ഇതിനു പ്രചോദനം : പണ്ട് ഏതോ ആഴ്ചപ്പതിപ്പിൽ വന്ന ആരുടേയോ ഒരു കവിത
വെള്ളിലക്കണ്ണീർപെയ്ത വെള്ളാരംകല്പ്പാതയിൽ
വീണ്ടുമീനമ്മൾകണ്ടുമുട്ടുന്നൂ നിസംഗരായ്
മാദകസ്വപ്നാവേശ നെയ്ത്തിരി മൗനം പൂണ്ട
മാനസക്കാണാക്കെട്ടിൽ ഒളിച്ചുസൂക്ഷിച്ചുനാം
സൗഹൃദം പുതുക്കുവാൻ ഏതേതുപദം തേടി
പഴയമേച്ചില്പുറത്തലഞ്ഞു നടന്നുനാം
നിന്നൊളിനോട്ടത്താലെൻ നെഞ്ചകംതളരവേ,
തെളിഞ്ഞുകണ്ടൂ കന്നിത്താരകാവലി കണ്ണിൽ
ആകാശവാതായന മേഘജാലകത്തിര-
ശ്ശീലയെപ്പകുത്തിനൻ വൈഡൂര്യമുതിർക്കവേ
മൗനമുദ്രിതാധര ദാഹസീമയിൽ മരു-
പ്പച്ചതെളിഞ്ഞെൻ വേനല്പ്പാടങ്ങൾ നനയ്ക്കുവാൻ
എങ്കിലുമിവിടന്യർ നാമെന്നദിവാസ്വപ്നം
ഉണരും വികാരത്തിൻ ചില്ലുകൂടുടയ്ക്കുന്നൂ
ഇന്നുനീ സുമംഗലി, പാപമീ സ്മൃതിപോലും
ഓർമ്മതൻ ചിത്രത്തങ്കപ്പേടകമടയട്ടെ!
പക്ഷെ ഹാ! യുദ്ധാശ്വമായ് കുതിക്കും ഗതകാല-
തപ്തനിശ്വാസം രോമഹർഷങ്ങൾ വിടർത്തവേ,
ചെമ്പകപ്പൂവിൻ ഹൃദ്യ ശ്രീലയസൗരഭ്യമി-
ന്നൂഴിതന്മുലക്കച്ചക്കെട്ടുകളഴിക്കവേ,
ആയിരം സമസ്യകളുള്ളിലെച്ചിതല്പ്പുറ്റിൽ
ഈയലായുയരവേ, ശാലീന നിശ്ശബ്ദമാം
പൂഞ്ചൊടിമെല്ലെച്ചലി,“ച്ചങ്ങേയ്ക്കു സുഖമാണോ...?”
വിറകൈനെഞ്ചില്ചേർത്തു തുടർന്നാൾ “മറന്നുവോ...?”
വാക്കുകൾ ഘടികാര മണിപോൽ മുറിയവേ....,
ആർദ്രമാം മിഴിക്കുമ്പിൾ തുളുമ്പീ, പറഞ്ഞുള്ളിൽ;
“എങ്ങനെ മറക്കും ഞാനോമനേ ചിതയിലെ
വെണ്ണീറായ്മാറുംവരെ നീയന്നേകിയതെല്ലാം
മാനസച്ചിപ്പിക്കുള്ളിൽ മോഹമുത്തുമായ് ജന്മ-
സാഗരാന്തരത്തട്ടിൽ ഏകനായിന്നും വാഴ്വൂ“
തേങ്ങിപ്പോയ് താനേ, ദുഖം നമ്രമാക്കുമാമുഖ-
ച്ചോലകളനശ്വര പ്രേമവെൺനുരചീന്തി
ആരുമേയുരിയാടാതകലങ്ങളിൽ മിഴി-
നട്ടുനിന്നീടും ശപ്തശാന്തമാം നിമിഷത്തിൽ,
ആയിരം ഉഷ:സന്ധ്യാകുങ്കുമം സീമന്തത്തിൻ
രേഖയിലൂടെൻ നിണതീർഥാമായൊലിക്കുമ്പോൾ,
യാഥാർത്ഥ്യമാകുന്നതും കാത്തുകാത്തൊടുങ്ങിയ
മിത്ഥ്യകളുയിർത്തുവന്നാരതിയുഴിയുമ്പോൾ
നിൻ നഖചിത്രാങ്കിത മാറിലെത്താലിപ്പൂവിൻ
അന്യമൊരേതോഗന്ധം തങ്ങളിലകറ്റുന്നൂ
നിന്നെയുംകടന്നു ഞാൻ പോകുന്നൂ……………..
Sunday, May 15, 2011
Subscribe to:
Post Comments (Atom)
4 comments:
“എങ്ങനെ മറക്കും ഞാൻ....”
ഇതിനു പ്രചോദനം : പണ്ട് ഏതോ ആഴ്ചപ്പതിപ്പിൽ വന്ന ആരുടേയോ ഒരു കവിത
ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം..പാവമാമെന്നെ നീ കാക്കുമാറാകണം...:)) നമിച്ചു ഗുരോ....:)
നന്നായിരിക്കുന്നൂ നിശിയേട്ടാ...കാല്പനികഭംഗിതുളുമ്പുന്ന വരികൾ...
ആദ്യവരികൾ വായിച്ചപ്പോൾ ഞാൻ വൈലോപ്പിള്ളിയുടെ "കണ്ണീർപ്പാടം" ഓർത്തുപോയി. (സാമ്യമുണ്ടെന്നല്ല പറഞ്ഞത് കേട്ടൊ)....
മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !
Post a Comment