Friday, January 27, 2012

അടിതൊട്ടു മുടിയോളം....

ഒരിടത്തൊരിടത്ത്.............

ഞാനും സാക്ഷാൽ ചെറിയനാട് കൊച്ചുവേലായുധനുമായുള്ള ഇരിപ്പുവശം ഞങ്ങൾക്ക് മാത്രമറിയാവുന്ന ഒരു രഹസ്യമാണ്. ഇടയ്ക്ക് ഞങ്ങൾ പിണങ്ങും പിന്നേം ഇണങ്ങും, എന്നെ മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടാൽ ഞാൻ വഴക്കുപറയും... കോണകം ഉടുത്തു നടക്കുന്ന പ്രായമായതുകൊണ്ട് പയ്യൻസിനു പെട്ടെന്ന് ഫീൽ ചെയ്യും.... എങ്കിലും കറങ്ങിത്തിരിഞ്ഞ് പിന്നേം എന്റെടുത്തുവരും, എനിക്കുള്ളതു തരുകേം ഞാനുള്ളതു കൊടുക്കുകേം ചെയ്യും...! ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങ്.... ഞാനും ഹാപ്പി കൊച്ചുവും ഹാപ്പി...!!! അങ്ങനെ വർഷങ്ങളായുള്ള ആ ആത്മബന്ധം എന്നെ ഞാനാക്കുന്ന, എന്റെ വാക്കുകൾക്കും ചിന്തകൾക്കും സംഗീതത്തിനും പ്രേരണയും പ്രചോദനവുമായി ഇന്നും തുടരുന്നു.....

അഞ്ചു വർഷങ്ങൾക്കു മുൻപ്....

അഞ്ചാറു വർഷം ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടത് ആദ്യ സംഗീത ആൽബം ഇറക്കാൻ മുടക്കി. എന്നെ കടക്കാരനാക്കി അതിൽ നിന്നും കിട്ടിയതും കൊണ്ട് ആമ്പിള്ളേരു മുങ്ങി! പിന്നെ ബാങ്കിൽ നിന്ന് ലോണെടുത്ത് നല്ലരീതിയിൽ ബിസിനസ് തുടങ്ങിയെങ്കിലും ഗണപതിക്കു വച്ചതേ കാക്ക കൊണ്ടുപോയി..! അങ്ങനെ തവണ തിരിച്ചടയ്ക്കാൻ പോലും മാർഗ്ഗമില്ലാത ഭാര്യാ പുത്രീ സമേതം ഒരു ഗതിയും പരഗതിയുമില്ലാതെ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന മധുര മനോഹരമായ കാലം....!:)) ദിനം ദിനം സവിയുടെ വളകളുടേയും മാലകളുടേയും എണ്ണം കുറയുകയും അടുത്തുള്ള പണയക്കാരന്റെ പണ്ടാരത്തിലെ ഉരുപ്പടികളുടെ എണ്ണം കൂടുകയും ചെയ്തുകൊണ്ടിരുന്ന സമൃദ്ധിയുടെ കാലം.! മാതാപിതാക്കൾ ഉൾപ്പെടെ മറ്റാരെയും ആശ്രയിക്കരുതെന്നും സ്വയം അദ്ധ്വാനിച്ച് കുടുംബം നോക്കണമെന്നും വാശിപിടിച്ച് ജീവിക്കുന്ന പ്രത്യയശാസ്ത്രകാലം..! സഹിക്കുന്നതിനും ഒരതിരില്ലേ, ഇതിനെല്ലാം കാരണക്കാരനായ കൊച്ചുവേലൂനു ഒരു ലാസ്റ്റ് വാണിങ്ങ് കൊടുത്തേക്കാമെന്ന് വച്ച് നേരേ അങ്ങോട്ടു വിട്ടു. കർപ്പൂരം, എണ്ണ, സാമ്പ്രാണി.... പണ്ടാറമടങ്ങാൻ, തൂങ്ങിച്ചാകാൻ കയറു വാങ്ങാൻ കാശില്ലാതെ നട്ടം തിരിയുന്നവൻ എന്തോന്ന് കർപ്പൂരം എന്തോന്ന് സാമ്പ്രാണി....!! സൗകര്യപ്പെട്ടില്ല..., നേരേ മുന്നിൽ ചെന്ന് ഒറ്റ ഡയലോഗ്..... "അവസാനമായി ഞാൻ പറയുവാ, പറ്റുമെങ്കിൽ എന്തെങ്കിലും ഹെൽപ്പു ചെയ്യുന്നെങ്കിൽ ഇപ്പൊ ചെയ്യണം, വിഷം വാങ്ങാൻ പോലും കയ്യിൽ കാശില്ല, ഇനി എന്നെ മൈൻഡ് ചെയ്യുന്നില്ലേൽ എന്റെ സത്യമായിട്ടും പാട്ടെഴുത്ത് ഞാൻ ഇവിടെ നിർത്തും, ഇവിടെ ഈ വേലുമ്പിടിച്ചു നിന്നിട്ട് ഒരു കാര്യോമില്ല... നന്ദി വേണം നന്ദി..!" ...........ദേഷ്യപ്പെട്ട് ഇറങ്ങിപ്പോന്നു.....! തിരിച്ചു നടക്കുമ്പോൾ ഇമ്പ്രൂസിനുള്ള കഫ് സിറപ്പും ഇൻഹേലറും എങ്ങനെ വാങ്ങുമെന്നായിരുന്നു മനസ്സിലെ ചിന്ത മുഴുവൻ...:(

ആഴ്ചകൾ മൂന്നാലു കൊഴിഞ്ഞു വീണു. ഞാനും വകയിലൊരു മാമനുമായി മുരിങ്ങൂരിന്റെ കുചേലൻ പോയ ഊടുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ഫോൺ ശബ്ദിച്ചു, ദൈവാധീനത്തിന് അതിന്റെ സ്പീക്കർ ഒരാഴ്ചയായി കേട്..! ഞാൻ പറയുന്നത് അങ്ങോട്ട് കേൾക്കാം, അവിടെ നിന്നും പറയുന്നത് എനിക്കു നഹി..! അതുകൊണ്ട് മൈൻഡ് ചെയ്യാൻ പോയില്ല, ഒന്നാമത് പരിചയമില്ലാത്ത നമ്പർ. അല്ലേലും എടുത്തിട്ട് എന്തുകാര്യം, ഒന്നുംകേൾക്കാൻ വയ്യല്ലോ... ദാണ്ട് പിന്നേം അടിക്കുന്ന്..., രണ്ടുമൂന്നു വട്ടമായപ്പോൾ അവസാനം എടുത്തിട്ട് പറഞ്ഞു 'ഹലോ.... എന്റെ സ്പീക്കർ കേടാണ്, താങ്കൾ പറയുന്നത് എനിക്കു കേൾക്കാൻ കഴിയില്ല, അത്യാവശ്യമാണെങ്കിൽ ഞാൻ വേറൊരു നമ്പർ തരാം, അതിലേക്ക് വിളിക്കൂ...' എന്നു പറഞ്ഞ് മാമന്റെ നമ്പർ 3 വട്ടം ആവർത്തിച്ച് പറഞ്ഞ് ഫോൺ കട്ട് ചെയ്തു വീണ്ടും 'അജിതാഹരേ ജയ.....' ശ്രീരാഗത്തിൽ അഞ്ചരക്കട്ടയ്ക്ക് പിടിത്തം തുടങ്ങി. ആരും തിരിച്ചു വിളിച്ചില്ല.!

ഒടുവിൽ പാട്ടും കളിയുമൊക്കെക്കഴിഞ്ഞ് ഒരുമണിക്കൂറിനു ശേഷം പുള്ളി പോകാനായി റോഡിലേക്ക് ഇറങ്ങി. അതാ വരുന്നു അനിതമോൾ..., ഞങ്ങൾ സംയുക്തമായി കൈകാണിച്ചു, ഫുൾ സിങ്ങിൽ വരുവായിരുന്നതുകൊണ്ടോ കൊടും വളവായിരുന്നതുകൊണ്ടോ എന്തോ നിർത്തിയില്ല....! അതോടിച്ച ഡ്രൈവറുടെ അച്ഛനെ മാന്യമായ ഭാഷയിൽ അഭിസംബോധന ചെയ്ത് ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ കൂടിയായ അദ്ദേഹം അടുത്ത സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അതാ മൊബൈൽ റിങ്ങടിക്കുന്നു. പുള്ളി തിരിച്ചു വന്നു്, 'എടാ, അമ്പിളീ, നിനക്കാരിക്കുമെടാ ഫോൺ....' എന്നുപറഞ്ഞ് എന്റെ കയ്യിൽ തന്നു! ഒരു വിദേശ നമ്പർ, എന്തായാലും എടുത്തു, മറുതലയ്ക്കൽ, "ഹലോ...... നിശിയല്ലേ, ഞാൻ അനിലാ, പണ്ട് സ്നാമിൽ ഉണ്ടായിരുന്ന....." എനിക്കൊന്നും മനസ്സിലായില്ല, ഏത് അനിൽ, എവിടുത്തെ അനിൽ....! ഞാൻ ചോദിച്ചു 'അനിലോ...?', 'അതേന്ന്, പണ്ട് ഖത്തറിൽ കൂടെ വർക്ക് ചെയ്തിരുന്ന അനിലാണ്, ഞാൻ മിലാനിൽ നിന്നാണ് വിളിക്കുന്നത്, ഒരു സിക്കോൺ എക്സ്പേർട്ടിനെ അത്യാവശ്യമായതിനാൽ നിശിയെ ആഫ്രിക്കയിലെ പുതിയ പ്രോജെക്ടിലേക്ക് ഞാൻ റെക്കമന്റ് ചെയ്തത് കമ്പനി അപ്രൂവ് ചെയ്തു. എത്ര ദിവസമായി ഞാൻ ട്രൈ ചെയ്യുവാന്നറിയുമോ, ഇതെന്തോ ഭാഗ്യത്തിനു കിട്ടിയതാ, ഇന്നും കൂടി കിട്ടിയില്ലായിരുന്നങ്കിൽ നിശിയെ കാൻസൽ ചെയ്തേനേം. ഒരു സീവി എന്റെ anil.........@yahoo.com ലേക്ക് ഇന്നു തന്നെ ഫോർവേഡ് ചെയ്യൂ, ഏതു നിമിഷവും റെഡിയായിരിക്കണം, കേട്ടോ... മാഡത്തിനു കൊടുക്കാം..."

ങേ...!!! ഹ ഹ ഹ..! പോ.. തമാശക്കാരാ, ഇറ്റലിയിൽ നിന്നു ഐഎസ്ഡി വിളിച്ച് മനുഷ്യനെ വടിയാക്കുന്നോ എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും ഇറ്റാലിയൻ ചുവയിൽ ഒരു ഇംഗ്ലീഷ് കിളി മൊഴി, "ബൊഞ്ചോർണോ മിസ്റ്റർ ഗോപി, ഐ ആം മിസിസ് ആഞ്ചെലോ കസേലി, ഹെഡ് ഓഫ് ദ പ്രൊജെക്ട് കണ്ട്രോൾ ഡിപ്പർട്ട്മെന്റ് ഓഫ് സായ്പം. ഐ ആം വെരി ഗ്ലാഡ് റ്റു വെൽക്കം യു ടു ഔർ സ്നാംപ്രോജെറ്റി ഫാമിലി, സോ, പ്ലീസ് ഗെറ്റ് റെഡി റ്റു എമ്പാർക്ക് അറ്റ് എനി ടൈം. വി വിൽ ലെറ്റ് യൂ നോ ദ ഡീറ്റേൽസ് ലേറ്റർ ആൻഡ് വിൽ സെൻഡ് യു ദ ഫ്ലൈറ്റ് ടിക്കറ്റ് വൺസ് വി റിസീവ് യുവർ പാസ്പോർട്ട് കോപ്പി.... ചാവോ...."

ഫോൺ കട്ടായ ശേഷം ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ അൽപ്പ നേരം നിന്നു പോയി..., ഫോൺ തന്ന മാമൻസ് കുന്തം വിഴുങ്ങിയവനേപ്പോലെ കാര്യമറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു, പുള്ളിയെ ഞാൻ പൊക്കിയെടുത്ത് രണ്ടു കുടകുടഞ്ഞ് താഴെയിട്ട് നേരേ അടുക്കളയിലേക്ക് ഓടി. ചീനച്ചട്ടിയിൽ പച്ചവെള്ളം ഫ്രൈ ചെയ്യുന്ന ഭാര്യാമണിയെ എടുത്ത് വട്ടംകറക്കിത്താഴെയിട്ടു....! കളിപ്പാട്ടം കൂട്ടിയിട്ട് കളിച്ചുകൊണ്ടിരുന്ന ഇമ്പ്രു കാര്യമറിയാതെ നെലവിളിച്ചു.... അവക്കും കിട്ടി ഉമ്മയുടെ പൂരം....!:)) അപ്പോഴും അഞ്ചരക്കട്ടയ്ക്ക് പിടിച്ച ആ പദം മനസ്സിൽ വിങ്ങിപ്പൊട്ടുകയായിരുന്നു... ഭാര്യയുടേയും കുട്ടികളുടേയും പട്ടിണി മാറ്റാൻ കൃഷ്ണനെത്തേടിച്ചെന്ന കുചേലനായി ഒരു നിമിഷം ഞാൻ... കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു......
'അജിതാ ഹരേ ജയ മാധവാ വിഷ്ണോ
അജമുഖ ദേവ...., നാഥാ...'

ബാക്കിയെല്ലാം സ്വപ്നം പോലെ സത്യം.....!

ഞാനൊരു അതിരുകടന്ന അന്ധവിശ്വാസിയല്ല. എങ്കിലും എന്റെ ഉള്ള വിശ്വാസങ്ങൾക്ക് ഉപരിയായി എന്നെ ഭരിക്കുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം. നിമിത്തം പോലെ, അനുഗ്രഹം പോലെ അന്നങ്ങനെ ആ ഫോൺ കാൾ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജീവിതം മറ്റൊരു തുരുത്തിലാകുമായിരുന്നിരിക്കാം...... അതെവിടെ എങ്ങനെ എന്നൊന്നും പറയാൻ ഞാൻ ആളല്ലാ... ഒരു പക്ഷേ നിങ്ങൾ ആരും തന്നെ എന്നെ അറിയുമായിരുന്നിരിക്കില്ല..... എന്റെ കവിതയും പാട്ടും എല്ലാം എന്നിൽ പിറന്ന് എന്നിൽ തന്നെ ഒടുങ്ങുമായിരുന്നിരിക്കാം....! ആർക്കറിയാം...അനന്തമജ്ഞാതമവർണ്ണനീയം......!!

അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ കൊച്ചുവേലായുധന്റെ കാര്യമാണ്. വർഷങ്ങൾ വർഷങ്ങളായി എഴുതിക്കൂട്ടിയ ആയിരത്തിലേറെ ഭക്തിഗാനങ്ങൾ ദിവസവും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയും മറിച്ചും പാടി ഉറപ്പിക്കുന്ന എന്നെ എങ്ങനെ കക്ഷി കൈവിടാൻ...! അതാണ് ഞാൻ ആദ്യം പറഞ്ഞ മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങ്...:) (ഒപ്പം, എന്നെ കഷ്ടപ്പെട്ടു കണ്ടെത്തി ഇവിടേക്ക് എത്തിച്ച അനിലെന്ന ആ വലിയമനുഷ്യനേയും സ്നേഹാദരപൂർവ്വം സ്മരിക്കട്ടേ)

അങ്ങനെ, ആ കൊച്ചു വേലായുധനായ ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യന്റെ തിരുപ്പുറപ്പാട് ഉൽസവമാണ് ഇന്ന്.... അടിതൊട്ട് മുടിയോളം ഉടൽ കണ്ട് കൈതൊഴാൻ എന്നും എനിക്കായി ആ നട തുറന്നു കിടക്കണമെന്ന പ്രാർത്ഥനയേ എന്നുമുള്ളൂ............

Lyrics & Music : G Nisikanth
Singer : Rajesh Raman
Orchestration : Surya Narayanan

Violin : Bhavya Lakshmi
Mrudangam : B. Kammath
Flute : Jossy
Veena : Saunder Rajan
Thabla : Ustad Moh. Husaain
Keyboard : Robin