Wednesday, June 1, 2011

കൃഷ്ണപക്ഷം



രാധാകൃഷ്ണ പ്രേമം എന്നും കവികൾക്ക് വിഷയമായിരുന്നിട്ടുണ്ട്. രാധയെ കൃഷ്ണൻ ഏകപക്ഷീയമായി വിട്ടു പോയി എന്ന ആരോപണങ്ങളും ധാരാളം നിരൂപണങ്ങളിൽ വായിച്ചിട്ടുണ്ട്. സുഗതകുമാരിയുടെ കവിതയാണ് ഞാൻ അവസാനം വായിച്ചത്.

എന്റെ ഈ കവിതയിൽ കൃഷ്ണന്റെ ഭാഗത്തു നിന്നും കാര്യങ്ങൾ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം, അൽപ്പം നീണ്ടുപോയി എന്നറിയായ്കയല്ല, എങ്കിലും എഴുതിവന്നപ്പോൾ ഇത്രയുമായിപ്പോയി... എങ്കിലും കുഞ്ഞു പാട്ടുകളെഴുതുന്നതിനേക്കാൾ എത്രയോ സംതൃപ്തി ഒരു നീളൻ കവിതയെഴുതിക്കഴിയുമ്പോൾ കിട്ടുന്നു. അത് നാലുഭാഗങ്ങളാക്കി ഒറ്റയടിക്ക് പ്രസിദ്ധീകരിക്കുന്നു....:)

ഭാഗം 1

ദ്വാരക നിദ്രയിലാണ്ടു, കപോതങ്ങൾ
ചേക്കേറി, നീല നിലാവു പരക്കവേ
എങ്ങും നിശബ്ദ,മദ്വാപര സാഗര
തീരത്തു വെള്ളിമണല്പ്പട്ടു ശയ്യയിൽ
ദൂരെ, ആകാശ വഴിത്താരയിൽ പൂത്ത
താരണിത്താരകഭംഗിനുകർന്നു ഞാൻ
മന്ദാനിലസ്പർശനിർവൃതി പുല്കിക്കി-
ടക്കേ, മിഴിക്കൂമ്പുതാനേയടഞ്ഞുപോയ്!

സ്വപ്നത്തിലിന്ദ്രിയയാനത്തിനന്ത്യമാ-
രാജകൊട്ടാരമട്ടുപ്പാവിലെത്തി ഞാൻ
ഒച്ചയുണ്ടാക്കാതെ, തീഷ്ണമാം കിങ്കര
ചക്ഷുസിൻ ദൃഷ്ടിയേല്ക്കാതെ നടക്കവേ
നേർത്തൊരുവെട്ടമരിച്ചിറങ്ങും മുറി-
ക്കുള്ളിലേക്കൊന്നെൻ മിഴിചെന്നുനിന്നുപോയ്!
ഏകാന്തസുന്ദരമന്തഃപുരത്തിലെ
പള്ളിമണിയറപ്പൂമ്പട്ടുമെത്തയിൽ
നിദ്രാവിഹീനനായ്, ചിന്താഭരം, പുരാ-
വൃത്തങ്ങളെന്തോ വിചാരിച്ചശാന്തനായ്
വേർപ്പോലുമത്തിരുനെറ്റിയിൽ കൈതാങ്ങി
വേപഥുഗാത്രനായ് ദ്വാരകാധീശ്വരൻ!
പൂമകൾ താർവിരൽ തൊട്ടുതലോടുമ-
ച്ചാരു കളേബരം വാടിക്കിടക്കയായ്
വിശ്വം തിരിക്കും വിരൽത്തുമ്പു നിർജ്ജീവ-
മെന്നപോൽ, കൺകോണിലശ്രുബിന്ദുക്കളോ?
ഉള്ളം തരിച്ചു ഞാൻ നിന്നുപോയെൻ തപ്ത-
നിശ്വാസമാ ദൃഷ്ടിയെന്നിൽ പതിച്ചുപോയ്
ലോകം മയക്കുമതേമന്ദഹാസ നി-
ഴല്പ്പാടുമാത്രം തെളിഞ്ഞധരങ്ങളിൽ.

“കണ്ണാ...കരയുന്നതെന്തു നീ? ദൈവങ്ങൾ
ദൈവമായെണ്ണും നിനക്കും വിഷാദമോ?
ഗീതാവസന്തസുധാവർഷനിർഝരി-
യൂർന്ന ഹൃദന്തത്തിലെന്തേ വികാരമോ?”
ചോദിച്ചു ഞാ,നുള്ളിലേറുമാകാംക്ഷയോ-
ടാർദ്രമാ രാജീവ നേത്രങ്ങൾ ചിമ്മവേ
കണ്ടുഞാൻ മുത്തടർന്നുത്തരീയത്തിൽ വ-
രച്ചിട്ട നൊമ്പരത്തിൻ മുറിപ്പാടുകൾ

”സ്വാഗതമെൻ സഖേ, ഗോപാലനാമെന്റെ
യന്തപ്പുരത്തിലേ,ക്കങ്ങേയ്ക്കു സൗഖ്യമോ?
ഓർത്തുപോയ് ഞാനെന്റെ ബാല്യവും, യൗവ്വനം
കാലികൾ മേയ്ച്ചൊരക്കാളിന്ദിതീരവും
വൃന്ദാവന ശ്യാമകുഞ്ജവും പൗർണ്ണമി-
പ്പാലൊഴുകീടുന്നൊരമ്പാടിമുറ്റവും
കാടും കടമ്പും കളിക്കൂട്ടരോടൊത്ത-
ലഞ്ഞ ഗോവർദ്ധനശൈലതടങ്ങളും
എല്ലാമുമിച്ചൂളപോൽ നീറിനില്ക്കയാ
ണുള്ളിന്നുലയ്ക്കുള്ളി,ലൊപ്പമെൻ രാധയും..!“



ഭാഗം 2

വാക്കുകൾ വേറിട്ടടർന്നൂ സഗദ്ഗദം
വാചാലമാം സജലാർദ്രനീലാംബുജ-
ത്താർമിഴിത്തൂവിതൾ മെല്ലെവിടർ,ന്നതി-
ലായിരം ഭാവമുദിച്ചസ്തമിക്കുന്നു!
മഞ്ഞമരാളദുകൂലമൊതുക്കി, ശം-
ഖാങ്കപദമുറപ്പിച്ചെഴുന്നേറ്റൊട്ടു
മൂകനാ,യെന്നിലേക്കുറ്റുനോക്കി,ത്തന്റെ-
ജീവിതപുസ്തകം മെല്ലെത്തുറക്കയായ്....

അമ്പാടിതൻ മണിപ്പൈതലായ് ഞാൻ വളർ-
ന്നമ്മയ്ക്കുമച്ഛനുമോമനക്കണ്ണനായ്
പാരംവികൃതികാട്ടിഗ്ഗോകുലത്തെങ്ങു-
മാനന്ദവർഷംചൊരിഞ്ഞുനടന്നനാൾ
ഗോവൃന്ദപുച്ഛത്തിലൂയലാടിപ്പുതു-
പാല്ക്കുടം താഴത്തുടച്ചും, നവനീത-
മേവരും കാണാതെകണ്ടു കട്ടുണ്ടുമെൻ
ബാല്യവാസന്തായനങ്ങൾ കൊഴിഞ്ഞുപോയ്
അന്നൊരുനാളാവഴിവന്ന മാമുനി-
യെൻ ജന്മരാശിഗ്രഹസ്ഥാനഗോചര-
ഭാവം മറിച്ചും തിരിച്ചും ഗണിച്ചോതി-
‘വിഷ്ണുവിനൊത്തോരവതാരമാണിവൻ!’

കാലികൾ മേയ്ക്കുവാറുണ്ടായിരുന്നു കാ-
ളിന്ദീനദീപുളിനാരണ്യസീമയിൽ
കൂട്ടിനു ഗോപാലരെത്രപേർ, സന്ധ്യ ചേ-
ക്കേറുവോളം ഹൃദയോല്ലാസവേളകൾ!
അന്നാദ്യമായ് കണ്ടുഞാൻ പിന്തുടരുമാ-
രമ്യനീലാഞ്ജനപ്പൂമിഴിവണ്ടുകൾ
എന്നാദ്യയൗവ്വനസ്വപ്നങ്ങളെ മദം
കൊള്ളിച്ചുണർത്തിയ പ്രേമത്തുടിപ്പുകൾ

ഏതോശരത്കാലസന്ധ്യയിൽ, ദേവിക്കു
പൂജയ്ക്കൊരുക്കുമായ് കാളിന്ദിസൈകതം
പിന്നിട്ടവൾനീങ്ങവേയെന്റെ മുന്നിലേ-
ക്കെത്തിപ്പകച്ചൊന്നുനിന്നു; നിസ്തബ്ദ്ധയായ്!
ഞാനും തരിച്ചുപോ,യാമുഗ്ദ്ധശാലീന
ലാവണ്യനിർമ്മലാകാരവിശുദ്ധിയിൽ
കാൽ വിരൽ മണ്ണിൽ കളം വരച്ചും, കരി-
ന്താരണിക്കൺകോണിനാൽ പാളിനോക്കിയും
നില്ക്കുമപ്പെൺകൊടിതൻ പേലവാംഗമി-
ളംതെന്നലേറ്റുലഞ്ഞാടും തളിർപോലെ!
എന്നെക്കടന്നുപോകാൻ തുടങ്ങീടവേ
ചോദിച്ചു ഞാൻ മെല്ലെ,യാരുനീ ഗോപികേ?
മാതളപ്പൂഞ്ചൊടി ചെറ്റുതുറന്നു, സ-
ലജ്ജം മൊഴിഞ്ഞവൾ; ‘രാധികയാണു ഞാൻ.’

വാസരമൊന്നായടർന്നെന്നുമാവഴി
ത്താരയില്കണ്ടുചിരിച്ചിവരെങ്കിലു-
മിഷ്ടമാണെന്നുചൊല്ലാതെ മനസ്സുകൾ
കൈമാറിയാത്മവികാരം പരസ്പരം.
തങ്ങളിൽ കാണാതിരിക്കുവാനാകാത്ത
മാത്രകൾ, യൗവ്വനാവേശലഹരിയിൽ
സംഗമതീരങ്ങളെപ്പുളകം ചാർത്തി
മാറുന്നിതൊന്നായി, രാധയും കൃഷ്ണനും!



ഭാഗം 3

ദിനരാത്രങ്ങൾ വനകാളിന്ദിക്കരയിലെ
കടമ്പിൻ മലർ പോലെ വിടർന്നും കൊഴിഞ്ഞും പോയ്
ശ്യാമാർദ്രമനോജ്ഞമാം വന്യശാഖിയിൽ കാലം
ഋതുവർണ്ണങ്ങൾ പൂശി കൈവിരൽ പതിക്കയായ്
തങ്ങളിൽ കാണാതിരുന്നീടുവാൻ കഴിയാത്തൊ-
രാത്മബന്ധത്തിൻ സ്നേഹ നാമ്പുകൾ തളിർക്കവേ,
കാമത്തിന്നകപ്പൊരുളോരാത്ത ഹൃദന്തങ്ങ-
ളദ്വൈതവിചാരത്താൽ നാളുകൾ കഴിയ്ക്കവേ,
വന്നൊരാൾ ദൂരെപ്പത്തനത്തിൽ നിന്നൊരുതേരിൽ
കൊണ്ടുപോകുവാ,നാഖ്യ,യക്രൂര,നറിഞ്ഞു ഞാൻ
സ്വീകരിച്ചച്ഛൻ, ദൂതഭാഷണം ശ്രവിച്ചാത്മ-
വേദനപൂണ്ടെൻ മുഖത്തേക്കൊരു കുറിനോക്കി
മിഴികൾ നിറഞ്ഞതിൻ കാരണമാരാഞ്ഞോരെൻ
കയ്യിലേയ്ക്കലർപോലദ്ദീനമാം ഗാത്രം ചായ്കേ
പറഞ്ഞാൻ “കണ്ണാ, നിന്നെക്കൊണ്ടുപോയീടാൻ വന്ന
മാഥുരേശന്റെ ദൂതനക്രൂരനറിക നീ
ശൈവപൂജയ്ക്കായൊരുങ്ങീടുന്ന നഗരത്തി-
ലേക്കു നിങ്ങളെക്കൂട്ടിക്കൊണ്ടുപോകുവാൻ വന്നു
ഞാൻ വെറും വളർത്തച്ഛൻ, കാണുവാൻ കൊതിയാർന്നു
കാത്തിരിക്കുന്നൂ നിൻ പിതാക്കളക്കാരാഗൃഹേ”

ഞെട്ടിത്തരിച്ചേനപ്പോൾ ഇത്രയും കാലം പോറ്റി
ക്കാത്ത ഹൃത്തുകൾ വേറിട്ടകലാനായീടാതെ
ശാപമായെന്നിൽ വന്നു പതിച്ചോരവതാര
ഭാരത്തേക്കുറിച്ചോർത്തെൻ മാനസം വിറകൊണ്ടു.
ദൈവമാണെല്ലാവർക്കും ഞാൻ!!!, കഷ്ടമെന്നല്ലാതെ
എന്നിലെ മനുഷ്യനെയാരുമേ കാണാതെപോയ്!
കണ്ടവളൊരുവളെൻ രാധികമാത്രം, എന്റെ
ചിന്തകൾക്കൊപ്പം മേയും സ്വപ്നത്തിലവൾ മാത്രം
നാടുകാണുവാനുള്ളോരാഹ്ളാദമുള്ളിൽ വയ്ക്കാ-
തേട്ടനമ്പാടിക്കൂട്ടരോടൊത്തു കളിയ്ക്കവേ
നീറുമെന്നുള്ളിൽ ചുട്ടുപൊള്ളി മാമുനി വാക്യം
“വിഷ്ണുവിൻ ഭാഗം പേറും അവതാരമാണിവൻ!”

പയ്യിനെപ്പാലിച്ചുപജീവനം കഴിച്ചീടും
പയ്യരാം തോഴന്മാരീ വാർത്തകേട്ടോടിക്കൂടി
കാലിയെക്കറന്നീടുമായമാരച്ചേലൊട-
ങ്ങാലസ്യമനസ്കരായമ്പാടിമുറ്റത്തെത്തി
മണികൾ നിലച്ചെങ്ങും തുള്ളാതെ കിടാവുകൾ
ശോകമൂകരായ് ഗോവൃന്ദങ്ങളും നിലകൊണ്ടു
ഒരുങ്ങീ ഞങ്ങൾക്കായിത്തേരുകൾ എല്ലാം കണ്ടെ-
ന്നമ്മതൻ മടിത്തട്ടിൽ കിടന്നൂ കിടാവുപോൽ
മുടിയിലലസമായൊഴുകും വിറപൂണ്ട-
ക്കരങ്ങളെന്നിൽ വിദ്യുത്സ്ഫുലിംഗപ്പിണർചീന്തി
തന്നുണ്ണിക്കിടാവിനെപ്പിരിയാൻ വിധിപ്പെട്ട
കർമ്മയോഗത്തെപ്പഴിച്ചമ്മനമുരുകവേ
എന്നിലേക്കിറ്റോരശ്രുകണങ്ങൾ ജന്മാന്തര
സ്നേഹബന്ധത്തിൻ തപ്ത ധാരയായുറകൂടി
ആരുമേ കണ്ടീലിതിഹാസങ്ങൾ വാഴ്ത്തീടുമെ-
ന്നാത്മാവിനോരം പറ്റിക്കിടക്കും വിഷാദങ്ങൾ
ദൈവത്തിന്നവതാരമല്ലൊ ഞാൻ! വികാരവും
മോഹവും സ്വപ്നങ്ങളുമില്ലാത്ത നിരാമയൻ!

യാത്രയാകാറായ്, തേടീ എൻമിഴിയാൾക്കൂട്ടത്തി-
ലോളത്തിലിളകീടുമപ്പരല്മിഴികൾക്കായ്
ഗോവർദ്ധനത്തിൻ തടോപാന്തത്തിൽ പുല്ലും കോതി
നില്ക്കയായിരുന്നവൾ അറിയാൻ വൈകിപ്പോയി!
കേട്ടോരു നേരം വെക്കമോടിയെത്തിനാളതിൻ
മുന്നമെൻ രഥമൊട്ടു മുൻപോട്ടു നീങ്ങീ മെല്ലെ
കണ്ടു ഞാൻ കാറ്റിൽ പറന്നെത്തിടും പോലെ നറും-
കാനനപ്പൂവിൻ പരിശുദ്ധമാം കളേബരം
വിറയാർന്നിരുന്നധരങ്ങളെൻ രഥത്തിന്റെ
ഓരത്തണഞ്ഞൊന്നതിദ്ദീനമായെന്നേനോക്കി
ചാടിഞാനിറങ്ങിപ്പിന്നോടിയത്തളിരുട
ലെന്റെ കൈകളിൽ താങ്ങി നിന്നുപോയറിയാതെ
പാതിചേർന്നോരാമിഴിക്കൂമ്പിനാലെന്നെത്തന്നെ
നോക്കിനീർവാർത്തും എന്റെ കൈകളിൽ തലോടിയും
വിതുമ്പിക്കൊണ്ടും അർദ്ധബോധത്താൽ കണ്ണായെന്നു
വിളിച്ചും കരഞ്ഞും പിന്നോർത്തോർത്തു പുലമ്പിയും
നില്ക്കുമവളോടെന്തുരയ്ക്കുമെന്നറിയാതെ
ഗദ്ഗദത്താലെൻ സ്വനഗ്രന്ഥികളടഞ്ഞുപോയ്.



ഭാഗം 4

ചൊടിച്ചൂ ജ്യേഷ്ഠൻ, വൈകീടുന്നതിലക്രൂരനു
മക്ഷമഭാവത്തോടെ കടിഞ്ഞാൺ വിറപ്പിച്ചു
കാര്യമാക്കിയില്ലൊന്നുമെന്റെകൈകളിൽ വീണോ-
രപ്പാരിജാതത്തേത്തന്നുറ്റുനോക്കിഞാൻ നിന്നു
ഒടുവിൽ പറഞ്ഞു ഞാൻ ‘രാധികേ, കരയായ്ക
നീ വിതുമ്പുകിൽ സഖീ, എങ്ങനെ സഹിക്കും ഞാൻ
കാലമിട്ടോരീയൂരാക്കുടുക്കില്പ്പെട്ടീ നീയും
ഞാനുമിങ്ങുയിരിനായുഴറിപ്പിടയുമ്പോൾ
വാഴ്ത്തുവാനൊരുകൂട്ടർ വീഴ്ത്തുവാനായും ചിലർ
ആരുമേതുണയില്ലാതീശ്വരൻ കരയുമ്പോൾ
ഓർക്കുവാനായെൻ പ്രിയേ, നീയൊത്തുകഴിഞ്ഞൊരാ
മാത്രകൾ മാത്രം മതി ശാന്തമായീടാനുള്ളം
പോകുവാതിരിക്കുവാനാകില്ല, കൊല്ലാനായി-
പ്പിറന്നോനിവ,നന്യചിന്തകൾക്കിടമില്ല!
നാളെയീലോകം ക്രൂരനെന്നെന്നെ വിളിച്ചീടാം
പ്രേമവഞ്ചകനെന്നു കവികൾ ഇകഴ്ത്തീടാം
പക്ഷേ, നീ രാധേ എന്നെയറിയുന്നില്ലേ, നിന്റെ
കൃഷ്ണന്റെ ദുഃഖം സ്വന്തം ദുഃഖമായ് കാണുന്നില്ലേ
നീയനുവദിക്കാതെ പോകില്ല ഞാൻ, നീ കൂടെ
യില്ലാത്ത നഗരവും നരകസ്സമം ശൂന്യം’

ദുഃഖിച്ചു വിവശനായ് പറഞ്ഞു തീരും മുൻപേ
പല്ലവാധരം ചെറ്റു ചലിച്ചു, മൊഴിഞ്ഞവൾ
’എന്തേ നീ കണ്ണാ, എന്നേയറിയുന്നീലേ, എന്നും
നിൻപാതിമെയ്യായീടും ഗോപികയല്ലോ രാധ
നീയെങ്ങുപോയീടിലുമെന്നുയിർ നിനക്കൊപ്പ
മീരേഴു ലോകം വലം വച്ചിടും നിഴൽ പോലെ
ദുഃഖങ്ങൾ പലതുണ്ടാമെങ്കിലും വിരഹം പോൽ
ദുഃഖമില്ലല്ലോ നരലോകത്തിൽ കഠിനമായ്
എങ്കിലും കർമ്മം ചെയ്കയാണീശനെന്നാകിലും
കർത്തവ്യ,മതിൻ ഫലമോർത്തൊട്ടു മടിക്കായ്ക
നശ്വരനരജന്മ സ്വാർത്ഥതയ്ക്കവതാര
ലക്ഷ്യങ്ങൾ മറന്നു പിൻവാങ്ങി നീ തളരായ്ക
പഴിക്കും നമ്മേ,യൊരു പെണ്മണിക്കൊപ്പം കൃഷ്ണൻ
കുഴഞ്ഞെന്നിതേ ലോകം പറയും കാലം വരും
പോയ് വരൂ, എന്നേക്കുറിച്ചോർത്തുപിന്തിരിയായ്ക
തിരികെ വരില്ലനീയെന്നുതാൻ നിനയ്ക്കിലും
നിന്മുളം തണ്ടിൻ രാഗമായിഞാനുണർന്നീടും
നിന്റെ കാല്ച്ചിലമ്പിലെ താളമായുറങ്ങീടും
പാടട്ടേ യുഗാന്തരം സ്തുതിപാഠകർ രാധാ
മാധവപ്രേമാമൃത ഗാനപല്ലവി നീളേ...’

ഗീതതൻ പൊരുളാദ്യമെന്നെപ്പഠിപ്പിച്ചോര-
ക്കാമുകിക്കുപഹാരമേകുവാനില്ലാതൊന്നും
എന്റെ നാദമാം മണിക്കുഴലക്കയ്യിൽ കൊടു-
ത്തശ്രുവാൽ തിളങ്ങുമക്കവിളിൽ തലോടി ഞാൻ
തിരികെത്തേരേറിയക്രൂരന്റെ കരത്തിലൊ-
രിടിവാളൊപ്പം രോഷച്ചമ്മട്ടിയിളകുമ്പോൾ
അകലുന്നവളിൽ നിന്നെന്നേക്കുമായെന്നുള്ള-
തറിഞ്ഞീ,ലതുകാണാനിജ്ഞാനിക്കാകാതെ പോയ്!
ദൂരെ നേർത്തൊരു പൊട്ടായ്ത്തീർന്നവളെന്നാകിലും
കരളിൽ വസന്തമായോർമ്മകൾ നിറഞ്ഞേറി
‘രാഗമായിരുന്നവളെന്റെ പാഴ്മുളം തണ്ടിൽ
ഈണമായിരുന്നവളെന്റെ ഗാനങ്ങൾക്കെന്നും
കാളീയഫണത്തിലെൻ താളമായിരുന്നവൾ
വർണ്ണമായിരുന്നളകങ്ങൾ തൻ പീലിക്കണ്ണിൽ
നാളുകൾ കഴിഞ്ഞുഞാനാവാർത്ത കേട്ടൂ, എന്റെ
പ്രാണന്റെ വേർപാടിന്റെ, ഹൃദയം തകർന്നുപോയ്
ധർമ്മത്തെ സ്ഥാപിച്ചീടാൻ കൊന്നുകൂട്ടീടും ശിലാ
ഹൃത്തന്നേ ആമ്പാടിതൻ വഴികൾ മറന്നുപോയ്!
സ്വാന്തദുഃഖത്തിൽപ്പോലും കരയാൻ കഴിയാത്ത
കളിമൺപ്രതിമകളല്ലയോ ദൈവം സഖേ...!!!’

തെല്ലിട നിശ്ശബ്ദനായ്, സർവ്വസാരജ്ഞൻ വെറും
മർത്ത്യനായ് മനോചിത്രപേടകം തുറക്കുമ്പോൾ
കാലങ്ങളായ് നാം പേർത്തും പേർത്തുരച്ചീടും കൃഷ്ണ
പ്രേമനാടകങ്ങളെ വായിച്ചു പഠിക്കുമ്പോൾ
ലജ്ജിച്ചുപോയീ ഞാനാപ്പച്ചയാം മനുഷ്യന്റെ
ഉള്ളൊരു കുറികാണാതോതുമെൻ പിഴയോർക്കേ
തൂലിക വാളായ് വീശി നീറുമമ്മനസ്സിന്റെ
നോവിന്റെ മുറിപ്പാടിനാഴമേറ്റിയതോർക്കേ..!!!

അന്ത്യയാമമായ് കൃഷ്ണപക്ഷത്തിലിനിച്ചെറ്റു
നാഴികമാത്രം ഉദയാദ്രികുങ്കുമം പൂശാൻ
സ്വപ്നമോ അതോ സത്യമോ വെറും സങ്കൽപ്പമോ
അറിയില്ലുള്ളിന്നുള്ളിൽ തേങ്ങുന്നു ദൈവം വീണ്ടും...

7 comments:

G. Nisikanth (നിശി) said...

രാധാകൃഷ്ണ പ്രേമം എന്നും കവികൾക്ക് വിഷയമായിരുന്നിട്ടുണ്ട്. രാധയെ കൃഷ്ണൻ ഏകപക്ഷീയമായി വിട്ടു പോയി എന്ന ആരോപണങ്ങളും ധാരാളം നിരൂപണങ്ങളിൽ വായിച്ചിട്ടുണ്ട്. സുഗതകുമാരിയുടെ കവിതയാണ് ഞാൻ അവസാനം വായിച്ചത്.

എന്റെ ഈ കവിതയിൽ കൃഷ്ണന്റെ ഭാഗത്തു നിന്നും കാര്യങ്ങൾ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം, അൽപ്പം നീണ്ടുപോയി എന്നറിയായ്കയല്ല, എങ്കിലും എഴുതിവന്നപ്പോൾ ഇത്രയുമായിപ്പോയി... എങ്കിലും കുഞ്ഞു പാട്ടുകളെഴുതുന്നതിനേക്കാൾ എത്രയോ സംതൃപ്തി ഒരു നീളൻ കവിതയെഴുതിക്കഴിയുമ്പോൾ കിട്ടുന്നു. അത് നാലുഭാഗങ്ങളാക്കി ഒറ്റയടിക്ക് പ്രസിദ്ധീകരിക്കുന്നു....:)

പാപ്പാത്തി said...

kamantunnillaa nishee..enikkathinulla yogyathilla..muzhuvan vaayichu nokkan polum pattunnilla..athimanoharam enna vaaku parayan njan aalalla...enkilum ente pranaamam,,,,,,,,,,,,,,,,,,,,

ഋതുസഞ്ജന said...

നന്നായിട്ടുണ്ട്.. കുറച്ച് നീണ്ടു പോയത് കണ്ട് വായിക്കുന്നില്ലെന്നു വച്ചതാ ആദ്യം.. ചിലവഴിച്ച സമയം നഷ്ടമായില്ല

ponmalakkaran | പൊന്മളക്കാരന്‍ said...

മണികൾ നിലച്ചെങ്ങും തുള്ളാതെ കിടാവുകൾ
ശോകമൂകരായ് ഗോവൃന്ദങ്ങളും നിലകൊണ്ടു.......
ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നില്ല............

നന്നായിരിക്കുന്നു..അഭിനന്ദങ്ങൾ.....

ഇമ്പ്രൂസിനൊരു ചക്കരയുമ്മ.

G. Nisikanth (നിശി) said...

പാപ്പാത്തി, കിങ്ങിണിക്കുട്ടി, പൊന്മളക്കാരൻ എല്ലാർക്കും നന്ദി, നമസ്കാരം, വന്നതിന് അഭിപ്രായമറിയിച്ചതിന്.
നീണ്ടുപോയതിനാൽ ആരും വരില്ലെന്നറിയാം, എങ്കിലും കിടക്കട്ടെ എന്നു കരുതി....;))

ഞാന്‍ പുണ്യവാളന്‍ said...

മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

അക്ഷരപകര്‍ച്ചകള്‍. said...

കൃഷ്ണാ നീയെന്നെ അറിയില്ല എന്ന കവിത ഞാന്‍ ഓര്‍ക്കുന്നു. പണ്ട് മലയാളം ടീച്ചര്‍ മറ്റൊരു കവിത പഠിപ്പിച്ചതും ഓര്‍ക്കുന്നു. അതിലും ഉണ്ട് അക്രൂരന്‍ വരുന്നതും കണ്ണനെ കൊണ്ട് പോകുന്നതും ആ രഥചക്ര വേഗങ്ങള്‍ ഉയര്‍ത്തിയ ധൂമം രാധയുടെ കാഴ്ച മങ്ങിച്ചതും ... ഇന്നും ടീചെര്‍ന്ടെ ശബ്ദം കാതില്‍ മുഴങ്ങുന്നു. ഇപ്പോള്‍ നിശി അതെല്ലാം ഓര്‍മ്മിപ്പിച്ചു. ആസ്വദിചെഴുതുമ്പോള്‍ നമ്മള്‍ കവിതയ്ക്ക് നീട്ടം കൂടുന്നതൊന്നും കണക്കാക്കാറില്ല. അല്ലങ്ങിലും വിചാരങ്ങള്‍ വെട്ടിക്കുരച്ചാല്‍ പൂര്‍ണത കിട്ടുമോ?

ഈ പോസ്റ്റ്‌ വളരെ നന്നായി നിശി. കൃഷ്ണനും ചോദിയ്ക്കാനും പറയാനുമൊക്കെ ആളായി... ഇത്രയും കാലം ഇത്ര വിശദമായ ഒരു ചിത്രം കിട്ടിയിരുന്നില്ല.


യാത്രയാകാറായ്, തേടീ എൻമിഴിയാൾക്കൂട്ടത്തി-
ലോളത്തിലിളകീടുമപ്പരല്മിഴികൾക്കായ്
ഗോവർദ്ധനത്തിൻ തടോപാന്തത്തിൽ പുല്ലും കോതി
നില്ക്കയായിരുന്നവൾ അറിയാൻ വൈകിപ്പോയി!

പാവം രാധ അല്ലേ നിശി.


ദൂരെ നേർത്തൊരു പൊട്ടായ്ത്തീർന്നവളെന്നാകിലും
കരളിൽ വസന്തമായോർമ്മകൾ നിറഞ്ഞേറി
‘രാഗമായിരുന്നവളെന്റെ പാഴ്മുളം തണ്ടിൽ
ഈണമായിരുന്നവളെന്റെ ഗാനങ്ങൾക്കെന്നും
കാളീയഫണത്തിലെൻ താളമായിരുന്നവൾ
വർണ്ണമായിരുന്നളകങ്ങൾ തൻ പീലിക്കണ്ണിൽ
നാളുകൾ കഴിഞ്ഞുഞാനാവാർത്ത കേട്ടൂ, എന്റെ
പ്രാണന്റെ വേർപാടിന്റെ, ഹൃദയം തകർന്നുപോയ്
ധർമ്മത്തെ സ്ഥാപിച്ചീടാൻ കൊന്നുകൂട്ടീടും ശിലാ
ഹൃത്തന്നേ ആമ്പാടിതൻ വഴികൾ മറന്നുപോയ്!
സ്വാന്തദുഃഖത്തിൽപ്പോലും കരയാൻ കഴിയാത്ത
കളിമൺപ്രതിമകളല്ലയോ ദൈവം സഖേ

ഈ വരികള്‍ എനിക്ക് ഏറ്റവും ഇഷ്ട്ടംമായി.

കരയാനറിയാത്ത ചിരിക്കാന്‍ അറിയാത്ത കളിമണ്‍ പ്രതിമകളെ എന്ന് കവികള്‍ പാടിയതും സത്യം അല്ലേ. ആശംസകള്‍ നിശി.