Friday, January 27, 2012

അടിതൊട്ടു മുടിയോളം....

ഒരിടത്തൊരിടത്ത്.............

ഞാനും സാക്ഷാൽ ചെറിയനാട് കൊച്ചുവേലായുധനുമായുള്ള ഇരിപ്പുവശം ഞങ്ങൾക്ക് മാത്രമറിയാവുന്ന ഒരു രഹസ്യമാണ്. ഇടയ്ക്ക് ഞങ്ങൾ പിണങ്ങും പിന്നേം ഇണങ്ങും, എന്നെ മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടാൽ ഞാൻ വഴക്കുപറയും... കോണകം ഉടുത്തു നടക്കുന്ന പ്രായമായതുകൊണ്ട് പയ്യൻസിനു പെട്ടെന്ന് ഫീൽ ചെയ്യും.... എങ്കിലും കറങ്ങിത്തിരിഞ്ഞ് പിന്നേം എന്റെടുത്തുവരും, എനിക്കുള്ളതു തരുകേം ഞാനുള്ളതു കൊടുക്കുകേം ചെയ്യും...! ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങ്.... ഞാനും ഹാപ്പി കൊച്ചുവും ഹാപ്പി...!!! അങ്ങനെ വർഷങ്ങളായുള്ള ആ ആത്മബന്ധം എന്നെ ഞാനാക്കുന്ന, എന്റെ വാക്കുകൾക്കും ചിന്തകൾക്കും സംഗീതത്തിനും പ്രേരണയും പ്രചോദനവുമായി ഇന്നും തുടരുന്നു.....

അഞ്ചു വർഷങ്ങൾക്കു മുൻപ്....

അഞ്ചാറു വർഷം ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടത് ആദ്യ സംഗീത ആൽബം ഇറക്കാൻ മുടക്കി. എന്നെ കടക്കാരനാക്കി അതിൽ നിന്നും കിട്ടിയതും കൊണ്ട് ആമ്പിള്ളേരു മുങ്ങി! പിന്നെ ബാങ്കിൽ നിന്ന് ലോണെടുത്ത് നല്ലരീതിയിൽ ബിസിനസ് തുടങ്ങിയെങ്കിലും ഗണപതിക്കു വച്ചതേ കാക്ക കൊണ്ടുപോയി..! അങ്ങനെ തവണ തിരിച്ചടയ്ക്കാൻ പോലും മാർഗ്ഗമില്ലാത ഭാര്യാ പുത്രീ സമേതം ഒരു ഗതിയും പരഗതിയുമില്ലാതെ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന മധുര മനോഹരമായ കാലം....!:)) ദിനം ദിനം സവിയുടെ വളകളുടേയും മാലകളുടേയും എണ്ണം കുറയുകയും അടുത്തുള്ള പണയക്കാരന്റെ പണ്ടാരത്തിലെ ഉരുപ്പടികളുടെ എണ്ണം കൂടുകയും ചെയ്തുകൊണ്ടിരുന്ന സമൃദ്ധിയുടെ കാലം.! മാതാപിതാക്കൾ ഉൾപ്പെടെ മറ്റാരെയും ആശ്രയിക്കരുതെന്നും സ്വയം അദ്ധ്വാനിച്ച് കുടുംബം നോക്കണമെന്നും വാശിപിടിച്ച് ജീവിക്കുന്ന പ്രത്യയശാസ്ത്രകാലം..! സഹിക്കുന്നതിനും ഒരതിരില്ലേ, ഇതിനെല്ലാം കാരണക്കാരനായ കൊച്ചുവേലൂനു ഒരു ലാസ്റ്റ് വാണിങ്ങ് കൊടുത്തേക്കാമെന്ന് വച്ച് നേരേ അങ്ങോട്ടു വിട്ടു. കർപ്പൂരം, എണ്ണ, സാമ്പ്രാണി.... പണ്ടാറമടങ്ങാൻ, തൂങ്ങിച്ചാകാൻ കയറു വാങ്ങാൻ കാശില്ലാതെ നട്ടം തിരിയുന്നവൻ എന്തോന്ന് കർപ്പൂരം എന്തോന്ന് സാമ്പ്രാണി....!! സൗകര്യപ്പെട്ടില്ല..., നേരേ മുന്നിൽ ചെന്ന് ഒറ്റ ഡയലോഗ്..... "അവസാനമായി ഞാൻ പറയുവാ, പറ്റുമെങ്കിൽ എന്തെങ്കിലും ഹെൽപ്പു ചെയ്യുന്നെങ്കിൽ ഇപ്പൊ ചെയ്യണം, വിഷം വാങ്ങാൻ പോലും കയ്യിൽ കാശില്ല, ഇനി എന്നെ മൈൻഡ് ചെയ്യുന്നില്ലേൽ എന്റെ സത്യമായിട്ടും പാട്ടെഴുത്ത് ഞാൻ ഇവിടെ നിർത്തും, ഇവിടെ ഈ വേലുമ്പിടിച്ചു നിന്നിട്ട് ഒരു കാര്യോമില്ല... നന്ദി വേണം നന്ദി..!" ...........ദേഷ്യപ്പെട്ട് ഇറങ്ങിപ്പോന്നു.....! തിരിച്ചു നടക്കുമ്പോൾ ഇമ്പ്രൂസിനുള്ള കഫ് സിറപ്പും ഇൻഹേലറും എങ്ങനെ വാങ്ങുമെന്നായിരുന്നു മനസ്സിലെ ചിന്ത മുഴുവൻ...:(

ആഴ്ചകൾ മൂന്നാലു കൊഴിഞ്ഞു വീണു. ഞാനും വകയിലൊരു മാമനുമായി മുരിങ്ങൂരിന്റെ കുചേലൻ പോയ ഊടുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ഫോൺ ശബ്ദിച്ചു, ദൈവാധീനത്തിന് അതിന്റെ സ്പീക്കർ ഒരാഴ്ചയായി കേട്..! ഞാൻ പറയുന്നത് അങ്ങോട്ട് കേൾക്കാം, അവിടെ നിന്നും പറയുന്നത് എനിക്കു നഹി..! അതുകൊണ്ട് മൈൻഡ് ചെയ്യാൻ പോയില്ല, ഒന്നാമത് പരിചയമില്ലാത്ത നമ്പർ. അല്ലേലും എടുത്തിട്ട് എന്തുകാര്യം, ഒന്നുംകേൾക്കാൻ വയ്യല്ലോ... ദാണ്ട് പിന്നേം അടിക്കുന്ന്..., രണ്ടുമൂന്നു വട്ടമായപ്പോൾ അവസാനം എടുത്തിട്ട് പറഞ്ഞു 'ഹലോ.... എന്റെ സ്പീക്കർ കേടാണ്, താങ്കൾ പറയുന്നത് എനിക്കു കേൾക്കാൻ കഴിയില്ല, അത്യാവശ്യമാണെങ്കിൽ ഞാൻ വേറൊരു നമ്പർ തരാം, അതിലേക്ക് വിളിക്കൂ...' എന്നു പറഞ്ഞ് മാമന്റെ നമ്പർ 3 വട്ടം ആവർത്തിച്ച് പറഞ്ഞ് ഫോൺ കട്ട് ചെയ്തു വീണ്ടും 'അജിതാഹരേ ജയ.....' ശ്രീരാഗത്തിൽ അഞ്ചരക്കട്ടയ്ക്ക് പിടിത്തം തുടങ്ങി. ആരും തിരിച്ചു വിളിച്ചില്ല.!

ഒടുവിൽ പാട്ടും കളിയുമൊക്കെക്കഴിഞ്ഞ് ഒരുമണിക്കൂറിനു ശേഷം പുള്ളി പോകാനായി റോഡിലേക്ക് ഇറങ്ങി. അതാ വരുന്നു അനിതമോൾ..., ഞങ്ങൾ സംയുക്തമായി കൈകാണിച്ചു, ഫുൾ സിങ്ങിൽ വരുവായിരുന്നതുകൊണ്ടോ കൊടും വളവായിരുന്നതുകൊണ്ടോ എന്തോ നിർത്തിയില്ല....! അതോടിച്ച ഡ്രൈവറുടെ അച്ഛനെ മാന്യമായ ഭാഷയിൽ അഭിസംബോധന ചെയ്ത് ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ കൂടിയായ അദ്ദേഹം അടുത്ത സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അതാ മൊബൈൽ റിങ്ങടിക്കുന്നു. പുള്ളി തിരിച്ചു വന്നു്, 'എടാ, അമ്പിളീ, നിനക്കാരിക്കുമെടാ ഫോൺ....' എന്നുപറഞ്ഞ് എന്റെ കയ്യിൽ തന്നു! ഒരു വിദേശ നമ്പർ, എന്തായാലും എടുത്തു, മറുതലയ്ക്കൽ, "ഹലോ...... നിശിയല്ലേ, ഞാൻ അനിലാ, പണ്ട് സ്നാമിൽ ഉണ്ടായിരുന്ന....." എനിക്കൊന്നും മനസ്സിലായില്ല, ഏത് അനിൽ, എവിടുത്തെ അനിൽ....! ഞാൻ ചോദിച്ചു 'അനിലോ...?', 'അതേന്ന്, പണ്ട് ഖത്തറിൽ കൂടെ വർക്ക് ചെയ്തിരുന്ന അനിലാണ്, ഞാൻ മിലാനിൽ നിന്നാണ് വിളിക്കുന്നത്, ഒരു സിക്കോൺ എക്സ്പേർട്ടിനെ അത്യാവശ്യമായതിനാൽ നിശിയെ ആഫ്രിക്കയിലെ പുതിയ പ്രോജെക്ടിലേക്ക് ഞാൻ റെക്കമന്റ് ചെയ്തത് കമ്പനി അപ്രൂവ് ചെയ്തു. എത്ര ദിവസമായി ഞാൻ ട്രൈ ചെയ്യുവാന്നറിയുമോ, ഇതെന്തോ ഭാഗ്യത്തിനു കിട്ടിയതാ, ഇന്നും കൂടി കിട്ടിയില്ലായിരുന്നങ്കിൽ നിശിയെ കാൻസൽ ചെയ്തേനേം. ഒരു സീവി എന്റെ anil.........@yahoo.com ലേക്ക് ഇന്നു തന്നെ ഫോർവേഡ് ചെയ്യൂ, ഏതു നിമിഷവും റെഡിയായിരിക്കണം, കേട്ടോ... മാഡത്തിനു കൊടുക്കാം..."

ങേ...!!! ഹ ഹ ഹ..! പോ.. തമാശക്കാരാ, ഇറ്റലിയിൽ നിന്നു ഐഎസ്ഡി വിളിച്ച് മനുഷ്യനെ വടിയാക്കുന്നോ എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും ഇറ്റാലിയൻ ചുവയിൽ ഒരു ഇംഗ്ലീഷ് കിളി മൊഴി, "ബൊഞ്ചോർണോ മിസ്റ്റർ ഗോപി, ഐ ആം മിസിസ് ആഞ്ചെലോ കസേലി, ഹെഡ് ഓഫ് ദ പ്രൊജെക്ട് കണ്ട്രോൾ ഡിപ്പർട്ട്മെന്റ് ഓഫ് സായ്പം. ഐ ആം വെരി ഗ്ലാഡ് റ്റു വെൽക്കം യു ടു ഔർ സ്നാംപ്രോജെറ്റി ഫാമിലി, സോ, പ്ലീസ് ഗെറ്റ് റെഡി റ്റു എമ്പാർക്ക് അറ്റ് എനി ടൈം. വി വിൽ ലെറ്റ് യൂ നോ ദ ഡീറ്റേൽസ് ലേറ്റർ ആൻഡ് വിൽ സെൻഡ് യു ദ ഫ്ലൈറ്റ് ടിക്കറ്റ് വൺസ് വി റിസീവ് യുവർ പാസ്പോർട്ട് കോപ്പി.... ചാവോ...."

ഫോൺ കട്ടായ ശേഷം ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ അൽപ്പ നേരം നിന്നു പോയി..., ഫോൺ തന്ന മാമൻസ് കുന്തം വിഴുങ്ങിയവനേപ്പോലെ കാര്യമറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു, പുള്ളിയെ ഞാൻ പൊക്കിയെടുത്ത് രണ്ടു കുടകുടഞ്ഞ് താഴെയിട്ട് നേരേ അടുക്കളയിലേക്ക് ഓടി. ചീനച്ചട്ടിയിൽ പച്ചവെള്ളം ഫ്രൈ ചെയ്യുന്ന ഭാര്യാമണിയെ എടുത്ത് വട്ടംകറക്കിത്താഴെയിട്ടു....! കളിപ്പാട്ടം കൂട്ടിയിട്ട് കളിച്ചുകൊണ്ടിരുന്ന ഇമ്പ്രു കാര്യമറിയാതെ നെലവിളിച്ചു.... അവക്കും കിട്ടി ഉമ്മയുടെ പൂരം....!:)) അപ്പോഴും അഞ്ചരക്കട്ടയ്ക്ക് പിടിച്ച ആ പദം മനസ്സിൽ വിങ്ങിപ്പൊട്ടുകയായിരുന്നു... ഭാര്യയുടേയും കുട്ടികളുടേയും പട്ടിണി മാറ്റാൻ കൃഷ്ണനെത്തേടിച്ചെന്ന കുചേലനായി ഒരു നിമിഷം ഞാൻ... കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു......
'അജിതാ ഹരേ ജയ മാധവാ വിഷ്ണോ
അജമുഖ ദേവ...., നാഥാ...'

ബാക്കിയെല്ലാം സ്വപ്നം പോലെ സത്യം.....!

ഞാനൊരു അതിരുകടന്ന അന്ധവിശ്വാസിയല്ല. എങ്കിലും എന്റെ ഉള്ള വിശ്വാസങ്ങൾക്ക് ഉപരിയായി എന്നെ ഭരിക്കുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം. നിമിത്തം പോലെ, അനുഗ്രഹം പോലെ അന്നങ്ങനെ ആ ഫോൺ കാൾ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജീവിതം മറ്റൊരു തുരുത്തിലാകുമായിരുന്നിരിക്കാം...... അതെവിടെ എങ്ങനെ എന്നൊന്നും പറയാൻ ഞാൻ ആളല്ലാ... ഒരു പക്ഷേ നിങ്ങൾ ആരും തന്നെ എന്നെ അറിയുമായിരുന്നിരിക്കില്ല..... എന്റെ കവിതയും പാട്ടും എല്ലാം എന്നിൽ പിറന്ന് എന്നിൽ തന്നെ ഒടുങ്ങുമായിരുന്നിരിക്കാം....! ആർക്കറിയാം...അനന്തമജ്ഞാതമവർണ്ണനീയം......!!

അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ കൊച്ചുവേലായുധന്റെ കാര്യമാണ്. വർഷങ്ങൾ വർഷങ്ങളായി എഴുതിക്കൂട്ടിയ ആയിരത്തിലേറെ ഭക്തിഗാനങ്ങൾ ദിവസവും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയും മറിച്ചും പാടി ഉറപ്പിക്കുന്ന എന്നെ എങ്ങനെ കക്ഷി കൈവിടാൻ...! അതാണ് ഞാൻ ആദ്യം പറഞ്ഞ മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങ്...:) (ഒപ്പം, എന്നെ കഷ്ടപ്പെട്ടു കണ്ടെത്തി ഇവിടേക്ക് എത്തിച്ച അനിലെന്ന ആ വലിയമനുഷ്യനേയും സ്നേഹാദരപൂർവ്വം സ്മരിക്കട്ടേ)

അങ്ങനെ, ആ കൊച്ചു വേലായുധനായ ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യന്റെ തിരുപ്പുറപ്പാട് ഉൽസവമാണ് ഇന്ന്.... അടിതൊട്ട് മുടിയോളം ഉടൽ കണ്ട് കൈതൊഴാൻ എന്നും എനിക്കായി ആ നട തുറന്നു കിടക്കണമെന്ന പ്രാർത്ഥനയേ എന്നുമുള്ളൂ............

Lyrics & Music : G Nisikanth
Singer : Rajesh Raman
Orchestration : Surya Narayanan

Violin : Bhavya Lakshmi
Mrudangam : B. Kammath
Flute : Jossy
Veena : Saunder Rajan
Thabla : Ustad Moh. Husaain
Keyboard : Robin

11 comments:

G. Nisikanth (നിശി) said...

ഞാനൊരു അന്ധവിശ്വാസിയല്ല. എങ്കിലും എന്റെ ഉള്ള വിശ്വാസങ്ങൾക്ക് ഉപരിയായി എന്നെ ഭരിക്കുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം. നിമിത്തം പോലെ, അനുഗ്രഹം പോലെ അന്നങ്ങനെ ആ ഫോൺ കാൾ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജീവിതം മറ്റൊരു തുരുത്തിലാകുമായിരുന്നിരിക്കാം...... അതെവിടെ എങ്ങനെ എന്നൊന്നും പറയാൻ ഞാൻ ആളല്ലാ... ഒരു പക്ഷേ നിങ്ങൾ ആരും തന്നെ എന്നെ അറിയുമായിരുന്നിരിക്കില്ല..... എന്റെ കവിതയും പാട്ടും എല്ലാം എന്നിൽ പിറന്ന് എന്നിൽ തന്നെ ഒടുങ്ങുമായിരുന്നിരിക്കാം....! ആർക്കറിയാം...അനന്തമജ്ഞാതമവർണ്ണനീയം......!!

ജാനകി.... said...

കുറേ നാൾ കൂടി വന്നപ്പോൾ- ഇതു നന്നായിട്ടുണ്ട്- ആത്മകഥാപരമായി കാര്യങ്ങൾ ഒഴുക്കോടെ പറഞ്ഞിരിക്കുന്നു!!!!!!

പിന്നെ മറ്റുള്ളവരുടെ (at least followers- എന്നെ ഒഴിവാക്കിയേര്) സൃഷ്ടികൾ അവരുടെ ബ്ലോഗുകളിൽ പോയൊന്നു നോക്കി ഒരു അഭിപ്രായമൊക്കെ പാസ്സാക്കണം..അല്ലെങ്കീ ഇങ്ങോട്ടും വരാൻ മടിക്കും അതാ നയം-ഇതൊരറിയിപ്പായി കൂട്ടിയാൽ മതി കൂട്ടിയില്ലെങ്കിൽ-കാര്യമാക്കണ്ട.

സംഗീതവും...പാട്ടെഴുത്തും ഒക്കെ അങ്ങ്ട് നടക്കട്ടെ..........

Kalavallabhan said...

കൊച്ചു വേലായുധനോടു കാര്യങ്ങൾ പറയുമ്പോൾ ഇറ്റലികാരിയോടു പറയുന്നപോലെ അംഗ്രേജിയിൽ പറയാതിരുന്നാൽ മതി. ടംഗ്ലീഷിലോ മറ്റോ ആണെങ്കിൽ പിന്നേം പുള്ളിക്ക്‌ കാര്യം പിടികിട്ടും. അന്നങ്ങേരെത്ര പാടുപെട്ടാണ്‌ കാര്യങ്ങളൊക്കെ ഒപ്പിച്ചത്‌.ജാനകി പറഞ്ഞതും ശ്രദ്ധിക്കുന്നത്‌ നന്ന്‌.

Manikandan O V said...

உன் தத்துவம் தவறென்று சொல்லவும் ஔவையின் தமிழுக்கு உரிமை உண்டு
എന്ന പറഞ്ഞ ഔവ്വയാർ മുതൽ മുരുകന്റെ എല്ലാ ഭക്തരും അങ്ങനെയാണ്, ഇണങ്ങിയും പിണങ്ങിയും കഴിയുന്നു. പെട്ടന്ന് പിണങ്ങുന്ന സ്വഭാവക്കാരനാണ് മുരുകൻ എന്നാണ് കേൾവി. നിശിയുടെ പാട്ട് വളരെ നന്നായിട്ടുണ്ട്. രാജേഷ് രാമനും അഭിനന്ദനങ്ങൾ.

G. Nisikanth (നിശി) said...

ജാനകി, വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി...

ഓഫീസിൽ കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ വല്ലപ്പോഴുമേ എനിക്ക് ബ്ലോഗ് തന്നെ പോസ്റ്റ് ചെയ്യാൻ കഴിയൂ. ബ്ലോഗ് കമന്റ് ഉൾപ്പടെ പല കണ്ടന്റുകളും ബ്ലോക്ഡ് ആണ്. വർക്കിങ്ങ് ടൈമിൽ ഇതൊന്നും നടക്കില്ല. അവധിയില്ലാത്ത 7 ദിവസങ്ങൾ 11 വീതം മണിക്കൂർ ജോലിയാണ് ചെയ്യുന്നത്. താമസസ്ഥലത്ത് നെറ്റില്ല. ഇതൊക്കെയാണ് പരിമിതികൾ. അല്ലാതെ മറ്റ് ബ്ലോഗുകളിൽ കമന്റ് ചെയ്യാതിരിക്കുന്നതല്ല. വർക്കിങ്ങ് ടൈമിൽ ഒരു പോസ്റ്റോ കമന്റോ ചെയ്യണമെങ്കിൽ മറ്റ് ഏതെങ്കിലും കമ്പനികളുടെ ഓഫീസിൽ പോയി ചെയ്യേണ്ട ഗതികേടിലാണ്. ക്ഷമിക്കുമല്ലോ...

ഹ ഹ.. കലാവല്ലഭാ.. എല്ലാം നമ്മുടെ വിശ്വാസങ്ങളല്ലേ....! ഇങ്ങനൊക്കെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം...! എല്ലാരെയും സമയം പോലെ വന്നു കാണാം...:)

മണീ.. വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒത്തിരി സന്തോഷം...

ജാനകി.... said...

നിർദേശം തിരിച്ചെടുത്തിരിക്കുന്നു..ഒകെ..?
സംഗീതം തടസ്സമില്ലാതെ ഒഴുകിക്കൊണ്ടിരിക്കട്ടെ..........

Anonymous said...

പണ്ട് ബ്ലോഗൊക്കെ സജീവമായിരുന്ന സമയത്ത്, ഈ 'അങ്ങോട്ടുമിങ്ങോട്ടുമുള്ള കമന്റിടലിനെ ' പരസ്പരം പുറം ചൊറിഞ്ഞുകൊടുക്കുക എന്നു പറയാറുണ്ടായിരുന്നു ജാനകീ :) എഴുതുന്നതിനു മൂല്യമുണ്ടെങ്കിൽ വായിക്കാൻ ആൾക്കാരെ ഓടിച്ചിട്ടുപിടിക്കേണ്ടീവരില്ല. ഈ ബ്ലോഗിലാൾക്കാർ വരാറില്ലെന്ന് പരാതിയുണ്ടോ ? എന്തായാലും കൊള്ളാം. ബ്ലോഗിന്റെ കാലം കഴിഞ്ഞിട്ടില്ലാ എന്നു തോന്നുന്നു :)

.:: ROSH ::. said...

ithippozhaanu kandathu, very very nicely written bro...i was almost in tears when i reached the last 'ajithaa hare jaya' lines!! speechless!!
keep the faith bro, god bless you!!

അമ്പിളി. said...

കൊച്ചു വേലായുധന്ടെ അനുഗ്രഹം എന്നും ഉണ്ടാകും ട്ടോ... ഈ നല്ല അനുഭവങ്ങള്‍ പോസ്റ്റിയതിനു നന്ദി......ഇനിയും അനുഭവങ്ങളും പാട്ടുകളും നിറയെ എഴുതു. ആശംസകള്‍.

jaya dhiraj said...

Hii nishi...you are great man..adithottu mudiyolam simply holds me spellbound..i travelled almost with your feelings and landed in tears at last...amazing i must say...veendum ezhuthu..velayudhan thanne thuna!

Sanal Nambiar said...

പ്രിയപ്പെട്ട നിശി,
ഏതോ ഒരു സയിറ്റിൽ നിന്ന് എവിടെയോ ക്ലിക്ക് ചെയ്തു അതു വേറൊരു സൈറ്റ് തുറന്നു അങ്ങനെ അങ്ങനെ ഏതോ ഒരു ലിങ്ക് ആണ് എന്നെ ഇവിടെ എത്തിച്ചതു. നിന്റെയീ പോസ്റ്റ് എന്നെ വല്ലാതെയാക്കി. ആരോ മുകളിൽ പറഞ്ഞ പോലെ നിന്റെ ആ ഒഴുക്കൻ എഴുത്തായിരിക്കും ഇതു ഹൃദയ സ്പർശിയാക്കിയതു. അഭിനന്ദിക്കാൻ വാക്കുകളില്ല. നിന്റെ വർത്തമാന കാലത്തിൽ ഞാൻ സന്തോഷിക്കുന്നതിനെക്കാൾ നിന്റെ ഭൂതകാലത്തിൽ ഞാൻ ദുഖിച്ചുപോയി. എന്റെ വിശ്വാസങ്ങൾക്കു നിന്റെ അനുഭവത്തിലൂടെ ശക്തി കൂടിയെന്ന് തോനുന്നു. എല്ലാ നന്മകളും നേരുന്നു...