മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽപ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. ഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽപ്പരം കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. ഈ ക്ഷേത്രത്തെക്കുറിച്ച് ആശ്ചര്യജനകമായ ധാരാളം കേട്ടുകേൾവികളും കഥകളും ഉണ്ട്.
വളരെ നാളായി ഇവിടുത്തെ ഒരു ഭക്തിഗാന ആൽബം പുറത്തിറക്കണമെന്നത് പലരുടേയും ഒരു ആഗ്രഹമായിരുന്നു. നാലു വർഷമായി ഇതിന്റെ ചർച്ചകൾ നടന്നുവെങ്കിലും എന്തുകൊണ്ടോ നടന്നില്ല. ശേഷം, ദുബായിൽ ജോലിനോക്കുന്ന ചില സുഹൃത്തുക്കൾ മുൻകൈ എടുക്കുകയും ജൂൺ മാസത്തിൽ “ഈണ”ത്തിന്റെ ആൽബം റെക്കോഡിങ്ങിനായി നാട്ടിൽ പോയ അവസരത്തിൽ ഇതിന്റെ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ആകെയുള്ള പത്തുഗാനങ്ങളിൽ എട്ടു ഗാനങ്ങുടെ രചനയും അതിന്റെ സംഗീത സംവിധാനവും ഞാൻ ചെയ്തിരിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച ഈ പ്രോജെക്ടിൽ എന്നിൽ വിശ്വാസമർപ്പിച്ച ഇതിന്റെ നിർമ്മാതാക്കളോടുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണ്.
എന്റെ എട്ടു ഗാനങ്ങളിൽ മധു ബാലകൃഷ്ണൻ അഞ്ചും ഗണേശ് സുന്ദരം ഒന്നും ശങ്കരൻ നമ്പൂതിരി, പത്തിയൂർ ശങ്കരൻ കുട്ടി എന്നിവർ ഒരോ ഗാനങ്ങളും ആലപിച്ചിരിക്കുന്നു. പ്രമുഖ ബ്ലോഗ് ഗായികയായ ദിവ്യാ പങ്കജ്, ഗണേശിനൊപ്പം തിരുവുത്സവനാളിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നു. പനിനീർകാവടി എന്ന ഗാനത്തിലെ “തൃപ്പുലിയൂർ തിരുനടയിൽ കാവടി തൻ മേളം….” എന്ന കോറസ് പാടുന്നത് ബ്ലോഗിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത കിരൺസാണ്. മറ്റു രണ്ടു ഗാനങ്ങളിൽ ‘ശ്രീപദ്മരാഗ തിരുനടതുറന്നു’ എന്ന ഗാനം യശഃശരീരനായ ശ്രീ പുലിയൂർ കൃഷ്ണൻകുട്ടി എന്ന പ്രസിദ്ധ കവിയുടേതാണ്. മുഖ്യധാരാ ഗായകർക്കൊപ്പമോ അതിലുപരിയോ പ്രതിഭാധനനായ രാജേഷ് രാമൻ അതിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ഗണേശ് സുന്ദരം ആണ് ഇത് ആലപിച്ചിരിക്കുന്നത്. ‘കളിപ്പിൽ വാഴും’ എന്ന ഗാനം പുലിയൂർ ജി. മനു എഴുതി മാലതി സംഗീതം നൽകിയത് ആലപിച്ചിരിക്കുന്നത് ദിവ്യാ മേനോനാണ്. കൈരളിയിലെ ‘ഗാനമേള’ എന്ന പ്രോഗ്രാമിലൂടെയും സ്വന്തം ബ്ലോഗ് പോഡ്കാസ്റ്റിലൂടെയും ‘ഈണ’ത്തിലെ ഗാനങ്ങളിലൂടെയും ദിവ്യയെ ഏവർക്കും പരിചയമുള്ളതാണ്. കഴിവതും ബ്ലോഗിലെ ലഭ്യരായ ഗായകരെ ഇതിലുൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
ഗാനങ്ങൾ എഴുതുമ്പോൾ തന്നെ മനസ്സിൽ കടന്നു വരുന്ന ഈണമാണ് ഞാൻ ഉപയോഗിക്കുക. എനിക്ക് 101 ശതമാനം ഇഷ്ടപ്പെടുന്ന, വെറുതേ എഴുതിവച്ച് ആഴ്ചകൾക്കു ശേഷം നോക്കിയാലും ഓർത്തിരിക്കാൻ കഴിയുന്ന ഈണങ്ങളേ ഗാനങ്ങളിൽ നിലനിർത്താറുള്ളൂ. ഇതിലെ ഈണങ്ങൾ എല്ലാം തന്നെ അങ്ങനെ രൂപപ്പെട്ടവയാണ്. അത് അതേപടി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഗീതപരമായോ സാഹിത്യപരമായോ പറയത്തക്ക അറിവില്ലാത്ത എന്റെ കഴിവുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, മറിച്ച്, വേണ്ടത് വേണ്ടപ്പോൾ മനസ്സിൽ തോന്നിപ്പിക്കുന്ന ഏതോ പ്രപഞ്ചശക്തിയുടെ പ്രേരണയാണെന്ന യാഥാർത്ഥ്യമാണ് മനസ്സിൽ.
ചലച്ചിത്രഗാന സംഗീതസംവിധാന രംഗത്ത് പുത്തൻ പ്രതീക്ഷയായി വളർന്നു വരുന്ന സൂര്യനാരായണൻ ആണ് ഇതിന്റെ ഓർക്ക്സ്ട്രേഷൻ. എന്റെ മനസ്സിലുള്ളത് അതേ പടി മനോഹരമായി പകർത്തിയെടുക്കാൻ ആ യുവ പ്രതിഭയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജനുവരിയിൽ പുറത്തിറങ്ങുന്ന ‘ഈണ’ത്തിന്റെ കൊമേഷ്യൽ ആൽബത്തിനും സൂര്യൻ തന്നെയാണ് ഓർക്ക്സ്ട്രേഷൻ. അദ്ദേഹത്തിന്റെ 3 തമിഴ് ചിത്രങ്ങൾ അടുത്തു തന്നെ റിലീസ് ആകാൻ തയ്യാറെടുക്കുന്നു. ‘പെരുമാൾ’ എന്ന മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളും ഇദ്ദേഹത്തിന്റേതായിരുന്നു.
മലയാള സിനിമാഗാനരംഗത്ത് പ്രവർത്തിക്കുന്ന ഉപകരണ സംഗീതജ്ഞരാണ് ഇതിന്റെ പിന്നണിയിൽ. ‘കന്മദ’ത്തിനു മുൻപേതൊട്ടേ രവീന്ദ്രന്മാഷിനൊപ്പം പ്രവർത്തിക്കുന്ന ബാലകൃഷ്ണൻ കമ്മത്താണ് ഇതിൽ മൃദംഗം. ബി.ശശികുമാറിന്റെ ശിഷ്യനും പ്രസിദ്ധ വയലിനിസ്റ്റുമായ ബാലു എന്ന ആറ്റുകാൽ ബാലസുബ്രഹ്മണ്യമാണ് വയലിൻ. സൌന്ദർരാജിന്റെ വീണയും തങ്കരാജിന്റെ തബലയും സിനിമാഗാനങ്ങളിലെന്നപോലെ ഭക്തിഗാനങ്ങളിലും മികച്ചു നിൽക്കുന്നു. “കോലക്കുഴൽവിളി” കേൾപ്പിച്ച ജോസ്സിയുടേ ഫ്ലൂട്ട്, പാപനാശം മുരുകന്റെ ഇടയ്ക്ക, കലാദേവിയെന്ന യുവ കലാകാരിയുടെ നാഗസ്വരം, മാവേലിക്കര രാജുവിന്റെ ഘടം, രാജേഷിന്റെ മുഖർശംഖ്, കണ്ണന്റെ സിത്താർ, ഹരീന്ദ്രനാഥിന്റെ തവിൽ എന്നിവയും മനോഹരമായി സൂര്യന്റെ ഓർക്ക്സ്ട്രേഷനിൽ ഇഴുകിച്ചേരുന്നുണ്ട്. സൂര്യന് എല്ലാ പിന്തുണയും സഹായവുമായി അഞ്ചൽ ബിജു എന്ന കീബോർഡ് വിദഗ്ധനും തന്റേതായ സംഭാവനകൾ ഇതിനായി നൽകിയിരിക്കുന്നു. കൂടാതെ മംഗളമായി എഴുതിയ കഥകളിപ്പദത്തിന് ശങ്കരൻ കുട്ടിച്ചേട്ടനൊപ്പം പാടിയിരിക്കുന്നത് കലാനിലയം രാജീവാണ്. മാവേലിക്കര വർമ്മാജിയുടെ ചെണ്ടയും കലാ. ശ്രീകുമാറിന്റെ മദ്ദളവും ആ ഗാനത്തിനു മിഴിവേകുന്നു. മിക്കവാറും എല്ലാ ഉപകരണങ്ങളും സാമ്പ്ലർ ഒഴിവാക്കി ലൈവായി വായിച്ചിരിക്കുന്നു.
സാധാരണ നിലയിൽ ഗായകരേയും എഴുത്തുകാരെയും സംഗീതസംവിധാകരേയും മാത്രമേ എല്ലാവരും ഓർക്കുകയുള്ളൂ. എന്നാൽ ഒരു ഗാനം അതിന്റെ പൂർണ്ണതയിലെത്തിക്കാൻ പരിശ്രമിക്കുന്ന പിന്നണി കലാകാരന്മാരെ ആരും ശ്രദ്ധിക്കാറില്ല. സ്റ്റുഡിയോയിൽ നിന്നും സ്റ്റുഡിയോയിലേക്കുള്ള ഓട്ടത്തിൽ തങ്ങൾ ജീവൻ നൽകിയ ഗാനങ്ങൾ ഒന്നുപോലും പൂർണ്ണമായി കേൾക്കാൻ അവർക്കു സാധിക്കാറുമില്ല. എങ്കിലും പലർക്കും പേരറിയാത്ത ആ കലാകാരന്മാർ നൽകിയ ഈണങ്ങളുടെ നവ്യാനുഭൂതി പലപല ഗാനങ്ങളിലൂടെ പരിചിതമാകുന്നു. ഒരോ ഗാനം തുടങ്ങുമ്പോഴും അത് ഏതുഗാനമാണെന്ന് കേൾക്കുന്നവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന വീണയുടേയോ വയലിന്റേയോ ഫ്ലൂട്ടിന്റേയോ നാദലയം ആ ഗാനത്തിന്റെ കയ്യൊപ്പാക്കുന്ന മാന്ത്രികന്മാരായ ഈ പ്രതിഭകൾ പിന്നണിയിൽ തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്നു. അവരെ ഈ നിമിഷം ആദരവോടെയും ആരാധനയോടെയും സ്മരിക്കുന്നു.
സംഗീതം പഠിക്കണമെന്ന എന്റെ മോഹം എന്തുകൊണ്ടോ സഫലമായില്ല. പിന്നെ പ്രസിദ്ധരായ ഗായകരുടെ റെക്കോഡിങ്ങ് കേട്ടു പഠിക്കുകയേ മാർഗ്ഗമുണ്ടായുള്ളൂ. ഇപ്പൊഴും സ്വരസ്ഥാനങ്ങളോ ശ്രുതിയോ കാലങ്ങളോ ഒന്നും നിശ്ചയമില്ല. രാഗങ്ങൾ ചിലത് കേട്ടാൽ മനസ്സിലാകുമെന്ന സാമാന്യ ജ്ഞാനം മാത്രമാണ് ആകെയുള്ള കൈമുതൽ. എങ്കിലും, അത് മറ്റുള്ളവർ ശ്രദ്ധിക്കുന്നതുകാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്. പിന്നെ, പ്രസിദ്ധരായ ഗായകർ അത് ആലപിക്കുമ്പോൾ തോന്നുന്ന വികാരം അതിലുപരിയും. അങ്ങനെ, പറഞ്ഞുകൊടുത്തതിനനുസരിച്ച് യാതൊരു മുഷിവും കൂടാതെ മനോഹരമായി ഏറ്റുപാടിയ മധു ബാലകൃഷ്ണനും കണക്കിന്റെ കൃത്യനിഷ്ഠയിൽ റിയാലിറ്റിഷോകളിലെ ഗായകരെ വിറപ്പിക്കുന്ന വിനയാന്വിതനായ ശങ്കരൻ നമ്പൂതിരിച്ചേട്ടനും കഥകളി കണ്ടുമാത്രം പരിചയമുള്ള എന്റെ കണക്കിനൊത്ത് പാടി സഹകരിച്ച ശങ്കരൻ കുട്ടിച്ചേട്ടനും രാത്രി 1 മണിവരെ നിന്നു പാടാൻ മനസ്സുകാണിച്ച ഭക്തിഗാനരംഗത്തെ ഉസ്താദായ ഗണേശ് മാഷും കുഞ്ഞനിയത്തി ദിവ്യാമേനോനും ‘തന്റേടി’യായ ദിവ്യാപങ്കജുമടക്കം എല്ലാവരുടേയും സഹകരണവും പിന്തുണയും കൊണ്ട് പത്തുഗാനങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു. കൊച്ചിൻ മാർട്ടിൻസ് സ്റ്റുഡിയോ, കായംകുളം രവീസ് ഡിജിറ്റൽ, തിരുവനന്തപുരം ആരഭി എന്നിവിടങ്ങളിൽ ഓർക്കസ്ട്രേഷൻ - റെക്കോഡിങ്ങ് ജോലികളും തൃശൂർ ചേതനയിൽ മിക്സിങ്ങും നടത്തിയിരിക്കുന്നു. അൽപ്പം കൂടി മെച്ചമാക്കാമായിരുന്നു എന്നു ഇപ്പോൾ കേൾക്കുമ്പോൾ തോന്നുന്നെങ്കിലും വെറും 15 ദിവസത്തെ അവധിക്കു നാട്ടിൽ ചെല്ലുന്ന ഞാൻ 16 ദിവസവും റിക്കോഡിങ്ങ് എന്നു പറഞ്ഞു വീട്ടിൽ കയറാതെ നടക്കുന്നതിൽ ക്ഷമകെട്ട ‘സഹധർമ്മിണി’, ഇനി ആൽബമെന്നും പറഞ്ഞു വന്നാൽ തൂങ്ങിച്ചാകുമെന്നു ഭീഷണിമുഴക്കിയതിനാലും അങ്ങനെ സംഭവിച്ചാൽ എന്റെ 2 പൊടിപ്പെൺകുഞ്ഞുങ്ങൾ അനാഥരാകുമല്ലോ എന്നോർത്തും കൂടുതൽ സാഹസത്തിനു ഞാൻ മുതിർന്നില്ല ;) (എന്റെ വലിയ ഒരാസ്വാദകയാണവൾ. രാത്രി രണ്ടിനും മൂന്നിനുമൊക്കെ വിളിച്ചുണർത്തി പാട്ടുപാടിക്കേൾപ്പിക്കുന്ന എന്റെ തികഞ്ഞ വട്ടിന് ഒരു മുഷിവും കൂടാതെയിരുന്നുതന്ന് കേട്ട് അഭിപ്രായം പറയുന്ന അവളുടെ അസാമാന്യമായ ‘ക്ഷമാ’ശീലത്തിനും പ്രചോദനത്തിനും ഹൃദയം നിറഞ്ഞ നന്ദി.)
വൃശ്ചികം ഒന്നിനു വിപുലമായ പരിപാടികളോടെ “തൃപ്പുലിയൂരപ്പൻ” എന്ന ഈ ആൽബത്തിന്റെ പ്രകാശന കർമ്മത്തിനായുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ഓഡിയോ സീഡിയ്ക്കൊപ്പം ഇതിന്റെ ദൃശ്യാവിഷ്കാരത്തിന്റേയും ജോലികൾ പുരോഗമിക്കുന്നു.
കോപ്പീറൈറ്റ് പ്രശ്നങ്ങൾ കാരണം ഗാനങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്താൻ കഴിയില്ല. എങ്കിലും അതിനേക്കുറിച്ചുള്ള ഒരു ധാരണ കിട്ടുവാനുതകുന്ന ‘ഗാനപരിചയം’ എം.പീ.ത്രീയായി ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. മിക്സിങ്ങ് പൂർത്തിയാകാത്തതിനാൽ ഞാൻ തന്നെ മാസ്റ്റർ ചെയ്ത വേർഷനാണ്. കേൾക്കുക, വിലയേറിയ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി അനുഗ്രഹിക്കുക….
സസ്നേഹം
നിശി…
“ഗാനപരിചയം” കേൾക്കാൻ