശീലനങ്ങൾ ബി.ആർ.സി / ഡയറ്റ് മുതലായ സ്ഥാപനങ്ങളിൽ വച്ച് നടത്തണം.

5) പ്രൈമറി ക്‌ളാസുകളിൽ പഠിപ്പിക്കാൻ യോഗ്യത നേടിയ പരിചയ സമ്പന്നരായ അദ്ധ്യാപകരാകണം ആ ക്‌ളാസുകൾ പരിശോധിക്കാൻ അധികാരപ്പെട്ട ഉപ ജില്ലാ ഓഫീസർ. ഒരു വിദ്യാഭ്യാസ വർഷത്തിലെ മൂന്നു ടേമുകളിലും ഈ ഓഫീസർമാർ സ്കൂളുകൾ പരിശോധിക്കണം

6) കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം. അതിനായി നിലവിലുള്ള അദ്ധ്യാപകർക്ക് അവധിക്കാല ക്‌ളാസുകൾ സംഘടിപ്പിക്കണം

7) പാഠ്യപദ്ധതി വിനിമയത്തിനുതകുന്ന എല്ലാ മറ്റ് സജ്ജീകരണങ്ങളും സ്കൂളുകളിൽ ഒരുക്കിയിരിക്കണം

8) വാർഷികപ്പരീക്ഷയോടനുബന്ധിച്ചു തന്നെ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണീഫോമുകളും അദ്ധ്യാപക സഹായികളും വിതരണം ചെയ്യണം.

9) കുറവു വരുന്ന അദ്ധ്യയന ദിവസങ്ങൾക്ക് തുല്യമായി സാദ്ധ്യായ ദിവസങ്ങൾ കണ്ടെത്തി പഠനപ്രവർത്തനങ്ങളുറ്റെ തുടർച്ച ഉറപ്പു വരുത്തണം.

10) എസ്.എം.സി യുടെ  ദ്വൈമാസ പരിശോധന ശക്തമാക്കുകയും കൃത്യമായി യോഗം ചേർന്ന് അവലോകനം നടത്തുകയും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അധികാരികളെ അറിയിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുകയും വേണം. സർക്കാർ സ്കൂളുകളിലേപ്പോലെ തന്നെ വിപുലമായ അധികാരങ്ങളുള്ള എസ്.എം.സി കൾ എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകളിലും ഏർപ്പെടുത്തുക.

11) അദ്ധ്യാപന ശേഷി തുലോം കുറവാണെന്ന് കണ്ടെത്തുന്ന അദ്ധ്യാപകരെ തുടർച്ചയായ പരിശീലനത്തിനു വിടുകയോ വിദ്യാഭ്യാസ വകുപ്പിന്റെ മറ്റേതെങ്കിലും തസ്തികകളിലേക്ക് മാറ്റി നിയമിക്കുകയോ ചെയ്യുക.

12) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ വിഷയത്തിൽ അവഗാഹം നേടിയവരെ സർവ്വേയിലൂടെ കണ്ടെത്തുകയും അവരെ  പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുക.

13) പൊതു സമൂഹത്തെ വിദ്യാലയത്തിന്റെ സുഗമമായ നടത്തിൽ പങ്കാളികളാക്കുകയും ജാഗ്രതാ സമിതികൾ പോലുള്ള ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്യുക.

14) അദ്ധ്യാപന രംഗത്ത് മികവു പുലർത്തുന്നവർക്ക് ഇൻസന്റീവുകൾ നൽകി ആദരിക്കുക. അത് മറ്റ് അദ്ധ്യാപകർക്ക് പ്രചോദനമാകാൻ സഹായകമാകും.

15) സ്കൂളുകളിൽ പ്യൂൺ തസ്തിക ഇല്ലാത്തതിനാൽ നിലവിലുള്ള PTCM ന്റെ ജോലിസമയം ഫുൾ ടൈം ആക്കുകയും സ്കൂൾ ശുചിത്വ കാര്യത്തിൽ ഇവരുടെ പ്രവൃത്തി ഉറപ്പുവരുത്തുക.

16) കതിരിനും പതിരിനും കൊള്ളാത്തവരെ വിദ്യാഭ്യാസ മന്ത്രിയാക്കി നിയമിക്കാതിരിക്കാൻ പ്രബുദ്ധതയുള്ള രാഷ്ട്രീയ കക്ഷികൾ ശ്രദ്ധ പുലർത്തുക.

ഒരു പക്ഷേ കൈക്കൂലിക്ക് ഇടമില്ലാത്ത ഒരേയൊരു സർക്കാർ സ്ഥാപനം സ്കൂളുകൾ ആയിരിക്കും, അതേ പോലെ തന്നെ കിമ്പളം വാങ്ങിക്കാത്ത ഉദ്യോഗസ്ഥർ ഉള്ള ഇടവും. എങ്കിലും ഈ സർക്കാർ സ്ഥാപനത്തോട് സർക്കാരിനു തന്നെ തീരെ താൽപ്പര്യമില്ല എന്നതാണ് സത്യം. പിന്നെ എങ്ങനെ ജനങ്ങൾക്കുണ്ടാകും. അത്യന്തം ആത്മാർത്ഥതയോടെ കുട്ടികളുടെ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന പതിനായിരങ്ങൾ പണിയെടുക്കുന്ന ഈ മേഖലയെ സർക്കാരുകൾ തന്നെ തകർത്തു എന്നു പറയുന്നതാകും ശരി. പിടിപ്പുകേടിന്റേയും സ്വജന പക്ഷപാതത്തിന്റേയും കൈയിട്ടു വാരലിന്റേയും മേഖലയായി ഇന്ന് വിദ്യാഭ്യാസ വകുപ്പ് അധപ്പതിച്ചിരിക്കുന്നു. ആർക്കും ആരോടും പ്രതിബദ്ധതയോ ചുമതലയോ ഉത്തരവാദിത്തമോ ഇല്ലാത്ത അവസ്ഥ. ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കേണ്ട കലാലയങ്ങളിലെ പാഠ്യ സംബന്ധിയായ കാര്യങ്ങൾ എത്ര നിസ്സാരമായാണ് ഇവർ കൈകാര്യം ചെയ്യുന്നതെന്നതിന്റെ സമീപകാല ചരിത്രങ്ങൾ ഇനിയും വിവരിക്കേണ്ടല്ലോ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചിലവഴിക്കുന്ന കോടാനു കോടികൾക്ക് ഒരു ഫലവും ഇല്ലാതാകുന്നു. നാഥനില്ലാത്ത കളരിയായി മാറുന്നു ആധുനിക വിദ്യാഭ്യാസ രംഗം. പാഠ പുസ്തകങ്ങൾ എന്നു കിട്ടുമെന്നോ എങ്ങനെ കിട്ടുമെന്നോ നിശ്ചയമില്ലാത്ത അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും... എവിടെ അടി തുടങ്ങണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ വകുപ്പ്..! സാക്ഷര കേരളം എന്ന് പറയുന്നതു തന്നെ നാണക്കേടാവുന്ന അവസ്ഥ. ആയിരക്കണക്കിനു കുട്ടികളുടെ ഭാവിയിട്ട് അമ്മാനമാടുന്ന ഇത്തരം കാപട്യങ്ങളെ നേതാക്കൾ എന്നും ജനനായകരെന്നും വിളിക്കാൻ ഉളുമ്പില്ലാത്ത പൊതുജനമെന്ന കഴുതകൾ...!!! ഈ നാടു നന്നാകുമെന്ന് തോന്നുന്നില്ല. നന്നാകണമെങ്കിൽ ഇവിടുത്തെ പേരിനു മാത്രം 'പ്രബുദ്ധത' ഉള്ള ജനങ്ങൾ ചിന്തിച്ചു തുടങ്ങണം. ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകണം. മത-ജാതി-രാഷ്ട്രീയ നിലപാടുകൾക്കതീതമായി തീരുമാനങ്ങൾ കൈക്കൊള്ളണം. പക്ഷേ അങ്ങനെയൊന്നും ഇവിടുണ്ടാകാനുള്ള സാദ്ധ്യത ഇല്ലാത്തതിനാൽ ഇത്തരം കള്ളനാണയങ്ങൾ വീണ്ടും അധികാരത്തിലെത്തുകയും അത്താഴപ്പട്ടിണിക്കാരന്റെ കുട്ടികൾക്ക് പുസ്തകങ്ങളും ഉച്ചഭക്ഷണവും നിഷേധിക്കുകയും വേണ്ടപ്പെട്ടവർക്ക് തടിച്ചു കൊഴുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യും. എല്ലാം വിധിയെന്നു കരുതി ഇത് അനുഭവിക്കുക എന്നതു മാത്രമേയുള്ളൂ ഒരു പോംവഴി. ഇതൊക്കെക്കണ്ട് ഭ്രാന്ത് പിടിക്കാതെ മനസ്സിനെങ്കിലും ഒരൽപ്പം ആശ്വാസമാകട്ടെ എന്നു കരുതി ഇത്രയും എഴുതിയിടുന്നു..!

ജി. നിശീകാന്ത്


(ഇത് ഉപോദ്ബലകമായ വസ്തുതകളും വിവരങ്ങൾ തന്ന ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു)


Friday, March 21, 2014

ഓണാട്ടുകരയമ്മ - ചാന്താട്ടം കണ്ടു - വൈക്കം വിജയലക്ഷ്മി

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച “ഓണാട്ടുകരയമ്മ” എന്ന ഏറ്റവും പുതിയ ഭക്തിഗാന സമാഹാരത്തിലെ ഒരു ഗാനം പങ്കുവെയ്ക്കുന്നു...പ്രൊമോ ആയി... ഏവരും കേൾക്കുക...സുഹൃത്തുക്കളുമായി പങ്കു വയ്ക്കുക... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക...ഏവരും സീഡി വാങ്ങാൻ മറക്കരുത്...:))


"ചാന്താട്ടം കണ്ടു, അരിയൊരു
തേരോട്ടം കണ്ടു
ചെട്ടികുളങ്ങര മാധവിതൻ നിറ
താലപ്പൊലി കണ്ടു, മാനസ-
മാകെക്കുളിർകൊണ്ടു...!"
Lyrics & Music : Cheriyanad G. Nisikanth
Background Score : Venu Anchal
Album : ONATTUKARAYAMM
Type : Promotional Audio (C)
Year : 2014
പാട്ടുകേൾക്കാം ഇവിടെ..../ Listen song here

Friday, September 14, 2012

മലപോലെ വന്നത്…!!!


മലപോലെ വന്നത്…!!!


ന്തോ അൽഭുതവും കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച iPhone 5 ചീറ്റിപ്പോയ വാണം പോലെ ആയില്ലേ എന്നൊരു സംശയം!  നിലവിൽ മാർക്കറ്റിലുള്ള സാംസംഗ് എസ്3, മോട്ടറോള റേസ്ർ എച്ഡി, എച്റ്റിസി വൺ എക്സ് എന്നിവയുടേയോ കഴിഞ്ഞ ബെർളിൻ ഐഎഫ്സി മേളയിൽ സോണി എക്പീരിയ അവതരിപ്പിച്ച V, T & Tx മോഡലിന്റേയോ കഴിഞ്ഞ മാസം മൈക്രോസോഫ്റ്റും നോക്കിയയും സമ്യുക്തമായവതരിപ്പിച്ച നോക്കിയ ലൂമിന 920 യുടേയോ ഏഴയലത്ത് ഇത് വരുന്നില്ല എന്നതാണ് വിചിത്രം. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപവരെ മുടക്കി ഈ ഫോൺ വാങ്ങാൻ പോകുന്നവരോട് എനിക്ക് വെറും സഹതാപമേയുള്ളൂ.



നിലവിൽ iPhone 5, S3, OneX, Xperia T എന്നീ സ്മാർട്ട് ഫോണുകൾ വിലയിരുത്തിയാൽ Benchmark Pi, NenaMark 2, Quadrant തുടങ്ങിയ എല്ലാ ബെഞ്ച് മാർക്ക് സ്കോറുകളിലും മുന്നിൽ നിൽക്കുന്നത് ഇനിയും പുറത്തിറങ്ങാത്ത Sony Xperia T, Tx & V സീരീസുകളിലുള്ള ഫോണുകളാണ് (റേസ്ർലും നോക്കിയയിലും ഇതിലും ഉയർന്ന പ്രോസസറാണ്). നിലവിലെ ഖ്വാഡ്കോർ വമ്പന്മാരായ എസ് 3 & വൺ എക്സ് കൾക്കുപോലും പുതിയ സ്നാപ്ഡ്രാഗൺ MSM8260-A Krait 1.5 Ghz ഡുവൽ കോർ പ്രോസസറിനോട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അഡ്രിനോ 225 ഉം അതിന്റെ ഫീച്ചറിൽ ഗണ്യമായ ഉയർച്ച ഉണ്ടാക്കിയിരിക്കുന്നു. ബ്ലൂടൂത്ത് 4 ഉം 4G DC-HSPA യും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു. മാത്രമല്ല, ഒരു ഫോൺ എന്നതിലുപരി ദൃശ്യ-സംഗീത ആസ്വാദകർക്കായി 1,280 x 720 HD വീഡിയോയും മ്യൂസിക്കിനായി xLoud, 3D Surround, Clear Bass, Clear Stereo യും കൂടാതെ WALKMAN ആപ്ലിക്ക്കേഷനും പുതിയ അനുഭൂതി പകരുമെന്ന കാര്യത്തിൽ സംശയമില്ല. അരഞ്ഞാണം കെട്ടിയ പോലുള്ള Xperia S, P, U എന്നിവയുടെ നിലവാരമില്ലാത്ത ഡിസൈനിൽ നിന്നും വ്യത്യസ്തമായി കർവ്ഡ് ആയ എക്സ്പീരിയ ആർക്കിന്റെ രൂപം ഈ പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത് അതിന്റെ ചന്തം കൂട്ടുന്നു.

ഡിസ്പ്ലേ

ഐഫോൺ 5 ന്റെ മേന്മ എന്തെന്നു പറഞ്ഞാൽ അതിന്റെ ബിൽറ്റ് ക്വളിറ്റിയും കനക്കുറവും ഭാരക്കുറവുമാണ്. റെറ്റിന ഡിപ്ലേ സ്ക്രീനിനു കൂടുതൽ മിഴിവേകുന്നുവെങ്കിലും മറ്റുഫോണുകളും ഒട്ടും പിന്നിലല്ല, മറിച്ച് അൽപ്പം മുന്നിലാണുതാനും. സ്ക്രീൻ റെസലൂഷൻ 1,136 x 640 LED-backlit IPS TFT ആണ് ഐഫോണിന്റേത്. 326 ppi പിക്സൽ ഡെൻസിറ്റിയും ഇതിനുണ്ട്. കോണിങ്ങ് ഗോറില്ല ഗ്ലാസ് സംരക്ഷണവും ഒലിയോഫോബിക് കോട്ടിങ്ങും ഇതിനുണ്ട്. മൾട്ടി ടച്ചിൽ നാലു വിരൽ വരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. 

സാംസങ്ങ് സ്3 യുടേത് Super AMOLED HD capacitive touchscreen ആണ് (ആക്റ്റീവ് മെറ്റ്രിക്സ് ഓർഗാനിക് ലൈറ്റ്-എമിറ്റിങ്ങ് ഡയോഡ്). മൊബൈലിനെ കൂടാതെ ടെലിവിഷനുകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇത് തന്നെ സൂപ്പർ അമോഎൽഇഡി, സൂപ്പർ അമോഎൽഇഡി അഡ്വാൻസ് (Motorola), സൂപ്പർ അമോഎൽഇഡി പ്ലസ് (S2), എച്ഡി സൂപ്പർ അമോഎൽഇഡി (Galaxy Note & S3) എന്നീ വിവിധ തരങ്ങളുണ്ട്. എൽസിഡി ഡിസ്പ്ലേകളേക്കാൾ കോണ്ട്രാസ്റ്റ് കൂടുതൽ കാണിക്കുന്നതിനൊപ്പം കുറഞ്ഞ വൈദ്യുതിമാത്രമേ ഉപയോഗിക്കുന്നുമുള്ളൂ എന്നൊരു പ്രയോജനവുമുണ്ട്. മറ്റൊരു അഡ്വാന്റേജ് സൂര്യപ്രകാശത്തിലും മിഴിവാർന്ന ഡിസ്പ്ലേ ആണ്. വശങ്ങളിൽ നിന്നു നോക്കുമ്പോഴും സ്ക്രീനിൽ ഉള്ളത് വ്യക്തമായി കാണാൻ കഴിയുന്നു. സാംസങ്ങിന്റെ എല്ലാ ഡിസ്പ്ലേകളും AMOLED ഗണത്തിൽ പെട്ടതാണ്. ഐഫോണിനേക്കാൾ കൂടുതൽ റെസല്യൂഷനും എസ്3 ക്കാണ്. എങ്കിലും ppi (പിക്സൽസ് പെർ ഇഞ്ച്) ഐഫോണിനേക്കാൾ കുറവാണ്, 306 മാത്രം.



സൂപ്പർ IPS LCD2 കപ്പാസിറ്റിവ് ടച്സ്ക്രീൻ ആണ് വൺ എക്സിൽ. 720 x 1280 സ്ക്രീൻ റെസല്യൂഷനും 312 ppi യും ഇതിനുണ്ട്. 4.7 ഇഞ്ച് വലിയ സ്ക്രീനിനു എസ്3 യേക്കാൾ ബ്രൈറ്റ്നസ് കൂടുതലാണ്. എന്നാൽ ഇതിനു എസ് 3 യുടെ അത്രയും സൺലൈറ്റ് ലെജിബിലിറ്റി ഇല്ല, കോണ്ട്രാസ്റ്റും കുറവാണ്.

IPS TFT ടച്ച് സ്ക്രീനാണ് ലൂമിയയുടേത് (Thin film transistor liquid crystal display). 768 x 1280 പിക്സലിൽ 332 ppi ആണ് ഡെൻസിറ്റി. ഗോറില്ല ഗ്ലാസ് പ്രൊട്ടെക്ഷനൊപ്പം PureMotion HD+ display എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിരിക്കുന്നു. വളരെ വ്യക്തമായി എച്ഡി വീഡിയോ കാണാൻ ഇത് സഹായിക്കുന്നു. ഉയർന്ന കോണ്ട്രാസ്റ്റ് ബ്രൈറ്റ്നെസ് റേഷ്യൂവും ഇതിനുണ്ട്. മാത്രമല്ല സ്ക്രീൻ കോൺവെക്സ് കർവ്ഡും ആണ്. മറ്റുള്ള ഡിസ്പ്ലേകളേക്കാൾ 2.5x ഫാസ്റ്റാണ് ഇതിന്റെ ഡിസ്പ്ലേ എന്ന് നോക്കിയ അവകാശപ്പെടുന്നു.



സോണി എക്സ്പീരിയ T, Tx & V സീരീസിലുള്ള ഫോണുകളിൽ 1280 x 720 പിക്സലും 323 ppi ഡെൻസിറ്റിയും ആണുള്ളത്. 4.55 സ്ക്രീൻ സൈസും ഷാറ്റർപ്രൂഫ് – സ്ക്രാച് റെസിസ്റ്റന്റ് ഗ്ലാസും ഇതിന് സംരക്ഷണം നൽകുന്നു. ടൈംസ്കേപ് യു.ഐയ്യോടൊപ്പം സോണി മൊബൈൽ ബ്രേവിയ എഞ്ചിൻ ടെക്നോളജിയും ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. എച് ഡി വീഡിയോ ഒരു പ്രത്യേക അനുഭവമാക്കാൻ ഇത് സഹായിക്കും. മികച്ച ദൃശ്യാനുഭവവും നല്ല ബ്രൈറ്റ്നെസും ഉയർന്ന കോണ്ട്രാസ്റ്റും ഇതിൽ കാണാൻ കഴിയും. 

Super AMOLED  കപ്പാസിറ്റീവ് ടച്സ്ക്രീനിനും 720 x 1280 പിക്സലും 312 ppi യുമാണ് മോട്ടറോള റേസർ എച്ഡിയുടെ സവിശേഷത. 4.7 ഇഞ്ച് വലിപ്പമുണ്ട് സ്ക്രീനിന്. ലൈറ്റ് & പ്രോക്സിമിറ്റി സെൻസറുകളും സ്ക്രാച് റെസിസ്റ്റന്റ് ഗ്ലാസും ഇതിണ്ട്. മികച്ച ചിത്രങ്ങളും നല്ല വെളിച്ചത്തിൽ പോലും വ്യക്തമായി കാണാൻ കഴിയുന്ന സ്ക്രീനും ഇതിന്റെ സവിശേഷതയാണ്. മാത്രമല്ല ഫോൺ വാട്ട്ർപ്രൂഫുമാണ്, വെള്ളത്തിൽ വീണാലും നോ പ്രോബ്ലം..!

ചുരുക്കിപ്പറഞ്ഞാൽ ഓരോ സാങ്കേതിക വിദ്യകൊണ്ട് ഒരു സ്മാർട്ട് ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഡിസ്പ്ലേയിൽ ഓരോ ഫോണും മികവു പുലർത്തുന്നു. എങ്കിലും എന്റെ പരിചയം വച്ച് നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഫോണിൽ എസ്3യുടെ ഡിസ്പ്ലേ ആണ് മെച്ചമായി തോന്നിയത്. മുകളിൽ പറഞ്ഞ് നോക്കിയയും സാംസങ്ങും സോണിയും ഐഫോണുമെല്ലാം കൈകളിലെത്താൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും.

സൈസ് & വെയിറ്റ്

ഒരു ഫോണിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് അതിന്റെ ഭാരവും കനക്കുറവും. നോക്കിയായുടെ പഴയ ഒരിഞ്ചു ഘനവും കാൽക്കിലോ ഭാരവുമുള്ള ഫോണുകൾ ഓർമ്മയുണ്ടാകുമല്ലോ!! ആ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയത് സാംസങ്ങാണ്. അവരുടെ ജനകീയ മോഡലായ എസ്.2 ഇക്കാര്യത്തിൽ തരംഗം തന്നെ സൃഷ്ടിച്ചു. അതിനെ ചുവടുവച്ച് പിന്നീട് എല്ലാ കമ്പനികളും ഫോൺ മെലിയിച്ചു തുടങ്ങി. നിലവിൽ ഏറ്റവും കനക്കുറവുള്ള ഫോൺ HTC One S ആയിരുന്നു, 7.8 mm. എന്നാൽ ഐഫോൺ 5 7.6 mm ആയി വന്ന് അതിനെ മറികടന്നു. 4 ഇഞ്ച് സ്ക്രീൻ ഡിസ്പ്ലേ ഉള്ള ഐഫോണിന്റെ ഭാരം 112 ഗ്രാം മാത്രമാണ്. 4.7 ഇഞ്ച് സ്ക്രീൻ സൈസുള്ള എച്റ്റിസി വൺ എക്സിനു 8.9 mm കനവും 130 ഗ്രാം ഭാരവുമാണുള്ളത്. 8.6 mm കനമുള്ള എസ്.3 യ്ക്ക് 133 ഗ്രാം ഭാരവും 4.7 ഇഞ്ച്സ്ക്രീൻ സൈസുള്ള റേസ്ർ എച്ഡിയ്ക്ക് 9.3 mm കനവും 157 ഗ്രാം ഭാരവും 4.5 സ്ക്രീൻ സൈസുള്ള നോക്കിയ ലൂമിയ 920 നു 185 ഗ്രാം ഭാരവും 4.55 mm സ്ക്രീൻ സൈസുള്ള എക്സ്പീരിയ റ്റി യ്ക്ക് 9.4 mm കനവും 139 ഗ്രാം ഭാരവുമാണ് ഉള്ളത്. ഇതിൽ ഏറ്റവും ഭാരക്കുറവ് ഐഫോണിനു തന്നെ. എന്നാൽ സ്ക്രീൻ സൈസ് വച്ച് നോക്കുമ്പോൾ സാംസങ്ങ് മോശമാകുന്നില്ല. എന്നാൽ പ്ലാസ്റ്റിക് ബോഡിയാണ് അതിനുള്ളതെന്ന ന്യൂനതയുണ്ട്. താഴെവീണാൽ ഫലം അത്ര ആശാവഹമല്ല. വൺ എക്സിന്റേത് ശക്തമായ പോളീകാർബണേറ്റ് ബോഡിയാണ്. ഐഫോണിനും മെറ്റൽ ബോഡിതന്നെ. എന്നാൽ ഏറ്റവും പുതിയ ലൂമിയ 920 ആണ് ഇക്കാര്യത്തിൽ എല്ലാത്തിനേയും കടത്തിവെട്ടുന്നത്. 185 ഗ്രാം ഭാരമുണ്ടെങ്കിലും ഇത് കട്ടിയേറിയ പോളികാർബണേറ്റ് യൂണിബോഡിയായതിനാൽ ഏത് സ്ക്രാച്ചുകളേയും പ്രതിരോധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. താഴെ വീണാൽ പോലും ഒന്നും സംഭവിക്കില്ലത്രേ..!! മിനിറ്റിനു മിനിറ്റിനു ഫോൺ തറയിൽ ഇട്ട് ചിന്നിച്ചിതറിക്കുന്ന എന്റെ ദില്ബൂനെ പോലെ ഉള്ള കുട്ടികൾ ഉള്ളവർക്ക് നോക്കിയ ലൂമിയയോ വൺ എക്സോ ആകും നല്ലത്…:)


പ്രോസസർ

ലോകത്തിലെ ആദ്യ ഖ്വാഡ് കോർ പ്രോസസർ മൊബൈൽ ആണ് HTC One X. 1.5 Ghz Nvidia Tegra 3 ചിപ്സെറ്റും ULP GeForce GPU (Graphic Processing Unit) ഉം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 3D-2D ഗെയിമുകൾ, ഉയർന്ന ക്വാളിറ്റിയുള്ള ദൃശ്യങ്ങൾ എന്നിവ അനായാസമായും വ്യക്തതയോടെയും തടവില്ലാതെയും കാണാൻ ഇത് സഹായിക്കുന്നു. പവർ ഉപയോഗം ഖ്വാഡ് കോറുകളിൽ കുറവാണെങ്കിലും വണെക്സ് ബാറ്ററി തീറ്റക്കാരനാണെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഐസ്ക്രീംസാൻഡ് വിച്ച് & ജെല്ലി ബീൻ അപ്ഡേറ്റുകളിൽ ബാറ്ററി ഡ്രെയിൻ ഔട്ട് ആകുന്നത് തടയാനുള്ള പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  ആദ്യ ഖ്വാഡ്കോർ ആയതുകൊണ്ടോ കാഴ്ചയിൽ റോയൽ ലുക്കുള്ളതുകൊണ്ടോ സോളിഡ് ബോഡി ആയതുകൊണ്ടോ, അറിയില്ല, ഈ ഫോൺ “കിങ് ഓഫ് മൊബൈൽ”എന്നറിയപ്പെടുന്നു. [The quad-core chips have 4 processor cores in them, compared to the 2 in a Dual/Duo core.  The theory is that if you have multiple cores, you can split up the work between them so they’ll run more quickly and efficiently]

രണ്ടാമത്തെ ഖ്വാഡ്കോർ പ്രോസസറാണ് എസ്.3 മൊബൈൽ. എക്സിനോസ് 4412 ഖ്വാഡ് ചിപ്സെറ്റുള്ള 1.4 Ghz കോർട്ടെക്സ് ഏ9 പ്രോസസറും മാലി-400 എം.പി ജിപിയുവുമാണ് ഇതിന്റെ സവിശേഷത. ലൈറ്റ്നിങ്ങ് ഫാസ്റ്റ് ആയ പ്രോസസറും പ്രവർത്തനവുമാണിതിന്റേത്. ചിത്രങ്ങൾ എടുക്കാനും 3D വീഡിയോ ഗെയിമുകൾ കളിക്കാനും ഒരേ സമയം അനേകം ആക്റ്റിവിറ്റീസ് നടത്താനും ഇതിൽ കഴിയുന്നു. 

ലൂമിയ 920 യിൽ ഉപയോഗിച്ചിരിക്കുന്നത് Qualcomm MSM8960 Snapdragon 1.5 Ghz Krait പ്രോസസർ ആണ്. അഡ്രിനോ 225 GPU വും ഇതിനുണ്ട്. നിലവിലുള്ളതിൽ ഏറ്റവും വേഗതയേറിയ പ്രോസസറാണ് ക്വാൾകോമിന്റെ ക്രൈറ്റ് S4. ലൂമിയ 920, നിലവിൽ ഉള്ള എല്ലാ ഫോണുകളേയും വേഗത്തിലും പ്രവർത്തനശേഷിയിലും മറികടക്കുമെന്ന് നോക്കിയ അവകാശപ്പെടാനുള്ള കാരണവും ഒരുപക്ഷേ ഇതാകാം. 

ഇതേ 1.5 Ghz പ്രോസസർ തന്നെയാണ്   Motorola DROID RAZR MAXX HD ലും ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ റേസ്ർ എച്ഡിയും ലൂമിയ പോലെ സ്റ്റണ്ണിങ്ങ് ഫാസ്റ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

സോണി എക്സ്പീരിയ റ്റി യിലേത് Qualcomm MSM8260-A Snapdragon 1.5 ഡ്യൂവൽ കോർ പ്രോസസർ ആണ്. Adreno 225 ആണ് GPU. ബെഞ്ച് മാർക്കുകളിൽ എസ്.3 യേയും വൺ എക്സിനേയും വള്ളപ്പാടുകൾക്ക് പിന്നിലാക്കുന്നുണ്ട് ഈ ഡ്യൂവൽ കോർ പ്രോസസർ. എത്ര ടാസ്കുകൾ വേണമെങ്കിലും ഒരുമിച്ചു നടത്താൻ ആവശ്യമായ ശക്തിയും കുറഞ്ഞ പവർ കൺസെംപ്ഷനും ക്രെയ്റ്റ് പ്രോസസറുകളുടെ പ്രത്യേകതയാണ്.

ഐഫോൺ 5 ഇറങ്ങിയിരിക്കുന്നത് ഏറ്റവും പുതിയ A6 ഖ്വാഡ്കോർ പ്രോസസറിലാണ്. അതിന്റെ ഗുണവും ദോഷവും അറിയണമെങ്കിൽ വാണിജ്യ അടിസ്ഥാനത്തിൽ എത്തിയെങ്കിലേ ആകൂ. എങ്കിലും ആപ്പിൾ പ്രോസസറുകൾ പഴയതുപോലെ ആരാധകരെ നിരുൽസാഹപ്പെടുത്തില്ലെന്ന് കരുതാം.



ചുരുക്കിപറഞ്ഞാൽ വേഗതയുടെ കാലമാണ്. ഒരു സെക്കന്റിന്റെ 100 ൽ ഒരംശം പോലും മനുഷ്യൻ കാത്തുനിൽക്കാത്ത കാലം. അതോടെ ഫോണുകളുടെ പ്രവർത്തനക്ഷമതയും അതിനെ അടിസ്ഥാനമാക്കി. ഏറ്റവും വേഗമേറിയ ഫോൺ ഏറ്റവും മെച്ചമാകുന്നു. ആരാണ് മുൻപിൽ ആരാണ് പിൻപിൽ എന്ന് പറയാനാകാത്ത വിധത്തിൽ പുതിയ പുതിയ പ്രോസസറുകൾ ഉപയോഗിച്ച് പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു. ഏതായാലും മുകളിൽ പറഞ്ഞ 6 ഫോണുകളും വേഗതയുടേയും പ്രവർത്തന ക്ഷമതയുടേയും കാര്യത്തിൽ ഒരു പോലെ മുന്നിട്ടു നിൽക്കുന്നു എങ്കിലും ക്രെയ്റ്റ് പ്രോസസറുകൾ ഉപയോഗിച്ചിരിക്കുന്നവ ഒരു പടി മുന്നോട്ടു കടന്നു നിൽക്കുന്നു എന്നു പറയേണ്ടിവരും.

ബാറ്ററി

ഒരു ഉടമസ്ഥന്റെ തന്റെ ഫോണിനെക്കുറിച്ചുള്ള ഏറ്റവും വലിയ ആധി അതിന്റെ ബാറ്ററി ബായ്കപ് ആകും. പലതും പലപ്പോഴും തലവേദന ആയി തീരാറുമുണ്ട്. നീണ്ട യാത്രകൾ നടത്തുമ്പോഴാണ് ഈ പ്രശ്നം വരിക. മിക്ക ട്രെയിനുകളിലും ചില ദീർഘദൂര ബസ്സുകളിലും ബാറ്ററി ചാർജിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കണക്ടറുകളെ വ്യത്യാസം നിമിത്തം എല്ലായ്പ്പോഴും നടന്നെന്നു വരില്ല. അപ്പോൾ കൂടെ ഒരു യൂനിവേഴ്സൽ ചാർജിങ്ങ് കിറ്റ് കൂടി കൊണ്ടു നടക്കേണ്ടി വരും. അപ്പോൾ ഒന്നിലധികം ബാറ്ററികൾ ചാർജ് ചെയ്തുകൊണ്ടുനടക്കുക എന്നതാണ് ഇതിനൊരു പോംവഴി. എന്നാൽ നിഭാഗ്യമെന്നു പറയട്ടേ, എച്റ്റിസി വൻ എക്സും, എക്സ്പീരിയയിലും നോക്കിയയിലുമൊക്കെയുള്ളത് എംബഡഡ് ബാറ്ററിയാണ്. എന്നു വച്ചാൽ ഊരിമാറ്റാൻ കഴിയാത്ത ബോഡിയുടെ ഭാഗമായ ബാറ്ററി. എന്നാൽ എസ്.3 യിൽ ബാറ്ററി ഊരിമാറ്റാം എന്ന ഗുണം ഉണ്ട്. ഏറ്റവും കപ്പാസിറ്റി കൂടിയ ബാറ്ററി മോട്ടറോള റേസ്ർ മാക്സ് എച്ഡിയുടേതാണ്. 3300 mAh ആണിത്. എസ്.3 2100 mAh ഉം ലൂമിയ 2000 mAh ഉം സോണി mAh ഉം എച്റ്റിസി 1800 mAh ഉം ഉള്ളപ്പോൾ ആപ്പിൾ 1450 mAh ആണ്. എങ്കിലും ആപ്പിൾ 8 മണിക്കൂർ ടാക് ടൈം വാഗ്ദാനം ചെയ്യുന്നുണ്ട്. എച് റ്റിസിവൺ എക്സിനെക്കുറിച്ചുള്ള പരാതി മുഴുവൻ ചോർന്നു പോകുന്ന ബാറ്ററിയെക്കുറിച്ചുള്ളതായിരുന്നു. എന്നാൽ പുതിയ ഫിംവെയർ അപ്ഡേറ്റോഡെ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് യൂസ്ർ ഒപ്പീനയിനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. നിലവിൽ ഈ ആറുഫോണുകളിൽ ബാറ്ററി കപ്പാസിറ്റിയിൽ ഏറ്റവും മുൻപൻ മോട്ടറോള തന്നെ.



ഇങ്ങനെ ഓരോ കാര്യത്തിലും ഫോണുകൾ തമ്മിൽ വ്യത്യാസവും സാദൃശ്യവും ഉണ്ട്. ആപ്പിൾ ഏറ്റവും പുതിയ ഓ എസ് 6 ൽ പ്രവർത്തിക്കുമ്പോൾ ജിഞ്ചർ ബ്രെഡിൽ ഇറങ്ങിയ വൺ എക്സിനു ഇപ്പോൾ ഐസ്ക്രീം സാൻഡ്വിച്ചും ജെല്ലിബീനും അപ്ഡേറ്റുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. ഗാലക്സി എസ്.3 ഐസിഎസ്സിലാണ് റിലീസ് ആയത്. ഉടനേ തന്നെ എല്ലാ ആൻഡ്രോയ്ഡ് ഫോണുകൾക്കും 4.1 ജെല്ലിബീൻ അപ്ഡേറ്റ് കിട്ടുമെന്നാണ് വിവരം.

പാട്ടുകേൾക്കലാണല്ലോ മൊബൈൽ കൊണ്ടുള്ള മറ്റൊരു ഉപയോഗം. എന്റെ അനുഭവം വെച്ച് പാട്ടുകേൾക്കാൻ ഏറ്റവും സുഖം തോന്നിയത് സോണി എക്സ്പീരിയ സീരീസ് ഫോണാണ്. എന്താ അതിന്റെ ഒരു സുഖം..!! പിന്നെ ഐഫോണും എച്റ്റിസിയും നോക്കിയയും. എച്റ്റിസിയുടെ ബീറ്റ്സിൽ അൽപ്പം ബാസ് കൂടിനിൽക്കുന്നെങ്കിലും കുഴപ്പമില്ല. സാംസങ്ങ് ഏറ്റവും പിറകിലാണെന്ന് മാത്രമല്ല യാതൊരു ശ്രവണ സുഖവും അതിനില്ലെന്നുകൂടി പറയേണ്ടിവരും. അവരുടെ ഡിസ്പ്ലേ മെച്ചമെങ്കിലും ഓഡിയോ ക്വാളിറ്റിയുടെ കാര്യത്തിൽ അമ്പേ പിറകിലാണ്. എച്റ്റിസിയുടേത് പോലെ ഒരു ബീറ്റ്സ് ആഡിയോ പ്ലഗ്ഗിനോ സോണിയെപ്പോലെ 3D സറൗണ്ട് & വാക്മാൻ ആപ്ലിക്കേഷനോ, ഐഫോണിന്റെ സൗണ്ട് എൻഹാൻസറോ ഒന്നും അതിലില്ല. ഇപ്പോൾ അനൗൺസ് ചെയ്ത നോട്ട് 2 ൽ ഒരു വെളിപാടെന്നോണം 3D സറൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതേപോലെ ഫോണുമായി ബന്ധപ്പെട്ട ഒരുപാടുകാര്യങ്ങൾ ഉണ്ട്. അവയുടെ നെറ്റ്വർക്ക് സവിശേഷതകൾ, നെറ്റ്വർക്ക് സ്പീഡ്, മെമ്മറി, വിഡിയോ & പിക്ചറുകളുടെ മേന്മ, അതിലുപയോഗിച്ചിരിക്കുന്ന ടെക്നോളജി ഇവകൾ, അതിന്റെ ടച്ച് സെൻസറുകൾ എങ്ങനെ തുടങ്ങി സ്റ്റാൻഡ്ബൈ ടൈം അടക്കം വിശദീകരിക്കാൻ അതിനാൽ ഇപ്പോൾ തുനിയുന്നില്ല. അത് ഈ കൊച്ചു (!!) പോസ്റ്റിനെ കൂടുതൽ നീട്ടാനേ ഉപകരിക്കൂ. (നിലവിലുള്ള റിപ്പോർട്ട് പ്രകാരം ഏറ്റവും മികച്ച ക്യാമറ നോക്കിയ ലൂമിയ 920 ന്റെ പ്യൂവർ വ്യൂ റ്റെക്നോളജിയും സോണി എക്സ്പീരിയ T യുടെ 13 മെഗാപിക്സലുമാണ്.)

ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ലഭ്യമായ പല ഫീച്ചേഴ്സുകളും ഐഫോണിൽ ലഭ്യമല്ല. 16, 32, 64 എന്നീ ഇൻബിൽറ്റ് മെമ്മറികളിൽ ലഭ്യമാണെങ്കിലും എസ്.ഡി കാർഡ് സ്ലോട്ടിന്റെ അഭാവം ഒരു വലിയ ന്യൂനത തന്നെയാണ്. നോക്കിയയും വൺ എക്സുമൊഴിച്ച് മറ്റു ഫോണുകൾ 16 ജിബി ഇൻ ബിൽറ്റ് സ്റ്റോറേജും 32 ജിബി കാർഡ്സ്ലോട്ടും അനുവദിക്കുന്നുണ്ട്. ഐഫോൺ ആയാൽ കൂടുതൽ സ്റ്റോറേജിനു വളരെ വലിയ തുകതന്നെ മുടക്കേണ്ടി വരും. എന്നാൽ 32 ജിബി മൈക്രോ എസ്ഡിക്ക് 1500 ൽ താഴെയേ വിലവരൂ. ഇതിനെ എല്ലാം കടത്തിവെട്ടുന്നു സോണി എക്സ്പീരിയ T യും TX ഉം. 16 ജിബി ഇൻബിൽറ്റ് സ്റ്റോറേജും 32 ജിബി എസ്ഡി കാർഡ് സ്ലോട്ടിനുമൊപ്പം 50 ജിബി ലൈഫ്ടൈം ക്ലൗഡ് സ്റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നു വച്ചാൽ മരിക്കുന്ന കാലം വരെ നമ്മുടെ സ്വന്തമായി 50 ജിബി സ്റ്റോറേജ് ഏതോ ഒരു സേർവറിൽ കാത്തുകിടക്കുന്നു എന്ന്!! ലോകത്തിന്റെ എവിടെ ഇരുന്നും നമ്മുടെ ഫയലുകൾ അപ്ലോഡ്- ഡൗൺലോഡ് ചെയ്യാനും ഷെയർ ചെയ്യാനും ഈ സ്റ്റോറേജ് കൊണ്ട് സാധിക്കും.



ഐഫോണിൽ എഫ് എം റേഡിയോ ഇല്ലാത്തത് മറ്റൊരു വലിയ ന്യൂനതയായിക്കാണുന്നു. പതിനായിക്കണക്കിനു എഫ്.എം നിലയങ്ങളുള്ള ലോകത്ത് ഇന്ന് ബഹുഭൂരിപക്ഷം ആളുകളും വാർത്തയറിയാനും സംഗീതം ആസ്വദിക്കാനും ആശ്രയിക്കുന്നത് എഫ്.എമ്മുകളെ ആണ്. സോണിയടക്കം മറ്റെല്ലാ സ്മാർട്ട് ഫോണുകളും FM with RDS സൗകര്യമുള്ളവയാണ്. 

ഏറ്റവും പുതിയ റ്റെക്നോളജി ആയ എൻ.എഫ്.സി (Near Field Communication) യും ഐഫോൺ 5 ൽ ഇല്ലാ!!  ട്രാൻസാക്ഷനും ഡാറ്റാ എക്സേഞ്ചും എളുപ്പമാക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണിത്. വേണമെങ്കിൽ വൈഫൈ/ ബ്ലൂട്ടൂത്തുകളുടെ എളിയ എളുപ്പമാർന്ന രൂപം എന്നും പറയാം. ക്രെഡിറ്റ് കാർഡിനു പകരമായി മൊബൈൽ ഫോൺ കൊണ്ടു നടന്നാൽ മതിയാകും എന്നു വച്ചാൽ!! ഏടിഎമ്മിൽ നിന്നു കാഷ് വിത്ഡ്രോ ചെയ്യാനും സാധനങ്ങൾ വാങ്ങിയതിന്റെ പേമെന്റ് ചെയ്യാനും ടിക്കെറ്റെടുക്കാനുമൊക്കെ എൻ.എഫ്.സി മുഖേന വരും കാലത്തു സാദ്ധ്യമാകും. കോണ്ടാക്ട്സുകളും ഫോട്ടോകളും വീഡിയോകളും എളുപ്പത്തിലും വേഗത്തിലും ഷെയർ ചെയ്യാനും ഇതിലൂടെ സാധിക്കും. എൻഎഫ്സി ഇനേബിൾഡായിട്ടുള്ള മറ്റു ഡിവൈസുകളുമായി സംവദിക്കാനും വിവരങ്ങൾ കൈമാറാനും പലതരം കമാൻഡുകളിലൂടെ മൊബൈൽ ഫോൺ വഴി അതിന്റെ പ്രവർത്തനം നിയന്ത്രിക്കാനുമാകും. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ടിവി ഓപ്പറേറ്റ് ചെയ്യുന്നതും മ്യൂസിക് പ്ലേയർ ഓൺ ചെയ്ത് നിന്ന് ഇഷ്ടമുള്ള പാട്ടുകേൾക്കുന്നതും ഏസിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും ഒക്കെയൊന്ന് ഇമാജിൻ ചെയ്തു നോക്കൂ. ഈ സാങ്കേതിക വിദ്യയിലൂടെ നമുക്കു ചുറ്റുമുള്ള എൻ.എഫ്.സി ഇൻബിൽറ്റായിട്ടുള്ള ഏത് ഇലക്ട്രോണിക്സ് ഉപകരണത്തേയും നിയന്ത്രിക്കാൻ നമ്മുടെ കുഞ്ഞൻ മൊബൈൽ ഫോൺ മതിയാകും എന്നത് ഒരു യാഥാർത്ഥ്യമാകുന്നു. മാസങ്ങൾക്കു മുൻപ് എല്ലാ സ്മാർട്ട് ഫോണുകളിലും ഏർപ്പെടുത്തിയ ഈ വിപ്ലവകരമായ സാങ്കേതിക വിദ്യ കൊടികെട്ടിയ കൊമ്പന്മാരായ ആപ്പിൾ അറിഞ്ഞിട്ടേയില്ല!!

എല്ലാ ഫോണുകളിലും ഏറ്റവും പുതിയ ബ്ളൂടൂത്ത് വേർഷൻ 4.0 ആണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് ഇനേബിൾഡ് ആയ ഡിവൈസുകൾ തമ്മിൽ ഡാറ്റാ ട്രാൻസ്ഫർ അതിവേഗത്തിലാക്കാൻ ഇതുമൂലം സാധിക്കുന്നു. ഇതിൽ സോണി എക്സ്പീരിയയിലും ഐഫോണിലും മാത്രമാണ് അസ്സിസ്റ്റഡ് ജിപിഎസ്സ് വിത് ഗ്ലോനാസ് ടെക്കനോളജി ഉള്ളത്. കടലിലായാലും കരയിലായാലും ഇരുളിലായാലും വെളിച്ചത്തായാലും ഇനി നമ്മെ നയിക്കുവാൻ പോകുന്നത് മൊബൈൽ ഫോൺ ആയിരിക്കും. കെട്ടിടങ്ങളുടേയും ഇടുങ്ങിയ തെരുവുകളുടേയും വഴികളുടേയും ത്രിമാന ചിത്രങ്ങൾ തന്നെ നമുക്ക് മുന്നിലേക്ക് ഈ ടെക്നോളജി മുന്നോട്ടു വയ്ക്കുന്നു. 

നോക്കിയ ലൂമിയ 920 യുടെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് അതിന്റെ വയർലെസ് ചാർജ്ർ ആണ്. പ്ലഗ് കുത്താതെ തന്നെ മൊബൈൽ ചാർജ് ചെയ്യുന്നതൊന്ന് ആലോചിച്ചു നോക്കൂ. ആ സാങ്കേതികതയാണ് നോക്കിയയുടെ ഏറ്റവും പുതിയ ഫോണായ ലൂമിയ 920 യിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു ചാർജിങ്ങ് പ്ലേറ്റ് / പില്ലോ വഴിയാണ് ഇത് സാധിക്കുന്നത്. വ്യത്യസ്ത കമ്പനികൾ ഈ ചാർജറുകൾ വിപണിയിലിറക്കിയിട്ടുണ്ട്. അതിനു മുകളിൽ ഫോൺ വച്ചാൽ മതിയാകും, തനിയെ ചാർജ്ജായിക്കൊള്ളും!!



ഇതിൽ സോണി എക്സ്പീരിയ T യിലെ കാമറ 13 മെഗാപിക്സൽ ആണ്. നിലവിൽ മാർക്കറ്റിൽ ലഭ്യമായതിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ റെസല്യൂഷനാണിതിനുള്ളത് (ഏറ്റവും കൂടുതൽ റെസല്യൂഷൻ ഉള്ള കാമറ നോക്കിയയുടെ 808 പ്യൂവർവ്യൂ ആണ്. കാമറാ ഭ്രാന്തന്മാരെ അത്ഭുതപ്പെടുത്തി 41 മെഗാപിക്സൽ ആണ് ഇതിന്റെ റെസല്യൂഷൻ). ബാക്കി എല്ലാ ഫോണുകൾക്കും 8 മെഗാപിക്സലാണ് റെസലൂഷൻ. 

മൊബൈൽ ഫോൺ ഇന്ന് ഏറ്റവും വലിയ ഒരു വിനോദ ഉപാധികൂടിയാണ്. ഇന്റേണൽ സ്റ്റോറേജിൽ കിടക്കുന്ന എമ്പീത്രീ പാട്ടുകൾ ആസ്വദിക്കുക എന്നതിലുപരി ലോകത്തെമ്പാടുമുള്ള സംഗീതത്തിന്റെ വലിയൊരു ശേഖരമാണ് ഓൺലൈൻ വഴി ഓരോ മൊബൈൽ കമ്പനിയും മുന്നോട്ടു വയ്ക്കന്നത്. അതിൽ മുമ്പൻ സോണി തന്നെ. അൺലിമിറ്റഡ് മ്യൂസിക് ആണ് അത് ഉപഭോക്താക്കൾക്കായി നൽകുന്നത്. അതിനോടൊപ്പം അൺലിമിറ്റഡ് വീഡിയോയും (പുതിയ സിനിമകളടക്കം) ത്രീഡി ഗെയിമുകളും ഓൺലൈൻ വഴി ആസ്വദിക്കാനാകും. ഇത് കൂടാതെ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറുകൾ വഴിയും ഇവയുടെ വലിയൊരു ശേഖരം കിട്ടുന്നുണ്ട്. ഐഫോണും നോക്കിയയും ഇക്കാര്യത്തിൽ പിറകിലല്ല. എങ്കിലും ഐട്യൂൺസു വഴി ആസ്വദിക്കുന്നതിനു ഒരു പരിമിതിയുണ്ട്. മിക്കതും പെയ്ഡ് ആണെന്നതാണ് മറ്റൊരു പോരായ്മ. നോക്കിയ അത്രയധികം ആപ്ലിക്കേഷൻ വൈവിദ്ധ്യമില്ലാത്ത വിൻഡോസ് 8 ൽ പ്രവർത്തിക്കുന്നതിനാൽ പോരായ്മയെന്നു വേണമെങ്കിൽ പറയാം. എങ്കിലും വരും കാലങ്ങളിൽ Windows8 നായി കൂടുതൽ ഡെവലപ്പേഴ്സ് മുന്നോട്ടു വരുമെന്ന് കരുതാം. 

ഗെയിം പ്രിയർക്കായി ഏറ്റവും പോപ്പുലറായ പ്ലേസ്റ്റേഷൻ സർട്ടിഫൈഡാണ് സോണി എക്സ്പീരിയയുടെ മറ്റൊരു പ്രത്യേകത. നമ്മുടെ മൊബൈലിനേയും അതുമായി ബന്ധപ്പെടുത്തി എച്ഡി ടിവിയേയും ഒരു വലിയ ഗെയിം പോർട്ടാക്കി മാറ്റാൻ ഇതിലൂടെ സാധിക്കുന്നു. വൈവിദ്ധ്യവും ത്രില്ലറും നിറഞ്ഞ ഗെയിം സെന്ററാക്കി നിങ്ങളുടെ സ്വീകരണമുറിയെ രൂപപ്പെടുത്താൻ ഇത് സഹായിക്കും. മറ്റൊരു കമ്പനിയും ഇത്തരമൊരു സൗകര്യം അവതരിപ്പിച്ചിട്ടില്ല.



മറ്റെല്ലാ ഫോണുകളും പീസിയുമായി നേരിട്ടു സംവദിക്കുമ്പോൾ ഐഫോണുകളുടെ ഏറ്റവും വലിയ പ്രശ്നം അതിന്റേതായ ഒരു സോഫ്റ്റ്വേറിലൂടെ മാത്രമേ ഉള്ളിലെ കണ്ടന്റുകളെ എക്സ്പ്ലോർ ചെയ്യാൻ കഴിയൂ എന്നതാണ്. ഐട്യൂൺസ് എന്ന സോഫ്റ്റ്വേറില്ലെങ്കിൽ നമ്മുടെ ഫോണിൽ കിടക്കുന്ന ഫയലുകൾ നീക്കം ചെയ്യാനോ പുതിയ ഉൾപ്പെടുത്താനോ കഴിയില്ല. ഈ ആക്സസ് ഇല്ലായ്മ വലിയൊരു അസൗകര്യം തന്നെയാണ്. 

എല്ലാ ഫോണുകളുടേയും മെമ്മറി 1GB DDR2 (Double data Rate) ആണ്. ആദ്യമായി 2GB മെമ്മറിയുമായെത്തിയത് സാംസംഗ് ഗാലക്സി നോട് 800 ടാബ് ആണ്.

ചുരുക്കം

ചുരുക്കിപ്പറഞ്ഞാൽ ഐഫോൺ 5 നു്,  മുകളിൽ പരാമർശിക്കപ്പെട്ട ഒരു ഫോണിന്റേയും ഏഴയലത്തു നിൽക്കാൻ യോഗ്യതയില്ല എന്നു വേണം പറയാൻ. മറ്റുള്ളവരെല്ലാം തങ്ങളെ കോപ്പി ചെയ്തേ എന്നു നിലവിളിച്ച് ലോകം മുഴുവൻ തങ്ങളുടെ വിപണിയാക്കി അടക്കിബ്ഭരിക്കാൻ കേസുകൊടുത്തു നടക്കുന്നവർ മറ്റു ഫോണുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന വളരുന്ന ഉയർന്ന സാങ്കേതിക വിദ്യകളെ കണ്ടില്ലെന്നു നടിക്കുകയും പിന്നോട്ടടിക്കുകയും ഞങ്ങൾ കൊടുക്കുന്നത് മാത്രം ഉപയോഗിക്കുന്നവർ അനുഭവിച്ചാൽ മതിയെന്ന കുത്തക മുതലാളി സംസ്കാരത്തിന്റെ മാടമ്പിത്തര സമീപനം കാഴ്ച വയ്ക്കുകയും ചെയ്യുമ്പോൾ സ്റ്റീവിനു പുറകേ ഐഫോണുകളും മണ്മറയാൻ അധിക കാലം എടുക്കുമെന്ന് തോന്നുന്നില്ല. അമേരിക്കയ്ക്കു പുറത്ത് ഒരു ലോകമേ ഇല്ലെന്ന് വിചാരിക്കുന്ന ഭൂരിഭാഗം അന്നാട്ടുകാരുടെ കൂപമണ്ഡൂക ബോധത്തെ ചൂഷണം ചെയ്യുക മാത്രമാണ് അവർ ചെയ്യുന്നത്. സാംസങ്ങും സോണിയുമൊക്കെ പിടിച്ചാൽ കിട്ടാത്ത പോലെ മുന്നോട്ടു പായുമ്പോൾ ആപ്പിൾ അസഹിഷ്ണുത കാണിക്കുന്നത് ഇതല്ലാതെ മറ്റെന്ത്..!!

ഫോൺ എന്നത് ദൂരെയുള്ള ഒരാളെ വിളിക്കാൻ എന്നതിലുപരി ഭാര്യാഭർത്താക്കന്മാരെപ്പോലെയോ മക്കളേപ്പോലെയോ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു! ലോകം മുഴുവൻ ആ കൊച്ചുപെട്ടിക്കുള്ളിൽ അടങ്ങിയിരിക്കുന്നു എന്നുവേണം പറയാൻ. നമ്മളെ മറ്റാരെക്കാളും നിയന്ത്രിക്കുന്ന സഹചാരി. നമ്മൾ എപ്പോൾ ഉണരണം എന്നതുമുതൽ എങ്ങനെ ഉറങ്ങണം എന്നുവരെ നിശ്ചയിക്കുന്ന കൂട്ടുകാരൻ യന്ത്രമായി അതുമാറിക്കഴിഞ്ഞു. ടെക്നോളജി അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ കടിച്ചുകീറാൻ നിൽക്കുന്ന എതിരാളികളെങ്കിലും തങ്ങളുടെ ആർത്തിപ്പണ്ടാരങ്ങളായ കംസ്റ്റമേഴ്സിനെ സംതൃപ്തരാക്കാനുള്ള പുതിയ ഫീച്ചറുകളുമായി ഓരോ ദിവസവും ഓരോ വ്യത്യസ്ത രൂപത്തിൽ ഭാവത്തിൽ അവ എത്തുകയാണ്. 



എന്നാൽ ഈ ഫീച്ചറുകൾ എത്രമാത്രം പേർ ഉപയോഗിക്കുന്നു എന്നത് ഒരു ചോദ്യച്ചിഹ്നമായി നിൽക്കുന്നു. ഒരു സ്മാർട്ട് ഫോണിലെ ഒട്ടുമുക്കാലും സവിശേഷതകളെ ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ മുപ്പതിനായിരമോ നാൽപ്പതിനായിരമോ കൊടുത്തു ഒന്നു വാങ്ങുന്നതിൽ തെറ്റില്ല.  എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടേ 90% ൽ അധികം പേരും ഫോൺ വിളിക്കാനും പാട്ടുകേൾക്കാനും യൂറ്റ്യൂബ് വീഡിയോ കാണാനും ഫേസ്ബുക്കു നോക്കാനും അത്യാവശ്യം പടം പിടിക്കാനും മെയിലയയ്ക്കാനും തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങൾക്കു മാത്രമാണ് ഇത്രയും വിലയേറിയ ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത്. ബാക്കി ഒരു ഫീച്ചറുകളിലും അവർക്ക് താൽപ്പര്യവുമില്ല അതിനെക്കുറിച്ച് വലിയ ഗാഹ്യവുമില്ല (ഇത്രയും കാര്യങ്ങൾ സുഖമായി ചെയ്യാൻ 10,000 രൂപയ്ക്ക് താഴെ വിലയുള്ള മുകളിൽ പറഞ്ഞ സ്മാർട്ട് ഫോണുകളോട് കിടപിടിക്കുന്ന നല്ല സ്പെസിഫിക്കേഷനുകളുള്ള കാർബൺ, മൈക്രോമാക്സ്, ഇന്റെക്സ്, ലാവ തുടങ്ങിയ ഇൻഡ്യൻ കമ്പനികളുടെ ഫോണുകൾ ലഭ്യമാണ്). അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ അതിലുപരി ഒരു ‘സ്റ്റാറ്റസ് സിംബൽ’ എന്ന നിലയിലാണ് പലരും ഇതുകൊണ്ടു നടക്കുന്നത് എന്നതാണ് വാസ്തവം! എനിക്ക് ഐഫോൺ ഉണ്ട്, എനിക്ക് എസ്.3 യുണ്ട് എനിക്ക് വൺ എക്സ് ഉണ്ട് എന്ന് പറയുന്നതിലെ സുഖമുള്ള ഒരു പൊങ്ങച്ചം!! 

[ഞാനൊരു ടെക്കനീഷ്യൻ അല്ല, മൊബൈൽ ഫോൺ ടെക്നോളജിയിൽ എക്പേർട്ടുമല്ല. കഴിഞ്ഞ ഒന്നര വർഷമായി ഇറങ്ങുന്ന സ്മാർട്ട് ഫോണുകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലും പലറിവ്യൂകളിൽ നിന്നും സ്പെസിഫിക്കേഷനുകളിൽ നിന്നും ഉപഭോക്താക്കളുടെ അനുഭവങ്ങൾ വായിച്ചറിഞ്ഞയാൾ എന്ന നിലയിലും കാര്യങ്ങൾ എഴുതിയതാണ്. പലർക്കും അവരുടെ ഫോൺ മറ്റുള്ളതിനേക്കാൾ പ്രിയമാകും. നിങ്ങളുടെ അനുഭങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക - നിശി]